
കുട്ടിക്കാലത്തുതന്നെ വായന ലഹരിയാക്കിമാറ്റിയ പ്രസിദ്ധീകരണമാണ് കൗമുദി ആഴ്ചപ്പതിപ്പ്. അതിലെ പത്രാധിപക്കുറിപ്പുകളും പത്രാധിപരോടു സംസാരിക്കുക എന്ന ചോദ്യോത്തരപംക്തിയും എല്ലാവരും ആസ്വദിച്ചു വായിച്ചു. പുതിയ എഴുത്തുകാരുടെ രചനകൾ മനസിന് ഊർജ്ജം പകർന്നു. പുരോഗമന ആശയഗതിക്കാരുടെ തലമുറയെ വളർത്തിയെടുക്കുന്നതിൽ 1950-60 കാലങ്ങളിൽ കൗമുദി വഹിച്ചപങ്ക് പ്രത്യേകം ഓർമ്മിക്കേണ്ടതാണ്.
ഞങ്ങൾ കുട്ടികൾക്ക് ഹൃദയത്തോട് ചേർത്തുപിടിക്കാൻ പ്രത്യേകിച്ചൊരു പംക്തി കൗമുദി ആഴ്ചപ്പതിപ്പിൽ ഉണ്ടായിരുന്നു. ഉഷച്ചേച്ചി എന്ന പേരിൽ കൊച്ചുങ്ങളോട് വിശേഷങ്ങൾ പങ്കുവച്ചിരുന്നത് പത്രാധിപരുടെ പത്നി. കെ.ബാലകൃഷ്ണനും ചന്ദ്രിക ബാലകൃഷ്ണനും സഖാക്കളും ചേർന്ന് ചമച്ച പുരോഗമനവൃത്തത്തിൽ എനിക്ക് ഒരിടം കിട്ടി. എന്റെ ആദ്യകാല രചനകൾ കൗമുദി ആഴ്ചപ്പതിപ്പിലൂടെയാണ് പുറത്തുവന്നത്.
‘രക്തസാക്ഷികളുടെ നാട്’ എന്ന് മഹാനായ എ.കെ.ജി പേരുചൊല്ലിവിളിച്ച കൂത്താട്ടുകുളത്തിനടുത്ത് ജനിക്കാൻ കഴിഞ്ഞതുകൊണ്ട് സ്വാഭാവികമായും ഉള്ളിൽ വിപ്ലവത്തിന്റെ കനൽ അണയാതെ കിടന്നിരുന്നു. ധിക്കാരിയുടെ കാതലായ സി.ജെ.തോമസും പുരോഹിതനായിരുന്നിട്ടും പള്ളിക്കുറ്റത്തിന് ശിക്ഷയേറ്റ വടക്കേൽ അച്ചനും ഒക്കെ സൃഷ്ടിച്ച സാംസ്കാരികാന്തരീക്ഷം വലിയ ഉത്തേജനമായി. ആ അന്തരീക്ഷത്തിൽനിന്ന് അഗ്നി ഉൾക്കൊണ്ടാണ് ആദ്യകഥ ‘കാരാഗൃഹത്തിൽ’ എഴുതിയത്. പിൽക്കാലത്ത് ‘ഇല്ലം’ എന്ന നോവലായി വികാസം പ്രാപിച്ചത് ആ കഥാരചന.
വേറെയും ചില കഥകൾ ബാലപംക്തിയിലൂടെ പുറത്തുവന്നു. പിന്നെ മുഖ്യധാരയിലേക്ക് സ്ഥാനക്കയറ്റം കിട്ടി. അങ്ങനെ നാട്ടിൻപുറത്തെ കർഷകബാലന് സാഹിത്യത്തിന്റെ വഴിയിൽ നടക്കാൻ കരുത്ത് നൽകിയത് കൗമുദി ആഴ്ചപ്പതിപ്പും പത്രാധിപർ കെ.ബാലകൃഷ്ണനുമായിരുന്നു എന്നത് ആനന്ദത്തോടെ ഓർക്കുന്നു. തിരിഞ്ഞുനോക്കി അഭിമാനം കൊള്ളുന്നു.
കൗമുദിയുടെ ലോകം എന്ന നിലയ്ക്കാണ് തിരുവനന്തപുരത്തെ ഔദ്യോഗിക വേദിയായി കണ്ടെത്തിയത്. ഇവിടെ വന്നപ്പോൾ കൗമുദിയും ബാലേട്ടനും നല്ല സ്വീകരണം നല്കി. അവിടത്തെ കുട്ടികൾ ബൈജുവും റോമിയോയും കൂട്ടുകാരും വിദ്യാർത്ഥികളുമായി. ആ അന്തരീക്ഷം സഫലമായി വളർന്ന് അനുഗ്രഹം ചൊരിഞ്ഞത് കേരളകൗമുദിയെന്ന സ്നേഹപ്രപഞ്ചത്തിലേക്ക് പ്രവേശനം ലഭിച്ചതോടെയാണ്. എം.എസ്.രവി എന്ന കുഞ്ഞുമോൻ വഴി പത്രാധിപർ കെ.സുകുമാരന്റെ സ്നേഹവാത്സല്യങ്ങൾ സ്വന്തമാക്കാൻ ഭാഗ്യം ലഭിച്ചു.
മഹാനായ സി.വി.കുഞ്ഞിരാമൻ, അദ്ദേഹത്തിന്റെ മകൻ പത്രാധിപർ കെ.സുകുമാരൻ. സി.വിയുടെ മകളെ വിവാഹം ചെയ്തത് തിരുവിതാംകൂർ-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി.കേശവനാണ്. ജീവിതം സമരമായിക്കണ്ട സി.കേശവന്റെ മകൻ കെ.ബാലകൃഷ്ണൻ സ്വജീവിതം തന്നെ ഒരു സമരായുധമാക്കി. റവലൂഷണറി സോഷ്യലിസ്റ്റു പാർട്ടിയുടെ നേതൃനിരയിൽ നിലയുറപ്പിച്ചു. എൻ.ശ്രീകണ്ഠൻ നായർ, ടി.കെ.ദിവാകരൻ, ബേബി ജോൺ എന്നിവർക്കൊപ്പം.
സ്നേഹത്തണൽ
കെ.ബാലകൃഷ്ണൻ ഉജ്വലനായ വാഗ്മി. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആ പ്രഭാഷണങ്ങൾ എത്ര ആവേശത്തോടെ, അഭിമാനത്തോടെ കേട്ടിരുന്നു! താരതമ്യങ്ങളില്ലാത്ത വാഗ്‌വിലാസം. തിരുക്കൊച്ചി നിയമസഭയിൽ അംഗം, പാർലമെന്റിൽ അമ്പലപ്പുഴ മണ്ഡലത്തിന്റെ പ്രതിനിധി എന്നീ നിലകളിൽ അദ്ദേഹമർപ്പിച്ച പ്രവർത്തനം ശ്ലാഘനീയമായിരുന്നു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുപോലും ആ വാക്കുകൾക്ക് കാതോർക്കാൻ മുടക്കം വരുത്തിയില്ല. നൂതന ആശയങ്ങളും മൗലികമായ അവതരണരീതികളും ആ പ്രഭാഷണങ്ങളെ സജീവവും വ്യതിരിക്തവുമാക്കി.
പത്രപ്രവർത്തനവും രാഷ്ട്രീയസേവനവും തുടരുന്നതിനിടയിലും ഏതാനും സാഹിത്യഗ്രന്ഥങ്ങൾ രചിക്കാൻ കെ.ബാലകൃഷ്ണൻ സമയം കണ്ടെത്തി. ‘നിറമില്ലാത്ത മാരിവില്ല്’, ‘കാലയളവ് ഒരു വർഷം’, ‘സഹ്യാദ്രി സാനുക്കളിൽ’, ‘മധുവിധുപ്രേമം’, ‘മഞ്ഞജലം’ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ രചനകൾ. 1984ൽ അറുപതാം വയസിൽ ആ കർമ്മജീവിതത്തിന് യവനിക വീഴുമ്പോൾ അത്യുജ്വലവും കാലത്തിന് ആവേശദായകവുമായ ഒരു കർമ്മജീവിതത്തിനാണ് ആദരത്തോടെ നാം സാക്ഷികളാകുന്നത്.
യുവതയുടെ ആദർശബോധത്തെ ഇതുപോലെ ഉജ്വലിപ്പിച്ച എഴുത്തുകാരനായ, പ്രഭാഷകനായ മറ്റൊരു പത്രാധിപർ ഇല്ല. കർമ്മോത്സുകരുടെ ഒരു പിൻതലമുറ സൃഷ്ടിക്കുന്നതിൽ കെ.ബാലകൃഷ്ണൻ വഹിച്ച പങ്ക് ആദരണീയമാണ്. വിപ്ലവ ദർശനവും സമത്വബോധവും പുരോഗമനാഭിമുഖ്യവുമുള്ള എഴുത്തുകാരുടെ രചനാവേദിയായി കൗമുദി മാറി. ആ സ്നേഹത്തണലിൽ ജീവിതം സുരക്ഷിതമാക്കിയ, പ്രതീക്ഷാനിർഭരമാക്കിയ പഴയ ബാലകൻ ഇപ്പോഴും എന്നിൽ ജീവിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |