ഭഗവാൻ ജഗന്നാഥനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒട്ടേറെ പ്രാർത്ഥനാഗീതങ്ങളും ഭക്തിഗാനങ്ങളും കുട്ടിക്കാലം മുതൽക്കെ എന്റെ ഓർമ്മകളിലുണ്ട്. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ മഹാപ്രഭു ജഗന്നാഥന്റെ ഭജനകൾ ആലപിക്കുന്നതിൽ ഞാൻ അതിയായ സന്തോഷം കണ്ടെത്തിയിരുന്നു. മഹാപ്രഭുവിനോട് അനിർവചനീയമായ ഒരു ബന്ധം സദാ അനുഭവവേദ്യമായിരുന്നു.
വീട്ടിൽ, ജഗന്നാഥനെക്കുറിച്ചുള്ള ചർച്ചകൾ പതിവായിരുന്നു. നമ്മുടെ ഗ്രാമത്തിലും അത്തരം ചർച്ചകൾ സർവസാധാരണമായിരുന്നു. ഞാൻ ഗ്രാമത്തിലെ സ്കൂളിൽ പഠിക്കുമ്പോൾ, ഭക്ത സാൽബെഗ് രചിച്ച പ്രസിദ്ധമായ പ്രാർത്ഥന 'അഹേ നില ശൈല' ഞങ്ങൾ പതിവായി ചൊല്ലാറുണ്ടായിരുന്നു. ഞങ്ങളുടെ അദ്ധ്യാപകൻ ഭഗവാൻ ജഗന്നാഥനെക്കുറിച്ചും പുരിയിലെ മനോഹരമായ ജഗന്നാഥ ക്ഷേത്രത്തെക്കുറിച്ചും എപ്പോഴും വാചാലനാകും.
പുരിയിലെ പുരുഷോത്തമ ക്ഷേത്രം, എന്റെ ജന്മഗ്രാമമായ മയൂർഭഞ്ച് ജില്ലയിലെ ഉപർബേദയിൽ നിന്ന് ഏറെ അകലെയായതിനാൽ അവിടം സന്ദർശിക്കാൻ അവസരം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പിന്നീട്, യൂണിറ്റ്-2 ഗേൾസ് ഹൈസ്കൂളിലെ പഠനത്തിനായി ഭുവനേശ്വറിലെത്തുകയും ഹോസ്റ്റലിൽ താമസമാക്കുകയും ചെയ്തപ്പോൾ പുരി, ഭുവനേശ്വർ, കൊണാർക്ക് തുടങ്ങിയ ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള അവസരം കൈവന്നു. ഭഗവാൻ ജഗന്നാഥന്റെ പ്രഥമ ദർശനം എന്റെ ഓർമ്മയിലിന്നും മായാതെ നിൽക്കുന്നു.
കുട്ടിക്കാലം മുതൽക്കെ, ഞാൻ ജഗന്നാഥന്റെ ഭക്തയായിരുന്നു. അദ്ദേഹത്തെ ഞാനെന്റെ ആരാധ്യദേവനായി കണക്കാക്കുന്നു. എന്റെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളിലെല്ലാം അദ്ദേഹം എന്നോടൊപ്പമുണ്ട്. എന്റെ ജീവിതത്തിലുടനീളം, കഷ്ടപ്പാടുകൾ നേരിട്ടപ്പോഴെല്ലാം, ഭഗവാൻ ജഗന്നാഥൻ എന്നെ കാത്തുരക്ഷിച്ചു. എന്റെ സുഖദുഃഖങ്ങളുടെ ഉറവിടം അദ്ദേഹമാണ്. അദ്ദേഹം എനിക്ക് ശക്തിപകർന്നു, എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്യാൻ സഹായിച്ചു.
ഇന്ത്യൻ രാഷ്ട്രപതി പദത്തിലേക്കുള്ള എന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ഞാൻ ഭഗവാൻ ജഗന്നാഥനെ എളിമയോടെ സ്മരിക്കുകയും മാർഗനിർദ്ദേശത്തിനും പിന്തുണയ്ക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. 2022 ജൂലായ് 25ന് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനായി പാർലമെന്റിന്റെ സെൻട്രൽ ഹാളിലേക്ക് പോകുമ്പോൾ ഞാൻ മഹാപ്രഭു ജഗന്നാഥനോട് പ്രാർത്ഥിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ ചടങ്ങ് ഭംഗിയായി നടന്നു.
രാഷ്ട്രപതി എന്ന നിലയിലുള്ള കന്നി അഭിസംബോധനാ സമയത്ത്, അദ്ദേഹം എന്നോടൊപ്പം ഉണ്ടായിരുന്നതുപോലെ തോന്നി. രാഷ്ട്രപതിയായി ചുമതലയേറ്റെങ്കിലും, പുരി സന്ദർശിക്കാനും ഭഗവാൻ ജഗന്നാഥന്റെ പവിത്ര ദർശനത്തിനും എന്റെ ഹൃദയം കൊതിച്ചുകൊണ്ടിരുന്നു. ദിവസങ്ങൾ കടന്നുപോയി, പക്ഷേ പുരി സന്ദർശിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒരു നിമിഷം എനിക്ക് തോന്നി; അവൻ അനുവദിക്കാത്തിടത്തോളം ആർക്കെങ്കിലും അവന്റെ ദർശനം ലഭിക്കുമോ! ഞാൻ നിശബ്ദമായി അവിടുത്തോട് പ്രാർത്ഥിച്ചു.
താമസിയാതെ, 2022 നവംബർ 10ന് പുരിയിലേക്കുള്ള ഔദ്യോഗിക സന്ദർശനം നിശ്ചയിക്കപ്പെട്ടു. വാഹനവ്യൂഹം പ്രശസ്തമായ ഗ്രാൻഡ് റോഡിലേക്ക് (ബഡ ദണ്ഡ) പ്രവേശിച്ചപ്പോൾ, ഞാൻ ഭക്തിയാൽ മതിമറന്നു. ശ്രീ ജഗന്നാഥന്റെ വീഥിയാണ് ബഡാ ദണ്ഡ.
അവിടെ പ്രോട്ടോക്കോളുകൾക്ക് എന്ത് പ്രസക്തി ? കാർ നിറുത്താൻ ഞാനാവശ്യപ്പെട്ടു. മുഴുവൻ വാഹനവ്യൂഹവും നിശ്ചലമായപ്പോൾ, മെല്ലെ പുറത്തിറങ്ങി. ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ജഗന്നാഥ ക്ഷേത്രത്തിലേക്ക് നഗ്നപാദയായി നടന്നു.
സിംഹദ്വാരത്തിൽ (ലയൺ ഗേറ്റിൽ) എത്തിയപ്പോൾ, ഭക്തി എന്ന കീഴടക്കി, മറ്റെല്ലാം മറന്നു. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഞാൻ പാവനമായ ഗ്രാൻഡ് റോഡിൽ സാഷ്ടാംഗം പ്രണമിച്ചു. അനന്തരം ക്ഷേത്രത്തിൽ പ്രവേശിച്ചു. ശ്രീകോവിലിൽ (ഗർഭഗൃഹം) എത്തി നാലു ദേവതമാരുടെ പവിത്രമായ ദർശനം ലഭിച്ചതോടെ, ദിവ്യാനന്ദത്താൽ ഞാൻ മതിമറന്നു.
പ്രപഞ്ചത്തിന്റെ സംരക്ഷകനായ മഹാപ്രഭുവിന്റെ ദർശനം.
ലോകരുടെ ദുഃഖങ്ങൾ ലഘൂകരിക്കാൻ അദ്ദേഹം സദാ ഒപ്പമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വൃത്താകരമായ നയനങ്ങൾ ഒരിക്കലും ഇമവെട്ടാത്തത്. ധനികനെന്നോ ദരിദ്രനെന്നോ, ഉയർന്നവനെന്നോ താണവനെന്നോ ഉള്ള വേർതിരിവ് അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ എല്ലാവരും സമന്മാരാണ്, സമത്വം അദ്ദേഹത്തിന്റെ മന്ത്രമാണ്. അദ്ദേഹത്തിന്റെ കാരുണ്യത്താൽ അനുഗൃഹീതയായ ഞാൻ, സമൂഹത്തിലെ സമസ്ത ജനവിഭാഗങ്ങളുടെയും സേവനത്തിനായി സ്വയം സമർപ്പിച്ചു. മഹാപ്രഭു ജഗന്നാഥനെ നോക്കി, ഭക്തിപൂർവം കൈകൾകൂപ്പി ഞാൻ പ്രാർത്ഥിച്ചു, ‘ജനസേവനത്തിനായുള്ള എന്റെ സമർപ്പണ മനോഭാവം അങ്ങയുടെ അനുഗ്രഹത്താൽ ശാശ്വതമായി നിലനിൽക്കട്ടെ, ഹേ മഹാബാഹോ! ഹേ കൃപാനിധേ, സമ്പൂർണ ജഗത്തെയും നമ്മുടെ രാജ്യത്തെയും ദയാപൂർവം കാത്തുകൊള്ളേണമേ'.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |