
'സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് ഇ.ഡി ഇട്ടിരിക്കുന്ന വില വെറും 3.28 കോടി രൂപ. മൂന്ന് കോടി ഉലുവയുമായി ദുബായിൽ പോയെന്നാണ് പറയുന്നത്. അദ്ദേഹം ഇവിടെ ഇരുന്നുകൊണ്ട് വിളിച്ചു പറഞ്ഞാൽ പോരേ? മൂന്നുകോടി കുവൈറ്റിൽ നിന്നോ, ദുബായിൽ നിന്നോ പറന്നെത്തില്ലേ?'. ഭരണഘടനയിൽ 'കുന്തവും കൊടച്ചക്രവും'
തപ്പിയതിന്റെ പേരിൽ മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന സി.പി.എം നേതാവ് സജി ചെറിയാൻ പിണറായി സഖാവിന് അനുകൂലമായി പറഞ്ഞതാണ്. പിണറായിക്ക് ഇ.ഡി ഇട്ട വില കുറഞ്ഞു പോയതു കൊണ്ടാണോ, അതോ സഖാവിനെ കുഴിയിൽ ചാടിക്കാനാണോ എന്നാരെങ്കിലും കരുതിയാൽ തെറ്റ് പറയാനാവില്ല.
അതാണ് സജി ചെറിയാൻ. ആവേശത്തിൽ നാവിന് ബെല്ലും ബ്രേക്കുമില്ലാതെ വരുമ്പോൾ പറയുന്നത് അക്കിടിയാവും. മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ ദുബായിൽ പോയ പിണറായിയെ സ്വീകരിക്കാൻ അവിടെ ഒരു ലക്ഷത്തോളം പേരാണ് എത്തിയതെന്ന് അന്ന് ഒപ്പമുണ്ടായിരുന്ന സജി സഖാവ് പറഞ്ഞത് വെറും തള്ളെന്ന് കരുതുന്നവരുണ്ട്. കൂട്ടത്തിൽ അദ്ദേഹം ഒരു സ്വപ്നം കൂടി പങ്കിട്ടു. 'ആയുസും, ആരോഗ്യവും അനുവദിച്ചാൽ പിണറായി വിജയൻ ഒരു ടേം കൂടി കേരളത്തെ നയിക്കും.' ആപത്ഘട്ടത്തിൽ സഹായിക്കുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ. ഇഷ്ടപ്പെടുന്നയാൾക്ക് ചങ്ക് പറിച്ച് നൽകാൻ പോലും മടിക്കില്ല.
എന്തായാലും, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ഡി.ജി.പിക്ക് കിട്ടിയതോടെ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് വി.ഡി.സതീശൻ സർക്കാർ. മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ, മകൾ വീണ വഴി സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിലൂടെ 3.28 കോടി കൈക്കലാക്കിയെന്ന ആരോപണവും ഇതിൽ അന്വേഷണത്തിന് ശുപാർശയുമാണ് കത്തിലുള്ളത്. വീണയുടെ ഭർത്താവായ മുൻമന്ത്രി
പി.എ.മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങാനും വീണയും സുഹത്തുക്കളും വഴി ദുബായിലേക്ക് കടത്താനും നേതൃത്വം നൽകിയെന്ന ആരോപണവുമുണ്ട്.
തെളിവ് സഹിതമാണ് ഇ.ഡി കത്തയച്ചതെന്നും അനന്തര നടപടി വേണ്ടിവരുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇ.ഡിയുടെ കത്താണെന്ന പേരിൽ തള്ളിക്കളയാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും. പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ എഫ്.ഐ.ആർ ഇട്ട് കേസ് വിജിലൻസ് അന്വേഷണത്തിന് വിടുമോ?. അവിടെയാണ് ഗുലുമാൽ. സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വേട്ടയാടുന്നതിന്റെ പേരിൽ ദേശീയതലത്തിൽ ഇ.ഡിക്കെതിരെ സമരത്തിലാണ് കോൺഗ്രസ്. അതേ പാർട്ടി നേതൃത്വം നൽകുന്ന സർക്കാർ ഇ.ഡിയുടെ കത്തിൽ കേസെടുത്താൽ അത് ബി.ജെ.പി-കോൺഗ്രസ് ഡീലാണെന്ന് സി.പി.എം ആരോപിക്കും.
സംഭാവന കൈപ്പറ്റിയതായി ഡയറിയിൽ പറയുന്നവരിൽ ചില യു.ഡി.എഫ് നേതാക്കളുമുണ്ടത്രെ. അവർക്കെതിരെയും കേസെടുക്കേണ്ടേ? സി.പി.എമ്മിനെ പൂട്ടാനുള്ള സുവർണാവരം കളഞ്ഞു കുളിച്ചെന്ന് കോൺഗ്രസിലെ തീവ്രപക്ഷക്കാർ പറയും. പിണറായിയെയും, യു.ഡി.എഫ് നേതാക്കളെയും രക്ഷിക്കാനുള്ള ഒത്തുകളിയാണെന്ന് ബി.ജെ.പിക്കാരും ആരോപിക്കും. പിണറായിക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടപ്പോൾ, തത്കാലം ചവിട്ടിപ്പിടിക്കാനാണ് മറ്റൊരു കൂട്ടർ പറഞ്ഞതെന്നോർക്കുക.
'ഞങ്ങൾ ഈ നാട്ടുകാരല്ല. മാവിലായിക്കാരാണ്'. സി.എം.ആർ.എൽ -എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായിയുടെ മകൾ വീണയ്ക്കെതിരെ ഇ.ഡി നീങ്ങിയത് മുതൽ സി.പി.ഐ തുടരുന്ന മൗനം വെടിയുന്ന ലക്ഷണമില്ല. വീണയുടെ പക്കലുള്ള രേഖകൾ പിടിച്ചെടുക്കാൻ പിണറായിയുടെ വീട് ഇ.ഡി റെയ്ഡ് ചെയ്തപ്പോഴും ഇടതുമുന്നണിയിലെ രണ്ടാമത്ത വലിയ കക്ഷി ഒന്നും 'കണ്ടില്ല, കേട്ടില്ല, പറയില്ല' എന്ന ഭാവത്തിലായിരുന്നു. മാദ്ധ്യമ പ്രവർത്തകർ കുത്തിക്കുത്തി ചോദിച്ചപ്പോൾ, 'രാഷ്ട്രീയം വേറെ,ബിസിനസ് വേറെ' എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുനവച്ച് പറഞ്ഞത് സി.പി.എം മറന്നിട്ടില്ല.
ഇ.ഡിയുടെ ചോദ്യം ചെയ്യൽ റിയാസിന്റെ സുഹൃത്തുക്കളിലേക്ക് നീണ്ടപ്പോഴും സി.പി.ഐക്കാർ വായ് തുറന്നില്ല. സി.പി.ഐ ആവശ്യപ്പെടുന്ന പ്രതിപക്ഷ ഉപനേതൃ പദവിയിലേക്ക് സി.പി.എം
നേതാവിന്റെ പേരാവും സ്പീക്കർക്ക് താൻ എഴുതിക്കൊടുക്കുകയെന്ന് പിണറായി അറുത്തു മുറിച്ച് പറഞ്ഞു. അഴിമതി നടത്തിയതിന് പിണറായിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി കത്ത് നൽകിയിട്ടും സി.പി.ഐക്കാർ കട്ടക്കലിപ്പിൽ. ഇനിയും സി.പി.എമ്മിന്റെ ചവിട്ട് കൊള്ളാൻ വേറെ ആളെ നോക്കണമെന്ന് അവർ ഉറപ്പിച്ചു. ഇടതുമുന്നണയിലെ മറ്റ് ഘടകകക്ഷികളും 'കമാ' എന്നൊരക്ഷരം മിണ്ടിയിട്ടില്ല. ഇക്കാര്യത്തിൽ 'വല്യേട്ടനെ' എല്ലാവരും കൈവിട്ടോ?
'ഒരു നിശ്ചയമില്ല ഒന്നിനും'. പവർ കട്ടിന്റെ കാര്യമാണ്. എപ്പോൾ
വൈദ്യുതി വരുമെന്നോ, പോകുമെന്നോ പറയാനാവാതെ ഇരുട്ടിൽ തപ്പുകയാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫും വകുപ്പും. സണ്ണി ജോസഫാകട്ടെ, 'മാരണം' തലയിലേറ്റിയതിന്റെ വിമ്മിട്ടത്തിലും. കൊതിച്ചതൊന്ന്. വിധിച്ചത് മറ്റൊന്ന്. അദ്ദേഹം ആവശ്യപ്പെട്ടത് റവന്യു വകുപ്പ്. അത് കെ.പി.സി.സി പ്രസിഡന്റായ തനിക്ക് തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തു. പക്ഷേ,മുകളിൽ നിന്നുള്ള ഇടപെടലിൽ റവന്യു വകുപ്പ് കാക്ക കൊത്തിപ്പോയി. പിന്നെ, വീണു കിട്ടിയതാണ് വൈദ്യുതി വകുപ്പ്.
ഈ വകുപ്പ് മുൾക്കിരീടമാണെന്ന് എ.കെ.ആന്റണി അന്നേ പറഞ്ഞതാണ്. വരാനുള്ളത് വഴിയിൽ തങ്ങില്ല. മഴ ചതിച്ചു. വൈദ്യുതി ക്ഷാമം തീർക്കാൻ മറ്റ് വഴിയും കാണുന്നില്ല. ഋഷ്യശൃംഗനെ വരുത്തി ഹോമം നടത്തി മഴ പെയ്യിച്ചാലോയെന്ന് ഇടയ്ക്കാരോ തമാശ പറയുന്നത് കേട്ടു.അവർക്ക് ചിരിക്കാം. പഴി കേൾക്കുന്നത് നമ്മളല്ലേ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ പിണറായി സർക്കാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാരോപിച്ച് തടിയൂരാനാണ് ശ്രമം.
അവരുണ്ടോ വിടുന്നു. കഴിഞ്ഞ പത്ത് കൊല്ലം കേരളത്തിൽ പവർ കട്ടുണ്ടായിരുന്നോ എന്നാണ് അവരുടെ ചോദ്യം. വൈദ്യുതി പ്രതിസന്ധി വരുമെന്നറിഞ്ഞിട്ടും ഒരു മുൻകരുതലും മന്ത്രിയോ, വകുപ്പോ സ്വീകരിച്ചില്ലെന്ന് മുൻ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ആരോപണം. പുതിയ മന്ത്രി അധികാരമേറ്റ് ഒന്നര മാസം കഴിഞ്ഞാണ് വൈദ്യുതി വകുപ്പിൽ അവലോകന യോഗം പോലും ചേർന്നതത്രെ!
നുറുങ്ങ്
പാർട്ടി സസ്പെൻഡ് ചെയ്തയാളെ തന്റെ പി.എയാക്കണമെന്ന ആവശ്യത്തിൽ നിന്ന് രമ്യ ഹരിദാസ് എം.എൽ.എ ഒടുവിൽ പിന്മാറി.
►എത്ര ഉയരത്തിൽ ചാടിയാലും സമ്മാനം വാങ്ങാൻ താഴെ എത്തണം.
(വിദുരരുടെ ഫോൺ: 9946108221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |