വിശ്വാസികൾ ഇഷ്‌ടദേവതാ ആരാധന നടത്താൻ വീടുകളിൽ പൂജാമുറി സ്ഥാപിക്കാറുണ്ട്. ഇഷ്‌ടദേവതയുടെ,ചിത്രമോ വിഗ്രഹമോ ക്ഷേത്ര പ്രസാദമോ എല്ലാം അവിടെയുണ്ടാകും. വീട്ടിൽ പൂജാമുറി സ്ഥാപിക്കുന്നതിന് ചില ചിട്ടകളൊക്കെ ആചാര്യന്മാർ പറയുന്നുണ്ട് അവ കൃത്യമായി പാലിക്കണം. വീട്ടിൽ തോന്നിയയിടത്ത് പൂജാമുറി പാടില്ല. വടക്ക് കിഴക്ക് ദിശയിൽ അഥവാ ഈശാനകോണിൽ ആകണം പൂജാമുറി സ്ഥാപിക്കേണ്ടത്. പൂജചെയ്യുന്നയിടം ഒരിക്കലും തെക്ക് വശത്താകരുത്. യമന്റെ ദിക്കാണ് തെക്ക്. അവിടെ പൂജാമുറി വച്ചാൽ ദോഷങ്ങൾ ഒഴിയില്ല.
വീട്ടിലെ പടിക്കെട്ടിനടിയിലും വീടിന് പുറത്തും പൂജാമുറി തയ്യാറാക്കുന്നവരുണ്ട്. ഇതും തെറ്റാണ്. ചവിട്ടിനടക്കുന്ന സ്ഥലത്തിന് ചുവട്ടിലായി ഈശ്വരനെ വയ്‌ക്കരുത്. ഇത് വലിയ അപരാധമാണ്. ഇങ്ങനെ ചെയ്യുന്ന വീട്ടിൽ സാമ്പത്തിക വളർച്ച മുരടിക്കും. ടോയ്‌ലറ്റിനടുത്ത് പൂജാമുറി പാടില്ല. ടോയ്‌ലറ്റിന്റെ ചുമരുകളുള്ളയിടത്തോ, അതിന് താഴെയോ മുകളിലെ നിലയിലോ പൂജാമുറി വേണ്ട.
വീട്ടിൽ പൂജാമുറി സ്ഥാപിക്കേണ്ടാത്ത മറ്റൊരിടം ബെഡ്‌റൂമിലാണ്. ഇവിടെ കിടക്കുമ്പോൾ കാൽ ഈശ്വരന് നേരെ വരുന്ന തരത്തിലാകരുത്. സ്ഥലപരിമിതി കൊണ്ട് പൂജാമുറി അങ്ങനെ വേണ്ടിവന്നാൽ അത് കാൽചുവട്ടിലാകരുത്. മാത്രമല്ല കർട്ടൻ ഉപയോഗിച്ചോ ഡോർ ഉപയോഗിച്ചോ ബെഡ്‌റൂമിനെ വേർതിരിക്കണം.
കിഴക്കോട്ടോ വടക്കോട്ടോ മുഖമായിരുന്ന് വേണം പ്രാർത്ഥന. തെക്ക് വശത്തേക്ക് തിരിഞ്ഞിരിക്കാൻ പാടില്ല. ഒരേ ദേവന്റെയോ ദേവിയുടെയോ ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് വയ്‌ക്കാൻ പാടില്ല.സൗമ്യഭാവത്തിലുള്ള ചിത്രങ്ങളോ വിഗ്രഹങ്ങളോ ആണ് വേണ്ടത്.
വീടുകളിൽ പൊതുവെ രൗദ്രഭാവത്തിലുള്ള മൂർത്തിയെ ആരാധിക്കാറില്ല. അതുപോലെ ചില വീടുകളിൽ ഈശ്വരന്മാർക്കൊപ്പം തങ്ങളുടെ പിതൃക്കളുടെ ചിത്രങ്ങളും വയ്‌ക്കാറുണ്ട്. പിതൃക്കളോട് നമുക്ക് സ്‌നേഹമുണ്ടാകാം എന്നാൽ അവരുടെ ചിത്രങ്ങൾ വീടിന് തെക്കുഭാഗത്തായി സ്ഥാപിക്കുന്നതാണ് നല്ലത്. ബ്രാഹ്‌മമുഹൂർത്തത്തിലും, വൈകിട്ട് സൂര്യാസ്‌തമയ ശേഷം ആറിനും ഏഴിനുമിടയിലാണ് പ്രാർത്ഥന നടത്തേണ്ടത്. രാത്രിസമയം അനാവശ്യമായി പൂജാമുറിയുടെ വാതിൽ തുറന്നിടാതെ അടച്ച് തന്നെ സൂക്ഷിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |