ശക്തമായ മഴയിൽ നിന്നും രക്ഷനേടാനായി ചിലർ അഭയം തേടുന്നത് റോഡരികിലുള്ള വലിയ മരത്തിന്റെ ചുവട്ടിലായിരിക്കും. എന്നാൽ ഇത് വലിയ ദുരന്തത്തിന് കാരണമാകുമെന്നാണ് ശാസ്ത്രം പറയുന്നത്. മഴയോടൊപ്പം ഇടിമിന്നലുള്ളപ്പോൾ ഒരു മരത്തിന്റെ ചുവട്ടിൽ നിൽക്കുന്നത് നേരിട്ട് മിന്നൽ ഏൽക്കുന്നതിനേക്കാൾ ഭയാനകമാണ്. ഇങ്ങനെ പറയുന്നതിന് പിന്നിലെ കാരണങ്ങളും മിന്നലിൽ നിന്നും രക്ഷപ്പെടാനുള്ള സുരക്ഷാ മാർഗങ്ങളും നോക്കാം.
മേഘങ്ങൾക്കുള്ളിൽ അതിവേഗ വായു ചലനവും ഐസ് കണങ്ങളുടെയും ജലത്തുള്ളികളുടെയും കൂട്ടിയിടിയും നടക്കുമ്പോൾ വൈദ്യുത ചാർജുകൾ രൂപപ്പെടുന്നു. സാധാരണയായി നെഗറ്റീവ് ചാർജ് മേഘത്തിന്റെ താഴ്ഭാഗത്തും ചാർജ് ഭൂമിയിലും അടിഞ്ഞുകൂടുന്നു. ആദ്യഘട്ടത്തിൽ വായു വൈദ്യുതി കടത്തിവിടാത്തതിനാൽ പ്രശ്നമുണ്ടാകില്ല. എന്നാൽ ചാർജുകൾ വളരെ കൂടുതലാകുമ്പോൾ വായുവിന്റെ പ്രതിരോധശേഷി തകരുകയും മേഘത്തിൽ നിന്നും ഭൂമിയിലേക്കോ മേഘങ്ങൾക്കിടയിലോ കൂറ്റൻ വൈദ്യുത സ്പാർക്ക് രൂപപ്പെടുകയും ചെയ്യുന്നു, ഇതാണ് മിന്നൽ. ഒരു മിന്നലിൽ കോടിക്കണക്കിന് വോൾട്ട് വൈദ്യുതിയും ഊർജവും അടങ്ങിയിട്ടുണ്ട്.
മിന്നൽ ഉണ്ടാകുന്ന സമയം ഭൂമിയിൽ ഉയരമുള്ള വസ്തുക്കളിൽ പോസിറ്റീവ് ചാർജുണ്ടാകുന്നു. ഇക്കൂട്ടത്തിൽപ്പെടുന്നതാണ് മരങ്ങൾ. ഉയരം മാത്രമല്ല മരങ്ങൾക്കുള്ളിൽ ഈർപ്പമുള്ളതിനാൽ അത് ഒരു വൈദ്യുത ചാലകം കൂടിയാണ്. അതുകൊണ്ട് തന്നെ മിന്നലിലെ ആകർഷിക്കാൻ മരങ്ങൾക്ക് കഴിയും. മേഘങ്ങളിൽ നിന്നുള്ള ചാർജും മരങ്ങളിൽ നിന്ന് ഉയരുന്ന ചാർജും തമ്മിൽ കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന വൈദ്യുത തരംഗങ്ങൾക്ക് സൂര്യന്റെ ഉപരിതലത്തേക്കാൾ അഞ്ചിരട്ടി (30,000°C) ചൂടുണ്ടായിരിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഇടിമിന്നൽ മൂലമുണ്ടാകുന്ന ഭൂരിഭാഗം മരണങ്ങൾക്കും കാരണം സ്റ്റെപ് പൊട്ടൻഷ്യലാണ്. നാൽക്കാലികളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ഇടിമിന്നൽ അപകടമാണിത്. ഒരു മൃഗത്തിന്റെ മുൻ കാലുകളും പിൻ കാലുകളും തമ്മിൽ അകലം ഉള്ളപ്പോൾ ഭാഗിക വൈദ്യുതധാര ശരീരത്തിലൂടെ കടന്നുപോകാനുള്ള സാദ്ധ്യത കൂടുതലാണ്. മിന്നൽ മരച്ചുവട്ടിൽ പതിച്ചതിനുശേഷം നിലത്തൂടെ തരംഗങ്ങൾ പോലെ ചുറ്റും വ്യാപിക്കുന്നു. മരത്തിന്റെ 30 മീറ്ററിലധികം ചുറ്റളവിൽ ഇതിന്റെ തീവ്രത അനുഭവപ്പെടും. ഇത് മരച്ചുവട്ടിൽ നിൽക്കുന്ന മനുഷ്യ ജീവനും വെല്ലുവിളിയാണ്.
മിന്നലിലെ വൈദ്യുതി മനുഷ്യശരീരത്തിന്റെ നാഡീ-ഹൃദയ വ്യവസ്ഥയെ തകർക്കുന്നു. പ്രത്യേകിച്ച് ഹൃദയത്തിന്റെ സ്വാഭാവിക ഇലക്ട്രിക് റിതം തകരുന്നതാണ് മരണത്തിന്റെ പ്രധാന കാരണം. ഹൃദയസ്തംഭനം , ശ്വാസതടസം, ഗുരുതര പൊള്ളൽ, നാഡീ തകരാർ, കാഴ്ച-ശ്രവണ പ്രശ്നങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാകുന്നു.
ഒരു ജീവനുള്ള മരത്തിലൂടെ പതിനായിരക്കണക്കിന് ആമ്പിയർ വൈദ്യുതി സെക്കൻഡുകൾക്കുള്ളിൽ കടന്നുപോകുമ്പോൾ അതിനുള്ളിലെ ജലാംശം പെട്ടെന്ന് ചൂടാകുന്നു. ഈ ജലാംശം സാധാരണ ജലത്തേക്കാൾ 1700 മടങ്ങ് വ്യാപ്തിയുള്ള ഉയർന്ന മർദ്ദത്തിലുള്ള നീരാവിയായി മാറുന്നു. മരത്തിന് ഈ മർദ്ദം താങ്ങാൻ കഴിയാതെ വരുമ്പോൾ അത് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നു. ഈ സമയം മരച്ചുവട്ടിൽ നിൽക്കുന്നവരുടെ ജീവന് ഇത് ഭീഷണിയാണ്.
മിന്നലിനെ ഉൾഭാഗത്തേക്ക് തുളച്ചുകയറാൻ അനുവദിക്കാത്തതും പൊട്ടാത്തതുമായ ലോഹ പ്രതലങ്ങളാൽ ഭാഗികമായോ പൂർണമായോ ചുറ്റപ്പെട്ട സ്ഥലങ്ങളാണ് ഏറ്റവും സുരക്ഷിതം. എന്നാൽ ഒരിക്കലും മിന്നലുണ്ടാവുമ്പോൾ തുറസായ സ്ഥലത്തും കുന്നിൻമുകളിലും ഒറ്റപ്പെട്ട മരങ്ങളുടെ അടിയിലും നിൽക്കുന്നത് ഒഴിവാക്കണം. മരത്തിന്റെ ഉയരം കൂടുമ്പോഴും അപകട സാദ്ധ്യത കൂടുന്നു.വൻമരങ്ങളുള്ള വനങ്ങളുടെ അരികിൽ നിൽക്കുന്നതും വലിയ അപകടമാണ്.
Taking shelter under a tree during a lightning storm can be extremely dangerous and may put your life at risk. Lightning often strikes tall, isolated objects like trees, and the electrical current can spread to anyone standing nearby. Safety experts advise seeking shelter inside a substantial building or a fully enclosed vehicle instead of staying under trees or in open areas during thunderstorms.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |