SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.17 AM IST

പ്രഖ്യാപിത പവർകട്ട്

a

കടുത്ത വേനലിൽ കുറഞ്ഞത് രണ്ടുമാസത്തേക്കെങ്കിലും വൈദ്യുതി ഉപഭോഗം കൂടുമെന്നത് വർഷങ്ങളായി അനുഭവമുള്ള സംഗതിയാണ്. പ്രത്യേകിച്ചും ഏപ്രിൽ- മേയ് മാസങ്ങളിൽ. ഇതുതന്നെ ഓരോ വർഷവും വർദ്ധിച്ച് വരുന്നതിൽ അതിശയിക്കേണ്ടതില്ല. കാരണം ഇലക്ട്രിക് ഉപകരണങ്ങളുടെയും എ.സിയുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും എണ്ണം ഓരോ വീട്ടിലും കൂടിക്കൊണ്ടിരിക്കുകയാണ്. അതിനി കുറയാനും പോകുന്നില്ല. അതിനാൽ, അടുത്ത വർഷം വേനലിൽ ഈ വർഷത്തേതിനേക്കാൾ വൈദ്യുതി ഉപഭോഗം ഉണ്ടാകുമെന്നത് സാമാന്യ ബുദ്ധിയിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ്. അങ്ങനെ വരുമ്പോൾ അതിനുള്ള മുന്നൊരുക്കങ്ങളും ആസൂത്രണവും നടത്തേണ്ടത് കെ.എസ്.ഇ.ബിയാണ്. എന്നാൽ, ആവശ്യമായ യാതൊരു തയ്യാറെടുപ്പും കെ.എസ്.ഇ.ബി നടത്തിയില്ല.

ഉപഭോഗം കൂടുകയാണെങ്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാമെന്ന ചിന്തയാണ് വൈദ്യുതി ബോർഡിനെ നയിച്ചുകൊണ്ടിരുന്നത് എന്നുവേണം കരുതാൻ. സോളാർ വൈദ്യുതി ജലവൈദ്യുത ഉത്‌പാദനശേഷിയെ മറികടന്നെങ്കിലും അത് ശേഖരിച്ചുവച്ച് ഉപയോഗിക്കാനുള്ള ബാറ്ററി സൗകര്യങ്ങൾ സമയബന്ധിതമായി ഏർപ്പെടുത്തുന്നതിൽ കുറവ് വന്നതിനാൽ സോളാറിന്റെ അധിക വൈദ്യുതി പാഴായിപ്പോകുകയാണ് ചെയ്യുന്നത്. ഏറ്റവും ഒടുവിൽ യൂണിറ്റിന് പത്തരരൂപ വിലയുള്ള വൈദ്യുതി പുറത്തുനിന്ന് വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുവദിച്ചിട്ടുപോലും അതിന് കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കാരണം പവർ എക്‌സ്ചേഞ്ചിൽ വില യൂണിറ്റിന് 20 രൂപയോളമായിരിക്കുന്നതിനാൽ അതു വാങ്ങേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് വൈദ്യുതി ബോർഡ്.

സാമ്പത്തിക ഭാരം ഉപഭോക്താക്കളുടെ മേൽ വരുമെന്നതിനാൽ ഇത്രയും വലിയ തുകയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി നൽകാൻ സാദ്ധ്യതയില്ല. ഏപ്രിൽ- മേയ് മാസങ്ങളിൽ ഉപയോഗം വർദ്ധിക്കുമെന്നത് മുൻകൂട്ടിക്കണ്ട് നേരത്തേ കരാറിൽ ഏർപ്പെട്ടിരുന്നെങ്കിൽ പവർ എക്സ്‌ചേഞ്ച് വഴി വിലകുറച്ച് വൈദ്യുതി ലഭിക്കുമായിരുന്നു. കരാറിലേർപ്പെട്ടാൽ വൈദ്യുതി വാങ്ങാതിരുന്നാലും ഫിക്‌സഡ് ചാർജ് നൽകേണ്ടിവരും. ഇതൊഴിവാക്കാനാണ് കരാറിൽ ഏർപ്പെടാതിരുന്നതെന്നാണ് ബോർഡിന്റെ ന്യായം. ഇത് അംഗീകരിക്കാൻ കഴിയുന്ന ന്യായമല്ല. കാരണം ഓരോ വർഷം കഴിയുന്തോറും വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം കൂടി വരുന്നതിനാൽ ‌ഈ സമയത്ത് വൈദ്യുതി വാങ്ങേണ്ടിവരുന്നത് ഒഴിവാക്കാനാകില്ല എന്നറിയാമായിരുന്നിട്ടും അതിന് തയ്യാറാകാതിരുന്ന വൈദ്യുതി ബോർഡിന്റെ അനാസ്ഥയാണ് ഇപ്പോഴത്തെ പ്രതിസന്ധി ഇത്രയും രൂക്ഷമാക്കിയതെന്ന് പറയേണ്ടിവരും.

വില ഇരട്ടിയായതിനാൽ കെ.എസ്.ഇ.ബി അധിക വൈദ്യുതി വാങ്ങാതിരിക്കുമ്പോൾ ഉപഭോഗം നിയന്ത്രിക്കാൻ പവർകട്ട് അല്ലാതെ മറ്റ് മാർഗമില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി അപ്രഖ്യാപിത പവർകട്ട് നടന്നുവരികയായിരുന്നു. ഇപ്പോൾ പവർകട്ടെന്നും ലോഡ്‌ഷെഡിംഗെന്നും ഉള്ള പേരുകൾ ഒഴിവാക്കി കെ.എസ്.ഇ.ബി പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. പീക്ക് ലോഡ് മാനേജ്‌മെന്റ് എന്നാണ് പുതിയ രീതിയുടെ പേര്. പേര് എന്തായാലും 15 മുതൽ 30 മിനിട്ടുവരെ കറന്റ്പോകും എന്നതാവും ഉപഭോക്താവിന്റെ അനുഭവം. കറന്റ് പോകുന്ന വിവരം ഉപഭോക്താക്കളെ മുൻകൂട്ടി എസ്.എം.എസ് വഴി അറിയിക്കുമെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്. വേനൽ കടുത്തതോടെ സംസ്ഥാനത്തുമാത്രമല്ല രാജ്യത്തൊട്ടാകെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം 249 ജിഗാവാട്ടായിരുന്നു ഏപ്രിൽ മാസത്തെ ഉപഭോഗം. ഈ വർഷം അത് 252 ജിഗാവാട്ടിലെത്തിയിരിക്കുകയാണ്. അതിനാൽ ‌ഈ പ്രഖ്യാപിത പവർകട്ട് ഒഴിവാക്കാനാകുന്നതല്ല. ഉപഭോക്താക്കളും ഇത് മനസിലാക്കേണ്ടതാണ്. വൈദ്യുതി ഉപയോഗിക്കുന്നതിലും മറ്റും സ്വയം നിയന്ത്രണം എല്ലാവരും പാലിക്കേണ്ടത് ആവശ്യമാണ്. ഒരു പ്രതിസന്ധി വരുമ്പോൾ അതിനെ ഒന്നിച്ച് നേരിടുന്നതാണ് ഉചിതം. അടുത്ത വർഷമെങ്കിലും ആസൂത്രണത്തിന്റെ അഭാവം ഉണ്ടാകാതെ നോക്കാൻ ഇപ്പോഴെ തീരുമാനമെടുക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY