SignIn
Kerala Kaumudi Online
Monday, 29 June 2026 12.43 AM IST

തൂഫാൻ വല വീശുമ്പോൾ..

1

ലഹരി വേരിന്റെ നീളം ചില്ലറയല്ല. സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും പടർന്ന് കിടപ്പുണ്ട്. ലഹരിയുടെ വേരറുക്കുന്നത് എന്തു നല്ല കാര്യം. അതിനിതാ കേരളത്തിലൊരു മാതൃക പിറക്കുന്നു,​ 'ഓപ്പറേഷൻ തൂഫാൻ'. സംഗതി കൊണ്ടങ്ങു കയറുകയാണ്. കാരണമുണ്ട്. ജനബലം,​ ഔദ്യോഗിക പിൻബലം ഒക്കെത്തന്നെ. അന്യസംസ്ഥാനങ്ങളിലെ ലഹരി സാധനങ്ങളുടെ ഇരിപ്പിടങ്ങളിൽ വരെ 'തൂഫാൻവല' വീഴുന്നു.

ഈ തൂഫാന്റെ മേനിയ്ക്കൊരു ഭംഗിയുണ്ട്. ലഹരി ഒഴുക്കിന്റെ വേരറുപ്പ് മാത്രമല്ല,​ കണ്ണികൾ വരെ മുറിക്കും. സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കും. യുവതയുടെ സംരക്ഷണം തീർച്ച. അങ്ങനെ സാമൂഹ്യ ജീവിതത്തിനൊരു കരുത്ത് പകരുന്നു. അതോടെ ലഹരിയുടെ വേരറുക്കുമെന്ന പ്രഖ്യാപനത്തിനു തന്നെ മാറ്റ് ഏറെയാണ്.

പറയുമ്പോ എല്ലാം പറയണമല്ലോ. ജില്ലാ ജഡ്ജിയായി വിരമിച്ച ഒരപൂർവ വ്യക്തിത്വമായിരുന്നു അന്തരിച്ച എൻ. ശ്രീനിവാസൻ. അദ്ദേഹം എസ്.ആർ.പി എന്നൊരു പാർട്ടിയുണ്ടാക്കി. തിരഞ്ഞെടുപ്പു വന്നു. കോട്ടയത്തുനിന്ന് അദ്ദേഹം മത്സരിച്ചു ജയിച്ചു. എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി. ആ എൻ.ശ്രീനിവാസാണ് ബിവറേജസ് കോർപ്പറേഷനു ജന്മം നൽകിയത്. ഏറെപ്പേർക്കു ജോലിയായി. സർക്കാരിനു വരുമാനവും.

ഇന്നും സർക്കാരിനു കാശുണ്ടാക്കി കൊടുക്കുന്നത് ഈ കോർപ്പറേഷൻ തന്നെ. അന്നാരും മദ്യത്തിന്റെ വീര്യത്തെകുറിച്ചു ചിന്തിച്ചില്ല. മദ്യത്തിന്റെ ശുദ്ധതയായിരുന്നു പ്രധാനം. ബാറുകൾ കള്ളക്കളി നടത്തിയെങ്കിൽ അതിനും മറുമരുന്നുണ്ടായി. ബിവറേജസ് കോർപ്പറേഷൻ തന്നെ കുപ്പികളായി മദ്യം കച്ചോടം തുടങ്ങി. വരുമാനം കൂടി. തൊഴിലവസരങ്ങളും കൂടി. അതൊരു കാലം. മദ്യത്തിന്റേയും മദ്യപന്മാരുടേയും പുഷ്ക്കലകാലം.

ഇപ്പോ എന്തായി. രാസലഹരി,​ എം.ഡി.എം.എ എല്ലായിടവും പരക്കുന്നു. മിക്കവരേയും സ്വാധീനിക്കുന്നു. പ്രായം നോക്കാതെ,​ ഒഡീഷയടക്കം അന്യ സംസ്ഥാനങ്ങളുടെ കൊണ്ടുകയറ്റം. യുവതലമുറകൾ കറങ്ങി തിരിയുന്ന കഷ്ടം കണ്ടപ്പോൾ മന്ത്രി വേരറുക്കാൻ നിശ്ചയിച്ചു. 'ഓപ്പറേഷൻ തൂഫാൻ' കൊണ്ടുകേറുന്നു. പല പേരുകളിൽ,​ പലതരത്തിൽ. തൂഫാൻ വാേറിയേഴ്സ്,​ തൂഫാൻ സ്ട്രൈക്ക്,​ തൂഫാൻ കെയർ,​ തൂഫാൻ ജനസഭ.

ലഹരി മാഫിയയുടെ അനുകരണം തകരുന്ന കാലത്തിന്റെ മനോഹരമായ കാഴ്ച. പക്ഷേ, ഒന്നറിയണം. ഈ തൂഫാന്റെ പിൻബലമായി എക്സൈസുകാരുമുണ്ട്. അവർക്കു തോക്കോ,​ ലാത്തിയോ ഇല്ല. എങ്കിലും അവർ അന്യസംസ്ഥാനഗുണ്ടകളെ നേരിടുന്നു. നാട്ടിലെ അവരുടെ സങ്കേതങ്ങളിൽ ചെന്ന് ഗുണ്ടകളെ പിടിച്ചുകെട്ടുന്നു. കഞ്ചാവ് കൂമ്പാരങ്ങൾ പിടിച്ചെടുക്കുന്നു,​ നശിപ്പിക്കുന്നു. അവരുടെ വീര്യം ആരറിയാൻ. പക്ഷേ, അറിയണം,​ പിടിച്ചെടുക്കപ്പെടുന്ന എം.ഡി.എം.എയുടെ അളവ് നമ്മെ ഞെട്ടിപ്പിക്കുന്നു. ഇതു നേരത്തേ ആകാമായിരുന്നു.

തിരുവനന്തപുരം ബാറിലെ ഒരു കാര്യം കേക്കണോ. ബാറിലെ എല്ലാ സീറ്റുകളും നിറഞ്ഞ ഒരു സന്ധ്യ. ചർച്ചയാണെങ്കിൽ 28 ബാറുകളുടെ എണ്ണം 900ത്തിലേയ്ക്കുള്ള വളർച്ച. മദ്യത്തിന്റെ വീരാധിപത്യം,​ 'മിന്നൽ മാജികി'ന്റെ വരവ്. അരലിറ്റർ കുപ്പികളുടെ തലവിധി. സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുമെന്ന സർക്കാരിന്റെ ഏറ്റുപറച്ചിൽ.

അപ്പോഴാണ് ഒരു എൻജിനിയറുടെ കടന്നുവരവ്. റിട്ടയേർഡ് ആയി. പ്രൈവറ്റ് ജോലി നോക്കി. ഇപ്പോഴതുമില്ല. എങ്കിലും മദ്യപാനം സുനിശ്ചിതം. വീട്ടിൽ ഭാര്യയുമായി കലഹിച്ചു നിൽക്കുന്ന കാലത്താണ് സംഭവം. എൻജിനിയർ നേരെ നടന്നു. ബാർ അറ്റന്ററുടെ അടുത്തെത്തി. ഒരു 'ലാർജ്' വാങ്ങി കുടിച്ചു. പൊക്കം കൂടിയ സ്റ്റൂളിൽ തന്നെയിരുന്നു. പിന്നേയും പിന്നേയും ഓരോന്നു വീതം വാങ്ങി കുടിച്ചുകൊണ്ടിരുന്നു.

അടുത്തിരുന്ന സ്നേഹിതന്റെ ചോദ്യം: ''എന്തോ അടിയാടെ ഇത്. എന്തുപറ്റി വീര്യം കുറഞ്ഞതു ഇറങ്ങില്ലല്ലോ''. എൻജിനിയർ പറഞ്ഞു : ''എന്റെ ഭാര്യ തന്നെ കാരണം. ഞാനും അവളും തമ്മിൽ ഉടക്കി. അവൾ ഒരു ദിവസം പറഞ്ഞു,​ 'ഇനി ഒരുമാസത്തേയ്ക്ക് അവൾ എന്നോട് മിണ്ടുകയില്ലെന്ന്'. സ്നേഹിതൻ മെല്ലെ ഓതി : ''സാരമില്ല ഭാര്യയല്ലേ അവർ അങ്ങനെയൊക്കെയല്ലേ പറഞ്ഞുള്ളൂ.'' എൻജിനിയർ മൊഴിഞ്ഞു : ''നിനക്കറിയില്ല. ആ ഒരു മാസം തീരുന്ന ദിവസം ഇന്നാണ്''.

ഗ്ലാസിൽ ബാക്കിയിരുന്നതുകൂടി എൻജിനിയർ അകത്താക്കി, സ്റ്റൂളിൽ നിന്നിറങ്ങി. ഉറക്കെ ഒരു ചോദ്യം പരസ്യമായി: ''വീര്യമുള്ള മദ്യവും വീര്യം കുറഞ്ഞ മദ്യവും കുടിക്കുന്നു. ഏതാണെന്നു എങ്ങനെ തിരിച്ചറിയും..?'',​ എല്ലാപേരും അയാളെത്തന്നെ ഉറ്റുനോക്കി. അയാൾ പറഞ്ഞു. അറിയണം. ''മൃദു മദ്യമാണ് കുടിച്ചതെങ്കിൽ ഷർട്ട് മാത്രം ഊരിക്കളയും. കടുപ്പമുള്ളതാണെങ്കിൽ - മുണ്ടുംകൂടി ഉരിഞ്ഞെറിയും''. അയാളുടെ കൈകളുടെ ചലനം നോക്കിയ ബാർ അറ്റന്റർ അയാളെ പിടിച്ച് അടുത്ത മുറിയിലേയ്ക്ക് കൊണ്ടുപോയി.

(ലേഖകന്റെ ഫോൺ: 9447555055)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY