ലക്നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പ് കേസിൽ ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും വിഎച്ച്പി ഉപാദ്ധ്യക്ഷനുമായ ചമ്പത് റായിയെ ചോദ്യം ചെയത് എസ്ഐടി (പ്രത്യേക അന്വേഷണ സംഘം). സംഭാവന ക്രമക്കേടിന്റെ വിവരങ്ങൾ ചമ്പത് റായിക്ക് അറിയാമായുരിന്നിട്ടും അദ്ദേഹം നടപടിയൊന്നും സ്വീകരിക്കാതെ മൗനം പാലിച്ചതായി എസ്ഐടി വ്യക്തമാക്കി. ജൂൺ നാലിന് പണം എണ്ണുന്ന മുറിയിലെ ശുചിമുറിയിൽ നോട്ടുകെട്ടുകൾ കണ്ടത്തിയിരുന്നു. കൂടാതെ കൗണ്ടിംഗ് റൂം ജീവനക്കാരന്റെ വീട്ടിൽ നിന്ന് ഒരു ബാഗിൽ നിറയെ പണവും കണ്ടെത്തി. ഈ സന്ദർഭങ്ങളിലെല്ലാം ചമ്പത് റായി പ്രതികരിച്ചില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സംഭാവന തട്ടിപ്പിൽ ചമ്പത് റായിയുടെ വിശ്വസ്തൻ ടിനു യാദവ് അടക്കം എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. ചമ്പത് റായിയുടെ ഡ്രൈവറായ ടിനു യാദവിനായിരുന്നു കാണിക്ക പെട്ടികളുടെയും പണം എണ്ണുന്ന മുറിയുടെയും ചുമതല നൽകിയിരുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങളും കണ്ടെടുത്തിരുന്നു.
കൂടുതൽ വിവരശേഖരണത്തിനായി എസ്ഐടി ചമ്പത് റായിയെ വീണ്ടും ചോദ്യം ചെയ്യും. അദ്ദേഹത്തിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. നിലവിൽ അയോദ്ധ്യയിൽ താമസിക്കുന്ന ചമ്പത് റായി ഡൽഹിയിലേക്ക് താമസം മാറുമെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ദിവസം കേസിലെ എട്ട് പ്രതികളുടെയും വീട്ടിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു.
അതേസമയം, ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് സംഘപരിവാർ നേതാക്കളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. സംഘപരിവാർ നേതാക്കളെ ചോദ്യം ചെയ്യാത്തതുമായി ബന്ധപ്പെട്ട് വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് 200 കോടിയുടെ തട്ടിപ്പ് നടന്നെന്നായിരുന്നു കണ്ടെത്തൽ. ഇതിന്റെ രേഖകളടക്കം പിടിച്ചെടുക്കാനാണ് എസ്ഐടി ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |