
ബഹിരാകാശ യാത്രയ്ക്ക് തിരിക്കും മുമ്പ്
അനിൽ മേനോൻ 'കേരളകൗമുദി'യോട്
''എന്റെ അച്ഛന്റെ യാത്ര തുടങ്ങിയത് കേരളത്തിൽ നിന്നാണ്. ഒരർത്ഥത്തിൽ എന്റെയീ ബഹിരാകാശയാത്രയെ അതിന്റെ തുടർച്ചയായിട്ടാണ് ഞാൻ കാണുന്നത്.
ഇന്ത്യയ്ക്കു മുകളിലൂടെ പറക്കുമ്പോൾ കേരളത്തെയാകും ഞാൻ വിൻഡോയിലൂടെ നോക്കുക. പശ്ചിമഘട്ടത്തിന്റെ പച്ചപ്പും കേരളത്തിന്റെ തീരങ്ങളും കായലുകളും- അങ്ങനെയെല്ലാം കൗതുകമാകും.
?എന്താണ് യാത്രയെക്കുറിച്ച് മനസിലുള്ള വികാരം
ഇതൊരു ലൈഫ് ടൈം അച്ചീവ്മെന്റാണ്. അപൂർവ അംഗീകാരവും ബഹുമതിയുമാണ്. ആ നേട്ടം എന്റേത് മാത്രമല്ല. എന്റെ മാതാപിതാക്കൾ, എന്നെ പഠിപ്പിച്ച അദ്ധ്യാപകർ, എന്റെ സഹപ്രവർത്തകർ പ്രത്യേകിച്ചും എന്നോടൊപ്പം യാത്രയിൽ പങ്കെടുക്കുന്ന അംഗങ്ങൾ,
ഈ കാലയളവിലുടനീളം എന്നിൽ വിശ്വാസമർപ്പിച്ചവർ അവർക്കെല്ലാം അവകാശപ്പെട്ടതാണ്. എന്റെ അച്ഛന്റെ യാത്ര തുടങ്ങിയത് കേരളത്തിൽ നിന്നാണ്. ഒരർത്ഥത്തിൽ എന്റെയീ ബഹിരാകാശയാത്രയെ അതിന്റെ തുടർച്ചയായിട്ടാണ് ഞാൻ കാണുന്നത്.
?എന്താണ് കൗതുകം
എന്റെ കുടുംബത്തിന്റെ വേരുകൾ ഉള്ളയിടം, അവിടേക്ക് 400 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴോട്ടു നോക്കുന്നതിലെ കൗതുകം എന്നെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. അതൊരു അപൂർവ നിമിഷമാകും. അപ്പോൾ എല്ലാവരെകുറിച്ചും ഞാൻ ചിന്തിക്കും. ഇന്ത്യയ്ക്കു മുകളിലൂടെ പറക്കുമ്പോൾ കേരളത്തെയാകും ഞാൻ വിൻഡോയിലൂടെ നോക്കുക. പശ്ചിമഘട്ടത്തിന്റെ പച്ചപ്പും കേരളത്തിന്റെ തീരങ്ങളും കായലുകളും- അങ്ങനെയെല്ലാം കൗതുകമാകും.
?മലയാളം അറിയാമോ
എന്റെ അച്ഛൻ മലയാളമാണ് വീട്ടിൽ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ എനിക്കത് മനസിലാകും. പക്ഷേ സംസാരിക്കാൻ അത്ര എളുപ്പമല്ല. എനിക്ക് ഒരുപാട് മലയാള വാക്കുകൾ അറിയാം. അത് ഉച്ചരിക്കുക പ്രയാസമാണെന്നു മാത്രം. എന്റെ ഭാര്യ അന്നയും ചില വാക്കുകൾ മനസിലാക്കിയിട്ടുണ്ട്. ഒന്നു മുതൽ പത്തുവരെ കൃത്യമായി മലയാളത്തിൽ പറയുകയും ചെയ്യും.
?കേരളത്തിൽ
ഞാനും അന്നയും 2016ൽ കൊച്ചി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കറങ്ങിയിരുന്നു. ആ യാത്രയുടെ ഊഷ്‌മളത ഇപ്പോഴും ഞങ്ങളുടെ മനസിലുണ്ട്.
?ഒറ്റപ്പാലത്തെ വേരുകൾ
ആ ബന്ധം ആഴത്തിലുള്ളതാണ്. എന്റെ മുതുമുത്തച്ഛൻ സർ സി.ചേറ്റൂർ ശങ്കരൻനായർ, അമ്മാവൻ ജനറൽ കെ.പി.കാൻഡത്ത് ഇവരൊക്കെ കുടുംബത്തിന്റെ പാരമ്പര്യം ഉയർത്തിപ്പിടിച്ചവരാണ്. എന്റെ ഒരമ്മാവൻ ഇപ്പോൾ ഡൽഹിയിൽ ജെ.എൻ.യുവിൽ പഠിപ്പിക്കുന്നു. കേരളത്തിൽ പലയിടങ്ങളിലും ഞങ്ങൾക്കു ബന്ധുക്കളുണ്ട്. കേരളത്തിലേക്ക് വീണ്ടും വരും. നാടിന്റെ സുഗന്ധം ഇനിയും ആസ്വദിക്കണം.
?കേരളത്തിലെ വിദ്യാർത്ഥികളോട്
നിങ്ങൾ എവിടെ തുടങ്ങിയെന്നത്, നിങ്ങൾക്ക് എവിടെവരെ പോകാമെന്നതിന് ഒരു പരിധി നിശ്ചയിക്കുകയോ വിലങ്ങുതടിയോ ആകുന്നില്ല. നന്നായി പഠിക്കുക, കഠിനാദ്ധ്വാനം ചെയ്യുക. എപ്പോഴും പുതിയ അറിവുകൾ തേടാനുള്ള ആകാംക്ഷ നിലനിറുത്തുക. ആരോഗ്യം സംരക്ഷിക്കുക. ഒപ്പമുള്ളവരെ ചേർത്തുപിടിക്കുക. എന്നാലെ വളരാൻ കഴിയുകയുള്ളു. കേരളം ലോകത്തിന് മികച്ച ഡോക്ടർമാരെയും എൻജിനിയർമാരെയും ശാസ്ത്രജ്ഞരെയും സൈനികരെയും സംഭാവന ചെയ്തിട്ടുണ്ട്. ബഹിരാകാശമാണ് ഇനി അടുത്തത്. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ ആ വഴിക്കാണ്. അത് വിചാരിക്കുന്നതിനേക്കാൾ വേഗത്തിൽ സംഭവിക്കും.
പ്രതീക്ഷ കൈവിടാതെ പരിശ്രമം തുടരുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |