SignIn
Kerala Kaumudi Online
Thursday, 16 July 2026 2.12 AM IST

വിഴിഞ്ഞത്തെ വെള്ളത്തിലാക്കരുത്

ss

ഏറെക്കാലത്തിന് ശേഷം കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് അത്ഭുതകരമായ പ്രതീക്ഷ പകർന്ന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനൽ. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം തികയുംമുമ്പേ തന്നെ വിഴിഞ്ഞം ലോകശ്രദ്ധ നേടി. അന്താരാഷ്ട്ര കണ്ടെയ്നർ യാനങ്ങൾ അണിതെറ്റാതെ നിരന്തരംകേരള തീരത്ത് വന്നണഞ്ഞു. ആയിരത്തിലേറെ കപ്പലുകൾ ആദ്യവർഷം എത്തുക ഒരു പുതിയ തുറമുഖത്തെ സംബന്ധിച്ച് ചെറിയ കാര്യമല്ല. അന്താരാഷ്ട്ര കപ്പൽ ചാലിന്റെ സാമീപ്യവും ഡ്രഡ്ജിംഗ് ആവശ്യമില്ലാത്ത പ്രകൃതിദത്തമായ ആഴവും വിഴിഞ്ഞത്തിന്റെ അനന്യമായ മേന്മകളാണ്. എത്രയോ കാലംമുമ്പേ ആരംഭിക്കേണ്ടിയിരുന്ന പദ്ധതിയാണ് ഇപ്പോഴെങ്കിലും കർമ്മപഥത്തിലെത്തിയത്.


ഉമ്മൻചാണ്ടി സർക്കാർ തുടക്കംകുറിച്ച് പിണറായി സർക്കാരിന്റെ കാലത്ത് പ്രവർത്തനസജ്ജമായ തുറമുഖത്തിന് പിന്നിൽ രാഷ്ട്രീയത്തിന് അതീതമായ വികസന സങ്കല്പങ്ങളുണ്ട്. സംസ്ഥാന സർക്കാരിന്റെ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡാണ് തുറമുഖത്തിന്റെ ഉടമ. നടത്തിപ്പ് കരാർ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ്. 45 വർഷത്തേക്കാണ് ഇവരുമായുള്ള കരാർ. ഈ കമ്പനിയുടെ 25 ശതമാനത്തിലധികം ഓഹരി കൈമാറാൻ സർക്കാർ അനുമതി വേണമെന്ന് കരാറിൽ വ്യവസ്ഥയുണ്ട്. ഇത് പാലിക്കാതെ അദാനിയുടെ കമ്പനി അവരുടെ 49 ശതമാനം ഓഹരി ആഗോള ചരക്കുകപ്പൽ ബിസിനസിലെ ഭീമന്മാരായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് (എം.എസ്.സി)13,360 കോടി പ്രതിഫലത്തിന് വിൽക്കാൻ തീരുമാനിച്ചത് ബിസിനസ് മര്യാദയല്ല. കരാർ ലംഘനവുമാണ്. എം.എസ്.സി കമ്പനിയുടെ കപ്പലുകളാണ് വിഴിഞ്ഞത്ത് ഏറെയും എത്തുന്നത്. അതിൽ ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലും ഉൾപ്പെടുന്നു. ഓഹരി കൈമാറ്റ തീരുമാനം ബിസിനസ് തർക്കമായി കാണേണ്ട കാര്യമാണ്. അതിന്റെ പേരിലെ രാഷ്ട്രീയപ്പോര് അത്ര നല്ല കാര്യമല്ല. കരാർ ലംഘനങ്ങൾ നേരിടാൻ നിയമപരമായ നടപടിക്രമങ്ങളുണ്ട്.

വിഴിഞ്ഞത്തിന്റെ സാദ്ധ്യതയുടെ സുവ്യക്തമായ തെളിവുകൂടിയാണ് ഈ ഇടപാട്. വിഴിഞ്ഞത്തെ ചൊല്ലി വാദപ്രതിവാദങ്ങളും കോലാഹലങ്ങളും അണയാതെ നിൽക്കുന്നത് കേരളത്തിന്റെ താത്പര്യങ്ങൾക്ക് നല്ലതല്ല. രാഷ്ട്രീയ വിയോജിപ്പുകൾ നിലനിൽക്കെ തന്നെയാണ് മുമ്പും ഇടതു,വലതു മുന്നണികൾ വിഴിഞ്ഞത്തിന് വേണ്ടി പ്രവർത്തിച്ചത്. ഉമ്മൻചാണ്ടി സർക്കാരിന്റെയും പിണറായി വിജയൻ സർക്കാരിന്റെയും നിലപാടുകൾ വിഴിഞ്ഞം സഫലമാക്കിയതിന് പിന്നിലുണ്ട്. അദാനിയുമായുള്ള കരാറിന്റെ കാലാവധി 60ൽ നിന്ന് 45 ആയി കുറച്ചത് ഇടതുസർക്കാരാണ്.

കൊച്ചിയിൽ കേന്ദ്രസർക്കാരും ദുബായ് പോർട്ട്സ് വേൾഡ് എന്ന വിദേശ കമ്പനിയും ചേർന്ന് നിർമ്മിച്ച കൊച്ചി അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ മുട്ടിയും മുടന്തിയുമാണ് മുന്നോട്ടു പോകുന്നതെന്ന കാര്യം മറക്കരുത്. വലിയ പ്രഖ്യാപനങ്ങളും പദ്ധതികളുമായി 2011ൽ പ്രവർത്തനസജ്ജമായ വല്ലാർപാടത്തെഈ ടെർമിനലിലേക്ക് കൊച്ചി കായലിലൂടെ 364 കോടി മുടക്കി നിർമ്മിച്ച 8.86 കിലോമീറ്ററിലെ പ്രത്യേക റെയിൽപ്പാതയിലൂടെ ഇപ്പോൾ മാസത്തിൽ ഒരു കണ്ടെയ്നർ ട്രെയിൻ പോലുമെത്തുന്നില്ല. കൊച്ചി തുറമുഖവും ഈ പദ്ധതിയെ തുടർന്ന് പ്രതിസന്ധിയിലായി. കണ്ടെയ്നർ പോർട്ടിന്റെ ആഴം നിലനിറുത്താനുള്ള ഡ്രഡ്ജിംഗിന് വർഷം 250 കോടിയിലേറെ രൂപയാണ് കേന്ദ്രസർക്കാരിന് ചെലവഴിക്കേണ്ടി വരുന്നത്. വലിയ മദർഷിപ്പുകൾക്ക് ഇപ്പോഴും ഇവിടെ അടുക്കാൻ സാധിക്കുന്നില്ല. ആകെയുള്ള ആശ്വാസം തുറമുഖം 2035ൽ കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലാകും എന്നതു മാത്രമാണ്.


വിഴിഞ്ഞം പദ്ധതി വലിയൊരു ബിസിനസ് സംരംഭമാണെന്ന് വിമർശനങ്ങളും വിവാദങ്ങളും ഉയർത്തുന്നവർ ഓർക്കണം. വിഴിഞ്ഞം വളർന്നാൽ അനുബന്ധമായി നിരവധി വ്യവസായങ്ങളും വളരും. തിരുവനന്തപുരം ജില്ല വികസനത്തിന്റെ നൂതനമായ തലത്തിലേക്കെത്തും. പുതിയ സംരംഭങ്ങളും തൊഴിൽ സാദ്ധ്യതകളും ഉദയം ചെയ്യും.

ഏതൊരു ബിസിനസിലും ഉണ്ടാകുന്നതുപോലുള്ള തർക്കമായാണ് ഇപ്പോഴത്തെ വിവാദത്തെയും കാണേണ്ടതും കൈകാര്യം ചെയ്യേണ്ടതും. സർക്കാരിനെ പ്രതിരോധത്തിലാക്കി വിഴിഞ്ഞം തുറമുഖത്തെ പ്രതിസന്ധിയിലാക്കാൻ പ്രതിപക്ഷം ശ്രമിക്കരുത്. കരാർ ലംഘനങ്ങൾ ഉണ്ടാകുമ്പോൾ ചർച്ചകളിലൂടെ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാൻ തന്ത്രങ്ങൾ മെനയണം. അതിന് പലവിധ സമ്മർദ്ദങ്ങളും വേണ്ടിവരും. വിഴിഞ്ഞം തുറമുഖത്തെ നിർജീവമാക്കുന്ന തലത്തിലേക്ക് വിവാദങ്ങളെ വളർത്തരുതെന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ സ്വീകരിച്ച പക്വതയുള്ള നിലപാടാണ് ഇക്കാര്യത്തിൽ ഉചിതം. ആരോപണങ്ങൾ ഉയർന്നാൽ വിശ്വസനീയമായ രീതിയിൽ അന്വേഷണം നടത്താനുള്ള ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനുണ്ട്. അത് അവർ ചെയ്യണം. എന്തെങ്കിലും വീഴ്ചകൾ കണ്ടെത്തിയാൽ നടപടിയും വേണം. അല്ലാതെ കേരളത്തിന് വലിയ ഗുണം ചെയ്യുന്ന ഒരു പദ്ധതിയെ നശിപ്പിക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കഴുത്ത് ഞെരിച്ചു കൊല്ലുന്നതിന് സമമാണ്. അത്ഭുതകരമായ വികസന സാദ്ധ്യതകളുള്ള വിഴിഞ്ഞം പദ്ധതിക്ക് കേരളത്തിന്റെ മുഖച്ഛായ മാറ്റാനുള്ള കരുത്തുണ്ടെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും തിരിച്ചറിയണം. ഉമ്മൻചാണ്ടിയും പിണറായി വിജയനും സ്വീകരിച്ച നിലപാടുകൾ വി.ഡി.സതീശൻ സർക്കാരും കൈക്കൊള്ളുമെന്ന് വിശ്വാസമുണ്ട്. വിവാദങ്ങൾക്ക് അപ്പുറത്ത് വികസനമെന്ന ലക്ഷ്യമാണ് ഉയർന്ന് നിൽക്കേണ്ടത്.

ക്ഷണനേരം കൊണ്ട് മാറുന്ന ലോകത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. നിമിഷങ്ങൾക്ക് പോലും വിലയുണ്ടെന്ന് സാരം. പുതിയ തലമുറ നമ്മളേക്കാൾ എത്രയോ വേഗത്തിലാണ് സഞ്ചരിക്കുന്നത്. കേവലമായ സങ്കുചിത രാഷ്ട്രീയ സങ്കല്പങ്ങളും താത്പര്യങ്ങളും മാറ്റിവച്ചാൽ കേരളം വരുംതലമുറയ്ക്ക് അഭിമാനിക്കാവുന്ന സംസ്ഥാനമാക്കി മാറ്റാനാകും. അതിന്റെ ഉത്തമ ഉദാഹരണമാക്കി വിഴിഞ്ഞം പദ്ധതിയെ രൂപപ്പെടുത്തണം. വിഴിഞ്ഞത്തെ രാജ്യത്തെ ഒന്നാംനമ്പർ തുറമുഖമാക്കി മാറ്റാൻ സർക്കാർ ശ്രമിക്കണമെന്നും അതിനുവേണ്ടി ക്രിയാത്മകമായ പിന്തുണ പ്രതിപക്ഷ പാർട്ടികൾ നൽകണമെന്നും അഭ്യർത്ഥിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY