ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ബദരീനാഥ് ക്ഷേത്രത്തിലും സംഭാവനതട്ടിപ്പ് വിവാദം രൂക്ഷമാകുന്നു. ഭൈരവ് സേന എന്ന സംഘടനയാണ് ബദരീനാഥ് ക്ഷേത്രത്തിൽ ലഭിക്കുന്ന സംഭാവനയിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. ആരോപണം ശക്തമായതിനെത്തുടർന്ന് ബദരീനാഥ്-കേദാർനാഥ് ക്ഷേത്രസമിതി (ബികെടിസി) ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ് നൽകി. പ്രത്യേക അന്വേഷണ സമിതിക്കാണ് ചുമതല നൽകിയിരിക്കുന്നത്.
ആരോപണ വിധേയരായ ജീവനക്കാരിൽ നിന്നും പ്രത്യേക അന്വേഷണ സമിതി വിവരശേഖരണം നടത്തും. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജീവനക്കാരൻ തന്റെ പേഴ്സണൽ അസിസ്റ്റന്റ് ആണെന്ന വാദത്തിൽ ബികെടിസി അദ്ധ്യക്ഷൻ ഹേമന്ത് ദ്വിവേദി പ്രതികരണവുമായി രംഗത്തെത്തി. ആരോപണവിധേയനായ ജീവനക്കാരൻ ക്ഷേത്രത്തിലെ സർക്കാർ ജീവനക്കാരനാണ്. ഇയാൾ നേരത്തെയുണ്ടായിരുന്ന മൂന്ന് അദ്ധ്യക്ഷന്മാരുടെ പേഴ്സണൽ അസിസ്റ്റന്റായും പ്രവർത്തിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ക്ഷേത്രത്തിലെ ഏതെങ്കിലും ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഹേമന്ത് ദ്വിവേദി പറഞ്ഞു.
അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ എസ്ഐടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബദ്രീനാഥിലും പുതിയ വിവാദം ഉടലെടുക്കുന്നത്. ബദരീനാഥ് ക്ഷേത്രത്തിലെ കൊള്ളയുമായി ബന്ധപ്പെട്ട് സമാനരീതിയിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന ചില സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ക്ഷേത്രത്തിൽ സംഭാവനയായി ലഭിക്കുന്ന പണം അപഹരിക്കപ്പെടുന്നുവെന്ന കടുത്ത ആരോപണങ്ങളാണ് ഭൈരവ് സേന ഉന്നയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |