
ജീവിതം ഒരിക്കൽ പോലും ദിനേശന് എളുപ്പവഴികൾ തുറന്നുനൽകിയില്ല. പ്രതിസന്ധിയെയും വിജയ പടവുകളാക്കി മാറ്റുകയായിരുന്നു അദ്ദേഹം. വിശപ്പിൽ നിന്ന് വിജയത്തിലേക്കും, വഴിയോരത്തെ ലോട്ടറി തട്ടിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിലേക്കും നടന്നുയർന്ന ടി.ഡി. ദിനേശന്റെ ജീവിതം അദ്ധ്വാനത്തിന്റെ മഹത്വം തെളിയിക്കുന്ന അതുല്യഗാഥയാണ്.
ജീവിതത്തിൽ ഒന്നുമില്ലാത്ത അവസ്ഥയിലും സ്വന്തം അദ്ധ്വാനത്തിൽ വിശ്വാസം നഷ്ടപ്പെടാതിരുന്നൊരു മനുഷ്യന്റെ കഥയാണ് ചങ്ങനാശ്ശേരി പെരുന്ന സ്വദേശി ടി.ഡി. ദിനേശന്റേത്. വിശപ്പും ദാരിദ്ര്യവും നിറഞ്ഞ ബാല്യത്തിൽ, തെരുവോരത്ത് ലോട്ടറി വിറ്റ് കുടുംബത്തിന്റെ വിശപ്പ് അകറ്റാൻ ശ്രമിച്ചിരുന്ന പന്ത്രണ്ടുകാരൻ ബാലൻ ഇന്ന് TWO 'R" എന്ന ബിസിനസ് സംരംഭത്തിന്റെ സ്ഥാപകനായി ഉയർന്നുനിൽക്കുന്നു. അത് ഭാഗ്യത്തിന്റെ വിജയമല്ല; കഠിനാദ്ധ്വാനവും ആത്മവിശ്വാസവും ചേർന്ന ജീവിതസമരത്തിന്റെ വിജയം.
കളിച്ചും ചിരിച്ചും നടക്കേണ്ട പ്രായത്തിൽ ജീവിതത്തിന്റെ ഭാരമേന്തേണ്ടി വന്ന ബാല്യം. ഒരു നേരത്തെ ഭക്ഷണത്തിനായി പോലും പോരാടേണ്ടി വന്ന ദിവസങ്ങൾ. മഴയും വെയിലും സഹിച്ച് തെരുവോരത്ത് നിന്ന് ലോട്ടറി വിറ്റ കാലം. ഇന്നും ആ ഓർമ്മകൾ ദിനേശന് മായാത്ത ജീവിതപാഠങ്ങളാണ്. എന്നാൽ സാഹചര്യങ്ങൾ അദ്ദേഹത്തെ തളർത്തിയില്ല. 'ജീവിതത്തിൽ വിജയിക്കണം"എന്ന ഉറച്ച ചിന്ത ഓരോ ദിവസവും മുന്നോട്ട് നയിച്ചു. കുടുംബത്തെ കരകയറ്റണമെന്ന ആഗ്രഹവും ഇഷ്ടപ്പെട്ട യുവതിയെ ജീവിതപങ്കാളിയാക്കണമെന്ന സ്വപ്നവും അദ്ദേഹത്തിന് കൂടുതൽ കരുത്തായി.
വിദ്യാഭ്യാസം കുറവാണെന്ന് ഇന്നും വിനയത്തോടെ തുറന്നു പറയുന്ന സാധാരണക്കാരൻ. വേദികളിൽ സംസാരിക്കാൻ വിളിക്കുമ്പോൾ പോലും 'എനിക്ക് വിദ്യാഭ്യാസം കുറവാണ്" എന്ന് ചിരിച്ചുകൊണ്ട് പറയുന്ന ലാളിത്യമാണ് ദിനേശന്റെ ഏറ്റവും വലിയ സൗന്ദര്യം. ദാരിദ്ര്യത്തെ തോൽപ്പിച്ച് സ്വപ്നങ്ങളെ ജയിച്ച 66കാരന്റെ ജീവിതം പുതുതലമുറയ്ക്ക് ഇന്നും പ്രചോദനമാണ്.
പഠനം പാതിയിൽ അവസാനിച്ച ബാല്യം
ചങ്ങനാശേരി പുഴവാത് തയ്യിൽ കോട്ടുപ്പറമ്പിൽ പരേതനായ ദാമോദരന്റെയും കാർത്ത്യായനിയുടെയും ഏകമകൻ ദിനേശന്റെ ജനനം. ചങ്ങനാശേരി ഗവൺമെന്റ് സ്കൂളിൽ അഞ്ചാം ക്ലാസ് വരെ പഠിച്ചു. സാമ്പത്തിക പ്രതിസന്ധികൾ പഠനത്തിന് തടസ്സമായി. എറണാകുളത്ത് ചങ്ങാടത്തിൽ ജോലി ചെയ്തിരുന്ന പിതാവ് കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കാതിരുന്നതോടെ അമ്മ നാട്ടിലേയ്ക്ക് മടങ്ങി. ദിനേശന് അഞ്ച് വയസുള്ളപ്പോൾ അമ്മ രണ്ടാമത് വിവാഹം ചെയ്തു, ചങ്ങനാശ്ശേരി സ്വദേശി അസീസിനെ. പഠനം തുടരണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീവിതസാഹചര്യങ്ങൾ അതിന് വഴിയൊരുക്കിയില്ല.
പന്ത്രണ്ടാം വയസിൽ തൊഴിലിടത്തിൽ
ജീവിതത്തിലെ കഠിനസാഹചര്യങ്ങൾ ദിനേശനെ വളരെ ചെറുപ്പത്തിൽ തന്നെ തൊഴിലിടത്തിലേക്ക് എത്തിച്ചു. പന്ത്രണ്ടാം വയസിൽ നാട്ടിൽ മൈക്കാട് പണിയിലേക്ക് ഇറങ്ങി. അതിജീവനത്തിനായി കപ്പലണ്ടി കച്ചവടം മുതൽ പലതരം ജോലികളും ചെയ്തു. ചങ്ങനാശേരി പെരുന്നയിലെ ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയനിൽ തൊഴിലാളിയായി ചേർന്നു. പതിനഞ്ചാം വയസിൽ ചങ്ങനാശേരിയിലെ ഒരു ഷാപ്പിലും ജോലി ചെയ്തു. പിന്നീട് അത് ഉപേക്ഷിച്ച് വീണ്ടും ചുമട്ട് തൊഴിലിലേക്ക് മടങ്ങി. തൊഴിലാളി പ്രസ്ഥാനങ്ങളോടും അടുപ്പമുണ്ടായിരുന്ന ദിനേശൻ ഐ.എൻ.ടി.യു.സിയിലും സജീവമായി. പതിനാറാം വയസിൽ ഡ്രൈവിംഗ് പഠിക്കണമെന്ന ആഗ്രഹം. പഠനത്തിനായി അമ്മ നൽകിയ 500 രൂപ ദിനേശൻ നിധിപോലെ സൂക്ഷിച്ചു. എന്നാൽ അതേ സമയത്താണ് ജീവിതം മാറ്റിമറിച്ച ആശയം രണ്ടാനച്ഛൻ അസീസ് മുന്നോട്ടുവച്ചത് - ലോട്ടറി ഏജൻസി.
തുടക്കത്തിൽ അദ്ദേഹം ലോട്ടറിയെടുത്ത് നൽകി. അതൊരു ചെറിയ ചുവടുവയ്പ്പായിരുന്നു. രാവിലെ ആരംഭിക്കുന്ന വില്പന വൈകുന്നേരംവരെ നീളും. അന്നത്തെ ടിക്കറ്റുകളുടെ വില വെറും 50 പൈസ. മുഴുവൻ ടിക്കറ്റുകളും വിറ്റാൽ 100 രൂപവരെ വരുമാനം ലഭിക്കും. ഭൂട്ടാനും സിക്കിമും ലോട്ടറികൾ വിപണിയിൽ തിളങ്ങിയിരുന്ന കാലം. അതേസമയം അമ്മ ,വീടുകളിൽ പാലപ്പം ഉണ്ടാക്കി നൽകി ചെറിയ വരുമാനം കണ്ടെത്തും. ആ ചെറിയ വരുമാനങ്ങളിലൂടെയായിരുന്നു കുടുംബത്തിന്റെ മുന്നോട്ട് പോക്ക് .
ജീവിതം മാറ്റിമറിച്ച ലോട്ടറി ലോകം
'എന്റെ ജീവിതം മാറ്റിമറിച്ചത് ലോട്ടറി മേഖലയാണ്" - അദ്ദേഹം പറയുമ്പോൾ അത് അനുഭവങ്ങളുടെ സത്യസാക്ഷ്യമായി മാറുന്നു. പതിനേഴാം വയസിൽ ചങ്ങനാശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം അസീസ് ചെറിയൊരു ലോട്ടറി തട്ട് ഇട്ടുനൽകി. അവിടെ നിന്നാണ് യഥാർത്ഥ പോരാട്ടം തുടങ്ങിയത്. ലോട്ടറി വില്പനയിൽ നിന്നുള്ള വരുമാനം വർദ്ധിച്ചതോടെ ജീവിതത്തിലും മാറ്റങ്ങൾ സംഭവിച്ചു. പിന്നീട് നാല്പത്തെട്ട് വർഷം നീണ്ട കഠിനാധ്വാനത്തിന്റെയും ഉയർച്ചയുടെയും യാത്രയായി.
കൂട്ടുകാർക്കൊപ്പം കളിച്ചുനടക്കേണ്ട പ്രായത്തിൽ ജീവിതഭാരം ചുമലിലേറ്റിയ ദിനേശൻ മഴയിലും വെയിലിലും തെരുവോരത്ത് നിന്നു. ആ ദുരിതം കണ്ട ചങ്ങനാശേരിയിലെ കോസി വസ്ത്രവ്യാപാരശാലയുടെ ഉടമ അദ്ദേഹത്തിന് കുട നൽകിയ ശേഷം ലോട്ടറി വിൽക്കാൻ കടയോട് ചേർന്ന് ഇരിപ്പിടവും ഒരുക്കി. കഷ്ടപ്പാടിന്റെ പടുകുഴിയിൽ വീണുപോയ ഒരുവനെ ചേർത്തു പിടിച്ച മനസ്സിനെ ഇന്നും ദിനേശൻ സ്നേഹത്തോടെ ഓർക്കുന്നു.
പ്രണയവും കുടുംബവും;
കരുത്തായ കൂട്ടായ്മ
ജീവിതസമരത്തിനിടയിലും ദിനേശൻ സ്വപ്നങ്ങൾ കൈവിട്ടില്ല. നാല് വർഷത്തെ പ്രണയത്തിന് ശേഷം പള്ളുരുത്തി സ്വദേശിനിയും മുറപ്പെണ്ണുമായ സുധർമ്മയെ ജീവിതപങ്കാളിയാക്കി. ഇരുപത്തിയഞ്ചാം വയസിൽ അഞ്ച് സെന്റ് സ്ഥലത്ത് ആദ്യ വീടും സ്വന്തമാക്കി. തന്റെ ഇടതു ഭാഗം ചേർന്ന് സുധർമ്മ വന്നപ്പോൾ ജീവിതമാകെ സന്തോഷം അലയടിച്ചു.
കാലം മാറി, വീടുകളും സ്ഥലങ്ങളും മാറി. എന്നാൽ പോരാട്ടം അവസാനിച്ചില്ല. ഒടുവിൽ പെരുന്ന പുഴവാതിൽ പത്ത് സെന്റ് സ്ഥലത്ത് വീട് നിർമ്മിച്ച് കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കി. മക്കളുടെ വിദ്യാഭ്യാസം, സഹോദരിമാരുടെ വിവാഹം, കുടുംബത്തിന്റെ ഉയർച്ച- എല്ലാം ലോട്ടറി മേഖല നൽകിയ അനുഗ്രഹങ്ങളാണെന്ന് ദിനേശൻ പറയുന്നു. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളിലും താങ്ങും കരുത്തുമായി ഒപ്പമുണ്ടായിരുന്നത് ഭാര്യ സുധർമ്മയാണെന്നും അദ്ദേഹം സ്നേഹത്തോടെ ഓർക്കുന്നു.
വഴിയോരത്തെ തട്ടിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിലേക്ക്
ചെറിയ ലോട്ടറി തട്ടിൽ നിന്നാരംഭിച്ച യാത്ര പിന്നീട് വലിയ ബിസിനസ് വളർച്ചയിലേക്ക് എത്തി. ഇരുപത്തിയഞ്ചാം വയസിൽ ചങ്ങനാശേരി മുനിസിപ്പാലിറ്റിക്ക് സമീപമുള്ള ഒന്നര സെന്റ് സ്ഥലത്തുള്ള കടയും കെട്ടിടവും സ്വന്തമാക്കി. അത് ജീവിതത്തിലെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു. സമീപത്തെ മറ്റൊരു കട കൂടി വാങ്ങി വാടകയ്ക്ക് നൽകി.
ബിസിനസ് രംഗത്ത് പുതുമ പരീക്ഷിക്കാനായി മൊബൈൽ ഷോപ്പ് നടത്തിയെങ്കിലും വിജയം കണ്ടില്ല. എന്നാൽ പരാജയങ്ങളിൽ തളരാതെ വീണ്ടും ലോട്ടറി രംഗത്തേക്ക് കൂടുതൽ ശക്തമായി മടങ്ങിയെത്തി. ഇന്ന് ഹോൾസെയിൽ ലോട്ടറി വ്യാപാരവും വിവിധ കടകളിലേക്ക് ലോട്ടറി വിതരണം ചെയ്യുന്നതുമാണ് പ്രധാന ബിസിനസ്. സാങ്കേതികവിദ്യയുടെ കാലം എത്തിയപ്പോൾ കണക്കെടുപ്പും മറ്റ് പ്രവർത്തനങ്ങളും കമ്പ്യൂട്ടർ സംവിധാനങ്ങളിലേയ്ക്ക് മാറി.
ഇതിനിടെ മകനും ബിസിനസിലെത്തി. ഇന്ന് മുഴുവൻ ചുമതലയും മകനാണ്.
ചങ്ങനാശേരിയിലെ വഴിയോരത്ത് ആരംഭിച്ച ചെറിയ ലോട്ടറി കച്ചവടം ഇന്ന് പാലക്കാട്, മല്ലപ്പള്ളി, കോട്ടയം, കറുകച്ചാൽ, തോപ്പുംപടി തുടങ്ങി നിരവധി സ്ഥലങ്ങളിലേയ്ക്ക് വ്യാപിച്ചു. കഠിനാദ്ധ്വാനവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ വഴിയോരത്ത് നിന്നുപോലും വിജയ സാമ്രാജ്യം തീർക്കാമെന്നതിന് ദിനേശന്റെ ജീവിതം വലിയ ഉദാഹരണമാണ്.
സമുദായ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം
ബിസിനസ് രംഗത്ത് വിജയിച്ച ദിനേശൻ കഴിഞ്ഞ ഒൻപത് വർഷമായി സമുദായ പ്രവർത്തനങ്ങളിലും സജീവമാണ്. എസ്.എൻ.ഡി.പി യോഗം 60-ാം നമ്പർ പെരുന്ന ശാഖയുടെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. എല്ലാ ദിവസവും രാവിലെ ക്ഷേത്രത്തിലെത്തുന്ന പതിവുണ്ടായിരുന്ന അദ്ദേഹത്തെ ശാഖാ കമ്മിറ്റി അംഗങ്ങൾ നേതൃത്വത്തിലേക്ക് ക്ഷണിച്ചു. 'ശാഖയെ നയിക്കാൻ ദിനേശന് കഴിയും" എന്ന അംഗങ്ങളുടെ ആത്മവിശ്വാസമാണ് അദ്ദേഹത്തിന് പ്രചോദനമായത്.
പ്രസിഡന്റായിരുന്ന കാലത്ത് ശാഖയുടെയും ക്ഷേത്രത്തിന്റെയും വികസനത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തി. അതിൽ പലതും സ്വന്തം ചിലവിൽ പൂർത്തിയാക്കിയതും ശ്രദ്ധേയമാണ്.
ഫാത്തിമാപുരത്തെ കാട് പിടിച്ച് അവഗണനയിൽ കിടന്നിരുന്ന ശാഖാ ശ്മശാനം സ്വന്തം ചിലവിൽ നവീകരിച്ചു. ഇന്റർലോക്ക് കട്ടകൾ സ്ഥാപിച്ച് സ്ഥലം സൗകര്യപ്രദമാക്കി. ക്ഷേത്രത്തിന്റെ ചെറിയ പടിവാതിൽ എട്ട് ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ചു. ശാഖയുടെ നേതൃത്വത്തിൽ ശാന്തിക്കാർക്ക് വിശ്രമമുറി, അടുക്കള, ഹാൾ എന്നിവയും നിർമ്മിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |