SignIn
Kerala Kaumudi Online
Sunday, 05 July 2026 2.43 PM IST

പാണ്ഡവരുടെ കിരീടമുള്ള ശിവക്ഷേത്രം: ത്രിമൂർത്തികളെ ഒരുപോലെ ആരാധിക്കുന്ന പുണ്യഭൂമി

trimbakeshwar-temple
ത്രയമ്പകേശ്വര ജ്യോതിർ ലിംഗ ക്ഷേത്രം

ചില ക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ മനസിന് സമാധാനവും ശാന്തിയും അനുഭവപ്പെടാറുണ്ട്. അത്തരമൊരു ക്ഷേത്രമാണ് മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീ ത്രയംബകേശ്വര ക്ഷേത്രം. ഇന്ത്യയിലെ അതിപാവനമായ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണിത്. എന്നാൽ മറ്റ് ജ്യോതിർലിംഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹൈന്ദവ വിശ്വാസത്തിലെ ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരെ ഒരുപോലെ ആരാധിക്കുന്ന ഏക ജ്യോതിർലിംഗക്ഷേത്രമെന്നതാണ് ഇതിന്റെ പ്രത്യേകത. ബ്രഹ്മഗിരി മലനിരകളുടെ താഴ്‌വരയിൽ പുണ്യനദിയായ ഗോദാവരിയുടെ ഉത്ഭവസ്ഥാനത്താണ് ഈ മഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ക്ഷേത്രത്തിൽ ത്രിമൂർത്തികളെ പ്രതിനിധീകരിക്കുന്ന തള്ളവിരലിന്റെ വലിപ്പമുള്ള മൂന്ന് മുഖങ്ങളുള്ള ലിംഗമാണുള്ളത്. ഈ ലിംഗത്തിന് മുകളിൽ വജ്രങ്ങളും മരതകങ്ങളും പതിപ്പിച്ച അതിമനോഹരമായ ഒരു രത്നക്കിരീടം ചാർത്താറുണ്ട്. മഹാഭാരത കാലത്തെ പാണ്ഡവരുടേതാണ് ഈ കിരീടമെന്നാണ് വിശ്വാസം. എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം 4 മുതൽ 5 മണി വരെ ഭക്തർക്ക് ഈ കിരീടം ദർശിക്കാൻ അവസരമുണ്ട്. മുൻപ് ഈ ലിംഗത്തിൽ വിഖ്യാതമായ നാസിക് വജ്രം ഉണ്ടായിരുന്നുവെന്നും എന്നാൽ അത് 1818ൽ ആംഗ്ലോ-മറാത്ത യുദ്ധകാലത്ത് ബ്രിട്ടീഷുകാർ കവർന്നെന്നും ചരിത്രം പറയുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ നാനാ സാഹിബ് എന്നറിയപ്പെടുന്ന പേഷ്വ ബാലാജി ബാജിറാവു ആണ് മനോഹരമായ ക്ഷേത്രം നിർമിച്ചത്. കരിങ്കല്ലിൽ തീർത്ത ഈ ക്ഷേത്രം ഹേമഡ്പന്തി വാസ്തുവിദ്യാശൈലിയിലാണ് നിർമിച്ചിരിക്കുന്നത്. ഐതീഹ്യമനുസരിച്ച് പണ്ട് ബ്രഹ്മഗിരി കുന്നിലെ ആശ്രമത്തിൽ താമസിച്ചിരുന്ന ഗൗതമ മഹർഷി ബ്രഹ്മഗിരി കുന്നുകളിൽ കഠിനമായ തപസ് ചെയ്തു. തുടർന്ന് ശിവഭഗവാൻ പ്രത്യക്ഷപ്പെട്ടു. പ്രത്യക്ഷപ്പെട്ട ശിവഭഗവാനോട് വരമായി താൻ ഒരു പശുവിന്റെ മരണത്തിന് കാരണക്കാരനായെന്നും ആ പാപം കഴുകികളയാൻ പവിത്രമായ ഗംഗാനദിയെ ഭൂമിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. അതാണ് പിന്നീട് ഗോദാവരി നദിയായി മാറിയത്. ഗംഗാദേവിയുടെ ആവശ്യപ്രകാരം ശിവഭഗവാൻ ഇവിടെ സ്വയംഭൂവായി ജ്യോതിർലിംഗ രൂപത്തിൽ നിലകൊണ്ടു എന്നാണ് വിശ്വാസം. മറ്റു ചില കഥകളും ഈ ക്ഷേത്രത്തിന് പിന്നിലുണ്ട്.

ത്രയംബകേശ്വര ക്ഷേത്രത്തിൽ ദർശനത്തിൽ നടത്തിയാൽ പുനർജന്മ ദുരിതങ്ങളിൽ നിന്ന് മോക്ഷം ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ഇവിടെയുള്ള കുളത്തിൽ സ്നാനം ചെയ്യുന്നതോടെ സർവ്വ പാപങ്ങളും തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. ജാതകത്തിലെ രാഹു-കേതു ദോഷങ്ങൾ മാറാനായി കാലസർപ്പ ദോഷ പൂജ, പിതൃശാപങ്ങൾ അകറ്റാനും ആത്മാക്കളുടെ ശാന്തിക്കായും നാരായണ നാഗബലി പൂജ, ആരോഗ്യത്തിനും ദീർഘായുസിനുമായി നടത്തുന്ന മൃത്യുജ്ഞയ ജപം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകൾ. ശിവന്റെ കണ്ണീരിൽ നിന്നും ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന രുദ്രാക്ഷം ധരിച്ച് ഇവിടെ ദർശനം നടത്തുന്നത് ആത്മീയ ഊർജ്ജം വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRIMBAKESHWAR JYOTIRLINGA TEMPLE, TEMPLE, MAHARASHTRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL