SignIn
Kerala Kaumudi Online
Sunday, 05 July 2026 5.20 AM IST

കുട്ടികളോടെങ്കിലും കനിവു കാട്ടണേ

READ ENGLISH VERSION
instagram

ലോകമാകുന്ന പൂന്തോട്ടത്തിലെ മുല്ലമൊട്ടുകളാണ് കുഞ്ഞുങ്ങൾ. തലമുറകൾ മാറിയിട്ടും വൈലോപ്പിള്ളിയുടെ മാമ്പഴം എന്ന കവിതയ്ക്ക് ഇപ്പോഴും മധുരം കുറഞ്ഞിട്ടില്ല. ദൈവത്തെ കാണുകയും അറിയുകയും ചെയ്യുന്ന ദൈവജ്ഞരായിട്ടാണ് അതിൽ കുട്ടികളെ വാഴ്‌ത്തിയിട്ടുള്ളത്. രാജ്യം നവംബർ 14ന് ശിശുദിനമായി ആഘോഷിക്കുന്നത് കുട്ടികളോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും പ്രതീകമാണ്.

മഹത്തായ ആ സംസ്കാരത്തിന് പോറലേൽപ്പിക്കുന്ന നിരവധി സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. ഇത് അത്യന്തം നിർഭാഗ്യകരവും വേദനാജനകവുമാണെന്ന് പറയാതെ വയ്യ. ഇൻസ്റ്റയിൽ കുഞ്ഞുങ്ങളുടെ ലൈംഗികാതിക്രമ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നതിൽ കേന്ദ്രസർക്കാർ മെറ്റയോട് വിശദീകരണം തേടുകയാണ്. സമൂഹമാദ്ധ്യമ ആപ്പായ ഇൻസ്റ്റഗ്രാം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള പരസ്യങ്ങൾ ഇന്ത്യയിൽ നൽകുന്നുണ്ടെന്ന് ബി.ബി.സി വെളിപ്പെടുത്തിയത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ഇതേത്തുടർന്നാണ് ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റയുടെ പ്രതിനിധികളെ വിളിച്ചുവരുത്തി വിശദീകരണം തേടാൻ തീരുമാനിച്ചത്. ഇൻസ്റ്റഗ്രാമിൽ നൽകുന്ന പരസ്യത്തിനൊപ്പമുള്ള ലിങ്കു വഴി മറ്റൊരു മെസേജിംഗ് ആപ്പായ ടെലഗ്രാമിലെ വിവിധ ചാനലുകളിൽ ലഭ്യമാകുന്ന ലൈംഗിക വീഡിയോകൾ വില്പന നടത്തുന്നതായും ബി.ബി.സി കണ്ടെത്തിയിട്ടുണ്ട്. മോശമായ പരസ്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും ചട്ടങ്ങൾ ലംഘിക്കുന്നില്ലെന്നാണ് ബി.ബി.സിയോട് ഇൻസ്റ്റഗ്രാം പ്രതികരിച്ചത്. വിവാദ പരസ്യങ്ങൾ നീക്കം ചെയ്തെന്നും അവ പ്രത്യക്ഷപ്പെട്ട അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കിയെന്നും മെറ്റയും പറയുന്നു. എല്ലാ ലംഘനങ്ങളും കണ്ടെത്തുക ബുദ്ധിമുട്ടാണെന്നാണ് അവരുടെ നിലപാട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കമുള്ള 2,74,000 ലധികം ഗ്രൂപ്പുകളും ചാനലുകളും നീക്കിയതായി ടെലഗ്രാമും ബി.ബി.സിയോട് വെളിപ്പെടുത്തി. എന്നാൽ ചില ചാനലുകൾ ഇപ്പോഴും സജീവമാണെന്നത് നിസാരമായി കണ്ടുകൂടാ.

പരസ്യം നൽകി കുട്ടികളെ ചതിക്കുഴിയിലേക്ക് ആനയിക്കുന്നതിന് വിലക്ക് കല്പിക്കാൻ കേന്ദ്രസർക്കാർ ശ്രമങ്ങൾക്ക് ഒരു പരിധിവരെ കഴിയും. എന്നാൽ അതുകൊണ്ട് മാത്രം ഭീഷണിയുടെ ആഴം കുറയുന്നില്ല. സ്വന്തം വീട്ടിൽ കുട്ടികളുടെ കൈയിലിരിക്കുന്ന മൊബൈലിൽ ഇത്തരം ചെറുതും വലുതുമായ വിഷസർപ്പങ്ങൾ പതിയിരിപ്പുണ്ടെന്ന് പല രക്ഷിതാക്കളും തിരിച്ചറിയുന്നില്ല. മുറിയടച്ച് സ്വന്തം കുട്ടികൾ മൊബൈലിൽ എന്തൊക്കെ കാണുന്നുണ്ടെന്ന് പലരും ശ്രദ്ധിക്കാറില്ല. വീഡിയോ കോളുകൾ വാഗ്ദാനം ചെയ്യുന്നതും ലൈംഗിക വീഡിയോകൾ അടങ്ങിയ പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുന്നതും അപകടകരമാണ്. ഒരിക്കൽ ഈ ചെളിക്കുഴിയിൽ വീണാൽ കഴുത്തറ്റം എത്തിയാലും രക്ഷിതാക്കൾ ശ്രദ്ധിച്ചെന്ന് വരില്ല. ഈ ശ്രദ്ധക്കുറവ് മുതലെടുത്ത് കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും മാനസികമായി തകർന്ന പെൺകുട്ടികൾ ജീവനൊടുക്കുന്നതും കൂടിവരികയാണ്. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങൾക്ക് വളമായി മാറുകയും ചെയ്യുന്നു. യഥാസമയം കുട്ടികളുടെ മൊബൈൽ ഉപയോഗം ശ്രദ്ധിച്ചാൽ പല ഭീഷണികളും അപകടങ്ങളും ഒഴിവാക്കാനാകും. സംസ്ഥാന സർക്കാർ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ മയക്കുമരുന്ന് മാഫിയക്ക് വലിയ അടിയാണ്. പക്ഷെ ചെറിയ അടികളൊന്നും അവരെ തളർത്തില്ല. ഇക്കൂട്ടരുടെ പത്തിക്ക് തന്നെ അടിക്കണം.

കുട്ടികൾക്കുനേരെ ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള സ്‌പർശനം,അശ്ളീല ദൃശ്യങ്ങൾ കാണിക്കൽ,അതിക്രമങ്ങൾ എന്നിവ തടയാനാണ് 2012ൽ പോക്‌സോ നിയമം കൊണ്ടുവന്നത്. 2016ൽ 2131 കേസുകൾ രജിസ്റ്റർ ചെയ്തു. 2024ൽ അത് 4594 ആയി. ഒതുക്കിത്തീർക്കുന്നതും രഹസ്യമാക്കി വയ്ക്കുന്നതുമായ സംഭവങ്ങൾ ഈ കണക്കിൽ വരില്ല.

ആകർഷകമായ മൊബൈലുകളിൽ ഒളിച്ചിരിക്കുന്ന ആപത്തുകളെക്കുറിച്ച് രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളെ ബോധവത്കരിക്കണം. കുട്ടികളുടെ അതിക്രമങ്ങൾ കണ്ടാസ്വദിക്കുന്ന മനോവൈകൃതമുള്ളവരെ കണ്ടെത്തി പിന്തിരിപ്പിക്കാനും വേണ്ടിവന്നാൽ ശിക്ഷിക്കാനുമുള്ള നടപടികളും ഇതോടൊപ്പം കൈക്കൊള്ളണം.

'ദൈവം കുട്ടികളും പൂക്കളുമായി ചിരിക്കുന്നു " എന്ന മഹദ് വചനം എപ്പോഴും മനസിലുണ്ടാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY