
പ്രായത്തിന്റെ പടവുകൾ കയറുന്നതിനിടെ ജീവിത യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ച ആ നിമിഷത്തെപ്പറ്റിയാണ് പെരുമ്പടവം ശ്രീധരൻ ആദ്യം സംസാരിച്ചത്. ''ജീവിതത്തിൽ എന്നും തോൽവികളേ ഉണ്ടായിട്ടുള്ളൂ. മരണത്തിൽ അങ്ങനെയാവരുതെന്ന് ഉറപ്പിച്ചാണ് ശിവൻകുന്നിൽ നിന്നും മൂവാറ്റുപുഴ ആറിൻ തീരത്തേയ്ക്കു നടന്നത്. അപ്പോൾ പിന്നിലൊരു പെൺ ശബ്ദം, 'ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാതെ വേഗം നോവൽ എഴുതി പൂർത്തിയാക്കൂ ". നോവലിലെ നായികാ കഥാപാത്രമായ സേതുലക്ഷ്മി പറയുന്നതു പോലെ ഉൾവിളി""- തൊണ്ണൂറിന്റെ കടവിലേയ്ക്ക് നനയാനിറങ്ങുന്ന പെരുമ്പടവം ശ്രീധരന് ആറു പതിറ്റാണ്ട് മുമ്പു നടന്ന സംഭവം സത്യമോ മിഥ്യയോയെന്ന് ഇന്നും ഉറപ്പില്ല.
അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കിൽ? ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പു പതിപ്പിച്ചകൃതിയെന്നു ലോകം വിശേഷിപ്പിച്ച 'ഒരു സങ്കീർത്തനം പോലെ"നമുക്ക് ലഭിക്കുമായിരുന്നില്ല. എഴുത്തുകാരൻ നവതിയിലേയ്ക്ക് കടക്കുമ്പോൾ ലക്ഷക്കണക്കിന് കോപ്പികൾ അച്ചടിക്കുകയും മലയാളം ഏറെ ചർച്ചചെയ്യപ്പെടുകയും ഒരു ഡസനിലേറെ അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്തൊരു പുസ്തകം 140-ാം പതിപ്പെന്ന റെക്കാഡിലേയ്ക്കും കടക്കുകയാണ്. വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും പെരുമ്പടവം ഒരു നോവലിന്റെ പണിപ്പുരയിലാണ്. കുമാരനാശാന്റെ ജീവിതം ആസ്പദമാക്കി ' അവനിവാഴ്വ് കിനാവ്" . ''നോവലിന്റെ കുറച്ചു ഭാഗങ്ങൾ മുൻപ് കേരളകൗമുദി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇനി കുറച്ചു മിനുക്കുപണികൾ ബാക്കിയുണ്ട്. ദു:ഖത്തിലും സന്തോഷത്തിലും പങ്കാളിയായിരുന്ന ഭാര്യ ലൈലയുടെ മരണം നീറ്റലായി ഇന്നും നിൽക്കുന്നു . ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിലും അവനിവാഴ്വ് കിനാവ് പൂർത്തിയാക്കുകയാണ് ഇനിയുള്ള ആഗ്രഹം"" -വിറയാർന്ന ശബ്ദം.
ഇരുട്ടിലെ വെളിച്ചം
''1964ൽ കേരളശബ്ദം നോവൽ മത്സരത്തിൽ ഒന്നാം സ്ഥാനത്തിനുള്ള ആയിരം രൂപയുടെ അവാർഡ് 'അഭയം" നേടും വരെ ജീവിതം ഇരുട്ടിലായിരുന്നു .നാലാംവയസിൽ അച്ഛൻ മരിച്ചു. പിന്നെ എല്ലാം അമ്മയായിരുന്നു. ആറാം ക്ലാസിൽ പകർത്തു ബുക്കിന്റെ പിന്നിൽ പൂവിനെക്കുറിച്ച് 14 വരി കവിത എഴുതി. പെരുമ്പടവം ശ്രീധരൻ എന്ന തൂലികാ നാമം സ്വയം സ്വീകരിച്ചു.
ബുക്കു പരിശോധിച്ച മലയാളം അദ്ധ്യാപിക സിസ്റ്റർ മേരി ബനിഞ്ഞ പറഞ്ഞു, കവിത വായിച്ചു, നല്ല ഭാവനയുണ്ട്. വായന മുടക്കരുത്. ഭാവിയിൽ ആരാകണമെന്ന ചോദ്യത്തിനു മറുപടി എഴുത്തുകാരൻ എന്നായിരുന്നു""- പിറവം ഇലഞ്ഞിയിലെ പെരുമ്പടവമെന്ന കൊച്ചുനാടിനെ ലോകമറിയിച്ച എഴുത്തുകാരന്റെ പിറവി! കവിത വിട്ട് കഥയിലേയ്ക്കും നോവലിലേയ്ക്കും തിരിഞ്ഞെങ്കിലും വരികളിലെല്ലാം കവിതയാണ് തുളുമ്പിയത്. 'സർപ്പക്കാവ് " നോവലെഴുതി കാമ്പിശേരി കരുണാകരന്റെ പത്രാധിപത്യത്തിൽ നല്ല പ്രചാരമുണ്ടായിരുന്ന ജനയുഗത്തിന് അയച്ചു. രണ്ടാഴ്ച കഴിഞ്ഞിറങ്ങിയ ജനയുഗത്തിൽ പരസ്യം വന്നു പെരുമ്പടവം ശ്രീധരന്റെ 'സർപ്പക്കാവ് "അടുത്തയാഴ്ച മുതൽ പ്രസിദ്ധീകരിക്കുന്നു. ഗോഡ് ഫാദർമാരൊന്നുമില്ലാതെ മലയാളത്തിൽ ഒരെഴുത്തുകാരന്റെ വളർച്ചയ്ക്കുള്ള ജീവജലത്തിന്റെ ആദ്യതുള്ളി വീണു. ജനയുഗത്തിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച സർപ്പക്കാവ് നോവൽ വായിച്ചായിരുന്നു നാട്ടിൽ രാമമംഗലം അമ്പലപരിസരത്ത് ആരാധന കലർന്ന നോട്ടത്തിലൂടെ ലൈല മനസിൽ കുടിയേറിയത്. ചലച്ചിത്രം വാരികയിൽ വല്ലതും എഴുതുന്നതിന് കിട്ടിയിരുന്ന പത്തോ, ഇരുപതോ രൂപയായിരുന്നു അന്നത്തെ വരുമാനം. ദാരിദ്ര്യത്തിനും ഒറ്റപ്പെടലിനുമിടയിലെ ആശ്വാസം ലൈലയുടെ ചിരിയായിരുന്നു. മദ്രാസിൽ ചലച്ചിത്രം വാരികയുടെ പത്രാധിപരായി പോകാൻ തീരുമാനിച്ചപ്പോൾ ലൈലയെയും ഒപ്പം കൂട്ടി. 25 രൂപ ശമ്പളം കൊണ്ട് രണ്ടു വർഷം ഒരുവിധം പിടിച്ചു നിന്നു. ഭാര്യയെ കൂടുതൽ കഷ്ടപ്പെടുത്തേണ്ടെന്നു മനസിലാക്കി നാട്ടിലേയ്ക്ക് മടങ്ങി. ശിവൻ കുന്നിൽ താമസം തുടങ്ങി. ലൈല പൂർണ ഗർഭിണി. ദാരിദ്യം കൂടപ്പിറപ്പായതോടെ ആത്മഹത്യയെന്ന ചിന്ത മനസിൽ തെളിഞ്ഞു.
താൻ മരിച്ചാൽ ലൈലയെ ബന്ധുക്കൾ കൂട്ടിക്കൊണ്ടു പോകും. പുഴയിൽ ചാടി മരിക്കാൻ തീരുമാനിച്ചുറപ്പിച്ചത് അങ്ങനെയായിരുന്നു. ജീവിതത്തിൽ പൂർണ പരാജയം മരണത്തിലും കൂടി തോൽക്കരുതെന്ന് ചിന്തിച്ച് ക്ഷേത്ര നട അടച്ച് ആളൊഴിയാൻ കാത്തിരുന്നു. അപ്പോഴാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാതെ നോവൽ പൂർത്തിയാക്കൂ എന്ന്, അഭയം നോവലിലെ നായികാകഥാപാത്രമായ സേതുലക്ഷ്മിയുടെ ശബ്ദം അശരീരിപോലെ ഉയർന്നത്.അതേക്കുറിച്ച് പെരുമ്പടവം പറയുന്നു. ''ആയുസിന്റെ മരത്തിൽ നിന്നു എന്റെ പേരുള്ള ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം ഉള്ളിൽ മുഴങ്ങി. പുഴയിൽ ചാടി മരിക്കാനുള്ള തീരുമാനം മാറ്റി വീട്ടിലെത്തി. അവസാന അദ്ധ്യായത്തിലെത്തിയ നോവൽ പൂർത്തിയാക്കി 'അഭയം" എന്ന പേരിട്ടു തകരപ്പെട്ടിയിൽ വച്ചു. ഭാര്യയും കുട്ടിയുമൊത്തു പിന്നെ താമസം തിരുവനന്തപുരത്തേയ്ക്ക്. ലൈലയുടെ സ്വർണ നെക്ലേസ് പണയംവച്ചു കിട്ടിയ കാശിന് തമലത്ത് വാടക വീടെടുത്തു . കർമ്മഭൂമി പത്രാധിപ സമിതി അംഗമായെങ്കിലും പട്ടിണി കൂടിയതോടെ 'അഭയം"ഒരു സിനിമാ വാരികയിൽ പ്രസിദ്ധീകരണത്തിനു നൽകി കിട്ടുന്ന കാശുവാങ്ങാൻ തീരുമാനിച്ചെങ്കിലും ലൈല സമ്മതിച്ചില്ല. കേരളശബ്ദം നോവൽ മത്സരത്തിന്റെ പരസ്യം കണ്ട് നല്ല കൈയക്ഷരത്തിൽ ലൈല പകർത്തിയെഴുതി അയച്ചു .1000 രൂപയുടെ അവാർഡ് 1964ൽ നേടി. കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ച നോവൽ ചർച്ചയായി"".
രാമുകാര്യാട്ടിന്റെ സംവിധാനത്തിൽ അഭയം സിനിമയായതോടെ ശ്രദ്ധേയനായി. ജീവിക്കാമെന്ന അവസ്ഥ വന്നത് അതോടെയാണ്. മലയാളനാട് പത്രാധിപസമിതി അംഗമായെങ്കിലും ആ ജോലിയും ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് നോവൽ രചനയിൽ സജീവം,അവാർഡുകളുടെ പെരുമഴക്കാലം, 12 സിനിമയ്ക്ക് തിരക്കഥ എഴുതി . സാഹിത്യ ,സിനിമാരംഗത്തു സജീവമായി നിൽക്കുമ്പോഴായിരുന്നു കാരണമില്ലാതെ എഴുത്തിൽ നിന്ന് പെട്ടെന്നുള്ള ഉൾവലിയൽ.
തിരിച്ചു വരവിന്റെ സങ്കീർത്തനം
അക്ഷരങ്ങളുടെ തീർത്ഥാടനം മുങ്ങി നിവരും പോലെ പെരുമ്പടവം വായനാമനസുകളെ നവീകരിച്ചു. പുലർകാലത്തണുപ്പേറ്റ് തളിർത്തു പൊന്തിയ തുളസിക്കതിരിന്റെ വിശുദ്ധിയോടെ പെരുമ്പടവത്തിന്റെ സ്നേഹാക്ഷരങ്ങൾ മലയാളി ഹൃദയത്തിൽ ചന്ദനം തൊട്ടു. മുടങ്ങിപ്പോയ എഴുത്തിനെ അത്രയും ആർദ്രമാക്കുകയാ യിരുന്നു 1992ൽ പുറത്തിറങ്ങിയ 'ഒരു സങ്കീർത്തനം പോലെ". ആ ഒറ്റകൃതി മലയാള പുസ്തക പ്രസാധന രംഗത്ത് ചരിത്രം കുറിച്ചു പെരുമ്പടവമെന്ന എഴുത്തുകാരന്റെ രണ്ടാം ജന്മവുമായി. പ്രശസ്ത റഷ്യൻ നോവലിസ്റ്റ് ദസ്തയേവ് സ്കി ആരാധികയായ അന്നയുടെ സ്നേഹ പരിചരണങ്ങൾ കൊണ്ട് തന്റെ നോവൽ പൂർത്തിയാക്കുന്നതിനിടയിലുള്ള ആത്മസംഘർഷങ്ങൾ വായനക്കാരുടെ ഉള്ളുതൊട്ടു. റഷ്യകാണാത്ത പെരുമ്പടവം റഷ്യയിലെ ഓരോ സ്ഥലത്തിലൂടെയും സഞ്ചരിച്ചപോലെ വായനക്കാരെ അനുഭവിപ്പിച്ചു. വർഷങ്ങൾക്കു ശേഷം റഷ്യയിലെത്തി പെരുമ്പടവം ദസ്തയേവ് സ്കിയുടെ ശവകുടീരത്തിൽ ഒരു സങ്കീർത്തനം പോലെ സമർപ്പിച്ചു.
''ഹൃദയത്തിനു മേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആളെന്ന് ദസ്തയേവ്സ്ക്കിയെ സങ്കൽപ്പിക്കാൻ കഴിഞ്ഞ നിമിഷത്തിൽ ഏതോ ഒരു പ്രകാശം കൊണ്ട് എന്റെ അകം നിറയുന്നതുപോലെ തോന്നി. ഒരു പ്രാർത്ഥനപോലെയായിരുന്നു എഴുത്ത് .അതേ സമയം ഞാൻ എന്നെ ബലികൊടുക്കുകയാണെന്നും തോന്നിയിരുന്നു.എന്റെ ഹൃദയം കാടുപോലെ കത്തിക്കൊണ്ടിരുന്നു. ദൈവവും ചെകുത്താനും മാറി മാറി ഭരിക്കുന്ന ഭൂഖണ്ഡമായി ഞാൻ ദസ്തയേവ്സ്ക്കിയുടെ ഹൃദയത്തെ കണ്ടു. പിന്നെ ഞാൻ ആ ഭൂഖണ്ഡത്തിൽ ജീവിച്ചു. ഒരു സങ്കീർത്തനം പോലെ എഴുതുമ്പോൾ ഞാൻ റഷ്യ കണ്ടിട്ടുണ്ടായിരുന്നില്ല. എന്നെക്കുറിച്ചു സക്കറിയ തിരക്കഥയെഴുതി ഷൈനിജേക്കബ് ബഞ്ചമിൻ സംവിധാനം ചെയ്ത 'ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്" ഡോക്കുമെന്ററിയിൽ നായകനായി അഭിനയിപ്പിക്കാൻ എന്നെ അവർ റഷ്യയിൽ കൊണ്ടുപോയി. അങ്ങനെ ഞാൻ റഷ്യ കണ്ടു. സെന്റ്. പീറ്റേഴ്സ് ബർഗ് കണ്ടു. ദസ്തയേവ്സ്ക്കി മ്യൂസിയത്തിൽ ഒരു സങ്കീർത്തനം പോലെ 65-ാം പതിപ്പ് പ്രകാശനം ചെയ്യാനും ഭാഗ്യമുണ്ടായി.
നിരാശയില്ല
സാഹിത്യ അക്കാഡമി അവാർഡ്, വയലാർ അവാർഡ്, വള്ളത്തോൾ പുരസ്ക്കാരം തുടങ്ങി പ്രധാന അവാർഡുകൾ തേടിയെത്തിയിട്ടും സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ അംഗീകാരമായ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചിട്ടില്ല? ''യാതൊരു നിരാശയുമില്ല. ഇന്നുവരെ ഒരവാർഡിനും പിറകേ പോയിട്ടില്ല. പിന്നെ എന്റെ കാര്യം പറയാനോ എന്റെ പക്ഷം പിടിക്കാനോ ആരുമില്ല. അതിലൊട്ടുവിഷമവുമില്ല. അവരുടെ കണ്ണിൽ ഞാൻ മോശക്കാരനായിരിക്കാം. രാഷ്ട്രീയത്തിലും പക്ഷം പിടിച്ചിട്ടില്ല. എന്നാൽ ജനങ്ങൾ എനിക്കൊപ്പമുണ്ട്. എന്റെ കൃതികളാണ് ഏറ്റവും കൂടുതൽ വിൽക്കുന്നത്. ഒരു സങ്കീർത്തനം പോലെ 140 പതിപ്പുകളായി. അതിലും വലിയൊരു അംഗീകാരം വേറെ വേണോ...?""പെരുമ്പടവം ചോദിക്കുന്നു.
നാരായണം നോവൽ വിവാദം
'' ശ്രീനാരായണ ഗുരുവിന്റെ വിവാഹജീവിതത്തെക്കുറിച്ചു എല്ലാവരും നിശബ്ദത പാലിച്ചപ്പോൾ കേരളകൗമുദി ഓണപതിപ്പിനായി എഴുതിയ 'നാരായണം" നോവലിനെക്കുറിച്ചു ചിലർ അനാവശ്യ വിവാദമുണ്ടാക്കി. ശ്രീനാരായണ ഗുരുവിനോട് ഏറെ ബഹുമാനമുള്ള ഞാൻ ഗുരു ജനിച്ച ചെമ്പഴന്തി ഗ്രാമത്തിൽ അലഞ്ഞു പലരുമായി സംസാരിച്ചാണ് ഗൃഹസ്ഥാശ്രമ ജീവിതം കൂടി എഴുതിയത്. നാരായണം പൂർത്തിയാക്കാൻ എനിക്ക് അതുകൂടി വേണമായിരുന്നു. വിവാദത്തെ ഞാൻ ഭയന്നില്ല. എന്നും എന്നെ സഹായിച്ചിട്ടുള്ള കേരളകൗമുദിയുടെ പിന്തുണയും ലഭിച്ചു. എനിക്കിന്നും ഇഷ്ടപ്പെട്ട കൃതികളിലൊന്നാണ് ഗുരുവിനെക്കുറിച്ചു പലരും എഴുതാൻ മടിച്ച കാര്യങ്ങൾ കണ്ടെത്തി എഴുതിയ 'നാരായണം " നോവൽ "".
കുടുംബം
രേഖകൾ പ്രകാരം 1938 ഫെബ്രുവരി 12നാണ് ജനനം. തന്റെ കാര്യത്തിൽ ആ കണക്ക് കൃത്യമല്ലെന്നാണ് പെരുമ്പടവം പറയുന്നത്. നാലു വയസുള്ളപ്പോൾ അച്ഛൻ നാരായണന്റെ മരണം. അമ്മ ലക്ഷ്മി ഇലഞ്ഞി സെന്റ് പീറ്റേഴ്സ് സ്കൂളിൽ ചേർക്കുമ്പോൾ അന്നവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരിൽ ആരോ എഴുതിയ ജനനത്തീയതിയാണ് 1938 ഫെബ്രുവരി 12. അങ്ങനെ നോക്കുമ്പോൾ അടുത്ത ഫെബ്രുവരിയിൽ നവതിയിലേയ്ക്ക് കടക്കും. അതിനും മുന്നേ 'അവനിവാഴ്വ് കിനാവ്" പൂർത്തിയാക്കാനുള്ള പരിശ്രമവും. ഭാര്യ ലൈല മരിച്ചതോടെ മകൾ അല്ലിക്കും മരുമകൻ ടൈറ്റസ് എബ്രഹാമിനുമൊപ്പമാണ് താമസം. പരേതയായ അജിത, രശ്മി, ശ്രീകുമാർ പെരുമ്പടവം എന്നിവർ മറ്റുമക്കളും രാജൻ, ലസ്ലി, അനില എന്നിവർ മരുമക്കളും.
അംഗീകാരങ്ങൾ
2011ൽ കേരള സാഹിത്യ അക്കാഡമി പ്രസിഡന്റായിരുന്നു. കേരള സാഹിത്യ അക്കാഡമി അവാർഡ്, വയലാർ അവാർഡ്, വള്ളത്തോൾ പുരസ്കാരം, വി.ടി.ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്കാരം, കേരള കൾച്ചറൽ സെന്റർ പുരസ്കാരം, മഹാകവി ജി.സ്മാരക പുരസ്കാരം, അബുദാബി മലയാളി സമാജം സാഹിത്യ പുരസ്കാരം, ദുബായ് കൈരളി കലാകേന്ദ്രം സാഹിത്യ പുരസ്കാരം, അബുദാബി ശക്തി അവാർഡ്, സംസ്ഥാന ചലച്ചിത്ര അവാർഡ്, സംസ്ഥാന ബാലസാഹിത്യ അവാർഡ്, മലയാറ്റൂർ പുരസ്കാരം എന്നിവ ലഭിച്ചു.
അഭയം, അഷ്ടപദി, അന്തിവെയിലിലെ പൊന്ന്, ആയില്യം, സൂര്യദാഹം, ഒറ്റച്ചിലമ്പ്, ആരണ്യഗീതം, വാൾമുനയിൽ വച്ച മനസ്, എന്റെ ഹൃദയത്തിന്റെ ഉടമ, ഒരു സങ്കീർത്തനം പോലെ, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം എന്നിവയാണ് പ്രധാന കൃതികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |