SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

ജാതിവെറിയുടെ ബലിമൃഗം

nithin-raj

ജാതിവെറി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഗുരുതരമായ ഒരു മാനസിക രോഗമാണ്. ജാതി പറഞ്ഞ് അധിക്ഷേപിച്ചാൽ, പ്രത്യേകിച്ചും എസ്.സി, എസ്.ടി വിഭാഗത്തിൽപ്പെട്ടവരെ, ജാമ്യമില്ലാതെ റിമാൻഡിലാകേണ്ടിവരും. കേസ് തെളിയിക്കപ്പെട്ടാൽ ജയിൽ ശിക്ഷയും അനുഭവിക്കണം. കടുത്ത നിയമങ്ങളൊക്കെ ഉണ്ടെങ്കിലും ജാതിയുടെ പേരിൽ പരസ്യമായി അപമാനിക്കപ്പെടുന്ന സംഭവങ്ങൾ ഒറ്റപ്പെട്ടതാണെങ്കിലും ഈ ആധുനിക യുഗത്തിലും കേരളത്തിലും നടക്കുന്നു എന്നത് ചിലരുടെ മനസിന്റെ ഇരുട്ടറയിലേക്ക് ആ മാനസിക രോഗം എത്രമാത്രം ശക്തമായി വേരുകളാഴ്‌ത്തിയിരിക്കുന്നു എന്നതാണ് കാണിച്ചുതരുന്നത്. ഒരു മനുഷ്യന്റെ സംസ്കാര സമ്പന്നമായ സ്വഭാവവും സമഭാവനയോടുള്ള ഇടപെടലുമാണ് അയാൾക്ക് സമൂഹത്തിൽ മാന്യവും ഉയർന്നതുമായ സ്ഥാനം നേടിക്കൊടുക്കേണ്ടത്. അല്ലാതെ അയാൾ പിറന്നുവീഴുന്ന ജാതിയല്ല. മനുഷ്യനിർമ്മിതമായ ഏതു ജാതിയിൽ പിറന്നവരും ആർജ്ജിക്കുന്ന സംസ്കാരത്തിന്റെ വ്യത്യാസം അനുസരിച്ച് വിഭിന്ന സ്വഭാവ ഗുണങ്ങളാൽ നയിക്കപ്പെടുന്നവരാണ്. അല്ലാതെ തന്നെ ജാതിയിൽ എന്തോ കൂടിയ മഹിമ കുടികൊള്ളുന്നു എന്ന് കരുതി ജീവിക്കുന്നവർ മൂഢസ്വർഗത്തിലെ വിഡ്ഢികളല്ലാതെ മറ്റാരുമല്ല. എന്നാൽ ഇത്തരം മനോഭാവമുള്ളവർ ഒന്നിച്ച് കൂടുമ്പോൾ ജാതിയുടെ പേരിൽ ചില മസിലുപിടുത്തങ്ങളും വിരട്ടലുകളുമൊക്കെ നടത്താറുണ്ട്. മറ്റ് മനുഷ്യരുടെ നേട്ടങ്ങളിലുള്ള അസൂയയും കഴിവുകളുടെ കാര്യത്തിൽ അവർ പുലർത്തുന്ന അപ്രാപ്യതയിലുള്ള ഭീതിയുമാണ് ഇത്തരക്കാരെ ജാതിയുടെ പേരിലുള്ള തിറയാട്ടങ്ങൾക്ക് പ്രേരിപ്പിക്കുന്നത്. ഇത് പുരോഗമനാശയങ്ങളാൽ നയിക്കപ്പെടുന്ന കേരളം ഒരിഞ്ചുപോലും അനുവദിച്ചുകൊടുക്കരുത്. ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികളും സാമൂഹ്യ പ്രതിരോധവും ഉണ്ടാകണം. പട്ടിക വിഭാഗത്തിൽപ്പെട്ടവരെ പ്രൊഫഷണൽ കോളേജുകളിൽ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത് സംവരണത്തിലൂടെ കോളേജ് പ്രവേശനം നേടുന്നവരെല്ലാം അനർഹരാണ് എന്ന മുൻവിധിയുടെ അടിസ്ഥാനത്തിലാണ്. നാടിനാകെ അപമാനം സൃഷ്ടിച്ചിരിക്കുന്ന ഇത്തരം ഒരു സംഭവമാണ് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ നടന്നിരിക്കുന്നത്. ഈ കോളേജിലെ ആദ്യ വർഷ ബി.ഡി.എസ് വിദ്യാർത്ഥിയും തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയുമായ നിതിൻരാജ് കെട്ടിടത്തിൽ നിന്ന് ചാടി മരിക്കാനിടയായ സംഭവത്തിന് പിന്നിൽ ഇതേ കോളേജിലെ ചില സീനിയർ വിദ്യാർത്ഥികളും ഏതാനും ചില അദ്ധ്യാപകരും നടത്തിയ ജാതി അധിക്ഷേപമാണെന്നാണ് ആരോപിക്കപ്പെടുന്നത്. നിതിൻരാജിന്റെ ബന്ധുക്കൾ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെയിന്റിംഗ് തൊഴിലാളിയായ വൈ.എൽ. രാജന്റെ മകനാണ് നിതിൻരാജ്.

നിതിൻരാജിന്റെ ബന്ധുക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ച് അന്വേഷണം ലോൺ ആപ്പിലേക്ക് വഴിതിരിക്കാൻ തുടക്കത്തിൽ ചില ശ്രമങ്ങളുണ്ടായെങ്കിലും പിന്നീട് പിടിച്ചുനിൽക്കാനാവാതെ കോളേജ് അധികൃതർക്ക് രണ്ട് അദ്ധ്യാപകരെ സസ‌്‌പെൻഡ് ചെയ്യേണ്ടിവന്നു. ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നിതിൻരാജിനു നേരെ ക്യാമ്പസിനുള്ളിലും പുറത്തും ജാതിവിവേചനം ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്.

നിറം പരാമർശിച്ചും അധിക്ഷേപിച്ചു. സീനിയർ വിദ്യാർത്ഥികൾ മദ്യപിച്ച് ലക്കുകെട്ട് നിതിൻരാജിനെ ക്രൂരമായ റാഗിംഗിനും വിധേയനാക്കിയതായി റിപ്പോർട്ടിലുണ്ട്. ഇതിനെക്കുറിച്ചെല്ലാം നിതിൻരാജ് ബന്ധപ്പെട്ടവരോട് പരാതിപ്പെട്ടിരുന്നെങ്കിലും ജാതിയുടെ പേരു പറഞ്ഞ് കൂടുതൽ അധിക്ഷേപിച്ച് എരിതീയിൽ എണ്ണയൊഴിക്കാനാണ് അവരെല്ലാം ശ്രമിച്ചത്. ഇതിൽ മനംനൊന്താണ് മകൻ ജീവനൊടുക്കിയത് എന്ന മാതാപിതാക്കളുടെ ആരോപണം പഴുതുകളില്ലാതെ അന്വേഷിക്കപ്പെടണം. കുറ്റക്കാരെന്ന് തെളിയുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും ഈ കോളേജിൽ നിന്നു തന്നെ എന്നെന്നേക്കുമായി പുറത്തുപോകുന്ന തരത്തിലുള്ള ശിക്ഷാനടപടികളാണ് ഉണ്ടാകേണ്ടത്. ജാതിവെറിയുടെ പേരിൽ ഇനിയൊരു ബലിമൃഗം കൂടി നമ്മുടെ ക്യാമ്പസുകളിൽ ഉണ്ടാകാൻ പാടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY