SignIn
Kerala Kaumudi Online
Sunday, 07 June 2026 1.59 AM IST

അച്ഛന്റെ മകൾ !

s

അച്ഛന്റെ വഴിയേയാണ് മകളും. ശാസ്ത്ര പാതയിലൂടെ സഞ്ചാരം. മാനവ നൻമയെന്ന ലക്ഷ്യം. ഒടുവിൽ റോയൽ സെസൈറ്റി ഫെലോ ആയി തിരഞ്ഞെടുക്കപ്പെടുന്ന അച്ഛനും മകളുമെന്ന അത്യപൂർവ ബഹുമതിയും. ഡോ.എം.എസ്. സ്വാമിനാഥനും മകൾ ഡോ.സൗമ്യ സ്വാമിനാഥനും ചേർന്ന് ചരിത്രം രചിച്ചു.

ഹരിത വിപ്ലവത്തിലൂടെ ഇന്ത്യയുടെ പട്ടിണിമാറ്റാൻ ജീവിതം സമർപ്പിച്ച ലോകപ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥന്റെ നെഞ്ചിലെ സ്നേഹച്ചൂടറിഞ്ഞു വളർന്ന മകൾക്ക് സൗമൂഹ്യ പ്രതിബദ്ധതയാണ് പ്രഥമ പരിഗണന. ഭക്ഷ്യക്ഷാമവും പട്ടിണി മരണങ്ങളും ഇല്ലാതാക്കാൻ ജീവിതം മാറ്റിവച്ച മനുഷ്യന്റെ പരിസരവും സമർപ്പണത്തിന്റെയും സമഭാവനയുടേതുമായിരുന്നു. ചരിത്രത്തിന്റെ സുവർണ്ണത്താളുകളിൽ അച്ഛനൊപ്പം പേര് കൊത്തിവയ്ക്കാൻ ഭാഗ്യം ലഭിച്ചതിന്റെ ചാരിതാർത്ഥ്യമുണ്ട് ഡോ. സൗമ്യ സ്വാമിനാഥന്റെ മുഖത്ത്.

എം.എസ്. സ്വാമിനാഥന്റെയും മീന സ്വാമിനാഥന്റെയും മൂന്ന് പെൺമക്കളിൽ ഒരാളായി 1959 മേയ് 2ന് ചെന്നൈയിലാണ് ജനനം. ലോകാരോഗ്യ സംഘടനയിലെ മുൻ ചീഫ് സയന്റിസ്റ്റ്, ശിശുരോഗ വിദഗ്ദ്ധ, എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്സൺ തുടങ്ങി ഒട്ടനവധി നിലകളിൽ ആഗോള പ്രശസ്തി നേടിയാണ് പുതിയ നേട്ടം സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര അക്കാഡമിയായ ദ റോയൽ സൊസൈറ്റിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെടുമ്പോളത് കാലത്തിന്റെ നിയോഗം കൂടിയാവുന്നു. പദ്മവിഭൂഷൺ ജേതാവായ പിതാവിന്റെ അതേ പാത. 1973ലാണ് ഡോ.സ്വാമിനാഥൻ റോയൽ സൊസൈറ്റിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു

ഒരു ശാസ്ത്ര പ്രതിഭയ്ക്ക് ലഭിക്കാവുന്ന ലോകത്തെ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ നിന്ന് ഈ അംഗീകാരം നേടുന്ന ആദ്യത്തെ അച്ഛനും മകളും. റോയൽ സൊസൈറ്റിയുടെ 300 വർഷത്തിലേറെ നീണ്ട ചരിത്രത്തിനിടെ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത കൂടിയാണ് സൗമ്യ. പ്രശസ്ത വാക്സിനോളജിസ്റ്റ് ഗഗൻദീപ് കാംഗ് ആണ് റോയൽ സൊസൈറ്റി ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത- 2019ൽ.

 ശാസ്ത്ര കുടുംബം

ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന പരിപാടിയുടെ (എൻ.ടി.ഇ.പി) പ്രധാന ഉപദേഷ്ടാവാണ് ഡോ.സൗമ്യ. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസേർച്ചിന്റെ (ഐ.സി.എം.ആർ) ഡയറക്ടർ ജനറലായിരുന്നു.

ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രാധാന്യം നൽകിയ കുടുംബത്തിൽ വളർന്നതിനാൽ ഓർമ്മവച്ച കാലം മുതൽ അവ സൗമ്യയുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. സൗമ്യയുടെ അമ്മ മീന,​ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയായിരുന്നു. 1980ൽ പൂനെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ പഠനം പൂർത്തിയാക്കിയ സൗമ്യ, ന്യൂഡൽഹി എയിംസിൽ നിന്ന് പീഡിയാട്രിക്സിൽ വൈദഗ്ദ്ധ്യം നേടി. പിന്നീട് യു.എസിലും യു.കെയിലുമായി ഗവേഷണങ്ങൾ പൂർത്തിയാക്കി 1992ൽ ഇന്ത്യയിൽ തിരിച്ചെത്തി. ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ഇൻ ട്യൂബർകുലോസിസിൽ റിസേർച്ച് ഫെല്ലോ ആയി ചേർന്നു. പിന്നീട് പീഡിയാട്രിക് പൾമണോളജി, ക്ഷയരോഗം, എച്ച്.ഐ.വി എന്നിങ്ങനെ വിവിധ മേഖലകളിലായി സൗമ്യയുടെ ഗവേഷണങ്ങൾ.

ലോകാരോഗ്യ സംഘടനയുടെ ഭാഗമായിരിക്കെ, പൊതുജനാരോഗ്യ വെല്ലുവിളികളോടുള്ള ഇന്ത്യയുടെയും ലോകത്തിന്റെയും പ്രതികരണം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഇന്ത്യയിലെ പ്രധാന ശാസ്ത്ര അക്കാഡമികൾക്ക് പുറമേ യു.എസ് നാഷണൽ അക്കാഡമി ഒഫ് മെഡിസിൽ, അക്കാഡമി ഒഫ് മെഡിക്കൽ സയൻസസ് (യു.കെ) തുടങ്ങിയവയിലും ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു.

പിതാവിനെ പോലെ ശാസ്ത്രത്തിന്റെ ഗതിയിൽ സഞ്ചരിച്ച് മാനവ പുരോഗതിക്കും ക്ഷേമത്തിനുമായുള്ള സംഭാവനകൾ നൽകുന്നത് തുടരുകയാണ് സൗമ്യ. ആയിരങ്ങൾക്ക് ശാസ്ത്ര മേഖലകൾ പിന്തുടരാനുള്ള പ്രചോദനം കൂടിയാണ് ഈ അച്ഛനും മകളും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION