SignIn
Kerala Kaumudi Online
Sunday, 18 October 2026 2.52 AM IST

രൂപപ്പെടുത്തണം ഹരിത വികസന പാത

1

അതിശയകരമായ വിജയങ്ങളും അതോടൊപ്പം അതിശയകരമായ പരാജയങ്ങളും ഒത്തുചേർന്ന ഒരിടമായി കേരളം മാറിയിരിക്കുന്നു. ഭൂമിയും ജലസ്രോതസുകളും വീണ്ടെടുക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും സമഗ്ര വികസനം ഉറപ്പാക്കുന്നതുമായ ഒരു 'ഹരിത വികസന പാത' സംസ്ഥാനത്ത് രൂപപ്പെടുത്തണം

ഏറെ പ്രശംസ പിടിച്ചുപറ്റിയ കേരള വികസന മാതൃക, 21ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ പുതിയ വഴിത്തിരിവിലാണ്. 1970കളിലും 80കളിലുമായിരുന്നു ആദ്യ വഴിത്തിരിവ്. അക്കാലത്ത്,വിദ്യാസമ്പന്നരും അല്ലാത്തവരുമായ വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമായി തുടരുമ്പോഴും സാമ്പത്തിക വളർച്ചയുടെ പിന്തുണയില്ലാതെ തന്നെ കേരളം മാനവ വികസന സൂചികയിൽ മുന്നേറുകയായിരുന്നു. എന്നാൽ 1980കളുടെ അവസാനത്തോടെ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടായി.

വിദേശത്തുനിന്ന് കേരളത്തിലെ കുടുംബങ്ങളിലേക്ക് ഒഴുകിയെത്തിയ പണം സംസ്ഥാന വരുമാനത്തിന്റെ 10 ശതമാനത്തിലധികം വരികയും,പിന്നീടത് ക്രമാനുഗതമായി വർദ്ധിച്ച് 20 ശതമാനത്തിലധികം എത്തുകയും ചെയ്‌തു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിദേശത്തുനിന്ന് കേരളത്തിലേക്ക് എത്തുന്ന തുക സംസ്ഥാന സർക്കാരിന്റെ മൊത്തം ബഡ്ജറ്റ് ചെലവിനേക്കാൾ കൂടുതലാണ്. 21ാം നൂറ്റാണ്ടിലെ കേരളം ഉയർന്ന മാനവ വികസനവും ഉയർന്ന സാമ്പത്തിക വളർച്ചയും കൈവരിക്കുകയും, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഉയർന്ന പ്രതിശീർഷ വരുമാനം നേടുകയും ചെയ്‌തിരിക്കുന്നു.

രണ്ടാമത്തെ വഴിത്തിരിവ് കൂടുതൽ സങ്കീ‌ർണമാണ്. വിദ്യാസമ്പന്നർക്കിടയിലെ തൊഴിലില്ലായ്‌മ ഇപ്പോഴും തുടരുന്നു. സംസ്ഥാന സർക്കാർ തികച്ചും നിസഹായാവസ്ഥയിലാണ്. നികുതി വരുമാനം പിരിച്ചെടുക്കുന്നതിലെ കാര്യക്ഷമത കുറഞ്ഞുവരുന്നു. ദൈനംദിന ചെലവുകൾ (റവന്യു ചെലവുകൾ) നിറവേറ്റാൻ പോലും കടമെടുക്കുകയാണ്. 1960 മുതൽ കേരളം കൈവരിച്ച വികസന അനുഭവങ്ങളെക്കുറിച്ചുള്ള വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഈ നിഗമനത്തിലെത്തിയത്. ചുരുക്കത്തിൽ, അതിശയകരമായ വിജയങ്ങളും അതോടൊപ്പം അതിശയകരമായ പരാജയങ്ങളും ഒത്തുചേർന്ന ഒരിടമായി കേരളം മാറിയിരിക്കുന്നു.

രാജ്യമായി പരിഗണിച്ചാൽ

89ാം സ്ഥാനം!

ഐക്യരാഷ്ട്രസഭയുടെ 2022ലെ മാനവ വികസന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തെ മറ്റു രാജ്യങ്ങളുമായി ഞാൻ താരതമ്യം ചെയ്‌തു. കേരളത്തെ ഒരു 'രാജ്യ'മായി പരിഗണിക്കുകയാണെങ്കിൽ 89ാം സ്ഥാനമായിരിക്കും ലഭിക്കുക. ഇത് തായ്‌ലൻഡ്,മലേഷ്യ എന്നിവയേക്കാൾ വളരെ പിന്നിലാണെങ്കിലും,വിയറ്റ്‌നാം ഉൾപ്പെടെയുള്ള രാജ്യങ്ങളേക്കാൾ വളരെ മുന്നിലാണ്.

70 വർഷത്തിനിടെ കേരളം രണ്ട് വ്യത്യസ്‌ത ഘട്ടങ്ങളിലൂടെ കടന്നുപോയി. 1960 മുതൽ 1986 വരെയുള്ള ആദ്യത്തെ 26 വർഷത്തെ ഘട്ടത്തിൽ, സാർവത്രിക സാക്ഷരത,വിദ്യാഭ്യാസ കാലയളവിലെ വർദ്ധനവ്,ഉയർന്ന ആയുർദൈർഘ്യം എന്നിങ്ങനെ മാനവ വികസന സൂചകങ്ങൾ മികച്ച നിലയിലായിരുന്നു. സാമ്പത്തിക വളർച്ച കുറവായിരുന്നതും,ദാരിദ്ര്യവും തൊഴിലില്ലായ്മയും ഉയർന്ന തോതിലായിരുന്നു എന്നതും ഈ ഘട്ടത്തിന്റെ പ്രത്യേകതകളാണ്.

മൊത്തത്തിലുള്ള പ്രകടനത്തിന്റെ കാര്യത്തിൽ,ഇന്ത്യയുടെ ശരാശരി നിലവാരത്തേക്കാൾ പിന്നിലായിരുന്നു കേരളം. 1987-88ൽ ആരംഭിച്ച രണ്ടാംഘട്ടത്തിൽ,മാനവ വികസന സൂചകങ്ങൾ ഉയർന്ന നിലയിൽ തുടർന്നു. ജനസംഖ്യാ വളർച്ചാ നിരക്ക് കുറവായിരുന്നു. സാമ്പത്തിക വളർച്ചയിൽ പുരോഗതിയുണ്ടായെങ്കിലും,തൊഴിലില്ലായ്‌മ ഉയർന്ന തോതിൽ തുടർന്നു. ഇതെങ്ങനെ സംഭവിച്ചു? ആദ്യ ഘട്ടത്തിൽ കാർഷിക സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ കേരള സർക്കാർ ശ്രമങ്ങൾ നടത്തിയെങ്കിലും, അത് സ്‌തംഭനാവസ്ഥയിലായിരുന്നു. കാർഷിക ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി സർക്കാർ നടത്തിയ ചെലവഴിക്കലുകൾ കാര്യമായ ഫലം കണ്ടില്ല. വ്യാവസായിക മേഖലയും സ്‌തംഭനാവസ്ഥയിലായിരുന്നു.

ഇതിന് പ്രധാന കാരണം തൊഴിൽ തർക്കങ്ങളും,സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങളാൽ നയിക്കപ്പെട്ട ട്രേഡ് യൂണിയനുകൾ സാങ്കേതിക നവീകരണത്തിനെതിരെ നടത്തിയ പ്രചാരണങ്ങളുമായിരുന്നു. സേവന മേഖലയിലുണ്ടായ വളർച്ചയാണ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണമായ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. രണ്ടാംഘട്ടത്തിൽ,ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ നാട്ടിലേക്ക് അയച്ച പണം സംസ്ഥാന സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റമുണ്ടാക്കി. 21-ാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും ഇത് ഏകദേശം 25 ശതമാനമായി ഉയർന്നു. നിലവിലിത് 17 ശതമാനമാണ്. തുകയുടെ അടിസ്ഥാനത്തിൽ പറഞ്ഞാൽ ഏകദേശം 2.15 ലക്ഷം കോടി രൂപ വരും.

അതിദരിദ്ര സംസ്ഥാനമല്ല

1960-70 കാലത്തെ പോലെ അതിദരിദ്രമായ സംസ്ഥാനമല്ല ഇന്ന് കേരളം. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ കേരളം രാജ്യത്ത് ഏഴാം സ്ഥാനത്താണ്. പ്രതിശീർഷ ഉപഭോഗചെലവിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്തും. വിദേശത്തുനിന്നുള്ള വരുമാനം കൂടി കണക്കിലെടുത്താൽ ലോകബാങ്കിന്റെ വർഗീകരണമനുസരിച്ച് കേരളം 'ഉയർന്ന ഇടത്തരം വരുമാനമുള്ള' വിഭാഗത്തിൽ ഉൾപ്പെടുന്നു. 2024-25 കാലയളവിൽ കേരളത്തിലെ പ്രതിശീർഷ വാർഷിക വരുമാനം ഏകദേശം 4,400 യു.എസ് ഡോളറാണ്. അഖിലേന്ത്യാ ശരാശരി ഏകദേശം 2,500 യു.എസ് ഡോളർ മാത്രമാണ്.

കേരളത്തിലെ ദരിദ്രർ മറ്റ് പല ഇന്ത്യൻ സംസ്ഥാനങ്ങളിലെയും പോലെ അത്ര ദരിദ്രരല്ല എന്ന് പറയാം. ഇതിന് പ്രധാന കാരണം കേരളത്തിലെ ശാരീരിക അദ്ധ്വാനം ആവശ്യമുള്ള ജോലികൾ ചെയ്യുന്നവർക്ക് ലഭിക്കുന്ന കൂലി ദേശീയ ശരാശരിയേക്കാൾ 2.5 മുതൽ 3 മടങ്ങ് വരെ കൂടുതലാണ് എന്നതാണ്. പൊതുവിതരണ സംവിധാനത്തിന്റെ താരതമ്യേന മികച്ച നടത്തിപ്പ്,കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി,അനുബന്ധ പോഷകാഹാര പരിപാടികൾ,സ്കൂളുകളിൽ കുട്ടികളെ ഏതാണ്ട് പൂർണമായും ചേർക്കൽ തുടങ്ങിയവയും എടുത്തു പറയേണ്ടതുണ്ട്.

സംസ്ഥാനത്തെ പകുതിയിലധികം കുടുംബങ്ങളും സാമ്പത്തികമായി ഭദ്രമായ നിലയിലാണുള്ളത്. കേരളത്തിലെ 50 ശതമാനം കുടുംബങ്ങളിലും മൊബൈൽ ഫോൺ,ടിവി,റെഫ്രിജറേറ്റർ,ഇരുചക്ര വാഹനം എന്നിവയിൽ ഓരോന്നെങ്കിലും ഉണ്ട്. കേരളത്തിലെ 26 ശതമാനം കുടുംബങ്ങളിൽ സ്വകാര്യ കാറും സ്വന്തമായുണ്ട്.

പരിസ്ഥിതിക്ക് ഇണങ്ങുന്ന

വികസന മാതൃക

കേരള മാതൃകയുടെ വലിയ പരാജയം,സംസ്ഥാന സർക്കാർ നടത്തുന്ന വരുമാന സമാഹരണത്തിന്റെ (നികുതിയും നികുതിയിതര വരുമാനവും) കാര്യക്ഷമത കുറഞ്ഞുവരുന്നു എന്നതാണ്. സംസ്ഥാന സർക്കാർ ഓരോ വർഷവും കടമെടുക്കുന്ന തുകയുടെ മൂന്നിൽ രണ്ട് ഭാഗവും റവന്യു കമ്മി നികത്താനാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഫലമായി, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ മൂലധന ചെലവ് നടത്തുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു.

വിദ്യാസമ്പന്നരായ തൊഴിലില്ലാത്തവരുടെ എണ്ണം വർദ്ധിക്കുന്നത് കേരള മാതൃകയുടെ മറ്റൊരു പരാജയമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കിലുള്ള വിദ്യാസമ്പന്നരായ തൊഴിലില്ലാത്തവർ കേരളത്തിലാണുള്ളത്. കേരളത്തിലെ ഭൂരിഭാഗം യുവാക്കളും തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്‌ക്ക് അനുയോജ്യമായ 'വൈറ്റ് കോളർ' ജോലികളാണ് ആഗ്രഹിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ അവസരങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കുന്നത് കൂടുതലും പുരുഷന്മാർക്കാണ്. അവിടെ ജോലി ചെയ്യുന്ന മലയാളികളിൽ 80 ശതമാനവും പുരുഷന്മാരാണ്.

വിദ്യാസമ്പന്നരായ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർ എടുക്കുന്ന ഓരോ നടപടിക്കും കൂടുതൽ സാമ്പത്തിക സ്രോതസുകൾ ആവശ്യമാണ്. പരിസ്ഥിതിക്ക് ഇണങ്ങുന്ന വികസന മാതൃക സ്വീകരിക്കുക എന്ന വലിയ വെല്ലുവിളിയും കേരളത്തിന് മുന്നിലുണ്ട്. ഇതിനായി ഭൂമിയും ജലസ്രോതസുകളും വീണ്ടെടുക്കുകയും,തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതും സമഗ്ര വികസനം ഉറപ്പാക്കുന്നതുമായ ഒരു 'ഹരിത വികസന പാത' രൂപപ്പെടുത്തുകയും വേണം. ഇത്തരമൊരു മാറ്റത്തിന് കേരളീയ സമൂഹം സജ്ജമാണോ എന്നതാണ് വലിയ ചോദ്യം.

ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും സാമ്പത്തിക,രാഷ്ട്രീയ മേഖലകൾ മൗലികമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിനും സാമ്പത്തിക,രാഷ്ട്രീയ മേഖലകളിൽ മാറ്റങ്ങൾ വരുത്തേണ്ടി വരുമെന്ന് കരുതുന്നതിൽ തെറ്റില്ല. അസ്വസ്ഥരായ യുവതലമുറ കാത്തിരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു.

( പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും സി.ഡി.എസ് മുൻ ഡയറക്ടറുമാണ് ലേഖകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA70
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION