SignIn
Kerala Kaumudi Online
Wednesday, 15 July 2026 7.00 PM IST

സ്‌ത്രീ സുരക്ഷാ പെൻഷൻ പദ്ധതി

READ ENGLISH VERSION
s

ഏതൊരു സമൂഹത്തിന്റെയും നിലനിൽപ്പിനും വളർച്ചയ്ക്കും ഏറ്റവും കൂടുതൽ ത്യാഗം സഹിക്കുന്നത് സ്‌ത്രീകളാണ്. അതുപോലെ തന്നെ ഏതൊരു യുദ്ധത്തിലും കലാപത്തിലും ഏറ്റവും കൂടുതൽ കെടുതികൾ ഏറ്റുവാങ്ങേണ്ടിവരുന്നതും പുരുഷന്മാരേക്കാൾ അധികം സ്‌‌ത്രീകളും കുട്ടികളുമാണ്. അതിനാൽ ജനാധിപത്യ സർക്കാരുകൾ സ്‌‌ത്രീകൾക്കും കുട്ടികൾക്കും നൽകുന്ന സഹായങ്ങൾ പരക്കെ സ്വീകരിക്കപ്പെടേണ്ടതും അഭിനന്ദനീയവുമാണ്. തമിഴ്‌നാട് സർക്കാർ സ്‌ത്രീകൾക്ക് മൂവായിരം രൂപയാണ് സഹായധനമായി അനുവദിച്ചത്. ഇത് തിരഞ്ഞെടുപ്പിൽ സ്‌ത്രീകളുടെ വോട്ട് നേടാനാണെന്ന വിമർശനം ഉയർന്നിരുന്നു. പക്ഷേ ഒരു വീട് നടത്തിക്കൊണ്ടുപോകാനും കുട്ടികളെ നോക്കാനുമുള്ള കഷ്ടപ്പാട് സഹിക്കുന്നതിനും ഒരു സ്‌ത്രീ നടത്തുന്ന അവിരാമമായ പരിശ്രമങ്ങൾ പരിഗണിക്കുമ്പോൾ ഈ സഹായധനം എന്തിന്റെ പേരിലായാലും അർഹിക്കുന്ന കരങ്ങളിൽത്തന്നെയാണ് ചെന്നെത്തുന്നത്.

റോഡുകളും പാലങ്ങളും വാണിജ്യ സമുച്ചയങ്ങളും മറ്റും ചുറ്റും ഉയർന്നുവരുന്നതു മാത്രമല്ല വികസനം. ഇതിന്റെയൊക്കെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക വളർച്ചയുടെ ഒരംശം പണമായിത്തന്നെ സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായി ലഭിച്ചാൽ മാത്രമേ രാജ്യം പുരോഗമിക്കുന്നുവെന്നത് എല്ലാവരും ഉൾക്കൊള്ളുന്ന ഒരു വസ്‌തുതയായി മാറൂ. നമ്മുടെ സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ സ്‌ത്രീ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകൾക്കകം 10.18 ലക്ഷം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ ആയിരം രൂപ വീതം എത്തിയത് അഭിനന്ദനീയമായ നടപടി തന്നെയാണ്. മലയിൻകീഴ് ശാന്തുംമൂല ഗ്രൗണ്ടിൽ ആയിരക്കണക്കിന് വനിതകളുടെ സാന്നിദ്ധ്യത്തിൽ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഉദ്ഘാടനം. പദ്ധതിയിൽ അംഗങ്ങളായ അഞ്ചുപേർക്ക് തുക അക്കൗണ്ടിലെത്തിയതിന്റെ രേഖ മുഖ്യമന്ത്രി ഉദ്ഘാടന ചടങ്ങിൽ കൈമാറി. രണ്ടുമണിയോടെ മുഴുവൻ പേരുടെയും അക്കൗണ്ടിൽ പണമെത്തി.

പതിനാറ് ലക്ഷത്തോളം അപേക്ഷരിൽ നിന്ന് പരിശോധനയ്ക്കു ശേഷം തിരഞ്ഞെടുത്ത പത്തുലക്ഷത്തിലധികം പേർക്കും ഫെബ്രുവരിയിലെ വിഹിതം ലഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, മറ്റ് സാമൂഹ്യക്ഷേമ പദ്ധതികളിൽ അംഗങ്ങളല്ലാത്ത 35 - 60 പ്രായപരിധിയിലുള്ള സ്‌ത്രീകൾക്കും ട്രാൻസ്‌ജെൻഡർ സ്‌ത്രീകൾക്കുമായാണ് പദ്ധതി. ഈ മാസത്തെ വിഹിതമായി മൊത്തം 101.80 കോടി രൂപയാണ് വിതരണം ചെയ്തത്. ആയിരം രൂപ ഇക്കാലത്ത് വലിയ തുകയാണോ എന്നു തോന്നുമായിരിക്കാം. ഒന്നുമില്ലാത്തിടത്ത് അത്രയും നൽകി,​ ഒരു സ്‌ത്രീ സുരക്ഷാ പദ്ധതി തുടങ്ങിവയ്ക്കുന്നത് നല്ല കാര്യം തന്നെയാണ്. ഈ സഹായം ലഭിക്കുന്ന സ്‌ത്രീകളിൽ ഭൂരിഭാഗവും വീട്ടുജോലികളും അതുപോലുള്ള മറ്റ് ജോലികളും ചെയ്ത് വീട് നോക്കുന്നവരായിരിക്കും. അത്തരക്കാരെ സംബന്ധിച്ച് ആയിരം രൂപ പ്രതിമാസം ലഭിക്കുന്നത് ഒരു വലിയ സഹായം തന്നെയാണ്.

ഇത്തരം പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ കാണിക്കുന്ന ഉത്സാഹവും ശ്രദ്ധയും പിന്നാലെ കുറഞ്ഞുവരികയും ക്ഷേമപെൻഷനുകൾ മുടങ്ങുകയും ചെയ്യുന്നത് സാധാരണമാണ്. ചെറിയ തുകയാണെങ്കിലും അത് മുടങ്ങാതെ ലഭിച്ചാൽ വലിയ കാര്യമാണ്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളവും പെൻഷനും മറ്റും നൽകാൻ കൃത്യമായ തുക എല്ലാ മാസവും കണ്ടെത്തുന്ന സർക്കാർ സാധാരണക്കാരെ സഹായിക്കുന്ന ക്ഷേമ പെൻഷനുകളും ഒരു മാസം പോലും മുടങ്ങാതെ കൊടുക്കാൻ സംവിധാനമുണ്ടാക്കണം. അപ്പോൾ മാത്രമേ ഇത്തരം സഹായങ്ങളുടെ പ്രയോജനം ഉദ്ദേശിക്കുന്ന രീതിയിൽ ലഭിക്കുകയുള്ളൂ. ട്രാൻസ്‌ജെൻഡറുകൾ ദശാബ്ദങ്ങളായി സമൂഹത്തിന്റെ ഒറ്റപ്പെടുത്തലും അവഗണനയും അനുഭവിച്ചുവന്നവരാണ്. അവരെക്കൂടി ഈ പദ്ധതിയിൽ ഉൾക്കൊള്ളിച്ചതും ഉചിതമായ തീരുമാനമാണ്. സർക്കാരും തങ്ങളെ അംഗീകരിച്ചു എന്ന നിലയിലുള്ള ആത്മവിശ്വാസം അവരിൽ വളർത്താൻ ഈ തീരുമാനം ഉപകരിക്കും. വികസിത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ഈ പദ്ധതിയും അതിന്റേതായ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY