SignIn
Kerala Kaumudi Online
Friday, 21 August 2026 2.07 AM IST

വിപണിയിലെ വ്യാജ മരുന്നുകൾ

READ ENGLISH VERSION
ss

ജീവൻ രക്ഷിക്കാനാണ് മനുഷ്യൻ മരുന്നുകളെ ആശ്രയിക്കുന്നത്. അതു തന്നെ വ്യാജമായാൽ വലിയൊരു ആരോഗ്യ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. കർണാടകയിലെ ബിഡദിൽ 5 കോടി രൂപയുടെ വ്യാജ മരുന്ന് വേട്ട നടന്നതും കേരളത്തിൽ ആസ്‌ത്‌മയ്ക്കുള്ള വ്യാജ ഇൻഹെയ്‌ലർ ഗുളികകൾ പിടികൂടിയതും ഇതിന്റെ തീവ്രത വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ പേരിൽ വ്യാജ മരുന്നുകൾ തയാറാക്കി വിപണനം ചെയ്യുന്ന കേന്ദ്രമാണ് കർണാടകയിൽ കണ്ടെത്തിയത്. ഒരു ഫാം ഹൗസിലാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വില കുറഞ്ഞ മരുന്നുകളെത്തിച്ച് അന്താരാഷ്ട്ര മരുന്ന് കമ്പനികളുടെ കുപ്പികളിലാക്കിയും ലേബലുകളൊട്ടിച്ച് അനധികൃതമായി വിപണനം ചെയ്യുകയായിരുന്നു. മനുഷ്യന്റെ ജീവൻ വച്ചും പണമുണ്ടാക്കാനായി പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രം ഒറ്റപ്പെട്ടതാണെന്ന് കരുതാനാകില്ല. വിശദമായ പരിശോധനയിൽ മാത്രമേ ഇവരുടെ ശൃംഘല എത്രമാത്രം വ്യാപിച്ചിട്ടുണ്ടെന്ന് കണ്ടെത്താനാകു.

ഈ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്ത മരുന്നുകൾ ഉപയോഗിക്കാൻ കൊള്ളാവുന്നതല്ല. ഇവ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന അസംസ്‌കൃത വസ്തുക്കൾ ചേർത്ത് ഉണ്ടാക്കിയതാണെന്നാണ് കണ്ടെത്തൽ. കുത്തിവയ്‌പ്പിനുള്ള മരുന്നുകൾ ഉൾപ്പെടെ പിടിച്ചെടുത്തവയിലുണ്ട്. മരുന്ന് പായ്ക്കറ്റുകളിലെ സ്‌കാനിംഗ് കോഡുകൾ പ്രവർത്തിക്കുന്നവയായിരുന്നില്ല. പിടിച്ചെടുത്തവയിൽ 35 ലക്ഷം രൂപയുടെ മരുന്നുകൾ കാലാവധി കഴിഞ്ഞതായിരുന്നു. ഈ വ്യാജ മരുന്ന് നിർമ്മാണകേന്ദ്രത്തിന്റെ നടത്തിപ്പുകാരെക്കുറിച്ച് അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാനാണ് തീരുമാനം. വിവരങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കും കൈമാറേണ്ടതുണ്ട്. കാരണം ഇവരുടെ മരുന്നുകൾ കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും വിതരണം ചെയ്ത‌ിട്ടില്ലെന്ന് കരുതാനാകില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരുന്നുകൾ വിറ്റുപോകുന്ന സംസ്ഥാനമെന്ന നിലയിൽ കേരളം ഇത്തരം വ്യാജ മരുന്ന് നിർമ്മാതാക്കളുടെ പ്രധാന വിപണന കേന്ദ്രങ്ങളിലൊന്നായിരുന്നോ എന്നത് സംസ്ഥാന ആഭ്യന്തര - ആരോഗ്യ വകുപ്പുകൾ സംയുക്തമായി അന്വേഷണവിധേയമാക്കേണ്ടതാണ്.

ചില രോഗങ്ങൾക്ക് വിദേശ മരുന്നുകൾ വേണ്ടിവരുന്നതിനാൽ വലിയ വില കൊടുത്താണ് രോഗികൾ അത് വാങ്ങുന്നത്. അത് വ്യാജമാണെങ്കിൽ അതിനേക്കാൾ വലിയ വഞ്ചനയും പാതകവും മറ്റൊന്നില്ല. ഇതിൽ പല മരുന്നുകൾക്കും ലക്ഷങ്ങളാണ് വില. ചില സ്വകാര്യ ആശുപത്രികൾ തന്നെ ഇത്തരം മരുന്നുകൾ വിദേശത്ത് നിന്ന് വരുത്തി രോഗികൾക്ക് നൽകാറുണ്ട്. ഇത്തരം മരുന്നുകൾ എത്തിച്ചുനൽകുന്നതിന് എല്ലാസംസ്ഥാനങ്ങളിലും ഇടനിലക്കാരുമുണ്ട്. ഇവരെയെല്ലാം ചുറ്റിപ്പറ്റി അന്വേഷണം നടക്കേണ്ടത് ആവശ്യമാണ്.

ഇന്ത്യയിൽ ജീവൻരക്ഷാ മരുന്നുകളുടെ പായ്‌ക്കറ്റുകളിൽ ക്യു.ആർ കോഡ് നിർബന്ധമാണ്. ഇത് സ്‌കാൻ ചെയ്‌താൽ മരുന്നിന്റെ കൃതൃത ഉറപ്പാക്കാം. ഇത് വില്പന നടത്തുന്ന കടകളിൽ ഇക്കാര്യങ്ങൾ ഉറപ്പുവരുത്തേണ്ട ഫാർമസിസ്റ്റുകളുടെ അഭാവവും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. പലപ്പോഴും വിപണി വിലയേക്കാൾ വളരെ താഴ്‌ത്തി നൽകിയും ഇത്തരം വ്യാജ മരുന്നുകൾ വിറ്റഴിക്കപ്പെടുന്നുണ്ട്. പായ്‌ക്കറ്റിൽ ബ്രാൻഡിന്റെ പേര് ചേർത്തിരിക്കുമെങ്കിലും ഇതിൽ ചില അക്ഷരങ്ങൾ തെറ്റായിരിക്കും. ഇതൊന്നും സാധാരണക്കാരന് കണ്ടുപിടിക്കാനാകില്ല.

വ്യാജ മരുന്ന് വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കേന്ദ്ര - സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പുകളിലോ ഉപഭോക്തൃ ഫോറങ്ങളിലോ ആണ് പരാതിപ്പെടേണ്ടത്. ഡോക്ടർമാരുടെ കൃത്യമായ കുറിപ്പടി ഇല്ലാതെ ഓൺലൈൻ സൈറ്റുകൾ വഴിയോ അപരിചിതരായ ഇടനിലക്കാരിൽ നിന്നോ മരുന്നുകൾ വാങ്ങാതിരിക്കാൻ ജനങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY