
രണ്ടു മാസത്തെ വെടിനിറുത്തലിന് ശേഷം ഇറാനും ഇസ്രയേലും തമ്മിൽ വീണ്ടും ആക്രമണമുണ്ടായത് പശ്ചിമേഷ്യയെ കടുത്ത സംഘർഷങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. പൊരിഞ്ഞ ഏറ്റുമുട്ടലിനൊടുവിൽ രണ്ട് രാജ്യങ്ങളും തത്‌കാലം പിന്മാറിയത് മാത്രമാണ് ചെറിയ തോതിലെങ്കിലും ആശ്വാസം പകരുന്നത്. തത്‌കാലം ആക്രമണം നിറുത്തുകയാണെന്നും ലെബനനിൽ ഇസ്രയേലിന്റെ ആക്രമണം ഉണ്ടായാൽ വീണ്ടും തുടങ്ങുമെന്നുമാണ് ഇറാൻ പറഞ്ഞിരിക്കുന്നത്. ഇറാനെതിരെയുള്ള ആക്രമണം അവസാനിപ്പിക്കുകയാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്‌ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ പ്രകോപിതരായാണ് ഇറാൻ ഇസ്രയേലിലെ വ്യോമ താവളം ആക്രമിച്ചത്.
ഇതിന് മറുപടിയായി ഇറാനിലെ പെട്രോ കെമിക്കൽ പ്ളാന്റിന് നേരെ ഇസ്രയേൽ ആക്രമണം നടത്തി. ഇതോടെ ഇസ്രയേലിലെ പെട്രോ കെമിക്കൽ പ്ളാന്റിൽ ഇറാനും പ്രത്യാക്രമണം നടത്തി. സ്ഥിതി കൈവിട്ടു പോകുമെന്ന് തോന്നിയതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെടുകയും യുദ്ധം നിറുത്തി വയ്ക്കണമെന്ന് ഇരു രാജ്യങ്ങളോടും അഭ്യർത്ഥിക്കുകയും ചെയ്തു.
ഇതിനിടെ ഒമാൻ തീരത്ത് എണ്ണക്കപ്പലിനു നേരെയും ആക്രമണം ഉണ്ടായി. തീപിടിച്ച കപ്പലിലെ ഇന്ത്യക്കാരായ 24 നാവികരെയും രക്ഷപ്പെടുത്തുകയുണ്ടായി. സംഘർഷം പുനരാരംഭിച്ചതിൽ ഇന്ത്യ ശക്തമായ ആശങ്ക അറിയിച്ചിട്ടുണ്ട്. ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും എംബസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനിലുള്ളവർ ലഭ്യമായ മാർഗങ്ങളിലൂടെ ഇറാൻ വിടാൻ ശ്രമിക്കണമെന്നും എംബസിയുടെ അറിയിപ്പിൽ പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധം, യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടോ മൂന്നോ രാജ്യങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല. ഇന്ധന പ്രശ്നങ്ങളുടെയും മറ്റും പേരിൽ ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധികളാണ് നേരിടുന്നത്. നൂറ് ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയും ഇസ്രയേലും ചേർന്നാണ് ഇറാൻ ആക്രമണം തുടങ്ങിയത്. ആദ്യ ദിവസങ്ങളിൽ തന്നെ ഇറാന്റെ പരമാധികാരിയായ നേതാവും ഷിയാ വിഭാഗത്തിന്റെ തലവനുമായ ഖമൈനിയെ വധിക്കാനായി. ഇതോടെ ഇറാനിൽ ഭരണമാറ്റം ഉണ്ടാകുന്ന രീതിയിൽ ആ രാജ്യം കീഴ്‌പ്പെടുമെന്നാണ് അമേരിക്ക ധരിച്ചത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല വർദ്ധിത വീര്യത്തോടെ ഇറാൻ പോരാടുകയും ഗൾഫിലെ അമേരിക്കൻ സേനാ താവളങ്ങൾക്കും ഇസ്രയേലിലെ നഗരങ്ങൾക്കും മീതെ മിസൈൽ വർഷം നടത്തുകയും ചെയ്തു.
ഭരണമാറ്റമല്ലാതെ മറ്റൊന്നു കൊണ്ടും യുദ്ധം അവസാനിപ്പിക്കില്ല എന്ന് തുടക്കത്തിൽ പറഞ്ഞിരുന്ന ട്രംപ് ഇപ്പോഴതിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. മാത്രമല്ല, യുദ്ധം തീർക്കുന്നതിന് ഇസ്രയേലാണ് തടസമെന്ന് തുറന്നു പറയുകയും ചെയ്തിരിക്കുന്നു. യുദ്ധത്തിൽ അമേരിക്കയ്ക്ക് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. ഇറാനും ഇസ്രയേലിനും ഭീമമായ ഭൗതിക നഷ്ടവും സംഭവിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കാരണം പശ്ചിമേഷ്യൻ രാജ്യങ്ങളിലെല്ലാം പാചക വാതകത്തിന്റെയും മറ്റ് ഇന്ധനങ്ങളുടെയും വില കുതിച്ചു കയറുകയാണ്. ആരുമാരും ജയിക്കാൻ കഴിയാത്ത യുദ്ധം എത്രയും വേഗം തീരുന്നതാണ് ലോകത്തിന് നല്ലത്. പാകിസ്ഥാന്റെ മദ്ധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത് എന്നതിനാൽ അതെത്ര വേഗം ഉണ്ടാകും എന്ന് ആർക്കും പറയാനും കഴിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |