SignIn
Kerala Kaumudi Online
Friday, 10 July 2026 12.56 PM IST

'തപോവന'ത്തിൽ പത്മശ്രീ തിളക്കത്തിൽ ദേവകിഅമ്മ

s

കിട്ടുന്നതെല്ലാം മണ്ണിൽ നട്ടുവളർത്തി അവിടമൊരു കാടാക്കി മാറ്റി ഭൂമിക്ക് ശുദ്ധവായു നൽകുന്നൊരമ്മ. പറമ്പിലാകെ അമ്മ നട്ടുവളർത്തിയ മരങ്ങളും വള്ളിപ്പടർപ്പുകളും. പകൽപോലും ഇരുട്ടുവീണ പ്രതീതി. കായംകുളം കണ്ടല്ലൂർ കൊല്ലകൽ എന്ന തറവാടിന്റെ വീട്ടുവളപ്പിൽ മൂവായിരത്തിലധികം ഇനം ചെടികളുണ്ട്. നിറയെ പൂക്കളും കായ്‌കളുമായി പടർന്നുപന്തലിച്ചു നിൽക്കുന്നു. മൂവായിരത്തോളം അപൂർവ സസ്യങ്ങൾ സംരക്ഷിക്കുന്ന കൊല്ലകൽ തറവാട്ടിലെ ജി.ദേവകിഅമ്മയ്ക്ക് 92ാം വയസ്സിലും പരിസ്ഥിതി സംരക്ഷണം ജീവിതചര്യയാണ്. കാടില്ലാത്ത ആലപ്പുഴയിൽ 'തപോവന'മൊരുക്കി പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ദേവകിഅമ്മ പദ്മശ്രീ പുരസ്ക്കാര നിറവിന്റെ സന്തോഷത്തിലാണ്. കണ്ടല്ലൂരെന്ന കൊച്ചു ഗ്രാമവും ഇന്ന് രാജ്യത്തിന് മുന്നിൽ അഭിമാനിക്കുന്നു.

ഭൂമിയിലെ എല്ലാ സസ്യങ്ങളും നമുക്ക് ആവശ്യമുള്ളതാണെന്നാണ് ദേവകിയമ്മയുടെ പക്ഷം. മണ്ണിനെ സ്നേഹിച്ചാൽ പ്രകൃതി ഒപ്പം ചേർന്നുനിൽക്കും. കൃഷി ചെയ്യാൻ പഠിക്കേണ്ടതില്ല. മണ്ണും മനുഷ്യനും ഒന്നിച്ചുവളരണം. അപ്പോൾ പരിസ്ഥിതി നന്നാകും. ശ്വസിക്കാനാവശ്യമായ ഓക്സിജനും കഴിക്കാനുള്ള ഭക്ഷണവും ലഭ്യമാകണമെങ്കിൽ അതിനുള്ള പച്ചപ്പ് നമ്മൾ നട്ടുവളർത്തണം.. ദേവകിഅമ്മ പറയുന്നു.

നാല് പതിറ്റാണ്ട് മുമ്പ് വലതുകാൽപ്പത്തി തകർത്ത അപകടമാണ് ദേവകിഅമ്മയെ കൃഷിയിലേക്ക് വഴിതെളിച്ചത്.

1980ൽ കായംകുളം ഗവ ആശുപത്രിക്ക് സമീപമായിരുന്നു ഡ്രൈവിംഗ് സ്കൂളിന്റെ കാർ കാലിലേക്ക് ഇടിച്ചുകയറിയ അപകടമുണ്ടായത്. മുട്ടിനുതാഴെ മുറിച്ചുമാറ്റേണ്ടിവരുമെന്ന് പോലും ഭയന്ന നാളുകളായിരുന്നു അത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂന്നുമാസത്തെ ചികിത്സ കഴിഞ്ഞ് രണ്ടുവർഷത്തോളം വീട്ടിൽ പരിപൂർണ വിശ്രമം. അക്കാലത്താണ് കൃഷി മരുന്നാക്കാൻ മനസ്സ് പ്രേരിപ്പിച്ചത്. അദ്ധ്യാപകനായിരുന്ന ഭർത്താവ് എം.കെ.ഗോപാലകൃഷ്ണപിള്ള പ്രോത്സാഹനം നൽകി. സഹോദരങ്ങളും മക്കളും കൂട്ടിനെത്തി. മെല്ലെ പറമ്പിലേക്ക് ഇറങ്ങി. വീട്ടുമുറ്റത്ത് ഒരു വൃക്ഷത്തൈ നട്ടായിരുന്നു ആരംഭം. പിന്നീട് വീടിനു ചുറ്റും പച്ചപ്പ് വികസിപ്പിച്ചെടുത്തു. ചെടികളും മരങ്ങളും വളർത്താൻ ജൈവവളം മാത്രമാണ് ഉപയോഗിച്ചത്. യാചകി മരം, അംബർല ട്രീ, ഓട്ടോഗ്രാഫ് ചെടി, ചന്ദനം തുടങ്ങിയ വൃക്ഷലതാദികളും ഔഷധ സസ്യങ്ങളും നാട്ടുമരങ്ങളും മയിൽ, മൂങ്ങ, മരതക പ്രാവ്, നാകമോഹൻ, ബ്ലാക്ക് വിംഗഡ് സ്റ്റിൽറ്റ് തുടങ്ങിയ പക്ഷികളും കുരങ്ങുകളും നിരവധി കുളങ്ങളും വനത്തിലുണ്ട്. പഴങ്ങളും പച്ചക്കറികളും പൂക്കളും സമൃദ്ധമായി നൽകുന്ന 200 ഇനം സസ്യങ്ങളും ഉണ്ട്.

പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും കൂടുതൽ സമയവും മരങ്ങളുമായി ബന്ധപ്പെട്ടാണ് ദേവകിഅമ്മയുടെ ദിനചര്യ.

നട്ടുപിടിപ്പിച്ച ചെടികൾ പൂത്തുകായ്ക്കുന്നത് മനസ്സിനെ സന്തോഷിപ്പിച്ചു. വീടിനുപിന്നിൽ നാലര ഏക്കർ പറമ്പിലായിരുന്നു പരീക്ഷണം. കൃഷിക്കൊപ്പം വൃക്ഷത്തൈകളും നട്ടുവളർത്തി. ആദ്യം പരിചയക്കാരിൽ നിന്ന് തൈകൾ ശേഖരിച്ചു. വനവത്ക്കരണം ഹരമായി. മക്കൾക്കൊപ്പം നടത്തുന്ന യാത്രകൾ പോലും ചെടികൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായി മാറി. അതിന് മുമ്പ് നെൽക്കൃഷിയും എള്ളു കൃഷിയുമുണ്ടായിരുന്ന കാലത്ത് കൊയ്ത്തും മെതിയും കറ്റകെട്ടലും കച്ചിപിരിക്കലും കളമുണ്ടാക്കലുമൊക്കെയായി സജീവമായിരുന്നു കൊല്ലകൽ തറവാട്. വിളവെടുപ്പില്ലാത്തപ്പോൾ ഇടവിള കൃഷികളുമുണ്ടായിരുന്നു. അപകടത്തോടെ കൃഷിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതിന്റെ പ്രായശ്ചിത്തം കൂടിയാവുകയായിരുന്നു ദേവകിഅമ്മയ്ക്ക് 'തപോവനം'. അന്നുണ്ടായ അപകടം നല്ലതിനുവേണ്ടിയായിരുന്നുവെന്നാണ് ദേവകി അമ്മ കരുതുന്നത്. കൊല്ലകൽ തറവാട്ടിൽ പണ്ട് ഇരുന്നൂറുപറ നിലം ഉണ്ടായിരുന്നു. അന്ന് വൈക്കോൽ ഉണക്കാൻ ഉപയോഗിച്ചിരുന്ന പറമ്പാണ് ദേവകിയമ്മ വനമാക്കി മാറ്റിയത്.

കൊല്ലകൽ വീട്ടുവളപ്പിലേക്കു കയറുന്നവരെ വരവേൽക്കുന്നത് താപസന്മാർ കമണ്ഡലമായി ഉപയോഗിക്കുന്ന കായുണ്ടാകുന്ന കമണ്ഡലുവൃക്ഷമാണ്. പേപ്പട്ടിവിഷത്തിനുള്ള മരുന്നിനായി ഉപയോഗിക്കാറുള്ള അങ്കേലം, മെതിയടി നിർമ്മാണത്തിനുപയോഗിക്കുന്ന കരിങ്ങോട്ട, കൃഷ്ണനാൽ, മെഴുകുതിരിച്ചെടി, പനച്ചി, മുള്ളുവേങ്ങ, തമ്പകം, അത്തി, ഇത്തി, കരിങ്ങാലി, വെട്ടുപാല, നാഗപ്പൂമരം, ചെമ്മരം, ഹിമാലയത്തിൽമാത്രം കണ്ടുവരുന്ന ചെമ്പകം, അപൂര്‍വ്വയിനം വള്ളികൾ, പലതരം പാലകൾ, അങ്കോലം, കൂവളം, കടമ്പ്... പേരറിയാത്തതും അറിയുന്നതുമായ അനേകം വൃക്ഷങ്ങളാൽ സമ്പുഷ്ടമാണ് കൊല്ലകൽ തറവാട്. പകൽ പോലും ഇരുട്ടും തണുപ്പും നിറഞ്ഞ പ്രകൃതി. ഔഷധസസ്യങ്ങൾതേടിയെത്തുന്നവരെ നേരെ പറമ്പിലേക്കു പറഞ്ഞുവിടും. തേടി വരുന്നത് ഏത് അപൂർവയിനമായാലും ദേവകി അമ്മയുടെ പുരയിടത്തിലുണ്ടാവും. പുരാണകഥകളിലെ വൃക്ഷങ്ങളും വിദേശരാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന വൃക്ഷങ്ങളും ഇവിടെയുണ്ട്. വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും ഈ വന മദ്ധ്യത്തിൽത്തന്നെയാണ് കൃഷി ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. കൊല്ലകൽ തറവാടുപറമ്പ് ഒരു പാഠ്യ, വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. സാമൂഹിക വനവത്ക്കരണത്തെക്കുറിച്ച് പഠിക്കാൻ നിരവധി സസ്യശാസ്ത്രജ്ഞർ, വിനോദസഞ്ചാരികൾ, ഗവേഷകർ, വിദ്യാർത്ഥികൾ ഇവിടെയെത്തുന്നു. ദേവകിയമ്മ വിവിധയിനം മരങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി മലിനീകരണം ലഘൂകരിക്കാനുള്ള വഴികളെക്കുറിച്ചും വിശദീകരിച്ചു നൽകും.

തലമുറകളിലേക്ക് കൈമാറുന്ന പ്രകൃതി സ്നേഹം

ചൊരിമണലിൽ ദേവകിയമ്മ വളർത്തിയെടുത്ത കാട് സംരക്ഷിക്കുന്നത് മൂന്നു തലമുറകൾ ചേർന്നാണ്. മൂത്ത മകൾ തങ്കമണിയും, മകന്റെ മകൾ സസ്യശാസ്ത്ര ഗവേഷക ശരണ്യയുമെല്ലാം ദേവകിഅമ്മയുടെ പാത പിന്തുടരുകയാണ്. വാർദ്ധക്യസഹജമായ അവശതകൾക്കിടയിലും മുൻനിരയിൽ ദേവകിഅമ്മയുണ്ട്. വീട്ടിലെത്തുന്നവർക്ക് കുടുംബം ഒരു മടിയും കൂടാതെ ഓരോ ചെടികളുടെയും പ്രത്യേകതകൾ വിശദീകരിച്ചുകൊടുക്കും. കാടുകാണാൻ എത്തുന്നവരിൽ നിന്ന് ഫീസ് ഈടാക്കാറില്ല. കാവും കുളവും ഒത്തുചേർന്നുള്ള ആവാസവ്യവസ്ഥയാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്.

മുമ്പ് മരങ്ങളിൽ പേരെഴുതിയ ബോർഡ് സ്ഥാപിച്ചിരുന്നു. ഇന്ന് അവ കാലപ്പഴക്കത്താൽ നഷ്ടപ്പെട്ടു. അധികം വൈകാതെ എല്ലാ മരങ്ങളിലും ശാസ്ത്രീയ വിവരങ്ങളുൾപ്പെടുത്തിയുള്ള ബോർഡ് വെയ്ക്കാനാണ് ചെറുമകൾ ശരണ്യയുടെ തീരുമാനം.

സ്കൂൾവിദ്യാർത്ഥികളും വിദേശികളും ഉൾപ്പെടെ നിരവധിപേരാണ് ഓരോ ദിവസവും ഇവിടെയെത്തുന്നത്. പദ്മശ്രീ പുരസ്ക്കാര വിവരം പുറത്തുവന്നതോടെ സന്ദർശകരുടെ എണ്ണം ഇരട്ടിയായി. നഴ്സറി കുട്ടികൾ മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ അവധിക്കാലം ആസ്വദിക്കാനായി കാലങ്ങളായി തപോവനത്തിലെത്താറുണ്ട്. തിരുവനന്തപുരം പി.ടി.പി നഗറിലെ ഫോറസ്റ്റ് ഓഫീസിൽനിന്നാണ് കമണ്ഡലുവിന്റെ കമ്പ് ലഭിച്ചത്. മരത്തൈകൾ രണ്ടുമൂന്നു വർഷം പരിപാലിച്ചാൽ മതി. പിന്നീട് അവ നഷ്ടപ്പെടില്ല. ഔഷധസസ്യങ്ങൾ ഉൾപ്പെടെ ബാക്കിയുള്ളവയ്ക്ക് പരിപാലനം ആവശ്യമാണ്. ശബരിമല കാട്ടിൽനിന്ന്‌ കിട്ടിയ പേരറിയാത്ത ഒരു മരമുണ്ട് തപോവനത്തിൽ. ‘ബുദ്ധൻ’ എന്ന് വിളിക്കുന്ന ഈ മരം മഴയത്ത് തടിയിൽ വെള്ളം പിടിച്ചു വയ്ക്കുകയും വേനൽക്കാലത്ത് വേരിൽക്കൂടി തിരിച്ച്‌ മറ്റു മരങ്ങൾക്ക് കൊടുക്കുകയും ചെയ്യും. ദേശാടനപ്പക്ഷികൾ ഇവിടെ കൂട്ടത്തോടെ എത്താറുണ്ട്. ചെറുതും വലുതുമായ ധാരാളം പൂമ്പാറ്റകളുണ്ട്. പൊന്മാൻ, മരംകൊത്തി, ഫോറസ്റ്റ് ഔൾ തുടങ്ങിയവയും ഉണ്ട്. ഇടയ്ക്കിടെ മയിലുകളും വരാറുണ്ട്.

ജപ്പാനിലെ ഫോറസ്റ്റ് ബാത്തിംഗ് എന്ന ആശയത്താൽ ആകൃഷ്ടരായി ഹെൽത്ത് ഇഫക്റ്റിനുവേണ്ടി ഇവിടെ എത്തുന്നവരുണ്ട്. കുട്ടികൾക്ക് വനഭംഗി ആസ്വദിച്ച് മണ്ണിൽ നടത്താനും ആളുകളെത്തുന്നു. ചില ചെടികൾ പൂക്കുന്ന സമയം നോക്കി മണം ആസ്വദിക്കാനും മാനസിക കുറയ്ക്കാനുമായി ചിലർ എത്തുന്നു.

ദേവകിയമ്മയ്ക്ക് ആറു മക്കളാണ്. എല്ലാവരും പരിസ്ഥിതി സ്നേഹികൾ. ഭർത്താവ് റിട്ട.ഹെഡ് മാസ്റ്റർ എം.കെ.ഗോപാലകൃഷ്ണപിള്ള മരണപ്പെട്ടു. മൂത്ത മകൾ റിട്ട പ്രൊഫ.തങ്കമണി തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് എൻവയോൺമെന്റൽ എൻജിനീയറിംഗ് വിഭാഗം മുൻ മേധാവിയാണ്. ഇന്ന് തപോവനത്തിന്റെ പ്രവ‌ർത്തനങ്ങളുമായി അമ്മയ്ക്കൊുപ്പം സദാസമയമുണ്ട്. ഇന്ദിരാകുമാരി,ഉഷാകുമാരി,പത്മകുമാർ, നന്ദകുമാർ എന്നിവരാണ് മറ്റു മക്കൾ. നന്ദകുമാർ, ഭാര്യ ശോഭ, മക്കളായ ശരണ്യ,സൂര്യ എന്നിവരാണ് ഒപ്പം താമസിക്കുന്നത്.

2003ൽ ദേവകിഅമ്മയ്ക്ക് ആദ്യത്തെ ദേശീയ പുരസ്ക്കാരമായി ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡ് കിട്ടി. സുഗതകുമാരി ടീച്ചറിനുശേഷം കേരളത്തിൽനിന്ന് ഈ അവാർഡ് കിട്ടുന്ന ആദ്യത്തെ വ്യക്തിയാണ്. കേന്ദ്ര സർക്കാരിന്റെ നാരീശക്തി അവാർഡ്, വനമിത്ര അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രാഷ്‌ട്രപതി, പ്രധാനമന്ത്രി , ഉപരാഷ്ട്രപതി എന്നിവർ ആദരിച്ചു. 71ാ മത് റിപ്പബ്ലിക് ദിന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ് ദേവകിഅമ്മയെ പരാമർശിച്ചിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടുകാലമായി വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പാഠപുസ്തകമാണ് ദേവകിഅമ്മയുടെ ജീവിതവും വീടിനോട് ചേർന്നുള്ള വനവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY