SignIn
Kerala Kaumudi Online
Thursday, 16 July 2026 2.12 AM IST

പൂരംകഴിഞ്ഞ പൂരപ്പറമ്പ്

in

തിരുവനന്തപുരത്ത് ശാസ്തമംഗലം റോഡിലാണ് കേരളപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരമായ ഇന്ദിരാഭവൻ. അഖിലലോക കോൺഗ്രസുകാരുടെയും ഖദറിനെ പ്രാണനെപ്പോലെ സ്നേഹിക്കുന്നവരുടെയും ദേശീയപ്രസ്ഥാനത്തിന്റെ പേരിൽ ഊറ്റംകൊള്ളുന്നവരുടെയുമൊക്കെ മനസിൽ ആദരവോടെ നിലകൊള്ളുന്ന ഇന്ദിരാഭവൻ. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിലവിൽ വന്നപ്പോൾ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.മാധവൻനായർ മുതൽ ഇപ്പോൾ മന്ത്രിപ്പണിയുടെ ഭാരം കൂടി തോളിൽ കയറ്റിയ സണ്ണിവക്കീൽ വരെയുള്ള എല്ലാ കെ.പി.സി.സി പ്രസിഡന്റുമാരുടെയും കളറിലും ബ്ളാക്ക് ആൻഡ് വൈറ്റിലുമുള്ള ചിത്രങ്ങൾ പതിച്ചിട്ടുള്ള ഇടം. ഇപ്പോഴത്തെ അവിടുത്തെ അവസ്ഥ കണ്ടാൽ ഏതൊരു ഗാന്ധിയന്റെയും നെഞ്ചുതകരും. പൂരം കഴിഞ്ഞ പൂരപ്പറമ്പിൽ പോലും കാണും ഇതിനേക്കാൾ നല്ല ആളനക്കം.

കഴിഞ്ഞ ഇടത് ഭരണകാലത്തെ പത്തു വർഷങ്ങൾ ഇവിടുത്തെ മൂകത നമുക്ക് മനസിലാക്കാമായിരുന്നു. ഇപ്പോൾ ഭരണമുണ്ട്, കെ.പി.സി.സി യുടെ ഭരണകർത്താക്കളെല്ലാം കൊടിവച്ച കാറിൽ തലങ്ങും വലിങ്ങും ഓടുന്നുണ്ട്, വേണമെന്ന് വച്ചാൽ ഫണ്ടിന്റെ കുത്തൊഴുക്കുമുണ്ടാവും. പക്ഷെ ഇതൊക്കെ ആരോട് പറയാൻ.

പുന:സംഘടന പുന:സംഘടന എന്നൊക്കെ ഇടയ്ക്കിടെ കേൾക്കാറുണ്ടായിരുന്നെങ്കിലും ഇപ്പോൾ കോൺഗ്രസുകാരെല്ലാം അത് മറന്നമട്ട്. പാർട്ടിയുടെ സർവ്വാധികാരനായി ഡൽഹിയിലുള്ള കെ.സി വേണുഗോപാലാവട്ടെ മൗനം പാലിക്കുന്നു. അല്ലെങ്കിൽ തന്നെ അദ്ദേഹത്തെ എങ്ങനെ കുറ്റം പറയാനാവും. പണം വേണ്ടവർക്ക് പണം, ആൾ വേണ്ടിടത്ത് ആൾ, ഫ്ളക്സ് വേണ്ടിടത്ത് ഫ്ളക്സ്, ഉപദേശം വേണ്ടവർക്ക് ഉപദേശം ... അങ്ങനെ എല്ലാം നൽകിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ സർവസജ്ജരാക്കിയത്. ഒടുവിൽ മണ്ണുംചാരിയിരുന്നവൻ പെണ്ണുംകൊണ്ടു പോയ മട്ടിലായി കാര്യങ്ങൾ. അതിന്റെ ക്ഷീണത്തിൽ നിന്ന് മുക്തനാവാതെ അദ്ദേഹം എന്തുചെയ്യും.

ഒരു പതിറ്റാണ്ടിന് ശേഷം പാർട്ടി അധികാരത്തിൽ വന്നതിന്റെ സന്തോഷവുമായി എന്തെങ്കിലുമൊക്കെ കാര്യങ്ങൾ സാധിക്കാൻ കെ.പി.സി.സി ആസ്ഥാനത്തെത്തുന്ന പാവം പാർട്ടിക്കാർ, മഹാത്മാക്കളായ നേതാക്കളുടെ മനോഹരമായി ചിത്രങ്ങൾക്ക് മുന്നിൽ വണങ്ങി നിരാശരായി മടങ്ങും. അണികളുടെ കാര്യത്തിൽ പഴയ പ്രതാപമില്ലെങ്കിലും ഭാരവാഹികൾക്ക് തെല്ലും പഞ്ഞമുള്ള സംഘടനയല്ല കോൺഗ്രസ്. കണ്ണൂർ മുതൽ കണ്ണൂർ വരെ നീളുന്ന ഭൂപടത്തിൽ ഓരോ മൺതരിയുമറിയുന്ന സണ്ണിജോസഫ് എന്നൊരു കെ.പി.സി.സി പ്രസിഡന്റ്, മൂന്ന് വർക്കിംഗ് പ്രസിഡന്റുമാർ, 13 വൈസ് പ്രസിഡന്റുമാർ, 59 ജനറൽ സെക്രട്ടറിമാർ, ഒരു ലക്ഷണമൊത്ത ട്രഷറർ ഇത്രയുമാണ് കടലാസിലെ കണക്ക് പ്രകാരമുള്ള ഭാരവാഹികൾ. ഇവരൊക്കെ കൂടി കിളച്ചുമറിച്ചാണ് ഒരു പരുവത്തിന് പാർട്ടിയെ രക്ഷപ്പെടുത്തിയത്.

 ഇരിക്കപ്പൊറുതിയില്ലാതെ...

കെ.പി.സി.സി അദ്ധ്യക്ഷ പദവി ഒന്നേയുള്ളു എന്നറിയാമെങ്കിലും ആ പദവിയിലെത്തി തന്റെ നിസ്വാർത്ഥ സേവനം കൊണ്ട് പാർട്ടിയെ ധന്യമാക്കാൻ വെള്ളവും തിളപ്പിച്ച് കാത്തിരിക്കുന്ന അര ഡസൻ നേതാക്കളുണ്ട്. ഇതിൽ ചിലർ, മിഥുനം സിനിമയിലെ ജഗതി ശ്രീകുമാറിന്റെ പൊലീസ് കഥാപാത്രത്തെപ്പോലെ തേങ്ങ ഉടയ്ക്ക് സ്വാമി എന്ന മട്ടിൽ ക്ഷമകെട്ട് അങ്ങ് ഡൽഹിക്ക് വച്ചുപിടിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് വലം വച്ച്, കേരളഹൗസിലെ കാപ്പികുടിയും കഴിഞ്ഞ് അടുത്ത വിമാനത്തിൽ തിരിച്ചു പോന്നതല്ലാതെ ഒന്നും സംഭവിച്ചില്ല.

കെ.പി.സി.സി പുനഃസംഘടനയിൽ അഭിപ്രായം തേടാൻ കേരളത്തിന്റെ ചുമതലയുള്ള മുതിർന്ന വനിതാ നേതാവ് ഇവിടുത്തെ നേതാക്കളുമായി ഇടയ്ക്കിടെ ആശയ വിനിമയം നടത്തുന്നുണ്ട്. അവർ പറയുന്നത് ഇവിടുത്തെ നേതാക്കൾക്കും ഇവിടെയുള്ള നേതാക്കൾ പറയുന്നത് അവർക്കും വേണ്ടവിധം ഗ്രഹിക്കാനാവുന്നില്ലെങ്കിൽ അത് ഭാഷയുടെ മാത്രം പ്രശ്നമാണ്.

ഇതുകൂടി കേൾക്കണേ

ഉദ്ദേശിച്ച കച്ചവടമില്ലാതെ മെല്ലെ ചുരുട്ടിക്കെട്ടാൻ തുടങ്ങിയ സ്റ്രാച്യുവിലെ ഒരു കട ഇപ്പോൾ ഒന്നു വിപുലീകരിക്കാനുള്ള നെട്ടോട്ടത്തിലാണ്. പാർട്ടിയെ നെഞ്ചേറ്റുന്ന ഖദർധാരികളുടെ തിരക്ക് കാരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY