SignIn
Kerala Kaumudi Online
Sunday, 12 July 2026 11.37 AM IST

ദുരന്തം നേരിടാൻ ഇൻഷ്വറൻസ്

READ ENGLISH VERSION
s

പ്രപഞ്ചോത്‌പത്തി മുതൽ പഴക്കമുള്ളതാണ് പ്രകൃതിദുരന്തങ്ങളും. മാനവരാശിയുടെ വളർച്ചയ്ക്ക് ഭൂമിയും വെള്ളവും വായുവും കായ്‌കനികളുമൊക്കെ തന്ന് പരിരക്ഷിക്കുന്ന പ്രകൃതി, ചില നേരങ്ങളിൽ ചിലയിടങ്ങളിൽ സംഹാരരുദ്ര‌‌യായി മാറി കൂട്ടമരണത്തിന്റെ ശവപ്പറമ്പുകൾ സൃഷ്ടിക്കാറുണ്ട്. ഭൂകമ്പം, പ്രളയം, അഗ്നിപർവത സ്ഫോടനങ്ങൾ, ഉരുൾപൊട്ടലുകൾ, കൊടുങ്കാറ്റ്, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ ഒരുപക്ഷേ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളതിനേക്കാൾ ജനങ്ങൾക്ക് ഒറ്റയടിക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. നിരവധി പ്രകൃതിദുരന്തങ്ങൾ സംഭവിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. അപ്പോഴൊക്കെ കേരളത്തിലുള്ളവർക്ക് അത് ദുഃഖമുളവാക്കുന്ന,​ അകലങ്ങളിൽ നടക്കുന്ന വാർത്തകൾ മാത്രമായിരുന്നു. ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. പ്രളയവും ഉരുൾപൊട്ടലും കേരളത്തിനും അന്യമല്ലാതായി മാറിയിരിക്കുന്നു. വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒരു ഗ്രാമം അപ്പാടെയാണ് ഒഴുകിപ്പോയത്. മലയോര ജില്ലകളും കടലോര പ്രദേശങ്ങളും പ്രകൃതിദുരന്ത സാദ്ധ്യതകൾ വർദ്ധിച്ചുവരുന്ന ഇടങ്ങളായി മാറിയിരിക്കുന്നു.

ഒരു പ്രളയം വന്നാൽ സാധാരണ, ഒരു നൂറ്റാണ്ടു കഴിയണം അടുത്ത പ്രളയം വരാൻ എന്നാണ് പഴമക്കാരൊക്കെ പറഞ്ഞിരുന്നത്. എന്നാൽ അതെല്ലാം തെറ്റിച്ചുകൊണ്ട് പ്രളയം കേരളത്തിൽ അടുത്തടുത്ത വർഷങ്ങളിൽ ആവർത്തിച്ചു. 2018-ലെ പ്രളയത്തിൽ അഞ്ഞൂറോളം പേർ മരണമടഞ്ഞു. അമ്പതിനായിരം കോടി രൂപയുടെ നാശനഷ്ടമുണ്ടായി. 2019-ലെ പ്രളയത്തിലും നൂറിലേറെപ്പേരുടെ മരണം സംഭവിച്ചു. 2024-ൽ വയനാട്ടിലെ ചൂരൽമല ഉൾപ്പെട്ട പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടൽ കേരളത്തിന് ഒരിക്കലും മറക്കാനാവുന്നതല്ല. 250-ഓളം പേരുടെ മൃതദേഹങ്ങൾ കണ്ടുകിട്ടി. നൂറിലേറെപ്പേരുടെ ശരീരം കണ്ടെത്താൻ പോലുമായില്ല. അഞ്ഞൂറിലേറെപ്പേർക്ക് പരിക്കേറ്റു. ഇടുക്കിയിലും ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി. ഇനി ഇത് എന്ന് ആവർത്തിക്കുമെന്ന ഒരു ഭീതി തന്നെ ജനങ്ങളെ- പ്രത്യേകിച്ച്, മലയോര ജില്ലകളിലെ ജനങ്ങളെ ചൂഴ്‌ന്നു നിൽക്കുകയാണ്.

ഓരോ പ്രകൃതിദുരന്തവും സർക്കാർ ഖജനാവിന് താങ്ങാനാവാത്ത ബാദ്ധ്യതയാണ് വരുത്തിവയ്ക്കുന്നത്. അടിക്കടി ഇങ്ങനെ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്ന രാജ്യങ്ങൾ സാമ്പത്തിക നഷ്ടം നികത്തുന്നതിന് ഇൻഷ്വറൻസ് സംവിധാനങ്ങളെയാണ് അവലംബിക്കുന്നത്. കേരളവും ആ രീതി സ്വീകരിക്കാൻ ഒടുവിൽ തീരുമാനിച്ചിരിക്കുന്നു. പ്രകൃതി ദുരന്തങ്ങൾ കാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളിൽനിന്ന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനത്ത് സമഗ്ര ഗൂപ്പ് ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാസഹായം, പുനരധിവാസം, പുനർ നിർമ്മാണം എന്നിവയ്ക്കായി വലിയ തുക ചെലവാക്കുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്ര‌തയെ ബാധിക്കുന്നത് ഒഴിവാക്കുന്നതിനാണ് സമഗ്ര ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത്. ആസൂത്രണ ബോർഡ് അംഗം രവി മാമ്മന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ദുരന്ത ബാദ്ധ്യതകൾ ഏറ്റെടുക്കുന്നതിന് 'ക്ളൈമറ്റ് റിസ്‌ക് ഇൻഷ്വറൻസ്" മാതൃകയിൽ നൂതന 'റിസ്‌ക് ട്രാൻസ്‌ഫർ മെക്കാനിസം" നടപ്പാക്കുന്നതിന് ശുപാർശ നൽകിയിരുന്നു.

അതിനൊപ്പം,​ നാഗാലാൻഡ് മാതൃകയിൽ ഒരു പാരാമെട്രിക് ഇൻഷ്വറൻസ് സംവിധാനം ആവിഷ്കരിക്കുന്നതിനും കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. രണ്ടുതരം ഇൻഷ്വറൻസ് നടപ്പാക്കാനാണ് മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുന്നത്. നിശ്ചിത പ്രദേശത്തെ നിർണയിക്കപ്പെട്ട തോതിനേക്കാൾ ഉയർന്ന ദുരന്തപ്രതിഭാസങ്ങൾ ഉണ്ടായാൽ സംസ്ഥാനത്തിന് ഉടൻ നഷ്ടപരിഹാരം ലഭിക്കുന്നതാണ് പാരാമെട്രിക് ഇൻഷ്വറൻസ്. 500 കോടി രൂപ കവറേജിന് പ്രതിവർഷം 15 - 40 കോടി രൂപ പ്രീമിയം അടയ്ക്കണം. ബി.പി.എൽ വിഭാഗങ്ങൾക്ക് മാത്രമുള്ളതാണ് ഇൻഡെംനിറ്റി ഇൻഷ്വറൻസ്. ഇതുപ്രകാരം ഒരു വീടിന് പത്തുലക്ഷം വരെ ലഭിക്കും. ഇതിനായി 30 കോടി രൂപ പ്രീമിയം അടയ്ക്കേണ്ടിവരും. മറ്റ് ദുർബല വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തുമ്പോൾ പ്രീമിയം തുക വർദ്ധിക്കും. സർക്കാർ 130 കോടിയോളം രൂപ പ്രതിവർഷം പ്രീമിയം അടയ്ക്കേണ്ടിവരും. പദ്ധതി നടപ്പാക്കുന്നത്,​ മാറിയ കേരളത്തിന്റെ അടിയന്തര ആവശ്യങ്ങളിൽ ഒന്നായതിനാൽ അഭിനന്ദനീയമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION