SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.01 AM IST

വിഴിഞ്ഞത്തിന്റെ സാദ്ധ്യത കുറച്ചു കാണരുത്

s

വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സാദ്ധ്യതകൾ അധികൃതർ പ്രതീക്ഷിക്കുന്നതിനും അപ്പുറമാണെന്നാണ് തെളിയിക്കപ്പെടുന്നത്. പശ്ചിമേഷ്യയിലെ യുദ്ധപ്രതിസന്ധി കാരണം ദുബായ് പോർട്ടിലും മറ്റും അടുക്കാനാവാതെ വിഴിഞ്ഞത്ത് ചരക്കിറക്കാൻ നൂറോളം കപ്പലുകൾ കാത്തുകിടക്കുകയാണെന്ന റിപ്പോർട്ടുകൾ വിഴിഞ്ഞത്തിന്റെ വരുമാന സാദ്ധ്യതയെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പകരുന്നത്. ലോകത്ത് നാനാഭാഗത്തേക്കും പോകേണ്ട എട്ട് ഷിപ്പിംഗ് കമ്പനികളുടെ കപ്പലുകളാണ് ഇവയിൽ ഭൂരിപക്ഷവും. യുദ്ധം കാരണം ഉണ്ടായിരിക്കുന്ന പ്രതിസന്ധി മാറാൻ ഇനിയും സമയം ഏറെ വേണ്ടിവരും. അങ്ങനെ വന്നാൽ വിഴിഞ്ഞം തുറമുഖത്തിന്റെ അനുമതിക്കായി കാത്തുനിൽക്കുന്ന കപ്പലുകളുടെ എണ്ണം ഇനിയും കൂടും. മറ്റ് തുറമുഖങ്ങളെ അപേക്ഷിച്ച് കപ്പൽച്ചാലിന് വളരെ അടുത്താണ് വിഴിഞ്ഞം തുറമുഖമെന്നതാണ് ഇവിടെ കാത്തുകിടക്കാൻ കപ്പലുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

അന്താരാഷ്ട്ര കപ്പൽച്ചാലിന് വെറും 10 നോട്ടിക്കൽ മൈൽ അടുത്താണ് വിഴിഞ്ഞം തുറമുഖം. കപ്പൽച്ചാലിൽ നിന്ന് മുംബയ് തുറമുഖം എഴുന്നൂറും,​ ഗുജറാത്തിലെ മുന്ദ്ര‌ തുറമുഖം 1150-ഉം നോട്ടിക്കൽ മൈൽ അകലെയാണ്. വിഴിഞ്ഞത്തിനു പകരം ഇവിടങ്ങളിലെത്താൻ 50 മണിക്കൂറിലേറെ അധിക യാത്ര വേണം. വിഴിഞ്ഞത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർണമായി സജ്ജമായിട്ടില്ലെങ്കിലും 24 മണിക്കൂറും അവിരാമം പ്രവർത്തിക്കുന്ന ഒരു തുറമുഖമായി ഇപ്പോൾത്തന്നെ വിഴിഞ്ഞം മാറിക്കഴിഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ ചർച്ചകൾ തുടങ്ങുന്ന സമയത്ത് ഇവിടെ അടുക്കാൻ കപ്പലുകളുടെ എണ്ണം കുറവായിരിക്കുമെന്നും അതിനാൽ വിഴിഞ്ഞം ഭീകരമായ നഷ്ടമുണ്ടാക്കുന്ന ഒരു തുറമുഖമായി മാറുമെന്നും പല 'തുറമുഖ വിദഗ്ദ്ധരും" ലേഖനങ്ങളെഴുതുകയും പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നിൽ വിഴിഞ്ഞത്തിന്റെ സാദ്ധ്യതയെക്കുറിച്ച് നല്ല ബോദ്ധ്യമുള്ള വിദേശങ്ങളിലെ ചില തുറമുഖ ലോബികളായിരുന്നു എന്നത് പിന്നീട് തെളിവ് സഹിതം പുറത്തുവന്ന വസ്തുതയാണ്.

നിത്യവൃത്തിക്കു പോലും കഴിവില്ലാത്തവർ വിഴിഞ്ഞം വരുന്നത് തടയാൻ സുപ്രീംകോടതി വരെ കേസ് നടത്തിയതിനു പിറകിലെ ചരടുവലികൾ 'കേരളകൗമുദി" അന്ന് പുറത്തുകൊണ്ടുവന്നിരുന്നത് ശരിയാണെന്നത് പിന്നീട് കാലം തെളിയിക്കുകയുണ്ടായി. തിരുവനന്തപുരത്തിന്റെ മാത്രമല്ല, സംസ്ഥാനത്തിന്റെ ഒട്ടാകെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം എന്ന നിലപാടാണ് അന്നും ഇന്നും ഞങ്ങളുടേത്. കൊവിഡ് പ്രതിസന്ധി മൂലം ബർത്തുകളുടെ നിർമ്മാണ പ്രക്രിയ തടസപ്പെട്ടിരുന്നില്ലെങ്കിൽ വിഴിഞ്ഞത്തിന്റെ വരുമാനം ഇപ്പോഴത്തേതിന്റെ എത്രയോ ഇരട്ടി ആകുമായിരുന്നു. ഇപ്പോൾ നിലവിലുള്ളത് തികയാതെ താത്‌കാലിക ബർത്തും ഒരുക്കിയാണ് കണ്ടെയ്‌നറുകൾ സൂക്ഷിക്കുന്നത്.

വിഴിഞ്ഞത്തിന്റെ എല്ലാ ഘട്ടവും പൂർത്തിയാകുന്ന മുറയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വലിയ കമ്പനികളും സംരംഭകരും വൻകിട പദ്ധതികളുമായി എത്തുമെന്നത് മുൻകൂട്ടിക്കണ്ട് അതിനാവശ്യമായ വ്യവസായ പാർക്കുകളും മറ്റും സ്ഥാപിക്കാൻ ഭൂമി ഏറ്റെടുക്കുന്നതിനാണ് സർക്കാർ ഇനി ഏറ്റവും മുൻഗണന നൽകേണ്ടത്. ഇപ്പോൾത്തന്നെ വിഴിഞ്ഞത്തിന്റെ ഗുണം റാഞ്ചാൻ തമിഴ്‌നാട് സർക്കാർ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലായി രണ്ടായിരത്തിലേറെ ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. കേരളം ഇക്കാര്യത്തിൽ ഇപ്പോഴും മെല്ലെപ്പോക്കാണ് തുടരുന്നത്. തുറമുഖത്തിന്റെ ഗുണം കേരളത്തിനു കിട്ടാനും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാനും വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിലാണ് സർക്കാർ അടിയന്തരമായി ശ്രദ്ധിക്കേണ്ടത്. ഇത് ഒരുക്കിയാൽ നിക്ഷേപകരെ തേടി നമ്മൾ എങ്ങോട്ടും പോകേണ്ടിവരില്ല. അവർ തനിയെ ഇങ്ങോട്ട് വരും. പക്ഷേ ,​ വരുന്നവർക്കു വേണ്ട സൗകര്യങ്ങൾ ലഭ്യമായില്ലെങ്കിൽ,​ അതു നൽകാൻ തയ്യാറാകുന്ന സംസ്ഥാനങ്ങളിലേക്കാവും അവർ പോകുക എന്നതും മറക്കരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY