SignIn
Kerala Kaumudi Online
Saturday, 23 May 2026 6.11 PM IST

കരൂർ; ഉണങ്ങാത്ത കണ്ണീർപ്പൊട്ട്

s

തമിഴ്നാട്ടില കരൂർ ടൗണിനു പുറത്താണ് താന്തോന്നിമലൈ പെരുമാൾ കോവിൽ. ഭക്തജനത്തിരക്കുള്ള ക്ഷേത്രം. പെരുമാൾ കോവിലിൽ നിന്ന് കുറച്ചു മാറി ഒരു കടവരാന്തയിൽ നാലഞ്ചു പേ‌ർ വളഞ്ഞിരുന്ന് സംസാരിക്കുന്നു. സ്വയം പരിചയപ്പെടുത്തി, അവരോടു ചോദിച്ചു: 'കരൂർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ കഴിയുന്നത് എവിടെയാണ്?"

അത്ഭുതപ്പെട്ട് മുഖത്തേക്കു നോക്കിയ അവരിൽ ചിലർ,​ 'ഉള്ളേ ഏരിയ (ഗ്രാമത്തിന്റെ ഉൾഭാഗത്തുള്ള മേഖല)​ താൻ, എങ്കളുക്ക് തെരിയാത്..."എന്ന് ഒഴുക്കൻ മറുപടി പറഞ്ഞു. കുറച്ചു മുമ്പ് കണ്ട വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹി സെന്തിൽ മലിംഗയും അങ്ങോട്ടു പോകുന്നത് നിരുത്സാഹപ്പെടുത്തിയിരുന്നു. ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കൾ ചിലപ്പോൾ 'വയലന്റ്" ആകുമെന്നായിരുന്നു മുന്നറിയിപ്പ്.

കടയ്ക്കു മുന്നിൽ ഇരുന്നവരുടെ മറുപടി കേട്ട് നിരാശയോടെ നിന്നപ്പോൾ തൊട്ടപ്പുറത്ത് കൂട്ടമായിരുന്നവരിൽ ഒരാൾ വിളിച്ചു: 'തമ്പി, ഇങ്കെ വാ..."

അടുത്ത് ചെന്നു. കാര്യം പറഞ്ഞു.

'ബൈപാസ് മുറിച്ചു കടന്ന്, പിന്നെ സർവീസ് റോഡ് വഴി പോയി ആരോടെങ്കിലും ചോദിക്കുക, എമൂർ എവിടെയാണെന്ന് അവർ പറയും. അവിടെ മാത്രം അഞ്ചു പേരാണ് കരൂർ ദുരന്തത്തിൽ മരിച്ചത്.

പോകുന്ന വഴിക്ക് കോടങ്കിപ്പെട്ടി എന്നൊരു സ്ഥലമുണ്ട് . അവിടെ ഒരു പയ്യൻ മരിച്ചു." (ആകെ 41 പേരാണ് കഴിഞ്ഞ വർഷം സെപ്തംബർ 27-നു രാത്രി കരൂരിൽ ടി.വി.കെ നേതാവും നടനുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും ഞെരിഞ്ഞമർന്ന് മരിച്ചത്)

എമൂറിലേക്കു പോകാൻ തീരുമാനിച്ചു. കരൂർ ദുരന്തം നടന്നിട്ട് ഏഴു മാസങ്ങൾ പിന്നിട്ടിരിക്കുന്നു. അഞ്ച് പ്രദേശങ്ങൾ ചേരുന്ന ഗ്രാമമാണ് എമൂർ. അവിടെത്തന്നെ പുതൂർ കോളനി നിവാസികളിൽ മരിച്ചത് മൂന്നുപേരാണ്. കൃഷിയും കന്നുകാലി വളർത്തലും നെയ്ത്തുശാലയിലെ ജോലിയും തൊഴിലായി സ്വീകരിച്ചവർ. പച്ചമനുഷ്യർ.

സർവീസ് റോഡ് കടന്നുപോകുന്നിടത്ത് ഒരു വർക്ക്‌ഷോപ്പ്. അവിടെ ചോദിച്ചു: 'കരൂ‌ർ ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾ താമസിക്കുന്ന സ്ഥലം എവിടെയാണ്?" അവിടെ നിന്നവർ പരസ്പരം നോക്കി. സംശയ ദൃഷ്ടിയോടെയുള്ള നോട്ടമായിരുന്നു മറുപടിയിൽ ആദ്യം. പിന്നെ വഴി പറഞ്ഞുതന്നു. തനി ഗ്രാമപ്രദേശമാണ് എമൂർ. സൂര്യൻ തലയ്ക്കു മുകളിൽ ഉഗ്രകോപിയായി നിൽക്കുന്നു. ആരെയും കാണാനില്ല. തിരഞ്ഞെടുപ്പ് കാലമാണ്.

രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ നിരനിരയായി കെട്ടിയിരിക്കുന്ന ആൽമരത്തിന്റെ തണലിലൂടെ നടന്ന് പുതൂർ കോളനിയെത്തി. സൈക്കിൾ ചവിട്ടി ഒരു മനുഷ്യൻ വരുന്നു. പേര് രാമസ്വാമി. കാര്യം പറഞ്ഞപ്പോൾ അയാൾ പറ‌ഞ്ഞു- 'കരൂരിൽ മരിച്ചവരിൽ ഒരാൾ എന്റെ സഹോദരൻ ആണ്ടൂരിന്റെ ഭാര്യയാണ്. അങ്ങോട്ടു പോകാം."

ആ വീടിനു മുന്നിലെത്തി, ആളെ അന്വേഷിച്ചപ്പോൾ 'വേലയ്ക്ക് പോയിട്ടാര്"എന്ന് മകൻ ശക്തിവേലിന്റെ മറുപടി. പതിനൊന്നുകാരൻ ശക്തിവേലിന്റെ അമ്മ സമുദ്ര‌യാണ് ദുരന്തത്തിൽ മരിച്ചത്. അമ്മയുടെ മരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ശക്തിവേൽ ഒന്നും പറയാൻ തയ്യാറായില്ല. പിന്നെ തൊണ്ടയിടറിക്കൊണ്ട് പറഞ്ഞു: 'അമ്മ പോയതിനു ശേഷം നമ്മുടെ സന്തോഷം പോയി. അമ്മയായിരുന്നു എല്ലാം." എല്ലാം തലവിധി എന്നു പറഞ്ഞ് തലകുനിച്ചിരിക്കുകയാണ് ശക്തിവേൽ. 'അമ്മ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ അച്ഛനുമായി അവിടേയ്ക്ക് ഓടി. ചിരിച്ചുകൊണ്ട് വീട്ടിൽ നിന്നു പോയ അമ്മയെ തിരിച്ചുകിട്ടിയത് വെളളപുതച്ചാണ്...." കുട്ടി കരഞ്ഞു തുടങ്ങിയപ്പോൾ രാമസ്വാമി പറഞ്ഞു: 'ഇനി അവനോടൊന്നും ചോദിക്കണ്ട, സാ‌ർ."

രാമസ്വാമി അടുത്ത വീട്ടിലേക്ക് നടന്നു. മരിച്ചു പോയ അർക്കാണിയുടെ വീടാണ്. അർക്കാണിയുടെ ബന്ധുക്കാളാരും സ്ഥലത്തില്ല. വീട് പൂട്ടിയിട്ടിരിക്കുന്നു. കുറച്ചു മാറി,​ മറ്രൊരു വീട്ടിലേക്ക്. രാമസ്വാമി നീട്ടി വിളിച്ചു: 'ഓമനേ...!" മലയാളി ടച്ചുള്ള പേര്.

അവർ വന്നു. 'ഇവരുടയ പേരൻ താൻ ഇരന്തുവിട്ടാര്..." (ഇവരുടെ ചെറുമകനാണ് മരിച്ചു പോയത്). ചെറുമകനെപ്പറ്റി പറഞ്ഞതും ആ അമ്മൂമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടിയായിരുന്നു പൃഥ്വി. മകൾ ശർമ്മിളയ്ക്കൊപ്പമാണ് വിജയ്‌യെ കാണാൻ പോയത്. 'എൻ പേരൻ..." എന്നു പറഞ്ഞ് അവർ മുഖം പൊത്തി കരഞ്ഞു.

'കുറച്ചു നാൾ ഇവിടെ നേതാക്കളൊക്കെ വന്നു. പിന്നെ ആരും വന്നില്ല. സംഭവത്തെക്കുറിച്ച് പലതും കേൾക്കുന്നു. പലതും കഥകളാണ്. ധനസഹായമൊക്കെ കിട്ടി. എത്ര കിട്ടിയാലും എന്റെ കുഞ്ഞിനെ കിട്ടില്ലല്ലോ." തിരഞ്ഞെടുപ്പിനെപ്പറ്റി ചോദിച്ചപ്പോൾ ഒരു താത്പര്യവും ഇല്ലെന്നായിരുന്നു മറുപടി. മകൾ ശർമ്മിള നെയ്ത്തുശാലയിൽ പോയിരിക്കുകയായിരുന്നു.

പിന്നെ, അവിടെ ശക്തിവേലിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അദ്ദേഹത്തിന് എല്ലാമെല്ലാമായ ഭാര്യ പ്രിയദർശിനിയെയും മകൾ ധർമ്മികയെയുമാണ് നഷ്ടമായത്. പുതൂർ കോളനിയിൽ ഒന്നുകൂടി കണ്ണോടിച്ചു. പലരും വീടുകൾക്കു വെളിയിൽ കയർകൊണ്ടു വരിഞ്ഞ കട്ടിലിൽ കിടക്കുകയാണ്. ചുവരുകളിൽ അണ്ണാ ഡി.എം.കെ, ഡി.എം.കെ പാർട്ടികൾക്കു വേണ്ടിയുള്ള എഴുത്തുകളും ചിത്രങ്ങളും കാണാം. ഒരിടത്തു മാത്രമാണ് വിജയ്‌യുടെ ഫോട്ടോ കണ്ടത്. എന്നാൽ ടി.വി.കെയ്ക്കു വേണ്ടിയുള്ള ചുവരെഴുത്തൊന്നും എവിടെയും കണ്ടില്ല.

കുറച്ചു മാറി,​ കുട്ടികൾ വട്ടത്തിലിരുന്ന് കാരംസ് കളിക്കുന്നു. മൊബൈലിൽ അവർ കേൾക്കുന്നത് റാപ്പർ വേടന്റെ പാട്ടുകൾ! പതിന‌ഞ്ചുകാരൻ പ്രദീപാണ് പാട്ട് ആസ്വദിച്ച് കളിക്കുന്നത്. 'വേടന്റെ ഫാൻസാണോ" എന്നു ചോദിച്ചപ്പോൾ, പാട്ട് കേൾക്കുമെന്ന് പ്രദീപിന്റെ മറുപടി. കൂട്ടത്തിൽ വോട്ട് ഉള്ളത് സന്ധ്യയ്ക്കു മാത്രം കന്നിവോട്ട് വിജയ്ക്ക് നൽകുമെന്ന് സന്ധ്യ. കാരണം ചോദിച്ചപ്പോൾ,​ 'എല്ലാ ആട്ചിയും വന്താച്ച്. ടി.വി.കെയും വരട്ടും." (എല്ലാവരുടെ ഭരണവും വന്നു; ടി.വി.കെയും വരട്ടെ) എന്ന് ചിരിച്ചുകൊണ്ട് മറുപടി.

സന്ധ്യയും വിജയ്‌യുടെ റാലിക്കു പോയതാണ്. വിജയ് വരാൻ വൈകി എന്നത് സത്യമെന്ന് സന്ധ്യ. 'വിജയ് വന്നതിനു ശേഷം ആളുകളുടെ തിരക്ക് കൂടി. ആംബുലൻസുകൾ വന്നു. അപ്പോഴൊന്നും ദുരന്തത്തെക്കുറിച്ച് അറി‌ഞ്ഞില്ല. വീട്ടിൽ വന്നതിനു ശേഷമാണ് അറിയുന്നത്. അപ്പോൾ പേടിച്ചുപോയി കൈകാലുകൾ തളർന്നു." സന്ധ്യ പറഞ്ഞു. പത്തു കുട്ടികൾ ഉൾപ്പെടെ 41 പേരാണ് അന്ന് മരിച്ചത്. കരൂരിൽ ഉളളവർ മാത്രമല്ല, സേലം, തിരുപ്പൂർ, ഈറോഡ് തുടങ്ങിയ ജില്ലകളിൽ നിന്ന് റാലിക്കെത്തിയവരും തിക്കിലും തിരക്കിലും മരിച്ചുവീണു.

തിരഞ്ഞെടുപ്പ്

വിഷയമാകാതെ

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ കരൂർ വിഷയം ആരും ഉയർത്തുന്നില്ല. സംഭവം നടന്ന് ഇതുവരെയുള്ള രാഷ്ട്രീയ നീക്കമൊക്കെ കരുതലോടെയായിരുന്നു. റാലി നയിച്ച ടി.വി.കെ പ്രസി‌ഡന്റ് വിജയ്‌ക്കെതിരെ കേസ് ചാർജ് ചെയ്തില്ല. ഒരു പാർട്ടിയുടെ പ്രധാന നേതാവിനെതിരെ കേസെടുക്കുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പയറ്റിയത് മറ്റൊരു രാഷ്ട്രീയ തന്ത്രമായിരുന്നു.

നിയമപരമായി വിജയ്‌ക്കെതിരെ കേസെടുക്കുന്നതിന് തടസമൊന്നുമില്ലായിരുന്നു. റാ​ലി​ ​ന​യി​ച്ച​ത് ​ടി.​വി.​കെ​ ​പ്ര​സി​ഡ​ന്റ് ​വി​ജ​യ് ​ആ​ണെ​ങ്കി​ലും​ ​കേ​സെ​ടു​ത്ത​ത് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ബു​സി​ ​ആ​ന​ന്ദ്,​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​സി.​ടി.​ ​നി​ർ​മ​ൽ​ ​കു​മാ​ർ​ ​ക​രൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​മ​തി​യ​ഴ​ക​ൻ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ്.​ ​മ​നഃപൂ​ർ​വ​മ​ല്ലാ​ത്ത​ ​ന​ര​ഹ​ത്യ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​മാ​ണ് ​കേ​സ്.​ ​ ഇതിൽ മ​തി​യ​ഴ​ക​നെ മാത്രമാണ് അറസ്റ്റു ചെയ്തത്. പിന്നീട് യുവജന വിപ്ലവത്തിന് ആഹ്വാനം ചെയ്ത ടി.വി.കെ. നേതാവ് ആധവ് അർജ്ജുനയ്ക്കെതിരെയും കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തില്ല.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിജയ്‌യെ പേരെടുത്തു പറ‌ഞ്ഞ് ഇക്കാര്യത്തിൽ വിമർശിച്ചില്ല. ഇതിനിടയിൽ വിജയ്‌യെ രാഷ്ട്രീയമായി കൂടെ കൂട്ടാനായിരുന്നു ബി.ജെ.പി ശ്രമം. തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചെങ്കിലും ഇപ്പോൾ സുപ്രീംകോടതി നി‌ർദ്ദേശാനുസരണം സി.ബി.ഐ ആണ് അന്വേഷിക്കുന്നത്. തമിഴ്നാട് തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സംഭവത്തിലെ യഥാർത്ഥ വില്ലന്മാരുടെ ചിത്രം തെളിഞ്ഞുവരുമെന്ന് പ്രതീക്ഷിക്കാൻ മാത്രമെ ഇപ്പോൾ കഴിയൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY