
മൂന്ന് സഹോദരങ്ങളും അമ്മയും രോഗപീഡയാൽ പിടഞ്ഞു മരിക്കുന്നത് നിസഹായനായി നോക്കി നിൽക്കേണ്ടി വന്നൊരു ബാലൻ. നല്ല ചികിത്സയില്ലാതെ, വെള്ളവും വസ്ത്രവും ആഹാരവും വൈദ്യുതിയുമില്ലാതെ, ആധുനിക കാലത്തിന് വിദൂര ചിന്തയിൽ പോലും വരാത്തത്ര കഷ്ടപ്പാടിൽ നിന്നാണ് ലോക പ്രശസ്ത ന്യൂറോ സർജൻ ഡോ. കുമാർ ബാഹുലേയന്റെ ഉദയം. ഇനിയൊരാളും നല്ലചികിത്സ കിട്ടാതെ മരിക്കരുതെന്ന അടങ്ങാത്ത ആഗ്രഹത്തിൽ ഡോക്ടറായി മാറിയ കുമാർ ബാഹുലേയന്റെ നൂറിന്റെ നിറവിലുള്ള ജീവിതം വലിയ പാഠപുസ്തകമാണ്.
വൈദ്യശാസ്ത്ര ചരിത്രത്തിലും കാരുണ്യരംഗത്തും സമാനതകളില്ലാത്ത ഇതിഹാസ ജീവിതമാണ് കേരളത്തിലെ ആദ്യത്തെ ന്യൂറോ സർജൻ ഡോ.ബാഹുലേയന്റേത്. ലാഭേച്ഛയില്ലാതെ, സ്വന്തം സമ്പാദ്യം മുഴുവൻ ജന്മനാടിന്റെ കണ്ണീരൊപ്പാൻ നീക്കിവച്ചു. പ്രവാസി മലയാളിക്ക് ആശുപത്രി നടത്തിപ്പ് വൻകിട ബിസിനസ് മാത്രമായിരുന്ന കാലത്താണ് വിപ്ലവാത്മകമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അദ്ദേഹം മാതൃകയായത്. 1927ൽ വൈക്കം ചെമ്മനാകരി കോട്ടൂരത്തിൽ കുമാരന്റെയും കളത്തിൽ ജാനകിയുടെയും മകനായി ജനനം. വൈക്കത്തായിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. വള്ളംപോലുമില്ലാത്ത നാട്ടിൽ പുസ്തകങ്ങളും ഉടുതുണിയും ഒരു കയ്യിൽ ഉയർത്തിപ്പിടിച്ച് ഇത്തിപ്പുഴ ആറ് നീന്തിക്കടന്ന് കഷ്ടപ്പെട്ട് പഠിച്ച കാലം. പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയ ബാല്യാനുഭവമായിരുന്നു ഉയർച്ചയുടെ കരുത്ത്!
ചെന്നൈയിൽ നിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെറും 400 രൂപ മാസവേതനത്തിൽ അസിസ്റ്റന്റ് സർജനായി തുടങ്ങിയ ഔദ്യോഗിക ജീവിതം. ഇതിനിടെ വടക്കൻ പറവൂർ സ്വദേശിനി തങ്കമ്മയുമായുള്ള വിവാഹം. ഒരു മകനുമുണ്ടായി.
ന്യൂറോ സർജനാവുക എന്ന തന്റെ ജീവിതാഭിലാഷത്തിനായി അദ്ദേഹം ഇംഗ്ലണ്ടിലെ എഡിൻബറോ റോയൽ കോളേജ് ഒഫ് സർജൻസിൽ നിന്ന് എഫ്.ആർ.സി.എസ് കരസ്ഥമാക്കി. മികച്ച ന്യൂറോ സർജൻ എന്ന പ്രശസ്തിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തിരിച്ചെത്തിയ അദ്ദേഹത്തെ വരവേറ്റത് രാഷ്ട്രീയ സ്വാധീനങ്ങളുടെ അഭാവവും അവഗണനയുമായിരുന്നു. റേഡിയോളജി ഡിപ്പാർട്ട്‌മെന്റിൽ നിയമനം. തന്റെ പ്രതിഭയെ പൂർണ്ണമായി വിനിയോഗിക്കാൻ നാട്ടിൽ സാഹചര്യമില്ലെന്ന് വേദനയോടെ തിരിച്ചറിഞ്ഞ അദ്ദേഹം വൈകാതെ അമേരിക്കയിലെ ബഫലോയിലേക്ക് ചേക്കേറി.
അമേരിക്കയിലെ പ്രശസ്തിയും പ്രണയവും
ബഫലോയിൽ പ്രശസ്തിയുടെയും വിജയത്തിന്റെയും പടവുകൾ അദ്ദേഹം അതിവേഗം ചവിട്ടിക്കയറി. അമേരിക്കയിൽ പരിചയപ്പെട്ട ഡോ. ഇന്ദിര പിന്നീട് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയും വഴികാട്ടിയുമായി. ബാഹുലേയന്റെ ഓരോ ചുവടുവെപ്പിലും താങ്ങും തണലുമായി ഡോ. ഇന്ദിര ഒപ്പമുണ്ടായിരുന്നു. ആകാശയാത്രകളെ നെഞ്ചിലേറ്റിയ അദ്ദേഹം ഇതിനിടയിൽ ചെറുവിമാനവും സ്വന്തമാക്കി. തന്റെ ജന്മനാടിനോടും അവിടുത്തെ സാധാരണക്കാരോടും ബാഹുലേയനുള്ള സ്‌നേഹം തിരിച്ചറിഞ്ഞ ഡോ. ഇന്ദിരയാണ് നാട്ടിലൊരു ചാരിറ്റബിൾ ഫൗണ്ടേഷൻ തുടങ്ങാൻ പ്രേരണ നൽകിയത്.
ജന്മനാട്ടിലെ ആരോഗ്യ വിപ്ലവം
വൈക്കത്ത് ജനങ്ങൾക്കായി ഒരു ലോകോത്തര ആശുപത്രി നിർമ്മിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി. ടോൾ ജംഗ്ഷനിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേയ്ക്ക് റോഡ് സൗകര്യം ഒരുക്കാൻ നാട്ടുകാരെ വിശ്വസ്തതയിലെടുത്തു. ആശുപത്രി നിർമ്മാണത്തിന് പുറമെ, പ്രദേശത്തെ വൃത്തിഹീനമായ ചുറ്റുപാടുകൾ മാറ്റാൻ 1500ഓളം കുടുംബങ്ങൾക്ക് അദ്ദേഹം സ്വന്തം ചെലവിൽ ശൗച്യാലയങ്ങൾ നിർമ്മിച്ചു. മെഡിക്കൽ ടൂറിസം മുൻകൂട്ടിക്കണ്ട് വേമ്പനാട്ട് കായലിന്റെ തീരത്ത് 'കളത്തിൽ റിസോർട്ടിനും' തുടക്കമിട്ടു. പക്ഷേ, നാടിനെ ജീവനുതുല്യം സ്‌നേഹിച്ച അദ്ദേഹത്തിന് നേരെ രാഷ്ട്രീയ അതിപ്രസരത്തിന്റെ കല്ലേറുകളുണ്ടായി. 'അമേരിക്കൻ ചാരൻ' എന്നും 'സാമ്രാജ്യത്വ ഏജന്റ്' എന്നും വിളിച്ച് ചിലർ അധിക്ഷേപ വർഷം ചൊരിഞ്ഞു. പതറിയില്ല, കരളുറപ്പോടെ മുന്നോട്ട് പോയി.
ഇന്ന് നൂറുകണക്കിന് കുടുംബങ്ങൾക്ക് അന്നദാതാക്കളായ ഇൻഡോഅമേരിക്കൻ ഹോസ്പിറ്റൽ, കളത്തിൽ റിസോർട്ട്, നഴ്സിംഗ് കോളേജ്, ഫിസിയോതെറാപ്പി കോളേജ് എന്നിവയെല്ലാം ഡോ.ബാഹുലേയനെന്ന ദീർഘവീക്ഷണത്തിന്റെ പ്രതിഫലനമാണ്. എന്നിട്ടും, ഈ ലോകപ്രശസ്ത ന്യൂറോ സർജന് കേരളം അർഹിക്കുന്ന ആദരവ് നൽകിയോ എന്നത് വരുംതലമുറകളോട് കാലംഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു.
ശാന്തമായ വിശ്രമജീവിതം
സൗഹൃദങ്ങൾ നൽകിയ 'ധനികനായ ഭ്രാന്തൻ' എന്ന വിശേഷണം ഒരു ചെറുപുഞ്ചിരിയോടെ സ്വീകരിച്ച് വിശ്രമജീവിതത്തിലാണ്. പ്രായത്തിന്റേതായ ചെറിയ മറവികളുണ്ടെങ്കിലും ഇൻഡോഅമേരിക്കൻ ഹോസ്പിറ്റൽ കാമ്പസിനുള്ളിൽ ശ്രീനാരായണ ഗുരുദേവ കൃതികളുടെ പാരായണവുമായി അദ്ദേഹം ആത്മീയ ശാന്തതയിലാണ്.
ന്യൂറോളജി വിഭാഗം മേധാവി ഡോ.കെ. പരമേശ്വരൻ, ബന്ധു കമലാസനൻ, സഹോദരീപുത്രി ഡോ. ഹേമ എന്നിവരും മറ്റ് സഹപ്രവർത്തകരും അദ്ദേഹത്തിന് കാവലായുണ്ട്. ചിക്കാഗോയിലുള്ള ഏക മകൻ സാജുവിന്റെ ഇടവേളകളിലുള്ള സന്ദർശനം ഡോക്ടർക്ക് ഏറെ ഊർജ്ജം പകരുന്നു. വേമ്പനാട് കായൽക്കാറ്റേറ്റ് തന്റെ പ്രിയപ്പെട്ട ചെമ്മനാകരിയുടെ മണ്ണിൽ ധന്യമായ ഒരു നൂറ്റാണ്ടിന്റെ പൂർത്തീകരണത്തിലാണ് ഡോ.ബാഹുലേയൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |