SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.01 AM IST

സഭയുടെ പുരോഗതി ലക്ഷ്യം

bishop

തെക്കൻ കേരളത്തിലെ ക്രൈസ്തവ സഭകളിൽ ശ്രദ്ധേയപ്രവർത്തനമാണ് സി.എസ്.ഐ ദക്ഷിണകേരള മഹാഇടവക നടത്തുന്നത്. ദക്ഷിണ കേരള മഹാ ഇടവകയുടെ ഏഴാമത് ബിഷപ്പായി റൈറ്റ് റവ.ഡോ.പ്രിൻസ്റ്റൺ ബെൻ കഴിഞ്ഞ മാർച്ച് 24ന് ചുമതലയേറ്റു. ജനസേവന രംഗത്തെ അനുഭവപരിചയവും ആത്മീയ വഴികളിലെ ആഴത്തിലെ അറിവും പുതിയ നിയോഗത്തിന് കരുത്തായി. സി.എസ്.ഐ സഭയെ പുരോഗതിയിലേക്ക്, പുതുവഴിയിലേക്ക് നയിക്കാനുള്ള വിവിധ പദ്ധതികളാണ് അദ്ദേഹത്തിന്റെ മനസിലുള്ളത്. ഡോ.പ്രിൻസ്റ്റൺ ബെൻ 'കേരളകൗമുദി'യോട് സംസാരിക്കുന്നു.

?പ്രവർത്തന പദ്ധതികൾ എന്തൊക്കെയാണ്
ജനക്ഷേമകരമായ പ്രവർത്തനം നടത്തുന്ന മഹാഇടവകയാണിത്. സി.എസ്.ഐ സഭയ്ക്ക് ഒരു സാമൂഹിക വീക്ഷണമുണ്ട്. ആത്മീയതയ്ക്കൊപ്പം എല്ലാ വിഷയങ്ങളേയും അത് വിലയിരുത്തുന്നു. താഴേത്തട്ടിലടക്കം വിപുലമായ പ്രവർത്തനശൃംഖലയുണ്ട്. കൊവിഡ് മഹാമാരിയും മഹാഇടവകയുമായി ബന്ധപ്പെട്ട ഭരണപരമായ അസ്ഥിരതയടക്കമുള്ളചില പ്രശ്‌നങ്ങളും പൊതുവായ ക്ഷേമ-സേവന പ്രവർത്തനങ്ങളെ ബാധിച്ചുവെന്നത് യാഥാർത്ഥ്യമാണ്. അതിൽനിന്നുള്ള മോചനം എല്ലാ വിശ്വാസികളും ആഗ്രഹിച്ചു. അങ്ങനെയാണ് പുതിയ ബിഷപ്പിനെ തിരഞ്ഞെടുക്കാനുള്ള പരിശ്രമം തുടങ്ങുന്നത്. കഴിഞ്ഞ മാർച്ചിൽ ഞാൻ ഈസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടു. 'എപ്പിസ്‌കോപ്പൽ സൂപ്പർവിഷൻ' ഇല്ലാതിരുന്നത് നമ്മുടെ വലിയ പ്രശ്‌നമായിരുന്നു. ഇന്ന് ആ അവസ്ഥമാറി. ഭരണതടസങ്ങൾ നീങ്ങിക്കഴിഞ്ഞു. വിശ്വാസസംബന്ധമായി സഭയെ കൂടുതൽ വളർത്താൻ ശ്രമിക്കുന്നു. വിശ്വാസിസമൂഹം അതിന് എല്ലാ പിന്തുണയും നൽകുന്നുണ്ട്.

?സി.എസ്.ഐ സഭ നേരിടുന്ന പ്രതിസന്ധികൾ
മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഞങ്ങൾക്കുണ്ടായിരുന്ന സംവരണം നഷ്ടപ്പെട്ടതാണ് പ്രധാനം. മെഡിക്കൽ കോളേജ് ആരംഭിച്ചപ്പോഴുള്ള വ്യവസ്ഥയായിരുന്നു 50 ശതമാനം സർക്കാർ സീറ്റും 50 ശതമാനം മാനേജ്‌മെന്റ് സീറ്റും. അതേസമയം സച്ചാർ കമ്മിഷൻ റിപ്പോർട്ട് വന്നപ്പോൾ സംവരണത്തിന് മുസ്ലിങ്ങളെയാകെ ഒരു സമുദായമായി പരിഗണിച്ചതുപോലെ ക്രിസ്ത്യൻ വിശ്വാസികളെയും ഒന്നായി പരിഗണിച്ചു. സി.എസ്.ഐ വിഭാഗത്തിൽപ്പെട്ടവർക്ക് ലഭിച്ചിരുന്ന സംവരണം പൊതുക്രിസ്ത്യൻ സംവരണമായതോടെ ഞങ്ങൾക്ക് നഷ്ടമുണ്ടായി. 150 സീറ്റുള്ള കോളേജിൽ 75 കുട്ടികൾ പഠിച്ചിരുന്നത് നാലോ അഞ്ചോ ഒക്കെയായി കുറഞ്ഞു. ക്രിസ്ത്യൻ മൈനോറിറ്റി എന്ന നിലയിൽ ഇത് ഞങ്ങളെ നന്നായി ബാധിച്ചു. മെഡിക്കൽ കോളേജിൽ 100 സീറ്റുണ്ടായിരുന്നപ്പോൾ 50 ഡോക്ടർമാർ സി.എസ്.ഐ വിഭാഗത്തിൽനിന്ന് പഠിച്ചിറങ്ങിയിരുന്നു. അങ്ങനെ 750 ഡോക്ടർമാർവരെ സമൂഹത്തിലേയ്ക്ക് ഇറങ്ങുന്ന നിലയുണ്ടായിരുന്നു. 2018 മുതൽ റിസർവേഷൻ നഷ്ടപ്പെട്ടത് വലിയ തിരിച്ചടിയായി.

?ഇത്തരം വിഷയങ്ങളിൽ പരിഹാരത്തിന് സാദ്ധ്യതയുണ്ടോ
ഒരു സമുദായം വളരുന്നത് വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയുമാണ്. നമ്മുടെ സഭയ്ക്ക് സംവരണത്തിലെ ഭേദഗതികൾ വലിയ തടസമുണ്ടാക്കി. ജെ.ബി.കോശി റിപ്പോർട്ടിൽ ഇത്തരം വിഷയങ്ങളിലൊക്കെ ക്രിയാത്മക നിർദ്ദേശങ്ങളുണ്ടെന്ന് പറയുന്നുണ്ടെങ്കിലും നടപ്പായിട്ടില്ല. സംവരണ വിഷയമടക്കം ചൂണ്ടിക്കാട്ടി യു.ഡി.എഫ് സർക്കാരിനെ സി.എസ്.ഐ സഭ സമീപിച്ചിട്ടുണ്ട്. അനുകൂല നടപടി പ്രതീക്ഷിക്കുന്നു. ബി.എസ്.സി നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്‌സുകൾക്കും അർഹമായ സംവരണം കിട്ടിയാലേ പിന്നാക്കാവസ്ഥയിലുള്ള ക്രൈസ്തവ വിഭാഗങ്ങൾക്ക് മുന്നേറ്റമുണ്ടാകൂ. നമ്മൾ ഭൂമികൊടുത്തു, കെട്ടിടം നിർമ്മിച്ചു എന്നിട്ടും നമ്മുടെ കുട്ടികൾക്ക് പഠിക്കാനാവുന്നില്ല എന്ന ചോദ്യം വിശ്വാസികളിൽനിന്ന് ഉയരുന്നു. അതുകൊണ്ടാണ് ഇത്തരം വിഷയങ്ങൾ ഗൗരവത്തോടെ കണ്ട് പരിഹാരത്തിന് ഇടപെടലുകൾ നടത്തുന്നത്.

?ദളിത് ക്രൈസ്തവരുടെ വിഷയത്തെ എങ്ങനെ കാണുന്നു
ദളിത് ക്രൈസ്തവ വിഷയം ഏറെ ചർച്ചചെയ്യപ്പെടേണ്ടതാണ്. മറ്റുപല മതങ്ങളിലേക്കും മാറിയ ദളിതർക്ക് സംവരണമുണ്ട്. എന്നാൽ ക്രൈസ്തവ വിശ്വാസത്തിലേക്ക് മാറിയവർക്ക് അത് ലഭിക്കുന്നില്ല. കേന്ദ്ര സർക്കാരടക്കം ഇക്കാര്യത്തിൽ അനുകൂല സമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്നെ വന്നുകണ്ട ബി.ജെ.പി നേതാക്കളോട് അടക്കം ഇത്തരം വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഞങ്ങളുടെ വേദികളിൽ ഇക്കാര്യം ചർച്ച ചെയ്യാമെന്ന ഉറപ്പാണ് അവർ നൽകിയത്. വിശ്വാസത്തിന്റെ പേരിൽ സാമൂഹിക നീതി ആർക്കും നിഷേധിക്കപ്പെടാൻ പാടില്ല.ദളിത് ക്രിസ്ത്യൻ സംവരണ വിഷയം സഭനേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് തന്നെയാണ്.

?ഉന്നത പഠനത്തിന് പുതിയ അവസരങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച്
കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരം ഒരുക്കേണ്ടതുണ്ട്. സിവിൽ സർവീസ് പരിശീലനം അതിൽ പ്രധാനപ്പെട്ടതാണ്. ഞങ്ങൾ ആഗ്രഹിക്കുന്നത് ഡൽഹി കേന്ദ്രമാക്കി പഠന സൗകര്യമൊരുക്കണമെന്നാണ്. കഴിവുള്ള പാവപ്പെട്ട കുട്ടികളെ സഭയുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു കേന്ദ്രം സജ്ജമാക്കി പരിശീലന സൗകര്യമൊരുക്കാൻ ആഗ്രഹിക്കുന്നു. ഇതോടൊപ്പം നിലവിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശക്തിപ്പെടുത്താനും ശ്രമിക്കുന്നു. കൂടുതൽ സ്ഥാപനങ്ങളുടെ സാദ്ധ്യതകളും പരിശോധിക്കുന്നു. തൊഴിൽപരിശീലന പദ്ധതികളും പരിഗണനയിലാണ്.

?ചികിത്സാ രംഗത്തും സജീവമായ ഇടപെടൽ നടത്തുമോ
സി.എസ്.ഐ മെഡിക്കൽ കോളേജ് മികച്ച സേവനമാണ് സമൂഹത്തിൽ നടത്തുന്നത്. ആയിരക്കണക്കിന് സാധുക്കൾക്ക് കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാനാകുന്നു. ദിവസവും ഒ.പിയിൽ 1500ലധികംപേർ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തുന്നു. ഇവരിൽ ഏറെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. തിരുവനന്തപുരം നഗരത്തിലെ പ്രധാന ആശുപത്രികളിൽ ലഭ്യമാകുന്ന പല ചികിത്സകളും പകുതി നിരക്കിൽ സി.എസ്.ഐ മെഡിക്കൽ കോളേജിൽ നൽകാനാകുന്നുണ്ട്. ചില പ്രത്യേക രോഗങ്ങൾക്ക് അവിടെ നിന്നുള്ള രോഗികളെ വെല്ലൂരിലേക്ക് ചികിത്സയ്ക്ക് അയയ്ക്കുന്നു. എന്നാൽ വെല്ലൂരിൽ അവർക്ക് സ്ഥലപരിമിതിയടക്കം ബുദ്ധിമുട്ടുകളുണ്ട്. അതൊഴിവാക്കാൻ ഇവിടെ നിന്നുപോകുന്നവർക്ക് താമസിക്കാനും ചികിത്സ തുടരാനുമുള്ള സംവിധാനം അവിടെ നിർമ്മിക്കുന്നതിന് ശ്രമം തുടങ്ങിയിട്ടുണ്ട്. അൽമായരുടെ സഹകരണത്തോടെയാവും ഇത്.

?​സഭകളുമായുള്ള നല്ല ബന്ധം നിലനിറുത്താൻ ഇടപെടുമോ
എല്ലാ സഭകളുമായും വിശ്വാസികളുമായും സഹകരിച്ച് ഐക്യത്തോടെ പോവുക എന്നകാഴ്ചപ്പാടാണ് സി.എസ്.ഐക്കുള്ളത്. ക്രിസ്തു വിഭാവനം ചെയ്തപോലെ സഭാ വ്യത്യാസങ്ങളില്ലാതെ ഒരുമിച്ച്, സഹവർത്തിത്വത്തിലൂടെ നീങ്ങാനാകണം. സഭകൾ തമ്മിലെ അകലം കുറയ്ക്കൽ ഇന്നത്തെകാലത്ത് പ്രധാനമാണ്. ഭിന്നിച്ച് നിന്നാൽ ശബ്ദത്തിന് ശക്തിയുണ്ടാകില്ല. അതിൽ മാറ്റമുണ്ടാകണം.


?​മതേതരമൂല്യങ്ങൾ നിലനിറുത്തേണ്ടതിന്റെ ആവശ്യകത
മതങ്ങളോടുള്ള സമീപനരീതി സ്‌നേഹത്തിന്റേതാകണം. എല്ലാമതങ്ങളിലും ദൈവത്തിന്റെ പ്രകാശമുണ്ട്. ഒരോ മതസ്ഥരും അവരുടെ വിശ്വാസ ആരാധനാരീതികളിലൂടെ ആദ്ധ്യാത്മിക അഭിവൃദ്ധി പ്രാപിക്കുന്നു. ഓരോ മതങ്ങൾക്കും അതിന്റേതായ സമഗ്രതയുണ്ട്. ആഴത്തിലുള്ള അദ്ധ്യാപനങ്ങളുണ്ട്. അതേസമയം എല്ലാ മതസ്ഥരും നേരിടുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും അടക്കം നിരവധി പ്രശ്‌നങ്ങളും കാണാം. അവ എങ്ങനെ പരിഹരിക്കാമെന്നാണ് നോക്കേണ്ടത്. പൊതുവിഷയങ്ങളിൽ തിരുവനന്തപുരത്ത് മതമേധാവികളെല്ലാം ഒരുമിച്ച് സൗഹാർദ്ദത്തിന്റെ സന്ദേശം നൽകുന്നത് നമ്മൾ കാണാറുള്ളതല്ലേ. അത്തരം പ്രവർത്തനം പരിപോഷിപ്പിക്കാൻ ശ്രമിക്കും.

?സർക്കാരിൽനിന്ന് നീതി ലഭിക്കുമോ
യു.ഡി.എഫ് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം നമുക്ക് ലഭിച്ചില്ല. യു.ഡി.എഫ് നേതാക്കളെ പ്രയാസം അറിയിച്ചു. കോർപ്പറേഷനിലേക്കോ ബോർഡുകളിലേക്കോ അർഹമായ മറ്റ് സ്ഥാനങ്ങളിലോ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും നല്ല ബന്ധമാണ് തുടരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BISHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY