
സംസ്ഥാനത്ത് കുഴഞ്ഞുവീണ് മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതുമായി ബന്ധപ്പെട്ട് ആശങ്കയുണർത്തുന്ന ഒരു റിപ്പോർട്ട് ഞങ്ങൾ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. മുമ്പ് ഹൃദ്രോഗ ബാധിതരിലും പ്രായമേറിയവരിലും മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന ഇത്തരം ആകസ്മിക മരണങ്ങൾ അമ്പത്തിയഞ്ച് വയസിലും താഴെയുള്ളവരിലാണ് ഇപ്പോൾ അധികമെന്നതാണ് വലിയ ആശങ്ക. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടതാണ് വിഷയമെങ്കിലും ആരോഗ്യ കാര്യങ്ങളിലും വ്യായാമ നിഷ്ഠയിലും മറ്റും പൊതുസമൂഹം കൂടുതൽ ശ്രദ്ധ പുലർത്തുകയും, ജാഗ്രത പാലിക്കുകയും ചെയ്യുന്നതിനിടയിൽത്തന്നെയാണ് പൂർണാരോഗ്യമുള്ളവരിൽപ്പോലും കുഴഞ്ഞുവീണുള്ള മരണം അപൂർവമല്ലാതായിരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ജിമ്മുകളിലും മറ്ര് വ്യായാമ കേന്ദ്രങ്ങളിലും വിദഗ്ദ്ധരുടെ നിർദ്ദേശമനുസരിച്ചല്ലാതെയും, അവരവരുടെ ശാരീരികാരോഗ്യം കണക്കിലെടുക്കാതെയും കഠിന വ്യായാമങ്ങൾക്കു മുതിരുന്നത് അപകടം ക്ഷണിച്ചുവരുത്താം എന്നത് ഗൗരവമേറിയ വിഷയം തന്നെയാണ്.
തെറ്റായ ഭക്ഷണക്രമം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങി ഹൃദയാരോഗ്യം ക്ഷയിപ്പിക്കുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പണ്ടില്ലാത്തതു പോലെ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് അമിത മാനസിക സമ്മർദ്ദം, ജങ്ക്ഫുഡുകളുടെ അമിത ഉപയോഗം, ശാസ്ത്രീയമല്ലാതെ പല ജിമ്മുകളിലും വർക്കൗട്ട് കേന്ദ്രങ്ങളിലും വിദഗ്ദ്ധ നിർദ്ദേശപ്രകാരമല്ലാതെ ചെയ്യുന്ന കഠിന വ്യായാമ മുറകൾ തുടങ്ങിയവയും വഴിയൊരുക്കിയേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നല്കുന്നുണ്ട്. രോഗങ്ങൾക്ക് സ്വന്തമായി മരുന്ന് നിശ്ചയിച്ച്, സ്വയം ചികിത്സയ്ക്ക് പുറപ്പെടുന്നതുപോലെ തന്നെ അപകടമാണ് പ്രായമോ ആരോഗ്യമോ രോഗസാഹചര്യങ്ങളോ പരിഗണിക്കാതെ കഠിന വ്യായാമങ്ങൾക്ക് തുനിയുന്നതും. കൊവിഡ് കാലത്തിനു ശേഷം നഗര, ഗ്രാമ വ്യത്യാസമില്ലാതെ വ്യാപകമായ വർക്കൗട്ട് കേന്ദ്രങ്ങളിൽ പ്രായഭേദം പരിഗണിക്കാതെ നിർദ്ദേശിക്കപ്പെടുന്ന വ്യായാമമുറകളുടെ ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഇതുവരെ ശാസ്ത്രീയ വിലയിരുത്തലുകളോ പഠനങ്ങളോ നടന്നിട്ടുമില്ല. വിദഗ്ദ്ധ പരിശീലകരുടെ മേൽനോട്ടത്തിലും മാർഗനിർദ്ദേശത്തിലും പ്രവർത്തിക്കുന്നവയാണ് ഭൂരിഭാഗം വർക്കൗട്ട് കേന്ദ്രങ്ങളുമെങ്കിലും, അങ്ങനെയല്ലാത്തവയും വ്യാപകമാകുന്നത് കാണാതിരുന്നൂകൂടാ.
കൊവിഡിനു ശേഷമാണ് പ്രായാധിക്യമില്ലാത്തവരിലും കുഴഞ്ഞുവീണ് മരണങ്ങൾ വ്യാപകമായിത്തുടങ്ങിയത് എന്നത് സത്യമാണ്. കൊവിഡ് ബാധ ആരോഗ്യപരമായി ഏറ്റവും ബാധിച്ചത് ശ്വാസകോശ ശേഷിയെയാണ്. സ്വാഭാവികമായും, ഇത് ഹൃദയാരോഗ്യത്തെയും ബാധിക്കും. ഇതിനൊപ്പം ഭക്ഷണശീലങ്ങളിലുണ്ടായ വ്യതിയാനവും, ജോലിസാഹചങ്ങളിലെ അമിത സമ്മർദ്ദം സൃഷ്ടിക്കുന്ന പ്രശ്നങ്ങളും കൂടിയായപ്പോൾ മദ്ധ്യവയസു പിന്നിടാത്തവരുടെ പോലും അപ്രതീക്ഷിത മരണങ്ങൾ അപൂർവല്ലാതായിത്തീരുകയാണ് ചെയ്തത്. പുതിയ തൊഴിൽസാഹചര്യങ്ങൾ പൊതുവെ സമ്മർദ്ദമേറ്റുന്നവയാകുമ്പോൾ അതിനൊപ്പം വിനോദത്തിനും വിശ്രമത്തിനും കൂടി സമയം കണ്ടെത്തേണ്ടതുണ്ട്. ലഘുവായ ശ്വസന വ്യായാമങ്ങൾ ശീലിക്കുന്നത് ശ്വാസകോശാരോഗ്യം വർദ്ധിപ്പിക്കുവാൻ മാത്രമല്ല, മാനസിക സമ്മർദ്ദം ലഘൂകരിക്കുവാനും സഹായിക്കും. സമ്മർദ്ദമേറുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കഴിയാതാകുമ്പോൾ വീട്ടിൽ പൂന്തോട്ട പരിപാലനം, ചെറിയ രീതിയിലുള്ള കൃഷിത്തോട്ടം വച്ചുപിടിപ്പിക്കൽ, അരുമ മൃഗങ്ങളെ വളർത്തൽ എന്നിവയ്ക്കു കൂടി കുറച്ചുനേരം വിനിയോഗിക്കുന്നത് നന്നാകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നതും പരീക്ഷിക്കാവുന്നതാണ്.
ഇതിനൊന്നും മുതിരാതെ ടെൻഷൻ കുറയ്ക്കാൻ വർക്കൗട്ട് കേന്ദ്രങ്ങളെ അമിതമായി ആശ്രയിക്കുന്നത് ഗുണത്തേക്കാൾ അധികം ദോഷം വരുത്തുന്നതാകരുത്. മാറിയ ആരോഗ്യ സംസ്കാരത്തിന്റെ ഭാഗമാണ് വർക്കൗട്ട് കേന്ദ്രങ്ങളും. അതുകൊണ്ടുതന്നെ മദ്ധ്യവയസു പിന്നിട്ടവരും വിദഗ്ദ്ധ നിർദ്ദേശം കൂടാതെ തന്നെ ഇത്തരം വ്യായാമ കേന്ദ്രങ്ങളുടെ സേവനം തേടുന്നുണ്ട്. വ്യായാമം നല്ലതു തന്നെയെങ്കിലും അത് ശാസ്ത്രീയവും ഓരോരുത്തരുടെയും ആരോഗ്യത്തിന് അനുയോജ്യവുമാകണം. ഇക്കാര്യത്തിൽ മതിയായ പഠനം നടത്തുകയും, പ്രായക്രമം അനുസരിച്ച് ജിമ്മുകളിലും മറ്റും ഏർപ്പെടുത്തേണ്ട വ്യായാമ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും നിശ്ചയിക്കുകയും, ആവശ്യമെങ്കിൽ ഇതിന് ഒരു മേൽനോട്ട സംവിധാനം കൊണ്ടുവരികയും ചെയ്യുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കണം. ചികിത്സാരീതികൾ വികസിക്കുകയും ചികിത്സാ സൗകര്യങ്ങൾ വർദ്ധിക്കുകയും ചെയ്തെങ്കിലും, അതിനൊപ്പം പൊതുസമൂഹത്തിൽ ശരിയായ ആരോഗ്യ അവബോധം കൂടി സൃഷ്ടിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |