SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.03 AM IST

പുരോഗതിയുടെ ചിറകുകൾ

ss

ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം കുറിക്കുന്നതാണ് യു.പിയിലെ നോയിഡയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ച അന്താരാഷ്ട്ര വിമാനത്താവളം. ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനമാണ് നടന്നത്. വിമാനത്താവളത്തിന്റെ പൂർണമായ നിർമ്മാണം 2050-ലാവും പൂർത്തിയാവുക. അപ്പോൾ ഇത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളമായി മാറും. 3296 ഏക്കറിൽ പരന്നുകിടക്കുന്ന വിമാനത്താവളത്തിന്റെ ഒരു റൺവേയും ടെർമിനലുമാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കിയത്. യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനായി വെറും 10 മിനിട്ടിനുള്ളിൽ ചെക്ക് - ഇൻ പൂർത്തിയാക്കാവുന്ന അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിമാനത്താവളത്തിനുള്ളിൽ ദീർഘദൂരം നടക്കുന്നത് ഒഴിവാക്കാൻ സഹായിക്കുന്ന രീതിയിലുള്ള 'സിംഗിൾ ടെർമിനൽ" ഡിസൈനാണ് മറ്റൊരു പ്രത്യേകത. പേപ്പർരഹിത യാത്ര ഉറപ്പാക്കുന്ന ബയോമെട്രിക് സംവിധാനങ്ങളും സ്മാർട്ട് സെക്യൂരിറ്റി ഗേറ്റുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്.

രാജ്യതലസ്ഥാന മേഖലാ (എൻ.സി.ആർ) പരിധിയിലെ മൂന്നാമത്തെ വിമാനത്താവളമാണ് നോയിഡയിലേത്. ന്യൂഡൽഹിക്കു പുറമെ യു.പിയിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്നും സർവീസുകളുണ്ട്. ആദ്യഘട്ടത്തിൽ ആഭ്യന്തര സർവീസുകളാണ് ആരംഭിക്കുക. ഇത് ഏപ്രിൽ പകുതിയോടെ തുടങ്ങും. അന്താരാഷ്ട്ര സർവീസ് സെപ്തംബറിൽ തുടങ്ങാനാണ് തീരുമാനം. ആഭ്യന്തര, അന്തർദ്ദേശീയ സർവീസുകൾ പൂർണതോതിൽ ആരംഭിക്കുന്നതോടെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനും പുതിയ വിമാനത്താവളം സഹായിക്കും. ഒന്നാം ഘട്ടത്തിൽ 3900 മീറ്റർ റൺവേയാണ് വികസിപ്പിച്ചത്. എല്ലാ കാലാവസ്ഥയിലും 24 മണിക്കൂറും പ്രവർത്തിക്കാൻ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം ഉൾപ്പെടെയുള്ള ആധുനിക നാവിഗേഷൻ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പുതിയ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്, ഏതു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്നാണ്.

2003-ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി മന്ത്രിസഭയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. വിമാനത്താവളത്തിന്റെ നിർമ്മാണം ബി.ജെ.പി സർക്കാരാണ് തുടങ്ങിയത്. ആഗ്ര, മധുര, അലിഗഢ്, ഗാസിയാബാദ്, മീററ്റ്, ഇറ്റാവ, ഫരീദാബാദ് തുടങ്ങിയ മേഖലയിലെ കണക്റ്റിവിറ്റിക്ക് നോയിഡ വിമാനത്താവളം ഗുണം ചെയ്യും. 11,200 കോടി രൂപയാണ് ആദ്യഘട്ടത്തിന്റെ പൂർത്തീകരണത്തിന് ചെലവിട്ടത്. സാധാരണക്കാർക്കും വിമാനയാത്ര സാദ്ധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഉഡാൻ പദ്ധതിക്കു കീഴിൽ രാജ്യത്ത് 100 പുതിയ വിമാനത്താവളങ്ങളും 200 പുതിയ ഹെലിപ്പാഡുകളും നിർമ്മിക്കും.

നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മറ്റൊരു ആകർഷണം യാത്രക്കാരുടെ സൗകര്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള അത്യാധുനിക പാർക്കിംഗ് ക്രമീകരണങ്ങളാണ്. ടെർമിനൽ കെട്ടിടത്തിന് അടുത്തു തന്നെയുള്ള പാർക്കിംഗ് ഏരിയയിൽ ഒരേ സമയം 1200 കാറുകൾക്കു വരെ പാർക്ക് ചെയ്യാം.

തന്ത്രപ്രധാനമായ എല്ലാ ഇടങ്ങളിലും ലിഫ്റ്റുകളും എസ്‌കലേറ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ഭാരമേറിയ ലഗേജുകളുമായി എത്തുന്നവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സഞ്ചരിക്കാൻ ഇത് സഹായിക്കും.

വിമാനത്താവളത്തിലെ ആഗമന, പുറപ്പെടൽ വിഭാഗങ്ങൾ ഒരേ കെട്ടിടത്തിൽത്തന്നെ

ഉൾക്കൊള്ളിച്ചിട്ടുള്ളതിനാൽ യാത്രക്കാർക്ക് വിവിധ കെട്ടിടങ്ങൾ മാറിക്കയറേണ്ടിവരുന്ന ബുദ്ധിമുട്ട് ഒഴിവാകും. പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് ടെർമിനലിനെ രണ്ട് തലങ്ങളിലായാണ് തിരിച്ചിരിക്കുന്നത്. മുകളിലത്തെ നില വിമാനങ്ങൾ പുറപ്പെടുന്നതിനും,​ താഴത്തെ നില വിമാനങ്ങൾ എത്തുന്നതിനുമായി നീക്കിവച്ചിരിക്കുന്നു. വിശാലമായ ഫുഡ് കോർട്ടും വിമാനത്താവളത്തിന്റെ ഭാഗമാണ്. രാജ്യതലസ്ഥാനത്ത് ഒരു രാജ്യാന്തര വിമാനത്താവളം കൂടി വന്നത് അഭിമാനകരം തന്നെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY