SignIn
Kerala Kaumudi Online
Friday, 12 June 2026 7.26 PM IST

നീതി തേടുന്നവർക്ക് തുണയാകാൻ ഒരു ദൈവം; ചെറുവള്ളിക്കാവിലെ ജഡ്‌ജിയമ്മാവൻ

cheruvallykkavu

കോടതിയിലെത്തുന്ന കേസുകളിൽ കക്ഷികളുടെ ഭാഗത്ത് എത്രതന്നെ ന്യായമുണ്ടെങ്കിലും തെളിവുകളുടെ പിൻബലത്തിലാണ് ജഡ്‌ജി വിധിപറയുന്നത്. അവിടെ പ്രാർത്ഥനകൾക്കും കണ്ണീരിനും അപ്പുറം തെളിവുകൾക്കാണ് പ്രാധാന്യം. എന്നാൽ, സ്വന്തം ഭാഗത്ത് ന്യായമുണ്ടെങ്കിൽ ഉള്ളുരുകി പ്രാർത്ഥിച്ചാൽ വിധി അനുകൂലമാക്കി മാറ്റുന്ന ഒരു ജഡ‌്‌ജിയമ്മാവനുണ്ട്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള ചെറുവള്ളിക്കാവിൽ ഭദ്രകാളിക്കൊപ്പം കുടിയിരിക്കുന്ന ദൈവസങ്കൽപമാണ് ജഡ്‌ജിയമ്മാവൻ.

പൊൻകുന്നത്തുനിന്ന് ചിറക്കടവ്-മണിമല റൂട്ടിൽ എട്ട് കിലോമീറ്റർ പോയാൽ ചെറുവള്ളി ദേവീ ക്ഷേത്രത്തിലെത്തും. ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്‌ഠ ഭദ്രകാളിയാണ്. എന്നാൽ, കൂടുതൽ ഭക്തജനങ്ങളും ഇവിടേയ്‌ക്കെത്തുന്നത് ഉപപ്രതിഷ്‌ഠയായ ജഡ്‌ജിയമ്മാവനെ പ്രാർത്ഥിക്കാനാണ്.

കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാനിടയില്ലാത്ത അപൂർവ്വ പ്രതിഷ്‌ഠയാണിത്. കേൾക്കുമ്പോൾ വിശ്വസിക്കാനാകില്ലെങ്കിലും സംഭവം പകൽപോലെ സത്യമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. നിയമത്തിന് മുന്നിൽ നീതിതേടിയലയുന്നവർക്ക് എന്നും ആശ്വാസമാണ് ജഡ്‌ജിയമ്മാവൻ. ഈ ദൈവികസങ്കൽപത്തിന് പിന്നിൽ നീതിയിലൂന്നിയ ആത്മാർപ്പണത്തിന്റെ ഒരു വലിയ കഥയുണ്ട്.

18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗോവിന്ദപിള്ള എന്ന ജഡ്‌ജിയാണ് ഈ സങ്കൽപത്തിന് പിന്നിൽ. ധർമ്മരാജ എന്നറിയപ്പെടുന്ന കാർത്തികതിരുനാൾ ബാലരാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്തെ കൊട്ടാരം ന്യായാധിപനായിരുന്നു അദ്ദേഹം. നീതിയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യാതിരുന്ന ഗോവിന്ദപിള്ളയ്‌ക്ക് ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരു പിഴവ് സംഭവിക്കുന്നു. തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റാരോപിതനായ തന്റെ അനന്തരവന് അദ്ദേഹം വധശിക്ഷ വിധിച്ചു. എന്നാൽ, പിന്നീട് സത്യം മനസിലായപ്പോൾ സംഭവിച്ചുപോയ തെറ്റിന് പ്രായശ്ചിത്തമായി തന്നെ ശിക്ഷിക്കാൻ അദ്ദേഹം കേണപേക്ഷിച്ചു. അതിന് വഴങ്ങാതിരുന്ന രാജാവ് ശിക്ഷ സ്വയം വിധിക്കാൻ നിർദേശിക്കുന്നു. കാൽപാദങ്ങൾ മുറിച്ചുമാറ്റി തന്നെ തൂക്കിലേറ്റണമെന്നാണ് ഗോവിന്ദപിള്ള സ്വയം ശിക്ഷവിധിച്ചത്. പിന്നാലെ വിധി നടപ്പിലായെങ്കിലും അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തികിട്ടിയില്ലെന്ന് മനസിലായതോടെ ചെറുവള്ളിയിലെ പയ്യമ്പള്ളി കുടുംബസ്ഥാനത്ത് കുടിയിരുത്താൻ തീരുമാനിച്ചു. അങ്ങനെയാണ് ഗോവിന്ദപിള്ളയെന്ന ജഡ്‌ജിയമ്മാവൻ ചെറുവള്ളിക്കാവിലെ ഉപപ്രതിഷ്‌ഠയായി മാറിയത്.

നീതിക്കായി വാദിക്കുന്നവർക്ക് ജഡ്‌ജിയമ്മാവൻ തുണയാകുമെന്ന് ഉറച്ച് വിശ്വസിച്ചാണ് ആളുകൾ ഇവിടേയ്‌ക്കെത്തുന്നത്. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധിപേർ ഇവിടെ പ്രാർത്ഥനയ്‌ക്കെത്തുന്നത്. എന്നാൽ തെറ്റ് ചെയ്‌തിട്ടെത്തുന്നവർക്ക് വിധി അനുകൂലമാകില്ലെന്നുള്ള കാര്യം ഭക്തർ പ്രത്യേകം ഓർമ്മിക്കണം. ക്ഷേത്രത്തിലെ മറ്റ് പ്രതിഷ്‌ഠകളെയെല്ലാം പൂജിച്ച് നടയടച്ചതിനുശേഷം മാത്രമേ ജഡ്‌ജിയമ്മാവ് പൂജ നടത്താറുള്ളു. ഏകദേശം മുക്കാൽ മണിക്കൂറോളം മാത്രമേ ഭക്തർക്ക് ദർശനം അനുവദിക്കുന്നുള്ളു. അടയാണ് പ്രധാന നിവേദ്യം. കരിക്ക്, വെറ്റ, പാക്ക് എന്നിവ ചേർത്ത് കുടിക്കാൻ കൊടുക്കൽ എന്നൊരു വഴിപാടുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, VISWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL