
പച്ചക്കറി വിപണിയിൽ വില ഉയർന്ന് നിൽക്കുന്നത് സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റിനെ പ്രതിസന്ധിയിലാഴ്ത്തുന്നു. നിത്യോപയോഗ സാധനങ്ങൾക്കായി മാറ്റിവയ്ക്കുന്ന തുകയിൽ വലിയൊരു പങ്ക് ഇപ്പോൾ പച്ചക്കറികൾക്കായി മാത്രം ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഭൂരിഭാഗം പച്ചക്കറികൾക്കും ഇരട്ടിയിലധികം രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ കുടുംബത്തിന്റെയും ദൈനംദിന ജീവിതച്ചെലവുകൾ കുതിച്ചുയരുന്നതിനും അടുക്കളകളിൽ കടുത്ത ആശങ്ക ഉയരുന്നതിനും ഇത് കാരണമായിട്ടുണ്ട്. ഒട്ടൻഛത്രം, പൊള്ളാച്ചി, മൈസൂർ, ബംഗളൂരു, സത്യമംഗലം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികൾ എത്തുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അയൽ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴക്കെടുതിയും വെള്ളപ്പൊക്കവുമാണ് വിപണിയിലെ അപ്രതീക്ഷിത പ്രതിസന്ധിക്ക് കാരണം. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പച്ചക്കറി കൃഷിയെ വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ചത്. വിളവെടുപ്പ് ഘട്ടത്തിലെത്തിയ വൻതോതിലുള്ള പച്ചക്കറികൾ വെള്ളത്തിനടിയിലായതും ഗതാഗത സംവിധാനങ്ങൾ തടസപ്പെട്ടതും കാരണം വിപണികളിലേക്കുള്ള വരവ് കുത്തനെ കുറഞ്ഞു.
ആവശ്യക്കാർ ഏറെയുണ്ടായിട്ടും വിതരണം കുറഞ്ഞതോടെയാണ് വിപണിയിൽ വില അനിയന്ത്രിതമായി ഉയർന്നത്. ഇന്ധന വിലയിലുണ്ടായ വർദ്ധനവ് മൂലം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്നതിനുള്ള ലോറി വാടകയും മറ്റ് യാത്രാച്ചെലവുകളും കുത്തനെ ഉയർന്നിട്ടുണ്ട്. കൂടാതെ, കൃഷിക്കാവശ്യമായ വളം, വിത്ത് എന്നിവയുടെ വിലയും തൊഴിലാളികളുടെ കൂലിയും വർദ്ധിച്ചതിനാൽ ഉൽപാദനച്ചെലവ് ഉയർന്നതും വിപണി വിലയെ ബാധിച്ചു.
ബീൻസിന്
130 രൂപ
കഴിഞ്ഞ മാസം കിലോയ്ക്ക് 60 മുതൽ 65 രൂപ വരെയുണ്ടായിരുന്ന ബീൻസിന് നിലവിൽ മൊത്ത വിപണിയിൽ വില 130 ആയി ഉയർന്നു. മലയാളി വീടുകളിലെ പാചകത്തിൽ ഒഴിച്ചുകൂടാനാവാത്ത ചെറിയ ഉള്ളിയുടെ വില കഴിഞ്ഞ മാസം 58 മുതൽ 65 രൂപയ്ക്ക് വരെയായിരുന്നു. നിലവിൽ, ചെറിയ ഉള്ളിയുടെ വില 100 മുതൽ 110 വരെയായി. കഴിഞ്ഞ മൂന്ന് മാസമായി ചെറുനാരങ്ങയുടെ വില ഉയർന്ന നിലയിൽ തുടരുകയാണ്. കൂടുതൽ വലിപ്പവും നീരുമുള്ള തമിഴ്നാട്ടിലെ പുളിയൻകുടി നാരങ്ങയ്ക്ക് ഹോൾസെയിൽ വില 190 രൂപയും റീട്ടെയിൽ വിപണിയിൽ 200 മുതൽ 220 രൂപ വരെയുമാണ്. ആന്ധ്ര നാരങ്ങയ്ക്ക് ഹോൾസെയിൽ 140 രൂപയും റീട്ടെയിൽ 180 രൂപയുമാണ് നിരക്ക്. കറി നാരങ്ങയ്ക്ക് ഹോൾസെയിലിൽ 70 രൂപയും റീട്ടെയിലിൽ 80 രൂപയുമാണ് വില. ചൂട് ഉയർന്നതിനാൽ നാരങ്ങാ വെള്ളത്തിന് വലിയ ആവശ്യക്കാരാണുള്ളത്.
നാരങ്ങ വില ഉയർന്നതോടെ കടകളിൽ നാരങ്ങാ വെള്ളത്തിനും കൂൾ ഡ്രിങ്ക്സുകൾക്കും അഞ്ച് മുതൽ 10 രൂപ വരെ കൂട്ടിയാണ് വിൽക്കുന്നത്. പച്ചക്കറികളുടെയും വിശേഷിച്ച് ചെറുനാരങ്ങയുടെയും വില കുതിച്ചുയർന്നത് സാധാരണക്കാരെ മാത്രമല്ല, ചെറുകിട വ്യാപാരികളെയും ഹോട്ടൽകൂൾ ഡ്രിങ്ക്സ് മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തട്ടുകടകളിലും കൂൾ ഡ്രിങ്ക്സ് പാർലറുകളിലും പാനീയങ്ങൾ നിർമ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കുത്തനെ കൂടി.
സംസ്ഥാനത്തെ വിപണികളിലേക്ക് എത്തുന്ന പച്ചക്കറികളിൽ വലിയൊരു പങ്കും ഇതര സംസ്ഥാനങ്ങളിൽ നിന്നായതിനാൽ ഇനിയും വില വർദ്ധനവുണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു. ഓണത്തിന് പിന്നാലെ പച്ചക്കറി വില അനിയന്ത്രിതമായി ഉയർന്നിരുന്നു. പിന്നീട് കുറഞ്ഞ വിലയാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വർദ്ധിച്ചത്. വില ഇനിയും ഉയർന്നാൽ വില്പയെ ബാധിക്കുമെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്. ഉയർന്ന വില കാരണം ഉപഭോക്താക്കൾ പച്ചക്കറികൾ വാങ്ങുന്ന അളവ് പകുതിയോളമായി കുറയ്ക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. ഉദാഹരണത്തിന്, ഒരുകിലോ വാങ്ങാറുള്ള സാധനങ്ങൾ പകുതിയോ കാൽ കിലോയോയായി ഉപഭോക്താക്കൾ ചുരുക്കുന്നത് റീട്ടെയിൽ കച്ചവടക്കാരുടെ ദിനംപ്രതിയുള്ള വിറ്റുവരവിനെയും ലാഭത്തെയും ഗണ്യമായി ബാധിക്കും.
റീട്ടെയിൽ വ്യാപാരികളുടെ
കച്ചവടം മന്ദഗതിയിൽ
ഓൺലൈൻ പച്ചക്കറി വിപണിയുടെ വരവും ഹോട്ടലുകളെയും കാറ്ററിംഗ് സേവനങ്ങളെയും കൂടുതൽ ആശ്രയിക്കുന്ന പുതിയ തലമുറയുടെ ശീലങ്ങളും കാരണം പരമ്പരാഗത റീട്ടെയിൽ പച്ചക്കറി കച്ചവടം കുറഞ്ഞിട്ടുണ്ട്. വിശേഷ ദിവസങ്ങളിലോ ഓണക്കാലത്തോ പോലും വീട്ടിൽ പാചകം ചെയ്യുന്നതിന് പകരം റെഡിമെയ്ഡ് സദ്യകൾ ഏൽപ്പിക്കുന്ന പ്രവണത കൂടിയതോടെ റീട്ടെയിൽ വ്യാപാരികളുടെ കച്ചവടം മന്ദഗതിയിലായെന്ന് വ്യാപാരികൾ പറയുന്നു.
അനിയന്ത്രിതമായ വിലക്കയറ്റം തടയുന്നതിനും സാധാരണക്കാരുടെ കുടുംബ ബജറ്റ് തകരാതെ സംരക്ഷിക്കുന്നതിനും അടിയന്തിര ഇടപെടലുകൾ അനിവാര്യമാണ്. പൊതുവിതരണ സംവിധാനങ്ങൾ, ഹോർട്ടി കോർപ്പ്, വെജിറ്റബിൾ പ്രിഫറൻഷ്യൽ മാർക്കറ്റുകൾ എന്നിവ വഴി നേരിട്ട് പച്ചക്കറികൾ സംഭരിച്ച് ന്യായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികൾ ഉണ്ടാകേണ്ടതുണ്ടത് അനിവാര്യമാണ്. എങ്കിലേ, അടുക്കളകളിൽ കനലായി പടരുന്ന വിലക്കയറ്റത്തിന്റെ ആശങ്കയ്ക്ക് ഒരു പരിധിവരെയെങ്കിലും ശമനമുണ്ടാകൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |