പ്രയാഗ്‌രാജ്: ജീവിതശൈലിയിലെ മാറ്റം, പെട്ടെന്ന് പണക്കാരായി, നാട്ടുകാരുടെ സംശയത്തെ തുടർന്ന് വീടിന്റെ തറ കുഴിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യം. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് 45 കിലോമീറ്ററോളം അകലെയുള്ള രാംനഗർ എന്ന ഗ്രാമത്തിലെ ബാരൈപൂരിലാണ് സംഭവം. ഒരു സാധാരണ ഗ്രാമീണ വീടെന്ന് തോന്നിപ്പിക്കുന്ന കെട്ടിടത്തിന്റെ തറയ്‌ക്കടിയിൽ ഒളിപ്പിച്ച നിലയിൽ കോടികളുടെ പണം കണ്ടെത്തി. യാദവ് കുടുംബത്തിന്റെ വീട്ടിലാണ് കുഴിച്ചിട്ട മൂന്ന് ഡ്രമ്മുകളിൽനിന്ന് 500 രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ നവാബ്ഗഞ്ച്, സോരാവ് പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. രാകേഷ് യാദവ് രാജേഷ് യാദവ് എന്നീ സഹോദരന്മാരുടേതാണ് വീട്. ഇരുവരും നേരത്തെ പൂനെയിൽ ജോലി ചെയ്‌തിരുന്നവരാണ്. 2020ൽ കോവിഡ് മഹാമാരിയടെ സമയത്ത് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ ഇവരുടെ ജിവിത സാഹചര്യത്തിൽ പിന്നീട് വലിയ മാറ്റമുണ്ടായതായി നാട്ടുകാർ പറയുന്നു. കുറച്ചുകാലമായി സഹോദരന്മാർ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും ഏക്കർ കണക്കിന് ഭൂമി വാങ്ങി. ട്രാക്ടറും സ്വന്തമാക്കി. ആഡംബര ജീവിതം നയിക്കാൻ തുടങ്ങിയതോടെ ഇവരുടെ സാമ്പത്തിക വളർച്ച നാട്ടുകാർക്കിടയിൽ ചർച്ചയാവുകയായിരുന്നു.
സാധാരണ തൊഴിൽ ചെയ്ത് ജിവിച്ചവർക്ക് ഇത്രയും പണം എവിടെനിന്ന് ലഭിച്ചുവെന്ന സംശയവും ബലപ്പെട്ടു. എന്നാൽ പണത്തിന്റെ ഉറവിടം എന്താണെന്നുള്ള കാര്യത്തിൽ ആർക്കും ഒരു വ്യക്തത ഉണ്ടായിരുന്നില്ല. അടുത്തിടെ സഹോദരന്മാരും ഗ്രാമവാസികളും തമ്മിലുണ്ടായ തർക്കത്തിനിടെ, ഇവരുടെ കൈവശം വലിയ തോതിൽ കള്ളപ്പണമുണ്ടെന്ന് ആരോപിച്ച് ഒരാൾ പൊലീസിനെ സമീപിച്ചു. ഇതോടെയാണ് അന്വേഷണം ശക്തമാക്കിയത്. സംഘം ചേർന്നുള്ള കുറ്റകൃത്യങ്ങൾ അന്വേഷിച്ചുവരികയായിരുന്ന പൊലീസ്, മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു.
വീട്ടിൽ ആദ്യം നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. തുടർന്ന് ലഭിച്ച കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുറികളിലൊന്നിന്റെ തറ പരിശോധിച്ചു. മണ്ണ് അടുത്തിടെ ഇളക്കിമറിച്ചതിന്റെ സൂചനകൾ കണ്ടെത്തിയതോടെ തൊഴിലാളികളെ എത്തിച്ച് തറ കുഴിക്കുകയായിരുന്നു. ഇതിനിടെയാണ് മണ്ണിനടിയിൽ ഒളിപ്പിച്ച മൂന്ന് ഡ്രമ്മുകൾ കണ്ടെത്തിയത്. കട്ടിയുള്ള കറുത്ത പ്ലാസ്റ്റിക് ഷീറ്റുകൾ പല പാളികളായി പൊതിഞ്ഞ നിലയിലായിരുന്നു ഡ്രമ്മുകൾ. തുറന്നുനോക്കിയപ്പോൾ 500 രൂപയുടെ നോട്ടുകെട്ടുകളാണ് കണ്ടെത്തിയത്. പണത്തിന്റെ ആകെ മൂല്യം കോടികളാകുമെന്നാണ് പ്രാഥമിക നിഗമനം.
പിടിച്ചെടുത്ത പണത്തിന്റെ കൃത്യമായ തുക ഔദ്യോഗികമായി എണ്ണിത്തിട്ടപ്പെടുത്തിയശേഷമേ വ്യക്തമാകൂവെന്ന് ഗംഗാനഗർ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അറിയിച്ചു. പണത്തിന്റെ വലിപ്പം കണക്കിലെടുത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വീട് സീൽ ചെയ്തു. കസ്റ്റഡിയിലുള്ളയാൾ മൊഴികൾ ആവർത്തിച്ച് മാറ്റുകയും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു.
Police unearthed crores of rupees hidden under the floor of a seemingly ordinary house in Baraipur, Ramnagar village, about 45 km from Prayagraj.Based on secret information, a joint team from Nawabganj and Soraon police stations raided the house of brothers Rakesh Yadav and Rajesh Yadav yesterday.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |