
ആഗോള അനിശ്ചിതത്വവും സംഘർഷങ്ങളും നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ നടന്ന ബ്രിക്സ് ഉച്ചകോടി ഇന്ത്യയ്ക്ക് ശ്രദ്ധേയമായ നയതന്ത്ര വിജയമായി. ആഗോള രാഷ്ട്രീയത്തിലെ കൂടുതൽ പങ്കാളിത്തത്തിനും തുല്യമായ പരിഗണനയ്ക്കുമുള്ള ഗ്ലോബൽ സൗത്തിന്റെ ആവശ്യം ഇത്തവണ കൂടുതൽ വ്യക്തവും ശക്തവുമായി ഉയർന്നുവന്നു. ലോകം മാറിയെന്നും, പരമ്പരാഗത പാശ്ചാത്യ കേന്ദ്രീകൃത ആഗോളക്രമം പരിവർത്തനത്തിലാണെന്നും, ആഗോള ദക്ഷിണത്തിന് അതിന്റെ അർഹമായ സ്ഥാനം ഇനി നിഷേധിക്കാനാവില്ലെന്നും ഉച്ചകോടി വ്യക്തമായ സന്ദേശം നൽകി.
അതോടൊപ്പം, ഏറ്റവും സങ്കീർണമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലും സമാധാനം, സംവാദം, നയതന്ത്രം എന്നിവയിലൂടെ മുന്നോട്ടു പോകാൻ കഴിയുമെന്നും, സംഘർഷഭരിതമായ കാലത്തും സാമ്പത്തിക വളർച്ചയ്ക്കും വികസനത്തിനും സഹകരണത്തിനും സാദ്ധ്യതകളുണ്ടെന്നും ഇത് തെളിയിച്ചു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ലോക രാഷ്ട്രീയത്തിൽ പുതിയൊരു ശബ്ദത്തിനും ദിശയ്ക്കും ഇടമുണ്ടെന്നും, തന്ത്രപരമായ മത്സരങ്ങൾക്കിടയിലും സഹകരണത്തിനും സമാധാനപരമായ പുരോഗതിക്കും വിശാലമായ ഇടം നിലനിൽക്കുന്നുവെന്നും തെളിയിച്ച സുപ്രധാന നിമിഷമാണിത്.
അസ്വസ്ഥതയ്ക്കിടയിലെ വിജയം
ന്യൂഡൽഹിയിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ സന്ദേശം, ഗ്ലോബൽ സൗത്ത് ഇനി അന്താരാഷ്ട്ര കാര്യങ്ങളിൽ വെറും 'നിയമങ്ങൾ സ്വീകരിക്കുന്നവർ' ആയി തുടരാൻ തയ്യാറല്ല; മറിച്ച് 'നിയമങ്ങൾ രൂപപ്പെടുത്തുന്നവർ' ആകാനാണ് ശ്രമിക്കുന്നത് എന്നതാണ്.
കൂടുതൽ പ്രതിനിധിത്വവും തുല്യതയും ഉറപ്പാക്കുന്ന ആഗോളക്രമത്തിനായി ബ്രിക്സ് രാജ്യങ്ങൾ കൂട്ടായ ആവശ്യം ഉയർത്തി. ബഹുസ്വരതയും ആഗോള ഭരണസംവിധാനങ്ങളുടെ പരിഷ്കാരവും ന്യൂഡൽഹി പ്രഖ്യാപനം വീണ്ടും മുന്നോട്ടുവച്ചു.
ആഗോള പ്രതിസന്ധികളുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പലപ്പോഴും ഗ്ലോബൽ സൗത്താണെങ്കിലും, അവയെ നിയന്ത്രിക്കുന്ന ആഗോള സ്ഥാപനങ്ങളിൽ അതിന് പരിമിതമായ സ്വാധീനമേയുള്ളൂ. ഈ ഘടനാപരമായ അസന്തുലിതാവസ്ഥയെ ബ്രിക്സ് ചർച്ചയുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയും, അതേസമയം ബ്രിക്സിനെ പാശ്ചാത്യവിരുദ്ധ സഖ്യമായി മാറുന്നതിൽ നിന്ന് തടയുകയും ചെയ്തത് ഇന്ത്യയുടെ പ്രധാന നയതന്ത്ര നേട്ടമാണ്. നിലവിലെ ആഗോളക്രമം തകർക്കുക എന്നതല്ല ബ്രിക്സിന്റെ ലക്ഷ്യം; മറിച്ച് അതിനെ കൂടുതൽ ജനാധിപത്യപരവും പ്രതിനിധിത്വമുള്ളതുമായ രീതിയിൽ പരിഷ്കരിക്കുകയാണ് ലക്ഷ്യം.
വിസ്മയമായ സംയുക്ത പ്രഖ്യാപനം
വിപുലീകരിക്കപ്പെട്ട ബ്രിക്സിൽ ഏകകണ്ഠമായ തീരുമാനം ദുഷ്കരമാണ്. വ്യത്യസ്ത രാഷ്ട്രീയ താത്പര്യങ്ങളും അമേരിക്കയുമായുള്ള വ്യത്യസ്ത ബന്ധങ്ങളും നിലനിൽക്കുന്ന രാജ്യങ്ങളാണ് ഇതിലുള്ളത്. പശ്ചിമേഷ്യയിൽ ഇറാൻ, സൗദി അറേബ്യ, യു.എ.ഇ എന്നിവയ്ക്ക് വ്യത്യസ്ത താത്പര്യങ്ങളാണുള്ളത്. റഷ്യയും ചൈനയും അമേരിക്കൻ നേതൃത്വത്തിലുള്ള ആഗോളക്രമത്തെ ചോദ്യം ചെയ്യുമ്പോൾ, മറ്റു പല ബ്രിക്സ് രാജ്യങ്ങൾക്കും പാശ്ചാത്യ രാജ്യങ്ങളുമായി ശക്തമായ സാമ്പത്തിക, തന്ത്രപരമായ ബന്ധങ്ങളുണ്ട്.
അത്തരം സാഹചര്യത്തിൽ ന്യൂഡൽഹി പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിച്ചതുതന്നെ നയതന്ത്ര വിജയമാണ്. പശ്ചിമേഷ്യ, ഗാസ, വ്യാപാരം, ഏകപക്ഷീയമായ തീരുവകൾ, ഉപരോധങ്ങൾ, ആഗോള ഭരണപരിഷ്കാരം, പേയ്മെന്റ് സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ധാരണയിലെത്താൻ കഴിഞ്ഞു. പരസ്പരം ഭിന്നിക്കുന്ന രാജ്യങ്ങളെയും പാശ്ചാത്യ അനുകൂലികളെയും പാശ്ചാത്യ നയങ്ങളെ വിമർശിക്കുന്ന രാജ്യങ്ങളെയും ഒരേ നയതന്ത്ര വേദിയിൽ എത്തിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതാണ് യഥാർത്ഥ നേട്ടം.
പരിഷ്കാരത്തിന് റോഡ് മാപ്പ്
ആഗോള ഭരണപരിഷ്കാരത്തെ ബ്രിക്സിന്റെ പൊതുവായ ആഗ്രഹത്തിൽ നിന്ന് വ്യക്തമായ രാഷ്ട്രീയ അജണ്ടയാക്കി മാറ്റിയതാണ് മറ്റൊരു പ്രധാന നേട്ടം. പ്രതിനിധിത്വം, പ്രതികരണശേഷി, നിയമനിർമ്മാണത്തിൽ പങ്കാളിത്തം എന്നിവ കേന്ദ്രീകരിച്ചുള്ള പത്ത് പരിഷ്കാര നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച് അവയെ ബ്രിക്സ് പരിഷ്കാര റോഡ് മാപ്പായി വികസിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചത്.
ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതി പരിഷ്കരണമാണ് ഇതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണം. ഇന്ത്യയും ബ്രസീലും ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക പ്രാധാന്യം വർദ്ധിച്ച സാഹചര്യത്തിൽ, ആഗോള സ്ഥാപനങ്ങളും സംവിധാനങ്ങളും കാലാനുസൃതമായി പരിഷ്കരിക്കേണ്ടതാണ്.
ഗ്ലോബൽ സൗത്തിന്റെ വിജയം
ന്യൂഡൽഹി ഉച്ചകോടി ഗ്ലോബൽ സൗത്തിന്റെ രാഷ്ട്രീയ ഉയർച്ചയിലെ ഒരു പ്രധാന ഘട്ടമാണ്. ബ്രിക്സ് രാജ്യങ്ങൾ രാഷ്ട്രീയ സംവിധാനങ്ങളിലും തന്ത്രപരമായ താത്പര്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും വ്യത്യസ്തരാണെങ്കിലും, ആഗോള സ്ഥാപനങ്ങളിലെ അപര്യാപ്തമായ പ്രതിനിധിത്വം, ഏകപക്ഷീയമായ സാമ്പത്തിക നടപടികൾ, വികസനത്തിനുള്ള പരിമിതമായ നയസ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ അവർക്കുണ്ട്.
ഏകപക്ഷീയമായ തീരുവകളെയും വ്യാപാരതടസങ്ങളെയും കുറിച്ചുള്ള ബ്രിക്സിന്റെ വിമർശനം ഇതിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെയാണ് ഈ ഉച്ചകോടി പ്രത്യേകിച്ചും ഇന്ത്യ പൊതുവായ ബ്രിക്സ് കറൻസിക്കുപകരം ദേശീയ കറൻസികളിലെ ഇടപാടുകൾക്കും അതിർത്തി കടന്നുള്ള പേയ്മെന്റ് സംവിധാനങ്ങളുടെ ഏകോപനത്തിനും പ്രാധാന്യം നൽകുന്നത്.
നവ വിദേശ ദിശ
ബ്രിക്സ് ഇന്ത്യയ്ക്ക് ചൈന, റഷ്യ, ഇറാൻ, ഗൾഫ് രാജ്യങ്ങൾ എന്നിവരുമായി സങ്കീർണമായ ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള അധിക നയതന്ത്ര ഇടം നൽകി. വ്യാപാരം, ഊർജം, കണക്ടിവിറ്റി, സാങ്കേതികവിദ്യ, ആരോഗ്യരംഗം, ഡിജിറ്റൽ അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളിൽ പ്രായോഗിക സഹകരണത്തിനും അവസരം സൃഷ്ടിച്ചു.
ഇത് ഇന്ത്യയുടെ വിദേശനയത്തിലെ പുതിയ ദിശയെയും വ്യക്തമാക്കുന്നു- തന്ത്രപരമായ സ്വയംഭരണം, മൾട്ടിഅലൈൻമെന്റ്, പ്രായോഗിക ഉഭയകക്ഷിത്വം എന്നിവയുടെ സംയോജനം. അമേരിക്കയോ ചൈനയോ റഷ്യയോ എന്ന രീതിയിൽ ഒരു ചേരിയെ തിരഞ്ഞെടുക്കുന്നതിനുപകരം, വിവിധ ശക്തികേന്ദ്രങ്ങളുമായി ഒരേസമയം ബന്ധം നിലനിറുത്തുകയാണ് ഇന്ത്യ ചെയ്യുന്നത്. ഭൗമരാഷ്ട്രീയ ഇടപെടലുകളെ പ്രായോഗിക സാമ്പത്തികവികസന സഹകരണമായി മാറ്റാനുള്ള ശ്രമവും ഇതിന്റെ പ്രത്യേകതയാണ്.
അസാദ്ധ്യമെന്നു തോന്നിയ പല കാര്യങ്ങളും ഇന്ത്യ ന്യൂഡൽഹി ഉച്ചകോടിയിലൂടെ സാദ്ധ്യമാക്കിയിരിക്കുന്നു. ഭിന്നതകളുള്ള രാജ്യങ്ങളെ ഒരൊറ്റ സംയുക്ത പ്രഖ്യാപനത്തിലേക്ക് കൊണ്ടുവരാനും ഗ്ലോബൽ സൗത്തിന്റെ ശബ്ദം ശക്തമാക്കാനും ആഗോള രാഷ്ട്രീയസാമ്പത്തിക പരിഷ്കാരത്തിന്റെ ആവശ്യം മുന്നോട്ടുവയ്ക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. സംഘർഷങ്ങൾക്കിടയിലും നയതന്ത്രത്തിനും സാമ്പത്തിക സഹകരണത്തിനും ഇടമുണ്ടെന്ന് ഉച്ചകോടി തെളിയിച്ചു.
മാറിവരുന്ന ആഗോളക്രമത്തിൽ ബ്രിക്സ് ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ ഒരു പ്രധാന രാഷ്ട്രീയ വേദിയും ശൃംഖലയുമായി തിളങ്ങി. ആഗോളവും ഉഭയകക്ഷിപരവും സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ നേട്ടങ്ങൾ ഒരേസമയം കൈവരിച്ചതാണ് ന്യൂഡൽഹി ഉച്ചകോടിയെ ഇന്ത്യൻ നയതന്ത്രത്തിന്റെ ഒരു 'സുവർണതൂവൽ' ആക്കുന്നത്.
(കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് പ്രൊഫസറും കാര്യവട്ടം ക്യാമ്പസ് ഡയറക്ടറുമാണ് ലേഖകൻ. ഫോൺ: 9447145381)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |