
ബംഗളൂരു: പെൺസുഹൃത്തിനെ കുത്തിപരിക്കേൽപ്പിച്ച ശേഷം നിർത്തിയിട്ട കാറിനുള്ളിൽ ബോംബ് പൊട്ടിച്ച് യുവാവ് വെന്തുമരിച്ചു. കർണാടകയിലെ തുമകൂരുവിലാണ് സംഭവം. ബംഗളൂരു സ്വദേശി നാഗേന്ദ്ര (30) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഉത്തര കന്നഡ സ്വദേശിനിയും ബംഗളൂരു സഞ്ജയ് ഗാന്ധി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ ടെക്നീഷ്യനുമായ രമ്യ ഉല്ലാസ് (23) എന്ന യുവതിക്ക് കുത്തേറ്റു. പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രണയപ്പകയാണോ അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; സംഭവ ദിവസം നാഗേന്ദ്ര ബംഗളൂരുവിൽ നിന്നാണ് കാർ ബുക്ക് ചെയ്തത്. തുടർന്ന് രമ്യയുമായി അങ്കോള ലക്ഷ്യമാക്കി യാത്ര തിരിച്ചു. എന്നാൽ തുമകൂരുവിന് സമീപം എത്തിയപ്പോൾ ഇരുവരും തമ്മിൽ കാറിനുള്ളിൽ കടുത്ത വാക്കേറ്റമുണ്ടായി. വഴക്കിനിടെ നാഗേന്ദ്ര കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് രമ്യയെ കുത്തിപ്പരിക്കേൽപ്പിച്ചു.
കുത്തേറ്റതിന് പിന്നാലെ നാഗേന്ദ്രയുടെ കൈയിൽ ബോംബുണ്ടെന്ന വിവരം രമ്യ കാർ ഡ്രൈവറോട് വിളിച്ചുപറഞ്ഞു. ഗുരുതരമായി പരിക്കേറ്റിട്ടും രമ്യ ഓടുന്ന കാറിൽ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. യുവതി പുറത്തേക്ക് ചാടിയതോടെ ഡ്രൈവറായ പ്രവീൺ റോഡരികിലേക്ക് വാഹനം ഒതുക്കി നിർത്തി പെട്ടെന്ന് തന്നെ പുറത്തേക്കോടി. ഈ സമയമത്രയും നാഗേന്ദ്ര കാറിനുള്ളിൽ തന്നെ തുടരുകയായിരുന്നു. ഡ്രൈവറും യുവതിയും പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ കാർ പൊട്ടിത്തെറിക്കുകയും വാഹനം പൂർണമായി കത്തി നശിക്കുകയുമായിരുന്നു.
സംഭവം നടന്നയുടൻ തുമകൂരു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണവും നാഗേന്ദ്ര ഉപയോഗിച്ച സ്‌ഫോടക വസ്തു ഏതുതരത്തിലുള്ളതാണെന്നും കണ്ടെത്താൻ ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വരികയാണ്. അക്രമത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |