SignIn
Kerala Kaumudi Online
Saturday, 27 June 2026 8.31 PM IST

'കുടുംബത്തോട് പറയാൻ ഭയം,​ കൊല്ലുന്നതാണ് എളുപ്പമെന്ന് തോന്നി'; പൂനെ കൊലപാതക കേസിൽ വെളിപ്പെടുത്തലുമായി പ്രതി

READ ENGLISH VERSION
siya-chetan

പൂനെ: യുവ വ്യവസായി കേതൻ അഗർവാൾ കൊലപാതക കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി സിയ ഗോയൽ. കല്യാണത്തിന് താൽപ്പര്യമില്ലെന്ന് കുടുംബത്തോട് പറയുന്നതിനേക്കാൾ നല്ലത് ആസുത്രണം ചെയ്ത് കൊല്ലുന്നതാണ് എളുപ്പമെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൂനെ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. നവംബറിൽ നടക്കാനിരുന്ന വിവാഹം മുടക്കി കുടുംബത്തെ വിഷമിപ്പിക്കാതിരിക്കാനാണ് പ്രതിശ്രുതവരനെ കൊലപ്പെടുത്താൻ താൻ തീരുമാനിച്ചതെന്നും സിയ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

പൂനെ ലോനാവാല പൊലീസ് കേസ് അന്വേഷണത്തിനായി ആറ് സംഘങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിലവിൽ സിയയുടെ മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. സഹോദരൻ സാഹിലിനെ രണ്ടാമതും ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നുണ്ട്. ഇന്നലെ പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ സിയയുടെ കാമുകൻ ചേതൻ ചൗധരിയെ തനിക്ക് പരിചയമുണ്ടെന്നും ഒരു ക്രിക്കറ്റ് മത്സരത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്നും സഹോദരൻ പൊലീസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഒരു സുഹൃത്തിന്റെ വീട്ടിലെ ദീപാവലി പാർട്ടിക്കിടെയാണ് ഇരുവരും കൂടുതൽ അടുത്തതെന്നും സഹോദരൻ പൊലീസിന് മൊഴി നൽകി. അതേസമയം കൊല്ലപ്പെട്ട ചേതനെ തങ്ങൾക്ക് അറിയില്ലെന്നും കണ്ടിട്ടുപോലുമില്ലെന്നാണ് സിയയുടെ മാതാപിതാക്കളുടെ വാദം.

സിയയും ചേതനും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നു എന്നതിന് ശക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതൽ ഇരുവരും 2,000ത്തിലധികം തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കൊലപാതകത്തിൽ ഇരുവർക്കുമുള്ള പങ്ക് വ്യക്തമാക്കാൻ ഇവർ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത ചാറ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഡിജിറ്റൽ തെളിവുകൾ ലഭിക്കുന്നതോടെ ഗൂഢാലോചന പൂർണമായും തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

ഇക്കഴിഞ്ഞ ജൂൺ 18നാണ് പൂനെയ്ക്കടുത്തുള്ള ലോഹഗഡ് കോട്ടയിലെ മലയിടുക്കിൽ നിന്ന് വീണ് കേതൻ അഗർവാൾ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നത്. സിയയ്ക്ക് കേതനെ വിവാഹം കഴിക്കാൻ താല്പര്യമില്ലാതിരുന്നതിനെ തുടർന്ന് കാമുകൻ ചേതനൊപ്പം ചേർന്ന് കേതനെ മലമുകളിൽ നിന്ന് തള്ളിയിട്ടു കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME, SIYA GOYAL, PUNE BUSINESSMAN MURDER CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY