
ഒരു ഇടവേളയ്ക്ക് ശേഷം കണ്ണൂർ നഗരത്തിലും ജില്ലയിലെ വിവിധ ഭാഗങ്ങളിലും മോഷ്ടാക്കൾ വിലസുകയാണ്. പട്ടാപ്പകൽ പോലും കള്ളന്മാർ ഇങ്ങനെ നാട്ടിലിറങ്ങുമ്പോൾ ജനജീവിതത്തിന് സുരക്ഷ ഉറപ്പാക്കേണ്ട പൊലീസ് സംവിധാനം ഒരു വശത്ത് നോക്കുകുത്തിയാകുന്നെന്നാണ് ആക്ഷേപം. വിരലിലെള്ളാവുന്ന കേസുകളിൽ മാത്രം പ്രതികൾ പിടിയിലായിട്ടുണ്ടെങ്കിലും ജില്ലയിൽ നടന്ന പല മോഷണങ്ങൾക്കും ഇപ്പോഴും ഒരു തുമ്പുമില്ല. ഇതര സംസ്ഥാനത്ത് നിന്നുമുള്ള ആളുകൾ പ്രതികളായ നിരവധി കേസുകളുണ്ടെങ്കിലും ഇവരെ പിടികൂടുന്നത് ചുരുക്കമാണ്.
ദിവസങ്ങൾക്ക് മുമ്പ് നഗരത്തിലെ ഏഴ് കടകളിലാണ്ളി മോഷണം നടന്നത്. പയ്യാമ്പലത്തിനടുത്ത ഹോട്ടലിൽ കയറിയ യുവമോഷ്ടാവ് ഒരു ലക്ഷത്തിലധികം രൂപ കൊണ്ട് മുങ്ങി. പ്രസ് ക്ലബ് റോഡിലെ ആറ് കടകളിലും മോഷണം നടന്നു. പയ്യാമ്പലം റെഡ്ക്രോസ് റോഡിലെ വൈൽഡ് കഫേയുടെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് കാഷ് കൗണ്ടറും ടിപ് ബോക്സും പൊളിച്ച് 1,02000രൂപ കൊണ്ടുപോയി. കഴിഞ്ഞ 11 ന് രാവിലെ 6.12 ഓടെയാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മാസ്ക് ധരിച്ചെത്തിയ യുവ മോഷ്ടാവിന്റെ മുഖം സി.സി.ടി.വിയിൽ ഉൾപ്പെടെ വ്യക്തമാണെങ്കിലും പൊലീസിന് കള്ളനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്ഥാപനത്തിന്റെ പിറക് വശത്തുണ്ടായിരുന്ന തൂമ്പ ഉപയോഗിച്ച് മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. മോഷണത്തിന് ശേഷം കള്ളൻ മുൻവശം വഴി ഇറങ്ങി പുറത്തേക്ക് പോകുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് ബ്യൂറോ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ടൗൺ പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. പ്രതിക്കായുള്ള തിരച്ചിൽ നടത്തുന്നെന്നാണ് പൊലീസിന്റെ പക്ഷം.
കഴിഞ്ഞ മാസവും ഇതേ കള്ളൻ തന്നെ സ്ഥാപനത്തിൽ നിന്ന് കാൽ ലക്ഷത്തോളം രൂപ മോഷണം നടത്തിയിരുന്നു. ഇത് സംബന്ധിച്ച് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നിലവിലിരിക്കേയാണ് ആടുത്ത മോഷണം. കണ്ണൂർ പ്രസ് ക്ലബ് റോഡിൽ വ്യാപകമായി കടകളിൽ കള്ളൻ കയറി പണവും തുണി, വാച്ച് ഉൾപ്പെടെയുള്ള സാധനങ്ങളും മോഷ്ടിച്ചു. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. മിക്ക സ്ഥാപനങ്ങളിലും മുകൾ ഭാഗത്തെ ഷീറ്റ് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. മാസങ്ങൾക്ക് മുമ്പും പ്രസ് ക്ലബ് റോഡിലും സ്റ്റേഡിയം പരിസരത്തുമായി മോഷണം നടന്നിരുന്നു. വർദ്ധിച്ചുവരുന്ന മോഷണക്കേസുകളിൽശാശ്വതപരിഹാരമുണ്ടാക്കണമെന്നും പൊലീസ് നൈറ്റ്പെട്രോളിംഗ് ഉൾപ്പെടെ ശക്തമാക്കണമെന്നുമാണ് വ്യാപാരി വ്യവസായി ഏകോപനസമിതി തുടങ്ങിയ സംഘടനകൾ ആവശ്യപ്പെടുന്നത്.
ആദ്യംനീരീക്ഷണം പിന്നെ മോഷണം
സ്വർണം,പണം, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമാക്കുന്നത്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ നിന്ന് പോലും ബാഗ് മോഷണം, വാഹന മോഷണം ,മൊബൈൽ ഫോൺ കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെയും മറ്റ് ഡിജിറ്റൽ മാർഗങ്ങളിലൂടെയും വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിച്ച് വീടുകൾ ഒഴിഞ്ഞുകിടക്കുന്ന സമയം മനസിലാക്കുന്ന സംഘങ്ങളുമുണ്ട്.
ജാഗ്രതയോടെ
മഴക്കാലമായതോടെ രാത്രികാലങ്ങളിൽ ടൗണുകളിലടക്കം ആളുകളുടെ സാന്നിദ്ധ്യം കുറയുന്നത് മുതലെടുത്താണ്മ ഇപ്പോഴത്തെ കവർച്ച. വീടുകൾ ദീർഘകാലത്തേക്ക് അടച്ചിടുമ്പോൾ അയൽവാസികളെയോ ബന്ധുക്കളെയോ വിവരമറിയിക്കുക, മതിയായ വെളിച്ച സൗകര്യം ഒരുക്കുക, സുരക്ഷിതമായ പൂട്ടുകളും അലാറം സംവിധാനങ്ങളും ഉപയോഗിക്കുക, വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിത സ്ഥാനങ്ങളിൽ സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഈ സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ് . സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കുന്നതും സാമൂഹിക ജാഗ്രതയുടെ ഭാഗമാണ്.
ഇതര സംസ്ഥാനത്തു നിന്നുമെത്തുന്ന പ്രസിദ്ധ മോഷ്ടാക്കൾ
കഴിഞ്ഞ ദിവസം രണ്ട് കുപ്രസിദ്ധ മോഷ്ടാക്കളാണ് കണ്ണൂർപൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും പിടിയിലായത്. വ്യാപാര സ്ഥാപനത്തിന്റെ പൂട്ട് തകർത്ത് പണം കവർന്ന കുപ്രസിദ്ധ മോഷ്ടാവും മഹാരാഷ്ട്ര താന സ്വദേശിയുമായ സലീം സിക്കന്ദർ ഷേഖ് (60), ഹരിയാന പൽവാൽ സ്വദേശി ബൽദേവ് സിംഗ് (60) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച സന്ധ്യയോടെ കണ്ണൂ താണയിലെ റോയൽ ഓക് എന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജി കോൺസെപ്റ്റ് എന്ന ഗ്ലാസ് ഫാബ്രിക്കേഷൻ ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ സലീം സിക്കന്ദർ ഷേഖ് മേശവലിപ്പിൽ സൂക്ഷിച്ച 61,000 രൂപ കവരുകയായിരുന്നു. അതെ കെട്ടിടത്തിലെ ഒന്നാം നിലയിലുള്ള അൽ സഹ ഫോറക്‌സ് ആൻഡ് ട്രാവൽസിന്റെ പൂട്ട് തകക്കാനും ശ്രമിച്ചിരുന്നു.ഇതുകണ്ട തൊട്ടടുത്ത സ്ഥാപനത്തിൽ ഉണ്ടായിരുന്നയാൾ ടൗൺ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മോഷണശ്രമത്തിൽ ഗ്ലാസ് വാതിൽ തകർന്നു. ടൗണ്‍ എസ്.ഐ ടി.എം. വിപിനിന്റെ നേതൃത്വത്തിൽപൊലീസ് ഈയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |