
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെയും വിദ്യാഭ്യാസ അവകാശങ്ങളെയും അട്ടിമറിക്കുന്ന പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നുവെന്നും അതിലൂടെ വലിയ രീതിയിൽ കേന്ദ്രഫണ്ട് ലഭിച്ചെന്നുമുള്ള മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും വാദങ്ങൾ ജനങ്ങളെ വഞ്ചിക്കുന്നതും പൂർണമായും അസത്യവുമാണ്. പാർലമെന്റിൽ കോൺഗ്രസ് രാജ്യസഭാംഗം ജെബി മേത്തർ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലൂടെ സർക്കാരിന്റെ നുണപ്രചാരണങ്ങൾ പൂർണമായി പൊളിഞ്ഞിരിക്കുകയാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ താത്പര്യങ്ങൾക്കും കുട്ടികളുടെ ഭാവിക്കും വിഘാതമായ ഈ പദ്ധതി എന്തുകൊണ്ട് കേരളം നടപ്പിലാക്കരുത് എന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്:
തുറന്നുകാട്ടുന്ന യാഥാർത്ഥ്യം
കേന്ദ്ര സർക്കാർ രാജ്യസഭയിൽ നൽകിയ രേഖകൾ പ്രകാരം, പദ്ധതിക്കായി തട്ടുകളായി തിരിച്ച് സ്‌കൂളുകളെ തിരഞ്ഞെടുക്കുന്ന 'ചലഞ്ച് മോഡിൽ' കേരളത്തിലെ ഒരു സംസ്ഥാന പൊതുവിദ്യാലയം പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. കേന്ദ്രത്തിന്റെ കീഴിലുള്ള കെ.വി.എസ്/എൻ.വി.എസ് സ്‌കൂളുകൾ മാത്രമാണ് പട്ടികയിലുള്ളത്. കേരളത്തിന് അനുവദിച്ചതായി പറയുന്ന 99.27 കോടി പി.എംശ്രീ നടപ്പിലാക്കിയതിന് കിട്ടിയതല്ല; മറിച്ച് 'സമഗ്ര ശിക്ഷ' വഴിയുള്ള വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള സ്വാഭാവിക വിഹിതം മാത്രമാണ്.
ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാത്ത തമിഴ്നാടിനും ഇത് ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശമായ ആർ.ടി.ഇ ഫണ്ടിനെ പി.എംശ്രീയുടെ അക്കൗണ്ടിൽപെടുത്തി സംസ്ഥാന സർക്കാർ ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്.പദ്ധതിയുടെ കാലാവധി അവസാനിക്കാൻ ഏതാനും മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. പദ്ധതി ദീർഘിപ്പിക്കാനുള്ള ഒരു ഉത്തരവും കേന്ദ്രത്തിൽ നിന്ന് വന്നിട്ടില്ല.
സമയമെടുക്കുന്ന നടപടിക്രമങ്ങൾ
യുഡൈസ് പ്ലസിലെ (UDISE+) എൻറോൾമെന്റ് ഡാറ്റ അടിസ്ഥാനമാക്കിയാണ് കേന്ദ്രം ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ലിസ്റ്റിലുള്ള സ്‌കൂളുകൾ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ 7 മേഖലകളിലെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യണം. സംസ്ഥാന തലത്തിൽ ഇത് പരിശോധിക്കാൻ ഒരു മാസം വേണം. ഓണപ്പരീക്ഷാ സമയത്താണ് ഈ അനാവശ്യ ജോലിഭാരം അടിച്ചേൽപ്പിക്കുന്നത്. നടപടികൾ പൂർത്തിയാക്കാൻ മാസങ്ങളെടുക്കും.ഇത്രയും സങ്കീർണ്ണമായ പ്രക്രിയകൾ പൂർത്തിയാകുമ്പോഴേക്കും പദ്ധതിക്ക് മൂന്നുമാസത്തെ ആയുസ് മാത്രമേ ഉണ്ടാകൂ.
അധിക സാമ്പത്തിക ബാദ്ധ്യത
സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ കുട്ടികളുള്ള, മുൻപ് തന്നെ സംസ്ഥാന സർക്കാർ വലിയ തുക മുടക്കി മെച്ചപ്പെടുത്തിയ സ്‌കൂളുകളെ മാത്രമേ കേന്ദ്രം പരിഗണിക്കൂ. അല്പം ദുർബലമായ വിദ്യാലയങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിക്കില്ല. പദ്ധതി കാലാവധി കഴിഞ്ഞാലും ഈ സ്‌കൂളുകൾ 'പി.എംശ്രീ' എന്ന പേരിൽ അറിയപ്പെടുകയും കേന്ദ്ര നയങ്ങൾ തുടരേണ്ടി വരികയും ചെയ്യും. അതിനുള്ള ഫണ്ട് സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും അർഹതപ്പെട്ട പൊതുഫണ്ടിൽ നിന്ന് വിനിയോഗിക്കേണ്ടി വരും.
പദ്ധതി മരവിപ്പിക്കാൻ അധികാരം
ധാരണാപത്രത്തിലെ 23-ാം ക്ലോസ് പ്രകാരം പദ്ധതി മരവിപ്പിക്കാൻ സംസ്ഥാനത്തിന് പൂർണ അധികാരമുണ്ട്.കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ സംഘപരിവാർ അജണ്ടകൾക്ക് പണയം വയ്ക്കുന്നതും, ലഭിക്കാത്ത ഫണ്ടിന്റെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്നതുമായ ഈ നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ അടിയന്തരമായി പിന്മാറണം. ധാരണാപത്രത്തിലെ ക്ലോസ് ഉപയോഗിച്ച് പദ്ധതി പൂർണമായും മരവിപ്പിക്കാൻ സർക്കാർ തയ്യാറാകണം.
യു.ഡി.എഫിന്റെ ഇരട്ടത്താപ്പ്
പി.എം ശ്രീ പദ്ധതിയുടെ പേരിൽ യു.ഡി.എഫ് ഇപ്പോൾ നടത്തുന്ന നീക്കങ്ങൾ അവരുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഇരട്ടത്താപ്പാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾക്കായി വിഴുങ്ങി, സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ യു.ഡി.എഫ് കൂട്ടുനിൽക്കുകയാണ്. പി.എംശ്രീ പദ്ധതി ബി.ജെ.പിയുമായുള്ള 'രഹസ്യ ധാരണ'യാണെന്നും ആരുടെ തടി രക്ഷിക്കാനാണെന്നും ചോദിച്ച നേതാക്കൾ തന്നെയാണ് ഇപ്പോൾ അതുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് വഴി പ്രഖ്യാപിച്ചിരിക്കുന്നത്.
അന്ന് ഉന്നയിച്ച ആരോപണങ്ങൾ വ്യാജമായിരുന്നു എന്നാണോ, അതോ ഇപ്പോൾ ബി.ജെ.പിയുമായി യഥാർത്ഥ 'ഡീൽ' ഉണ്ടാക്കിയത് യു.ഡി.എഫ് ആണോ എന്ന് കെ.സി.വേണുഗോപാലും കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കണം. അധികാരത്തിൽ വന്നാൽ പി.എം ശ്രീ ധാരണാപത്രം അറബിക്കടലിൽ എറിയുമെന്ന് പ്രഖ്യാപിച്ച മന്ത്രി കെ.എം.ഷാജിയും മുസ്ലിംലീഗ് നേതൃത്വവും ഇതിന് എന്താണ് മറുപടി പറയാനുള്ളത്?
യോഗത്തിൽ പങ്കെടുത്തുകൊണ്ട് ഈ തീരുമാനത്തിന് സമ്മതം മൂളിയ ലീഗ് നേതൃത്വം സ്വന്തം അണികളെ വഞ്ചിക്കുകയാണ്. സംഘപരിവാർ വിദ്യാഭ്യാസ അജണ്ടകൾക്ക് കൂട്ടുനിൽക്കുന്ന ഈ നിലപാടിൽ ഏറ്റവും വലിയ തിരിച്ചടിയും രാഷ്ട്രീയ പ്രത്യാഘാതവും അനുഭവിക്കേണ്ടി വരുന്നത് മുസ്ലിംലീഗായിരിക്കും. പ്രതിപക്ഷത്തായിരുന്നപ്പോൾ പറഞ്ഞ കാര്യങ്ങളെല്ലാം വിഴുങ്ങി പദ്ധതിയുമായി മുന്നോട്ട് പോകാനും കേന്ദ്ര ഫണ്ട് വാങ്ങാനും ഉപസമിതിയെ നിയോഗിച്ചത് യു.ഡി.എഫിന്റെ അവസരവാദ രാഷ്ട്രീയത്തിന് തെളിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |