
നിയമസഭയിൽ സർക്കാർ വച്ച സംസ്ഥാനത്തിന്റെ ധനാരോഗ്യസ്ഥിതി റിപ്പോർട്ടിന്റെ രചനാരീതി, ‘രഹസ്യാത്മകത’ എന്നിവയെക്കുറിച്ചുള്ള ചർച്ചകളെക്കാളധികം പ്രസക്തി അതിലെ കണക്കുകൾ ഭാവി സർക്കാരിന് ഏൽപ്പിക്കുന്ന പ്രശ്നം എന്താണ്; എങ്ങനെ അതു പരിഹരിക്കാം എന്നതാണ്. സഞ്ചിതനിധി പണയപ്പെടുത്തിയെടുത്ത വലിയ കടബാദ്ധ്യതയും (5,07,000 കോടി) വരുമാനത്തിന്റെ 77% ശമ്പളം, പെൻഷൻ, പലിശ എന്നിവയ്ക്കു ചെലവിടേണ്ടി വരുന്നതും 21% വരുമാനം പലിശയിനത്തിൽ ചെലവായി പോകുന്നതും 48,000 കോടിയോളം കൊടുത്തു തീർക്കാനുള്ള ബാദ്ധ്യതകൾ പുതിയ സർക്കാരിനുമേൽ ഉണ്ടെന്നും തത്ഫലമായി ഫെബ്രുവരിയിൽ അംഗീകരിച്ച ബഡ്ജറ്റിലെ 13,000 കോടി മാത്രമേ യഥാർത്ഥത്തിൽ പ്ലാൻ ചെലവുകൾക്കു ബാക്കിയുള്ളൂ എന്നതുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കടമെടുത്തുള്ള പശ്ചാത്തലസൗകര്യ-വ്യവസായ വികസനം ഒരു നല്ല ആശയമാണെന്നതും വരാനിരിക്കുന്ന സ്വകാര്യനിക്ഷേപം, വളർച്ച, തൊഴിൽ എന്നിവ ആകർഷിക്കാനുള്ള ഉപാധിയാണെന്നതും പൊതു-സ്വകാര്യ മേഖലകളിൽ ശരിതന്നെയാണ്. എന്നാൽ, റിക്കാർഡിയൻ തുല്യതാ തത്വം (Ricardian equivalence Principle) അനുസരിച്ച് നികുതി-നികുതിയേതര വരുമാനംകൊണ്ട് തൻവർഷം തന്നെ നടത്തപ്പെടുന്ന വികസനവും സർക്കാരോ ഇതര സർക്കാർ സൃഷ്ടിച്ച നിയമപരമായ നിർമ്മിതികളോ കടമെടുത്ത് നടത്തുന്ന വികസനമോ ഒട്ടും ഗുണപരമായി വ്യാഖ്യാനപ്പെടുന്നില്ല എന്നതാണ്.
കാരണം നടപ്പു ധനവർഷം സ്വീകരിക്കുന്ന കടം സത്യത്തിൽ ഭാവിയിലെ പ്രത്യക്ഷ നികുതിയാണ്. പെട്രോളിയം സെസ്, മോട്ടോർ വാഹന നികുതി എന്നിവ കടം തിരിച്ചടയ്ക്കാൻ ചെലവിടാം എന്ന ഉറപ്പിലാണ് ‘കിഫ്ബി’ കടം മുന്നേകൂട്ടി സ്വീകരിക്കുന്നത്. കടമെടുപ്പ് പരിധികൾ പല രീതികളിലും മുൻനിര വിദേശരാജ്യങ്ങൾ ദേശീയതലത്തിലും പ്രവിശ്യാതലത്തിലും പുലർത്തുന്നത് ഇതുകൊണ്ടാണ്. ഒരു സാമാന്യതത്വമെന്ന നിലയിൽ വിദേശനാണ്യത്തിൽ കടമെടുക്കുന്നത് ദേശീയ ഗവൺമെന്റുകൾ ഒരവകാശമായി തന്നെ മിക്കയിടത്തും നിലനിറുത്തുന്നു.
പ്രവിശ്യകൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സ്വന്തം ആസ്തി സഞ്ചയമുള്ളതിനാൽ ദേശീയ/പ്രവിശ്യാ സർക്കാരുകളുടെ ഭാവികടമെടുപ്പു സാദ്ധ്യതകളനുസരിച്ച് വിലയിരുത്തി ധനകാര്യമാർക്കറ്റ് അവയ്ക്ക് ഈടുള്ള വായ്പകൾ നൽകുന്നു. ഇന്ത്യയിൽ ധനമാർക്കറ്റിൽ നിന്നുള്ള വായ്പകൾ, സംസ്ഥാനങ്ങൾ 293 (4) അനുഛേദത്തിന്റെ പരിധിയിൽ കേന്ദ്രം നിശ്ചയിക്കുന്ന വ്യവസ്ഥകൾക്കു വിധേയമായും (മൊത്തം ഉത്പാദനമൂല്യത്തിന്റെ 3%) കടമെടുപ്പ് പരിധി നിയന്ത്രണ നിയമപ്രകാരവുമാണ്. സ്വന്തമായി ആസ്തിയുള്ള തദ്ദേശ സ്ഥാപനങ്ങൾക്കും തിരിച്ചടവ് ഉറപ്പാക്കിയ ബോണ്ടുകളിലൂടെയും മറ്റും ധനാഗമം ചെയ്യാവുന്നതാണ്.
എന്നാൽ, അനിയന്ത്രിതമായ കടമെടുപ്പ് സ്വന്തം നികുതി-നികുതിയിതര വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രേരണ കുറയ്ക്കുന്നുവെങ്കിൽ അഥവാ നികുതി ശേഖരണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ നിന്നും പ്രവിശ്യയെയോ സ്ഥാപനത്തെയോ തടയുന്നുവെങ്കിൽ അതൊരു നല്ല പ്രവണതയല്ല. കടം വലിയ പരിശ്രമം കൂടാതെ ഭരണയന്ത്രത്തിന് സ്വീകരിക്കാവുന്ന ധനാഗമ രീതിയാണ്. നികുതി പിരിക്കുന്ന കാര്യക്ഷമത വർദ്ധിപ്പിക്കലാകട്ടെ, താരതമ്യേന സങ്കീർണ്ണമായ നടപടിക്രമവും സ്ഥാപന കാര്യക്ഷമത വളരെ വർദ്ധിപ്പിക്കേണ്ടതുമായതാണ്.
കടമെടുത്ത് ‘ഫ്രണ്ട് ലോഡിംഗ്’ നടത്തി ത്വരിത വികസനം എന്നത് പരിധി വിടുന്നതെപ്പോൾ എന്നു മനസിലാക്കുന്നതും നന്നായിരിക്കും. പശ്ചാത്തല മേഖല മെച്ചപ്പെടുത്താനെടുത്ത തിരിച്ചടവ് കടംമൂലം ബഡ്ജറ്റ് നൽകേണ്ടതായ, തൻവർഷം ദുർബല വിഭാഗങ്ങൾക്കു ലഭ്യമാക്കേണ്ട ധനസഹായം, കർഷകക്ഷേമം, വിലസ്ഥിരത, ഭക്ഷ്യസബ്സിഡി എന്നിവ ലഭ്യമല്ലാതെയായാൽ പിന്നീട് കമ്മീഷൻ ചെയ്യാനിരിക്കുന്ന പശ്ചാത്തല സൗകര്യ പദ്ധതികൾ ഭരണത്തിന് ഒട്ടും ഗുണം ചെയ്യുകയില്ല.
ഉദാഹരണത്തിന് 48,000 കോടിയോളം രൂപ കുടിശികയിട്ടുകൊണ്ട് പൊതു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാൽ ശരാശരി വോട്ടർക്ക് 24,000 രൂപ നൽകാനുള്ളപ്പോഴാണ് മികച്ച പശ്ചാത്തലസൗകര്യത്തിന്റെ പേരിൽ വോട്ടഭ്യർത്ഥിക്കുന്നത്. ഭാവിയിൽ ഉപയോഗിക്കാവുന്ന പാലം, റോഡ് എന്നിവയൊക്കെ മികച്ച പരസ്യവാചകങ്ങളാണ്. എന്നാൽ നിർമ്മാണം, ഉദ്ഘാടനം എന്നിവ കഴിഞ്ഞ് ‘സിസ്റ്റ’ത്തിന്റെ ഭാഗമായി മാറിയ പാലം, റോഡ്, സാംസ്കാരിക കേന്ദ്രം, സ്റ്റേഡിയം എന്നിവയൊന്നും സത്യത്തിൽ വോട്ടറെ സ്വാധീനിക്കാൻ ശക്തമല്ല.
ലഭിക്കാത്ത സബ്സിഡിയും വിളനാശ സഹായവും നെല്ലുസംഭരണ സബ്സിഡിയും സ്കോളർഷിപ്പും മരുന്നും ഉപകരണങ്ങളും കുറവുള്ള ആശുപത്രികളുമൊക്കെയാവും അതിനെ പഴിക്കുക. സ്വർണം പൂശിയ കിടക്കയായാലും അത്താഴ പട്ടിണിക്കാരന് അതിൽ ഉറക്കം വരികയില്ല എന്നു ചുരുക്കം. കടമെടുത്ത് വിപുലമായി സൃഷ്ടിച്ച പശ്ചാത്തല സൗകര്യങ്ങൾ- ഫാക്ടറികൾ, ഹോസ്റ്റലുകൾ, സ്റ്റേഡിയങ്ങൾ, ആശുപത്രികൾ എന്നിവയുടെയെല്ലാം അധികരിച്ച ഭാവിനടത്തിപ്പ് ചെലവ് എങ്ങനെ അതതു സർക്കാർ വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും കണ്ടെത്തും? ഉദാഹരണത്തിന്, പറയപ്പെടുന്നതുപോലെ 40,000 കോടിയുടെ പശ്ചാത്തലസൗകര്യം സൃഷ്ടിച്ചെങ്കിൽ കുറഞ്ഞത് 10% തുക അവയുടെ വാർഷിക മെയിന്റനൻസിനു തന്നെ വേണ്ടിവരും.
വൈദ്യുതി ചാർജ് താങ്ങാനാവാതെ അടച്ചിടേണ്ടിവരുന്ന സ്റ്റേഡിയങ്ങൾ, ആശുപത്രി വാർഡുകൾ, സാംസ്കാരിക സമുച്ചയങ്ങൾ എന്നിവയെല്ലാം ഒരു വിദൂര സാദ്ധ്യതയല്ല. ഒപ്പം റോഡുകൾ ഒഴിച്ചുള്ള വിസ്തൃതമായ പശ്ചാത്തല സൗകര്യം നിലനിറുത്തി പോകുന്നതിനാവശ്യമായ ഉടമസ്ഥതാ ഏജൻസികളെയും മാനേജ്മെന്റ് ശൈലിയെയും നിശ്ചയിക്കേണ്ടതുണ്ട്. ജില്ലാതല ഇൻഡോർ സ്റ്റേഡിയങ്ങളും മറ്റും വാണിജ്യാടിസ്ഥാനത്തിൽ നടത്തിപ്പോകാനായില്ലെങ്കിൽ അവ എത്രകണ്ട് വേഗം ഉപയോഗശൂന്യമാകും എന്നത് ചിന്തനീയമാണ്.
കടമെടുപ്പിനെ വേണ്ടതിലധികം
ആശ്രയിച്ചാൽ..
അധിക റവന്യു, ഖജനാവിലേക്കു കൊണ്ടുവരാതെ കടമെടുത്ത് സൃഷ്ടിച്ച പശ്ചാത്തലസൗകര്യം റിക്കാർഡിയൻ തുല്യതാ തത്വത്തിൽ ആത്യന്തികമായി തട്ടി വീഴും. കാരണം ഭാവി നികുതിയാണ് ഇന്നത്തെ കടമെന്ന് നികുതിദായകർക്ക്- പ്രത്യേകിച്ച് കോർപ്പറേറ്റ് ടാക്സ് നൽകുന്നവർക്കറിയാം. ഒരു ജനത വികാസം പ്രാപിക്കുന്നതിനനുസരിച്ച് സർക്കാർ നേരിട്ടുള്ള വാണിജ്യ ഇടപെടൽ കുറയ്ക്കുകയും വിപണിയെയും സ്വകാര്യ നിക്ഷേപത്തെയും കൂടി ഫലപ്രദമായി ആശ്രയിക്കണമെന്നും പറയുന്നത് ഇതുകൊണ്ടാണ്.
സത്യത്തിൽ കടം ധാരാളമായി എടുക്കുന്നതല്ല, വേണ്ടത്ര സ്വകാര്യ നിക്ഷേപത്തിന്റെയും പങ്കാളിത്ത നിക്ഷേപ പദ്ധതികളുടെയും അഭാവമാണ് പ്രശ്നം. ഒരു ഘട്ടത്തിൽ കേരളത്തിലടക്കം വിജയകരമായ പബ്ലിക്- പ്രൈവറ്റ് പങ്കാളിത്ത പദ്ധതികൾ കൂടുതൽ സർക്കാർ കെടമെടുത്ത വികസനശൈലിക്കാലത്ത് കുറവാണെന്നത് ശ്രദ്ധേയമാണ്. അപ്പോൾ കടമെടുപ്പല്ല; കടമെടുപ്പ് സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും മറ്റും ഹ്രസ്വകാലത്തിനുള്ളിൽ ഹാനികരമാവുമാറ് ഭവിക്കാതിരിക്കലും നിർമ്മിച്ച ആസ്തികൾ ഫലപ്രദമായി പരിപാലിക്കുന്നതും സ്വകാര്യ നിക്ഷേപത്തെ അത് അകറ്റുന്നതുമാണ് കടമെടുപ്പിനെ വേണ്ടതിലധികം ആശ്രയിച്ചാലുള്ള തകരാറ്. ഇതിനെപ്പറ്റി അവബോധം നല്ലത് എന്നുമാത്രം.
(അഭിപ്രായം വ്യക്തിപരം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |