ന്യൂഡൽഹി: ഉന്നതരുടെ വീടുകളിൽ വീട്ടുജോലിക്കാരിയായി നിന്ന് വർഷങ്ങളായി മോഷണം നടത്തിവരികയായിരുന്നു സ്ത്രീ അറസ്റ്റിൽ. സോണിയ, സോന, അനിത തുടങ്ങിയ പേരുകളിലാണ് 46കാരി സ്വയം പരിചയപ്പെടുത്തിയിരുന്നത്. വീടുകളിൽ നിന്ന് സ്വർണ, വജ്രാഭരണങ്ങൾ മോഷ്ടിച്ചതിനുശേഷം ഇവ പണയംവച്ച് ഫൈനാൻസ് കമ്പനികളിൽ നിന്ന് വായ്‌പയെടുക്കുകയാണ് ഇവർ ചെയ്തിരുന്നത്.
2008 മുതൽ 2026 ഏപ്രിൽവരെയുള്ള കാലയളവിൽ സോനയുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ വീട്ടിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണം മോഷണം പോയതായി കാട്ടി വിജയ് പാൽ ഗുപ്തയെന്ന ബിസിനസുകാരൻ പരാതി നൽകിയതാണ് സോനയുടെ അറസ്റ്റിലേയ്ക്ക് നയിച്ചത്.
രണ്ട് പതിറ്റാണ്ട് മുൻപ് ഭർത്താവ് കാർത്തികേയനുമൊത്ത് ചെന്നൈയിൽ നിന്ന് ഡൽഹിയിലെത്തിയതായിരുന്നു ഇവർ. തുടർന്ന് ഡൽഹിയിൽ സ്ഥിരതാമസമാക്കി. 2008 മുതൽ വീടുകളിൽ ജോലി നോക്കിത്തുടങ്ങി. ഉന്നതർ താമസിക്കുന്ന ഫ്ളാറ്റുകളിലെയും കോളനികളിലെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരിൽ നിന്നാണ് വീട്ടുജോലിക്കാരിയെ ആവശ്യമുണ്ടോയെന്ന വിവരം തേടിയിരുന്നത്. 2008ൽ പഞ്ചാബി ബാഗിലാണ് സോന ആദ്യം മോഷണം നടത്തിയത്. കഴിഞ്ഞവർഷം ഒക്‌ടോബറിൽ ഷാലിമാർ ബാഗിലെ വീട്ടിൽ നിന്ന് രണ്ടുകോടി രൂപ മൂല്യമുള്ള സ്വർണമടക്കം മോഷ്ടിച്ചു.
മോഷ്ടിക്കുന്ന സ്വർണം സോണിയ വിൽക്കാതിരുന്നതാണ് പൊലീസിനെ വലച്ചത്. ഫൈനാൻസ് കമ്പനികളിലെ ലോക്കറുകളിൽ ഈ സ്വർണം സൂക്ഷിക്കുകയും പിന്നീട് അവിടെനിന്നുതന്നെ സ്വർണം ഈടുവച്ച് വായ്‌പയെടുക്കുകയും ചെയ്യും. 2008 മുതൽ 15 ലോക്കറുകളാണ് ഇവർ തുറന്നത്. ഈ ലോക്കറുകളിലായി രണ്ട് കിലോ സ്വർണാഭരണങ്ങളും സൂക്ഷിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.
പരാതി ലഭിച്ച് 11 ആഴ്‌ചത്തെ അന്വേഷണത്തിനൊടുവിലാണ് സോന വീട്ടിൽ നിന്ന് പിടിയിലായത്. കിടപ്പുമുറിയിൽ പുതപ്പുകൾക്കിടയിൽ ഒളിച്ചിരിക്കുകയായിരുന്നു ഇവർ. സോനയുടെ മൂന്ന് നില വീട്ടിൽ നടത്തിയ റെയ്ഡിൽ 15 നായകളെയും പൊലീസ് കണ്ടെത്തി. അമേരിക്കൻ ബുള്ളീസ്, പിറ്റ്‌ബുൾ അടക്കമുള്ള മുന്തിയയിനം നായ്‌ക്കളെയാണ് ഇവർ വളർത്തിയിരുന്നത്. പൊലീസിനോട് മല്ലികയെന്ന പേരാണ് ഇവർ പറഞ്ഞതെങ്കിലും സോന എന്നുപേരുള്ള ആധാർ കാർഡ് പൊലീസ് കണ്ടെടുത്തു. സോനയ്ക്ക് രോഹിണി സെക്‌ടറിലുൾപ്പെടെ പല സ്ഥലങ്ങളിലും കോടികൾ മൂല്യമുള്ള ഫ്ളാറ്റുകളും കെട്ടിടങ്ങളുമുള്ളതായി പൊലീസ് കണ്ടെത്തി. കൂടാതെ നായ്‌ക്കളെ വിൽക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവ കണ്ടുകെട്ടാനുള്ള നീക്കത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |