
പണം മാത്രം പോരാ, പരിചരണവും സുരക്ഷയും വേണം
കേരളം ഇന്ന് ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വാർദ്ധക്യത്തിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങളിലൊന്നാണ്. ഉയർന്ന ആയുസും കുറഞ്ഞ ജനനനിരക്കും കുടുംബഘടനകളിലെ മാറ്റങ്ങളും ചേർന്ന് വയോജന ജനസംഖ്യയെ അതിവേഗം വർദ്ധിപ്പിക്കുകയാണ്. ഇത് ഒരു ജനസംഖ്യാപരമായ മാറ്റം മാത്രമല്ല; സാമൂഹികവും സാമ്പത്തികവും ഭരണപരവുമായ വലിയ വെല്ലുവിളിയുമാണ്.
ഒരുകാലത്ത് കൂട്ടുകുടുംബങ്ങളായിരുന്നു വയോജനങ്ങളുടെ ഏറ്റവും വലിയ സുരക്ഷാകവചം. കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യവും പരിചരണവും അവർക്കു ആത്മവിശ്വാസവും സംരക്ഷണവും നൽകി. എന്നാൽ ഇന്ന് സാഹചര്യങ്ങൾ മാറിയിരിക്കുന്നു. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി മക്കൾ രാജ്യത്തിനകത്തും വിദേശത്തും കുടിയേറുന്നു. അവർ സാമ്പത്തിക സഹായം നൽകുന്നുണ്ടെങ്കിലും, മാതാപിതാക്കളുടെ ആരോഗ്യവും സുരക്ഷയും മാനസിക ക്ഷേമവും ഉറപ്പാക്കാൻ പലപ്പോഴും കഴിയുന്നില്ല.
ലണ്ടനിൽ ജോലി ചെയ്യുന്ന ഒരു നഴ്സായ മകൾക്ക് നാട്ടിലുള്ള ഡിമെൻഷ്യ ബാധിച്ച അമ്മയെ നോക്കാൻ വിശ്വസനീയമായ സർക്കാർ സംവിധാനമില്ല. സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ടിവരുന്നു. എന്നാൽ, സേവനത്തിന്റെ ഗുണനിലവാരം, ഉത്തരവാദിത്വം, നിരീക്ഷണം എന്നിവയിൽ വ്യക്തതയില്ല. അടിയന്തര സാഹചര്യങ്ങളിൽ ആരെ സമീപിക്കണം എന്നതുപോലും പല കുടുംബങ്ങൾക്കും അറിയില്ല.
വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ പ്രശ്നം കൂടുതൽ ഗുരുതരമാകാനാണ് സാദ്ധ്യത. വയോജന ക്ഷേമവുമായി ബന്ധപ്പെട്ട പദ്ധതികൾ ഇന്ന് വിവിധ വകുപ്പുകളിലായി ചിതറിക്കിടക്കുകയാണ്. ആരോഗ്യം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം, വനിതാശിശു വികസനം തുടങ്ങിയ വകുപ്പുകൾ ഓരോ മേഖലകൾ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും, വയോജനങ്ങളുടെ സമഗ്ര ക്ഷേമത്തിനായി ഏകീകൃതവും ഉത്തരവാദിത്വമുള്ളതുമായ ഒരു സംവിധാനമില്ല.
കാലത്തിന്റെ ആവശ്യം
കേരളത്തിൽ പ്രത്യേകമായി ഒരു വയോജന വകുപ്പ് രൂപീകരിക്കപ്പെട്ടത് കാലത്തിന്റെ ആവശ്യമാണ്. അതിന്റെ സാദ്ധ്യതകൾ:
വയോജന ക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഏകോപിപ്പിക്കാം
ആരോഗ്യ, മാനസിക, സാമൂഹിക, നിയമപര, സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം
ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളെ കണ്ടെത്തി നിരന്തര പിന്തുണ നൽകാം
പ്രവാസി കുടുംബങ്ങൾക്ക് വിശ്വാസ്യതയുള്ള പരിചരണ സംവിധാനം ഒരുക്കാം
സേവനങ്ങളുടെ ഗുണനിലവാരം സർക്കാർ മേൽനോട്ടത്തിൽ ഉറപ്പാക്കാം
വയോജന അവകാശങ്ങൾ സംരക്ഷിക്കുന്ന പരാതിപരിഹാര സംവിധാനം സൃഷ്ടിക്കാം
എങ്ങനെ നടപ്പാക്കാം?
1.പഞ്ചായത്ത് തലത്തിൽ
വയോജന വിംഗുകൾ
ഓരോ പഞ്ചായത്തിലും നഗരസഭയിലും പ്രത്യേക വയോജന വിംഗ് രൂപീകരിക്കണം. ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങളുടെ സമഗ്ര രജിസ്റ്റർ തയ്യാറാക്കണം. ആരോഗ്യസ്ഥിതി, കുടുംബപശ്ചാത്തലം, അടിയന്തര ബന്ധപ്പെടേണ്ട വ്യക്തികൾ എന്നിവ രേഖപ്പെടുത്തണം.
വാർഡ് അംഗങ്ങളുടെയും പരിശീലനം നേടിയ പ്രവർത്തകരുടെയും നേതൃത്വത്തിൽ സ്ഥിരം സന്ദർശനങ്ങൾ നടത്തണം. ആരോഗ്യപ്രശ്നങ്ങൾ, സുരക്ഷാ ഭീഷണികൾ, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ നേരത്തേ കണ്ടെത്തണം.
2. പേ ആന്റ് കെയർ മാതൃക
സാമ്പത്തികമായി ശേഷിയുള്ള കുടുംബങ്ങൾ നിശ്ചിത ഫീസ് നൽകി സേവനം ഉപയോഗിക്കട്ടെ. അതിലൂടെ ലഭിക്കുന്ന വരുമാനം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വയോജനങ്ങൾക്കായി വിനിയോഗിക്കാം. ഇതിലൂടെ സേവനങ്ങളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാം.സർക്കാർ ചെലവിന്റെ ഭാരം കുറയ്ക്കാം. ദരിദ്രർക്കും സമ്പന്നർക്കും ഒരുപോലെ മികച്ച പരിചരണം ലഭ്യമാക്കാം. സാമൂഹിക നീതിയും മാനവികതയും ഒരുമിച്ച് നടപ്പാക്കാം.
3.യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ
ജെറിയാട്രിക് കെയർ, നഴ്സിംഗ്, സോഷ്യൽ വർക്ക്, കൗൺസലിംഗ്, ഫിസിയോതെറാപ്പി തുടങ്ങിയ മേഖലകളിൽ പരിശീലനം നേടിയ യുവാക്കൾക്ക് വലിയ തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കാം.
4.സാങ്കേതികവിദ്യയുടെ പ്രയോജനം
വയോജനങ്ങളുടെ ആരോഗ്യവും സുരക്ഷയും നിരീക്ഷിക്കാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിക്കണം. മൊബൈൽ ആപ്പുകളും ഹെൽപ്പ്ലൈനുകളും ആരംഭിക്കുക.ആരോഗ്യ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുക. അടിയന്തര സഹായത്തിനായി 24 മണിക്കൂർ പ്രതികരണ സംവിധാനം ഒരുക്കുക. പ്രവാസി മക്കൾക്ക് മാതാപിതാക്കളുടെ ക്ഷേമവിവരങ്ങൾ ലഭ്യമാക്കുക.
ഗുണഭോക്താക്കൾ
വയോജനങ്ങൾ
സ്വന്തം വീട്ടിൽ സുരക്ഷിതവും ആത്മാഭിമാനത്തോടെയും ജീവിക്കാൻ കഴിയും
ആരോഗ്യപരമായും മാനസികമായും മികച്ച പിന്തുണ ലഭിക്കും
ഏകാന്തതയും അവഗണനയും കുറയും
പ്രവാസി മക്കൾ
മാതാപിതാക്കൾ സുരക്ഷിതരാണെന്ന ആത്മവിശ്വാസം ലഭിക്കും
നിരന്തരമായ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും പരിഹാരം കാണാം
വിശ്വസനീയമായ സർക്കാർ പിന്തുണ ലഭിക്കും
സമൂഹം
യുവാക്കൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും
സാമൂഹിക ഐക്യവും ഉത്തരവാദിത്വബോധവും ശക്തിപ്പെടും
വയോജന സൗഹൃദ സമൂഹം രൂപപ്പെടും
ലോകത്തിന് മാതൃക
ലോകത്തിലെ പല വികസിത രാജ്യങ്ങളും വയോജന പരിചരണ രംഗത്ത് വലിയ വെല്ലുവിളികൾ നേരിടുകയാണ്. സേവനച്ചെലവുകൾ ഉയരുന്നു, പരിചരണ ജീവനക്കാരുടെ കുറവ് അനുഭവപ്പെടുന്നു, കുടുംബബന്ധങ്ങൾ അകലുന്നു. കേരളം, സർക്കാർ മേൽനോട്ടത്തിലുള്ള, സാങ്കേതികവിദ്യ പിന്തുണയ്ക്കുന്ന, ഗുണമേന്മയുള്ള, ചെലവ് കുറഞ്ഞ ഒരു വയോജന പരിചരണ മാതൃക സൃഷ്ടിച്ചാൽ അത് ഇന്ത്യയ്ക്കു മാത്രമല്ല ലോകത്തിനും മാതൃകയാകും. ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും കേരളം ലോകശ്രദ്ധ നേടിയതുപോലെ, നാളെയുടെ 'കേരള വയോജന പരിചരണ മാതൃക'യും ആഗോള തലത്തിൽ ശ്രദ്ധ നേടാൻ കഴിയും.
പുതിയ കേരളത്തിന്റെ
പ്രഖ്യാപനം
ഒരു മരം പഴകി ഇലകൾ പൊഴിയുമ്പോൾ നമ്മൾ അതിനെ വെട്ടിമാറ്റാറില്ല. കാരണം അതിന്റെ വേരുകളാണ് നമ്മെ താങ്ങി നിറുത്തിയത്. വയോജനങ്ങളും അങ്ങനെ തന്നെയാണ്. അവർ നമ്മുടെ കുടുംബങ്ങളുടെയും സമൂഹത്തിന്റെയും വേരുകളാണ്. അവരുടെ അനുഭവങ്ങളും ത്യാഗങ്ങളും സ്‌നേഹവുമാണ് ഇന്നത്തെ തലമുറയുടെ അടിത്തറ.
ഒരു സമൂഹത്തിന്റെ മഹത്വം അതിന്റെ വയോജനങ്ങളെ എങ്ങനെ പരിചരിക്കുന്നു എന്നതിലൂടെ അളക്കപ്പെടുന്നു. സാമ്പത്തിക വളർച്ചയും അടിസ്ഥാന സൗകര്യ വികസനവും മാത്രം മതിയാകില്ല; മനുഷ്യരെ ബഹുമാനിക്കുന്ന സംവിധാനങ്ങളാണ് യഥാർത്ഥ പുരോഗതിയുടെ അടയാളം. ഇന്ന് നമ്മൾ മാതാപിതാക്കളെ എങ്ങനെ പരിചരിക്കുന്നുവോ, നാളെ നമ്മുടെ മക്കൾ നമ്മളെയും അങ്ങനെ തന്നെ പരിചരിക്കും.
അതിനാൽ വയോജനങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് ഒരു സാമൂഹിക ഉത്തരവാദിത്വം മാത്രമല്ല; അത് ഒരു സംസ്‌കാരത്തിന്റെ അളവുകോലുമാണ്.
വയോജന വകുപ്പ് എന്നത് ഒരു സർക്കാർ പദ്ധതി മാത്രമല്ല- അത് മനുഷ്യത്വത്തിലും സാമൂഹിക നീതിയിലും ഉത്തരവാദിത്വത്തിലും അധിഷ്ഠിതമായ ഒരു പുതിയ കേരളത്തിന്റെ പ്രഖ്യാപനമാണ്.
(ഫ്രീലാൻസ് ജേർണലിസ്റ്റാണ് ലേഖിക)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |