SignIn
Kerala Kaumudi Online
Saturday, 03 October 2026 5.34 AM IST

സുരക്ഷാ ഏജൻസികളുടെ വലിയ നേട്ടങ്ങൾ

READ ENGLISH VERSION
s

അക്രമം നടത്തുന്നവർ പലപ്പോഴും ഭീരുക്കളാണെന്നു പറയുന്നത് അതേ നാണയത്തിൽ തിരിച്ചടി വരുമ്പോൾ അവർ മാളത്തിൽ ഒളിക്കുകയും ജീവനുവേണ്ടി പരക്കം പായുകയും ചെയ്യുന്നതിനാലാണ്. നിരപരാധികളെ വെടിവച്ചുകൊല്ലുന്നത് ധീരപ്രവൃത്തിയായി ചിത്രീകരിക്കുന്നത് ഭീകരസംഘടനകൾ മാത്രമാണ്. പഹൽഗാം ആക്രമണത്തിൽ വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്താറോളം പേരെയാണ് വെടിവച്ചുകൊന്നത്. അതും അവരുടെ പേരുകൾ ചോദിച്ച് ഹിന്ദുക്കളാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം. ഇന്ത്യയിൽ മതവിദ്വേഷം പടർത്തുകയും മത ലഹള സൃഷ്ടിക്കുകയുമായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ച പാക് ഭീകരർ ലക്ഷ്യം വച്ചത്. സ്‌ത്രീകളുടെ സിന്ദൂരം മായ്‌ച്ചതിന് കാരണക്കാരായ ഒരാളെയും വെറുതെവിടില്ലെന്നും തക്കതായ പ്രതികാര നടപടി ഉണ്ടാവുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ഈ സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ പറഞ്ഞിരുന്നു.

ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാന് നൽകിയ ചുട്ട തിരിച്ചടിക്ക് പുറമേ പഹൽഗാം ആക്രമണത്തിലുൾപ്പെട്ട അവസാന ഭീകരനെയും ഇന്ത്യൻ സൈന്യം വധിച്ചിരിക്കുന്നു. മദ്ധ്യ കാശ്‌മീരിലെ ബദ്‌ഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് ലഷ്കറെ ത്വയ്‌ബ ഭീകരനായ ഹാഷിം മൂസയെ വകവരുത്തിയത്. ഇതോടെ ഇന്ത്യൻ മണ്ണിൽ ഭീകരാക്രമണം നടത്തിയിട്ട് ഏത് മാളത്തിൽ പോയി ഒളിച്ചാലും ജീവൻ നഷ്ടപ്പെടുമെന്ന ശക്തമായ സന്ദേശമാണ് ഇന്ത്യ ഭീകര സംഘടനകൾക്ക് നൽകിയിരിക്കുന്നത്. പാക് സൈന്യത്തിലെ മുൻ കമാൻഡോ ആയിരുന്ന മൂസ മുൻ പാക് പ്രസിഡന്റ് മുഷാറഫിന്റെ സുരക്ഷാ സംഘത്തിലടക്കം അംഗമായിരുന്നെന്നാണ് റിപ്പോർട്ടുകൾ. സൈനിക സേവനം അവസാനിപ്പിച്ച ശേഷം ജമ്മുകാശ്‌മീരിലേക്ക് കടന്ന് ലഷ്‌കറിന്റെ കമാൻഡറായി പ്രവർത്തിച്ചുവരികെയാണ് പഹൽഗാം ആക്രമണത്തിൽ പങ്കാളിയായത്. ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തിയിട്ട് പാകിസ്ഥാനിലേക്ക് കടന്നാൽ രക്ഷപ്പെടാമെന്ന ഭീകരരുടെ വിശ്വാസമാണ് പഹൽഗാം സംഭവത്തിലെ അവസാനത്തെ ഭീകരനെയും വധിച്ചതിലൂടെ ഇന്ത്യ തകർത്തിരിക്കുന്നത്.

ഇന്റലിജൻസ് വിഭാഗത്തിന്റെ സൂക്ഷ‌്‌മമായ നീക്കങ്ങളും തന്ത്രങ്ങളുമാണ് ഇത്തരം 'ടാർഗറ്റ് കില്ലിംഗ്' സാദ്ധ്യമാക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയും സമാധാനവും സംരക്ഷിക്കാൻ ചില സന്ദർഭങ്ങളിൽ ഇത്തരം മാർഗങ്ങൾ അവലംബിക്കേണ്ടി വരുന്നതിനെ കുറ്റപ്പെടുത്താനാകില്ല. തോക്കിൻ കുഴലിലൂടെയുള്ള ഭീകരപ്രവർത്തനം പഴയതുപോലെ നടക്കില്ല എന്ന് പാക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്ക് പൂർണമായും ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അവർ മറ്റ് മാർഗങ്ങൾ അവലംബിക്കാതിരിക്കാൻ തരമില്ല. അതിന്റെ ഭാഗമായുള്ള ഒരു വൻ നീക്കത്തിന്റെ ഭാഗമായി വേണം അറബിക്കടലിൽ നിന്നും 3000 കോടിയുടെ ലഹരിമരുന്നുമായി വന്ന അഞ്ച് പാക് പൗരന്മാർ പിടിയിലായ സംഭവത്തെ കാണേണ്ടത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡാണ് ഇവരെ ലക്ഷദ്വീപിന് പടിഞ്ഞാറുവശം അറബിക്കടലിൽ നിന്ന് പിടികൂടിയത്.

കോസ്റ്റ് ഗാർഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ 526 കിലോഗ്രാം ഹെറോയിനും മെത്താഫെറ്റാമിനുമാണ് പിടികൂടിയത്. ഇന്ത്യയിലെ യുവതലമുറയെ തകർക്കാനുള്ള മറ്റൊരു ഭീകര പദ്ധതിയായി തന്നെ ഈ മയക്കുമരുന്ന് വേട്ടയെ വിലയിരുത്തേണ്ടിവരും. ഇറാനിയൻ ബോട്ടിലാണ് കടത്തിയതെങ്കിലും ബോട്ടിലുണ്ടായിരുന്നവർ പാക് പൗരന്മാരാണ്. അതിനാൽ ഇതിന് പിന്നിൽ വിദേശ ശക്തിയുടെ കൃത്യമായ ഇടപെടൽ നടന്നിട്ടുണ്ടെന്ന് ഉൗഹിക്കാം. മയക്കുമരുന്ന് വിപണിയിലൂടെ നേടുന്ന പണം ഇന്ത്യക്കെതിരായ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാവും ഇതിനു പിന്നിൽ ചരടുവലിച്ച അന്താരാഷ്ട്ര കണ്ണികൾ ലക്ഷ്യം വച്ചത്. കടലിൽ വച്ചുതന്നെ ഇവരുടെ പദ്ധതി തകർക്കാനായത് ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ വലിയൊരു നേട്ടമാണ്. ഇതിന്റെ പിന്നിലെ ഇന്ത്യൻ ഏജന്റുമാരെയും വെളിച്ചത്തു കൊണ്ടുവരാനുള്ള അന്വേഷണമാണ് ഇനി നടക്കേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY