
ഈ ഭൂലോകം ഒരു പന്താണെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇനിയുള്ള നാളുകളിൽ ഒരു പന്ത് ഭൂലോകമായി മാറും. അതേ ; വീണ്ടുമൊരു ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന് വിസിൽ മുഴങ്ങുകയായി. ലോകകപ്പിന്റെ 23-ാം പതിപ്പിന് ജൂൺ 11ന് മെക്സിക്കോയിലും അമേരിക്കയിലും കാനഡയിലുമായി കൊടിയേറുന്നു. 'ട്രിയോൻഡ' എന്ന് പേരിട്ടിരിക്കുന്ന പന്തിന്റെ കുതിപ്പാണ് ഇനി ലോകത്തിന്റെ ജീവതാളം.
കെട്ടിലും മട്ടിലും ഗംഭീരമാറ്റങ്ങളോടെയാണ് കാൽപ്പന്ത് മാമാങ്കം. 32 ടീമുകൾ പങ്കെടുത്തിരുന്ന ടൂർണമെന്റിൽ ഇനി 48 രാജ്യങ്ങൾ മത്സരിക്കും. ആദ്യമായാണ് മൂന്ന് രാജ്യങ്ങൾ ചേർന്ന് ലോകകപ്പിന് ആതിത്ഥ്യമൊരുക്കുന്നത്. മുൻ പതിപ്പുകളിലെ 64 മത്സരങ്ങൾക്കു പകരം ഇത്തവണ 39 ദിവസങ്ങളിലായി 104 മത്സരങ്ങൾ നടക്കും. ആരു കപ്പടിക്കുമെന്ന ആകാംഷയ്ക്കപ്പുറം എതിർ പടയുടെ കോട്ടകൾ തകർത്തെറിഞ്ഞ് മുന്നേറുന്ന ഉലകനായകനാരാകുമെന്ന ചോദ്യവും ആരാധകഹൃദയങ്ങളിൽ പെരുമ്പറ മുഴക്കുന്നു.
നാലുവർഷം മുമ്പ് ഖത്തറിന്റെ മണലാരണ്യങ്ങളെ പ്രകമ്പനം കൊള്ളിച്ച പടയോട്ടത്തിന്റെ ത്രസിപ്പിക്കുന്ന ഓർമ്മകളുമായി അർജന്റീനയുടെ പടനായകൻ ലയണൽ മെസി ഇക്കുറിയുമെത്തുന്നുണ്ട്. പ്രായം തളർത്താത്ത പോരാളി , പറങ്കികളുടെ പടത്തലവൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, പരിക്കുകളുടെ കത്രികപ്പൂട്ടിൽനിന്ന് ഡ്രിബിൾ ചെയ്യാനുറച്ച നെയ്മർ, കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും വിസ്മയവേഗവും കൃത്യതയാർന്ന ഫിനിഷിംഗ് പാടവവുംകൊണ്ട് ത്രില്ലടിപ്പിച്ച ഫ്രഞ്ച് പടക്കുതിര കിലിയൻ എംബാപ്പെ, 18വയസ് തികയും മുമ്പ് സ്പാനിഷ് ഫുട്ബാൾ ടീമിനെ യൂറോപ്പിന്റെ സിംഹാസനത്തിലേക്ക് കൈപിടിച്ചുയർത്തിയ ലാമിൻ യമാൽ, ക്ളബ് ഫുട്ബാളിൽ ഗോളടിച്ചുകൂട്ടുന്ന ഇംഗ്ളണ്ടിന്റെ ഹാരി കേൻ, ഇടയ്ക്കൊന്ന് പതറിപ്പോയ ജർമ്മനിയെ തിരിച്ചെത്തിക്കാൻ ജാഗ്രതയോടെ ബൂട്ടുകെട്ടുന്ന പുതിയ നായകൻ ജോഷ്വ കിമ്മിഷ് തുടങ്ങി ഒരുപിടി താരങ്ങളിലാണ് പ്രതീക്ഷകൾ പൂത്തുതളിർക്കുന്നത്.
ലാസ്റ്റ് ലാപ്പിന്
ത്രിമൂർത്തികൾ
41 വയസ് കടന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും 39ന്റെ പടികയറാൻ ഒരുങ്ങുന്ന ലയണൽ മെസിക്കും ഇത് അവസാന ലോകകപ്പായേക്കും. 34ലെത്തിയതേയുള്ളെങ്കിലും പരിക്കുകൾ പിടിമുറുക്കിയ നെയ്മറിന്റെ കരിയറിലും ഇനിയൊരു ലോകകപ്പ് കൂടി ഉണ്ടാവാനിടയില്ല. പതിറ്റാണ്ടിലേറെയായി ത്രിമൂർത്തികളെപ്പോലെ ഫുട്ബാൾ ലോകത്ത് നിറഞ്ഞനിന്ന ഇവർ ലാസ്റ്റ് ലാപ്പിനായി എന്ത് വിസ്മയമാണ് കാത്തുവച്ചിരിക്കുന്നതെന്നാണ് ആരാധകർക്കറിയേണ്ടത്.
ഖത്തറിൽ കറുത്ത അറബി മേൽവസ്ത്രമണിഞ്ഞ മെസി കനകകിരീടത്തിൽ മുത്തമിട്ടത് അർജന്റീനയുടെ ആരാധകരിൽ ഉയർത്തിയ ഹർഷപുളകങ്ങൾ ഇനിയുമടങ്ങിയിട്ടില്ല. 1986 ഡീഗോ മറഡോണയ്ക്ക് ശേഷം അർജന്റീനയ്ക്ക് ലോകകിരീടം നേടിക്കൊടുത്ത നായകനായി മെസി ചരിത്രം കുറിച്ചത് വെറുമൊരു ഒറ്റയാൻ പോരാട്ടത്തിന്റെ മികവിലായിരുന്നില്ല. ലോകം കണ്ട ഏറ്റവും മികച്ച പ്രതിഭകളിലൊരാളായ മെസിക്കുവേണ്ടി ഒരു ലോകകപ്പ് നേടണമെന്ന സഹതാരങ്ങളുടെ നിശ്ചയദാർഢ്യത്തിന്റേയും ആരാധകരുടെ പ്രാർത്ഥനകളുടേയും പ്രതിഫലനമായിരുന്നു ആ കിരീടം. ആ ആവേശം ഇത്തവണ എത്രത്തോളമുണ്ടാകുമെന്നുറപ്പില്ല. പക്ഷേ ഒന്നുറപ്പാണ്; ടീമെന്ന നിലയിൽ നാലുവർഷം മുമ്പുകണ്ട നീലവരയൻ കുപ്പായക്കാരേക്കാൾ ഏറെ മുന്നോട്ടുപോയിരിക്കുന്നു ലയണൽ സ്കലോണിയുടെ അർജന്റീന.
38 വയസ് പിന്നിട്ടെങ്കിലും മെസിക്ക് ലോകകപ്പ് വേദിയിൽ വീണ്ടും അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് ആരാധക പ്രതീക്ഷ. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അർജന്റീന ടീമിനും ആരാധകർക്കും വലിയ ആത്മവിശ്വാസമാണ്. 116 ഗോളുകളുമായി രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനാണ് മെസി. ഇന്നത്തെ അർജന്റീനിയൻ സ്‌ക്വാഡിലെ മുഴുവൻ താരങ്ങളും ചേർന്നാലും മെസിയുടെ ഗോൾസംഖ്യയെ മറികടക്കാനാകില്ല .ലോകകപ്പിനിടെ ജൂൺ 24ന് മെസ്സി തന്റെ 39-ാം പിറന്നാൾ ആഘോഷിക്കും. കളിയുടെ ഗതി നിയന്ത്രിക്കാനുള്ള കഴിവും നിർണായക നിമിഷങ്ങളിൽ മത്സരം മാറ്റിമറിക്കുന്ന മിഴിവും ഇപ്പോഴും അദ്ദേഹത്തിനുണ്ട്.
കഴിഞ്ഞ ലോകകപ്പിൽ മെസിക്കുവേണ്ടി അർജന്റീന ഒരുമിച്ചതു പോലെ ഇത്തവണ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി പോർച്ചുഗൽ ഒത്തുപിടിച്ചാൽ ചരിത്രം പിറക്കും. ഇപ്പോഴും ലോകത്തിലെ ഏറ്റവും അപകടകാരിയായ ഫിനിഷർമാരിൽ ഒരാളും വലിയ മത്സരങ്ങളിൽ ടീമിനെ പ്രചോദിപ്പിക്കാൻ സാധിക്കുന്ന നേതാവുമാണ് ക്രിസ്റ്റ്യാനോ. കഴിഞ്ഞ ലോകകപ്പിൽ ക്രിസ്റ്റ്യാനോയെ സബ്‌സ്റ്റിറ്റ്യൂട്ട് ചെയ്തപ്പോഴുണ്ടായ വൈകാരികതയെ മറികടക്കാൻ ടീമിന് കഴിയാതെവന്നത് തിരിച്ചടിച്ചു. ആ പിഴവുകൾ തിരിച്ചറിഞ്ഞ് പക്വതയോടെ പെരുമാറാൻ ക്രിസ്റ്റ്യാനോയ്ക്കും പരിശീലകനും സഹതാരങ്ങൾക്കും കഴിയേണ്ടതുണ്ട്.
ഒരുവർഷത്തിലേറെയായി ബ്രസീൽ ടീമിന് പുറത്തായിരുന്ന നെയ്മറിനെ കോച്ച് കാർലോ ആഞ്ചലോട്ടി ലോകകപ്പിനായി ടീമിലെടുത്തത് താരത്തിന് ഏറെ വൈകാരികമായ അനുഭവമായിരുന്നു. പക്ഷേ ബ്രസീലിയൻ ക്യാമ്പിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. വീണ്ടും പരിക്കേറ്റ നെയ്മർക്ക് സന്നാഹമത്സരങ്ങളും ലോകകപ്പിലെ ആദ്യ മത്സരവും കളിക്കാനാവില്ലെന്നാണ് റിപ്പോർട്ടുകൾ.
എംബാപ്പെയോ യമാലോ ?
2018 ലോകകപ്പിൽ കൗമാരതാരമായി ലോകത്തെ വിസ്മയിപ്പിച്ച കിലിയൻ എംബാപ്പെ 2022ലെ ഫൈനലിൽ ഹാട്രിക് നേടി ചരിത്രത്തിൽ സ്വന്തം പേര് പതിപ്പിച്ചു. ഈ ലോകകപ്പിനായി എംബാപ്പെ എത്തുമ്പോൾ 27 മാത്രമാണ് വയസ്. ഫ്രാൻസിന്റെ തുടർച്ചയായ രണ്ട് ലോകകപ്പ് ഫൈനൽ പ്രവേശനത്തിന്റേയും മുന്നണിപ്പോരാളിയായിരുന്ന എംബാപ്പെയെയാണ് ഇക്കുറിയും കോച്ച് ദിദിയർ ദെഷാംപ്‌സ് മുന്നിൽ നിറുത്തുന്നത്. ഈ ക്ളബ് ഫുട്ബാൾ സീസണിൽ മാന്യമായ പ്രകടനം പുറത്തെടുത്തെങ്കിലും റയൽ മാഡ്രിഡിന് കിരീടങ്ങൾ നേടിക്കൊടുക്കാൻ കഴിയാത്തതും ടീമിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും എംബാപ്പെയെ സമ്മർദ്ദത്തിലാക്കിയിരുന്നു.ഇത് മറികടന്ന് പുതിയൊരു തുടക്കത്തിനായാണ് എംബാപ്പെ വരുന്നത്.
ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് 18കാരനായ സ്പാനിഷ് താരം ലാമിൻ യമാലിന്റെ ലോകകപ്പ് അരങ്ങേറ്റത്തിനാണ്. 2018ൽ എംബാപ്പെ ഫ്രാൻസിനായി പുറത്തെടുത്തപോലൊരു വിസ്മയപ്രകടനം ഇക്കുറി യമാലിൽ നിന്ന് സ്പെയ്ൻ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ യൂറോകപ്പിൽ സ്പെയ്നിനെ ജേതാക്കളാക്കി വണ്ടർ കിഡായി മാറിയ യമാൽ ഈ സീസണിൽ ബാഴ്സലോണ ക്ളബിന്റെ കിരീടനേട്ടങ്ങൾക്കും ചുക്കാൻ പിടിച്ചു. പെഡ്രി, റോഡ്രി, സുബാമെൻഡി എന്നീ ലോകോത്തര മദ്ധ്യനിര താരങ്ങൾക്കൊപ്പം അറ്റാക്കിംഗിൽ യമാൽ-നിക്കോ വില്യംസ് സംഖ്യം ചേരുമ്പോൾ സ്‌പെയ്നിന് മൂർച്ചയേറും.
കരുത്തറിയിക്കാൻ
യുവ പ്രതിഭകൾ
ഫ്രാൻസിന്റെ 20കാരൻ മിഡ്ഫീൽഡർ വാറൻ സെയ്ർ എംറി, ഇംഗ്ളണ്ടിന്റെ ലെഫ്റ്റ്ബാക്ക് നിക്കോ ഒറെയ്‌ലി,ജർമ്മനിയുടെ കാൾ ലെന്നാട്ട്, സ്പെയ്നിന്റെ പൗ കുബാർസി,മൊറോക്കോയുടെ അയ്യൂബ് ബുവാദി,ഷംസുദീൻ തൽബി, ഐവറി കോസ്റ്റിന്റെ യാൻ ഡയമണ്ടെ,ജപ്പാന്റെ കെയ്സുക്കെ ഗോട്ടോ,ഇക്വഡോറിന്റെ കെൻഡ്രി പെയേസ്,അൾജീരിയയുടെ ഇബ്രാഹിം മാസ തുടങ്ങിയ ഒരുപിടി യുവപ്രതിഭകൾ കൂടി അണിനിരക്കുമ്പോൾ ഈ ലോകകപ്പ് ആവേശകരമാകും.
box -1
ആറാം തമ്പുരാന്മാർ
ലയണൽ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും ആറാം ലോകകപ്പാണിത്. ഇതോടെ ഇരുവരും ഏറ്റവും കൂടുതൽ ലോകകപ്പുകൾ കളിച്ച താരങ്ങളാകും. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (25) കളിച്ച റെക്കാഡ് മെസിയും ലോതർ മത്യാസും പങ്കുവയ്ക്കുകയാണ്. ഇക്കുറി അത് മെസി സ്വന്തം പേരിൽ മാത്രമാക്കും. കഴിഞ്ഞ ലോകകപ്പിൽ അർജന്റീന കിരീടം നേടുന്നതിൽ നിർണായകമായിരുന്നു മെസിയുടെ പ്രകടനം. ഫ്രാൻസിനെതിരായ ഫൈനലിൽ ഇരട്ടഗോളുകൾ നേടിയ താരം ഗോൾഡൻ ബാൾ സ്വന്തമാക്കിയിരുന്നു. 2014ലും മെസി ഗോൾഡൻ ബാൾ നേടിയിട്ടുണ്ട്.
തുടർച്ചയായ അഞ്ച് ലോകകപ്പുകളിൽ ഗോളുകൾ നേടിയ താരമെന്ന റെക്കാഡ് ക്രിസ്റ്റ്യാനോയ്ക്കാണ്. 2006,2010,2014, 2018,2022 ലോകകപ്പുകളിലായി ക്രിസ്റ്റ്യാനോ നേടിയത് എട്ടുഗോളുകൾ. 2006ൽ സെമിയിലെത്തിയതാണ് പോർച്ചുഗലിനൊപ്പമുള്ള ക്രിസ്റ്റ്യാനോയുടെ വലിയ നേട്ടം.കഴിഞ്ഞതവണ ക്വാർട്ടറിൽ വീണു.
box -2
48 ടീമുകൾ
യൂറോപ്യൻ മേഖലയിൽ നിന്ന് 16 ടീമുകൾ, ആഫ്രിക്കൻ മേഖലയിൽ നിന്ന് 10 ടീമുകൾ, ഏഷ്യൻ മേഖലയിൽ നിന്ന് 9 ടീമുകൾ, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് ആറ് ടീമുകൾ വീതം,ഓഷ്യാനിയയിൽ നിന്ന് ഒരു ടീം എന്നിങ്ങനെയാണ് 48 ടീമുകളെ ലോകകപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിന്റെ പ്രാതിനിധ്യം 13ൽ നിന്ന് 16ലേക്ക് ഉയർന്നപ്പോൾ ഏഷ്യയിലെ ആറുടീമുകൾ ഒൻപതായി ഉയർന്നു. ആഫ്രിക്കയ്ക്കാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടായത്. അഞ്ചു ടീമുകളിൽ നിന്ന് 10ആയി മാറി.തെക്കേ അമേരിക്കയ്ക്ക് കഴിഞ്ഞ തവണയും ആറു ടീമുകളുണ്ടായിരുന്നു. വടക്കേ അമേരിക്കയ്ക്ക് രണ്ടുടീമുകൾ കൂടി ലഭിച്ചു.
box -3
ഇത്തിരിക്കുഞ്ഞന്മാരുടെയും
ലോകകപ്പ്
യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും വമ്പൻ രാജ്യങ്ങൾ മാത്രമല്ല, 1.85 ലക്ഷം മാത്രം ജനസംഖ്യയുള്ള കരീബിയൻ ദ്വീപ് കുറാസാവോയും അഞ്ചേകാൽ ലക്ഷത്തോളം ജനസംഖ്യയുള്ള കേപ് വെർദേയും തങ്ങളുടെ ആദ്യ ലോകകപ്പിനായുണ്ട്. ഉസ്ബക്കിസ്ഥാന്റേയും ജോർദാന്റേയും ആദ്യ ലോകകപ്പാണിത്. അതേസമയം നാലുതവണ ലോകകപ്പുയർത്തിയ ഇറ്റലിക്ക് ഇത്തവണയും യോഗ്യത നേടാനായില്ല. 2014ന് ശേഷം ഇറ്റലി ലോകകപ്പ് കളിച്ചിട്ടില്ല.
ഗ്രൂപ്പ് എ
മെക്സിക്കോ
ദക്ഷിണാഫ്രിക്ക
ദക്ഷിണകൊറിയ
ചെക് റിപ്പ്ളബിക്
ഗ്രൂപ്പ് ബി
കാനഡ
ബോസ്നിയ
ഖത്തർ
സ്വിറ്റ്സർലാൻഡ്
ഗ്രൂപ്പ് സി
ബ്രസീൽ
മൊറോക്കോ
ഹെയ്തി
സ്കോട്ട്‌ലാൻഡ്
ഗ്രൂപ്പ് ഡി
യു.എസ്.എ
പരാഗ്വേ
ഓസ്ട്രേലിയ
തുർക്കി
ഗ്രൂപ്പ് ഇ
ജർമ്മനി
കുറസാവോ
ഇക്വഡോർ
ഐവറി കോസ്റ്റ്
ഗ്രൂപ്പ് എഫ്
നെതർലാൻഡ്സ്
ജപ്പാൻ
സ്വീഡൻ
ടുണീഷ്യ
ഗ്രൂപ്പ് ജി
ബെൽജിയം
ഈജിപ്ത്
ഇറാൻ
ന്യൂസിലാൻഡ്
ഗ്രൂപ്പ് എച്ച്
സ്പെയ്ൻ
കേപ്‌വെർദേ
സൗദി അറേബ്യ
ഉറുഗ്വേ
ഗ്രൂപ്പ് ഐ
ഫ്രാൻസ്
സെനഗൽ
ഇറാഖ്
നോർവേ
ഗ്രൂപ്പ് ജെ
അർജന്റീന
അൾജീരിയ
ഓസ്ട്രിയ
ജോർദാൻ
ഗ്രൂപ്പ് കെ
പോർച്ചുഗൽ
കോംഗോ
ഉസ്ബക്കിസ്ഥാൻ
കൊളംബിയ
ഗ്രൂപ്പ് എൽ
ഇംഗ്ളണ്ട്
ക്രൊയേഷ്യ
ഘാന
പാനമ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |