SignIn
Kerala Kaumudi Online
Friday, 14 August 2026 2.23 AM IST

വ്യാജ സൗന്ദര്യവസ്തുക്കൾ ഉയർത്തുന്ന ഭീഷണി

READ ENGLISH VERSION
a

ലോകത്ത് അതിവേഗം വളരുന്ന വിപണികളിലൊന്നാണ് സൗന്ദര്യവർദ്ധക വസ്തുക്കളുടേത്. വർഷങ്ങൾക്കു മുമ്പ് വികസിത രാജ്യങ്ങളിൽ മാത്രമായിരുന്നു ഇതിന്റെ വില്പന നടന്നിരുന്നത്. ഇന്ന് ലോകം മുഴുവൻ ഇത് പടർന്ന് പന്തലിച്ചിരിക്കുന്നു. ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങാൻ മാറ്റിവച്ചിരിക്കുന്നവരുടെ എണ്ണം ആധുനിക സമൂഹത്തിൽ വളരെ കൂടുതലാണ്. കൃത്യമായ കണക്കുകൾ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കേരളത്തിൽ സൗന്ദര്യവർദ്ധക വസ്‌തുക്കളുടെയും വ്യക്തിഗത പരിചരണ ഉത്പന്നങ്ങളുടെയും വിപണി പ്രതിവർഷം 22,000- 24,000 കോടിയായാണ് കരുതപ്പെടുന്നത്. വളരെ ഉയർന്ന വിലയുള്ള മൾട്ടി നാഷണൽ കമ്പനികളുടെ ബ്രാൻഡ് ഐറ്റങ്ങളും വിറ്റുപോകുന്നതിൽ മുൻപന്തിയിലാണ്. ആവശ്യക്കാരുടെ എണ്ണം ദിനംപ്രതി കൂടുന്നതല്ലാതെ കുറയാത്തതിനാൽ സൗന്ദര്യവർദ്ധക വസ്തുക്കളെന്ന പേരിൽ വ്യാജ ഉത്‌പന്നങ്ങൾ വിറ്റഴിക്കുന്ന സമാന്തര സംവിധാനവും ഈ വിപണിയുടെ ഭാഗമായി പ്രവർത്തിച്ചു വരുന്നുണ്ടെന്ന് നേരത്തേ തന്നെ പരാതികൾ ഉയർന്നു വന്നിട്ടുള്ളതാണ്.

ഈ പശ്ചാത്തലത്തിൽ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയാൻ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനകളിൽ 9.64 ലക്ഷം രൂപയുടെ വ്യാജ സാധനങ്ങൾ പിടിച്ചെടുത്തിരിക്കുന്നു. ജൂലായ് അവസാന വാരത്തോടെ 'ഓപ്പറേഷൻ സൗന്ദര്യ' എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതി നാലു ഘട്ടം പിന്നിട്ടിരിക്കുകയാണെന്നും ഇനിയും പരിശോധനകൾ തുടരുമെന്നും മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കുകയും ചെയ്തു. കോസ്‌മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും മതിയായ നിർമ്മാണ ലൈസൻസില്ലാത്തതും നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെ വിപണിയിൽ എത്തിച്ചതുമായ സൗന്ദര്യ വർദ്ധക വസ്തുക്കളാണ് പിടിച്ചെടുത്തത്. അപകടകരമായ മെർക്കുറി സാന്നിദ്ധ്യം കണ്ടെത്തിയതിനാൽ ഒട്ടേറെ രാജ്യങ്ങളിൽ നിരോധിച്ചിട്ടുള്ള പാകിസ്ഥാൻ നിർമ്മിത ബ്യൂട്ടി ക്രീമുകളായ ഫൈസ, ഗോറി എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഇക്കാര്യത്തിൽ തുടർ അന്വേഷണങ്ങൾ നടത്താൻ സാദ്ധ്യത തെളിഞ്ഞിരിക്കുകയാണ്. സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിൽപ്പനയുടെ മറവിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടോ എന്നതും അന്വേഷണത്തിന്റെ പരിധിയിൽ വരും. ഫൈസയും ഗോറിയും ഗൾഫ് രാജ്യങ്ങളിൽ എത്തിച്ചശേഷം അനധികൃത മാർഗങ്ങളിലൂടെയാണ് കേരളത്തിലേക്ക് കടത്തുന്നത്. അനുവദനീയമായതിന്റെ 20,000 മടങ്ങ് മെർക്കുറിയാണ് ഈ ഉത്പന്നങ്ങളിൽ അടങ്ങിയിട്ടുള്ളത്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് അപകടകരമായ ചർമ്മരോഗങ്ങൾ വരെ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. മെർക്കുറി ശരീരത്തിനുള്ളിൽ ചെറിയ അളവിൽ എത്തിയാൽ പോലും കരൾ, വൃക്ക തുടങ്ങിയവയ്ക്കും തകരാറുണ്ടാക്കാം. മുഖം മിനുക്കാനും തിളക്കം കൂട്ടാനുമായി ഉപകരിക്കുമെന്ന് അവകാശപ്പെടുന്ന ഈ ക്രീമുകൾ 400 മുതൽ 500 രൂപയ്ക്ക് വരെയാണ് വിൽക്കുന്നത്.

ഇത് എങ്ങനെ കേരളത്തിൽ എത്തി, ഇതിന്റെ വിതരണ ശൃംഖല നിയന്ത്രിക്കുന്നത് ആരാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായി കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയാലേ വസ്തുതകൾ പുറത്തു വരൂ. പർച്ചേസ് ബില്ലുകൾ പോലുമില്ലാതെയാണ് പാകിസ്ഥാൻ നിർമ്മിത ക്രീമുകൾ വിപണികളിലെത്തിയിരിക്കുന്നത് എന്ന് കണ്ടെത്തിയതും കൂടുതൽ സംശയങ്ങൾക്ക് ഇട നൽകിയിരിക്കുകയാണ്. ഫേസ് ക്രീമുകളുടെ അമിത ഉപയോഗം പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പോലുള്ള സംഘടനകൾ നേരത്തേ തന്നെ മുന്നറിയിപ്പുകൾ നൽകിയിരുന്നതാണ്. അതിനാൽ ഓപ്പറേഷൻ സൗന്ദര്യ എന്ന ഈ പരിശോധന ബന്ധപ്പെട്ട വകുപ്പ് കൂടുതൽ ഉൗർജ്ജിതമായും കാര്യക്ഷമമായും മുന്നോട്ട് കൊണ്ടുപോകേണ്ടത് ആവശ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION