
'ഇന്നീ സമരം സൂചന മാത്രം, സൂചന കണ്ട് പഠിച്ചില്ലെങ്കിൽ സമരത്തിന്റെ രൂപം മാറും, ഭാവം മാറും'..... വിദ്യാർത്ഥി സമരങ്ങളിൽ എന്നും മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലെ പ്രസക്തമായൊരു കഷണം. സമരം നടത്തുന്നത് ഇടതു പക്ഷത്തോടോ, വലതുപക്ഷത്തോടോ ആഭിമുഖ്യമുള്ള സംഘടനയായിരിക്കുമെങ്കിലും മുദ്രാവാക്യത്തിലെ ഈ ഭാഗത്തിന് വലിയ മാറ്റമുണ്ടാകില്ല.
ചോരച്ചാലുകൾ നീന്തിക്കയറിയ, തൂക്കുമരങ്ങളിലൂഞ്ഞാലാടിയ ... എന്നൊക്കെയുള്ള വിശേഷ പ്രയോഗങ്ങളും സമരം കൊഴുപ്പിക്കാൻ ഉറക്കെ വിളിക്കുക പതിവായിരുന്നു. ഇന്നിപ്പോൾ സൂചനയുമായി കാത്തുനിൽക്കാനുള്ള സമയം ആർക്കുമില്ല. നീന്തിക്കയറാൻ ചോരച്ചാലുമില്ല, ഊഞ്ഞാലാടാൻ സൗകര്യപ്രദമായ തൂക്കുമരവുമില്ല. കാലം ഏറെ മുന്നോട്ടു പോയി, സമരങ്ങളുടെയും സമര സന്നാഹങ്ങളുടെയും കാര്യത്തിലും ഒരുപാട് മാറ്റം വന്നു. ഈ അപ്ഗ്രഡേഷനൊക്കെ അനിവാര്യവുമാണ്.
സമരങ്ങളുടെ 'കൂത്തമ്പലമായ ' സെക്രട്ടേറിയറ്റ് നടയിൽ ജൂൺ 24ന് എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെ പൊലീസുകാരന് ബ്‌ളേഡ് കൊണ്ട് മുറിവേൽക്കുകയും പിന്നീട് സമരഗേറ്റ് പരിസരത്ത് നിന്ന് ബ്‌ളേഡ് കണ്ടെത്തുകയും ചെയ്ത സംഭവമാണ് ഇപ്പോൾ ഈ ചിന്തയ്ക്ക് കാരണം. എസ്.എഫ്.ഐയുടെ പത്ത് നേതാക്കൾക്കെതിരെയും കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയും കേസെടുത്തു. കേസിന് ആസ്പദമായ സംഭവങ്ങളുടെ യാഥാർത്ഥ്യത്തെക്കുറിച്ചൊന്നും ഇപ്പോൾ പറയാനാവില്ല. കേസും പൊലീസ് നടപടികളും അതിന്റെ വഴിക്ക് പോകട്ടെ.
കേരളത്തിലെന്നല്ല, ഇന്ത്യയിലെ വിദ്യാഭ്യാസ മേഖലയിൽ പല അവകാശങ്ങളും നേടിയെടുക്കുന്നതിന് പിന്നിൽ വിദ്യാർത്ഥി പ്രസ്ഥാനം നടത്തിയിട്ടുള്ള സമരം നിർണായകമാണ്. ഓരോ കക്ഷി ഭരിക്കുമ്പോഴും അവരുടെ എതിർ വിഭാഗം ശക്തമായ സമരം തുടർച്ചയായി നടത്തും. കേരളം സാക്ഷ്യം വഹിച്ചിട്ടുള്ള തീഷ്ണമായ വിദ്യാർത്ഥി സമരങ്ങളുടെ അമരക്കാരായി നിന്ന നേതാക്കളിൽ പലരും പിന്നീട് മുഖ്യധാരാ രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ളവരായി. ഇന്നത്തെ ഭരണാധികാരികളിൽ പോലും പലരും സമരപാതകൾ താണ്ടി, പൊലീസ് മർദ്ദനവും ജയിൽ വാസവുമൊക്കെ അനുഭവിച്ചു വന്നിട്ടുള്ളവരുമാണ്. പൊലീസുമായി വിവിധ വിദ്യാർത്ഥി സംഘടനകൾ എത്രയോ തവണ രൂക്ഷമായ ഏറ്റുമുട്ടൽ നടത്തി. കൊടിക്കമ്പ്, കല്ല്, സോഡാക്കുപ്പി തുടങ്ങിയ സന്നാഹങ്ങളാണ് സമരക്കാർ മുമ്പൊക്കെ പൊലീസിന് നേരെ പ്രയോഗിച്ചിരുന്നത്.
ലാത്തി, ജലപീരങ്കി, കണ്ണീർവാതക ഷെല്ല് തുടങ്ങിയ എണ്ണം പറഞ്ഞ ഇനങ്ങൾ പൊലീസ് തിരിച്ചും പ്രയോഗിക്കാറുണ്ട്. ആകാശത്തേക്ക് പൊലീസിന് വെടി വയ്‌ക്കേണ്ടി വന്ന അപൂർവം സന്ദർഭങ്ങളുമുണ്ട്. ലാത്തിയടിയിൽ തലപൊട്ടി ചോരയൊലിപ്പിച്ച് ആശുപത്രിവാസം അനുഭവിക്കേണ്ടി വന്ന എത്രയെത്ര നേതാക്കൾ, എല്ലാ പക്ഷത്തുമുണ്ട്. വിദ്യാർത്ഥി സമരങ്ങളും പൊലീസ് ബലപ്രയോഗവുമൊക്കെ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. സംഘടനാ സംവിധാനത്തിന്റെ പ്രാരംഭ രൂപവുമാണ് ഇതെല്ലാം. എന്തെങ്കിലുമൊരു ആവശ്യമുന്നയിച്ച് വിദ്യാർത്ഥികളോ യുവജനങ്ങളോ ഒക്കെ നടത്തുന്ന സമരം ഒരു ഘട്ടം കഴിയുമ്പോൾ അക്രമത്തിന്റെ വഴിയിലേക്ക് പാളിപ്പോവുക സ്വാഭാവികം.
ക്രമസമാധാനം നിലനിറുത്തേണ്ടതിനാൽ പൊലീസിന് ഇത് നേരിടാൻ പലപ്പോഴും ബലപ്രയോഗം വേണ്ടിവരും. കാലങ്ങളായി നടന്നുവരുന്ന കാര്യങ്ങളാണ് ഇതെല്ലാം. പക്ഷേ ഒരു സമരത്തിനിടെ ബ്‌ളേഡ് പോലുള്ള വസ്തുക്കളുടെ സാന്നിദ്ധ്യം ഇത് ആദ്യമാണ്. കാര്യം നിസാരമെങ്കിലും ഇത്തരം സാധനം വരുത്തിവയ്ക്കാവുന്ന പ്രശ്നം ഗുരുതരമാണ്. ഇപ്പോഴത്തെ സംഭവത്തിൽ പൊലീസെടുത്തിട്ടുള്ള കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് അറിവുള്ളത്.
കൂടുതൽ വിവരം പിന്നാലെയേ അറിയാൻ സാധിക്കൂ. എങ്കിലും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. വളരെ ചെറിയ ഒരു വസ്തുവാണെങ്കിലും ബ്‌ളേഡ് അപകടകാരിയാണ്. മാരകമായ മുറിവ് വരെയുണ്ടാക്കാൻ ഈ ചെറിയ വസ്തു ധാരാളം. ഒരു സംഘർഷമുണ്ടാവുന്ന സ്ഥലത്ത്, ഇത്തരം വസ്തുക്കൾ പുറത്തെടുത്താൽ , മനപൂർവമല്ലെങ്കിൽ പോലും അതുണ്ടാക്കുന്ന അപകടം നിസാരമാവില്ല. സമരം ചെയ്യുന്ന വിദ്യാർത്ഥികളും സമരത്തെ പ്രതിരോധിക്കാൻ നിയുക്തരാവുന്ന പൊലീസുകാരും മനുഷ്യരാണ്. ശരീരത്തിൽ മാരകമായ മുറിവേറ്റാൽ ആർക്കായാലും ഉണ്ടാകുന്ന വിഷമത ഏറെ. ചെറിയ ഒരു കൈയബദ്ധം പോലുമുണ്ടാക്കുന്ന പരിക്ക് ഒരു പക്ഷേ അതിസങ്കീർണ്ണമാകാം. സമരമുഖങ്ങളിൽ ഇത്തരം അപകടകരമായ വസ്തുക്കളുടെ സാന്നിദ്ധ്യം ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാവരും മേലിൽ ശ്രദ്ധിക്കേണ്ടതിലേക്കാണ് തലസ്ഥാന സംഭവം വിരൽ ചൂണ്ടുന്നത്. ഇപ്പോഴത്തെ സംഭവത്തെ പൊലിപ്പിച്ച് വലുതാക്കുന്നതിനേക്കാൾ, ആവർത്തിക്കപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ് വേണ്ടത്.
ഇതു കൂടി കേൾക്കണേ
മുറിവുകൾ എത്രമാരകമായാലും കലക്രമത്തിൽ ഉണങ്ങിയേക്കാം, പക്ഷേ മനസിനുണ്ടാവുന്ന മുറിപ്പാട് വേഗത്തിൽ മാറണമെന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |