
കാലടി/ ആലുവ: മരവ്യവസായവുമായി ബന്ധപ്പെട്ട വർക്ക്ഷോപ്പിന് സമീപത്തെ ഗോഡൗണിൽ നിന്ന് വൻ സ്‌പിരിറ്റ് ശേഖരം പിടികൂടി. ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പിള്ളിയിൽ സ്വകാര്യ വ്യക്തിയുടെ ഗോഡൗണിൽ നിന്നാണ് 20,570 ലിറ്റർ സ്പിരിറ്റ് ആലുവ എകസൈസ് പിടികൂടിയത്. 605 കന്നാസുകളിലായിട്ടാണ് 34 ലിറ്റർ വീതം സ്പിരിറ്റ് ശേഖരിച്ചിരുന്നത്. ഗോഡൗണിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ട് തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
ഒരു താർ ജീപ്പും ഒരു സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. സ്പിരിറ്റ് വണ്ടികൾക്ക് എസ്കോർട്ട് പോയിരുന്ന വാഹനങ്ങളാണിവയെന്ന് കരുതുന്നു.
ഇന്നലെ രാത്രി എട്ടിന് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ റെയ്ഡ്നടത്തിയത്. രഹസ്യവിവരത്തെ തുടർന്ന് മൂന്നു ദിവസമായി
ഈ മേഖല എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ടാർപായ കൊണ്ട് മൂടിയ മിനി ലോറി ഈ പ്രദേശത്ത് കണ്ടെത്തിയെങ്കിലും ഇവർ എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. തുടർന്നാണ് പ്രദേശത്ത് വ്യാപകമായ പരിശോധനയ്ക്കിടെ സംശയാസ്പദമായ രീതിയിൽ വർക്ക് ഷോപ്പും ഗോഡൗണും കണ്ടത്.
തോമസ്, റിജോ, നവാസ് എന്നിവർ ചേർന്നാണ് ഗോഡൗൺ എടുത്തിരുന്നത്. തോമസിനെ കസ്റ്റഡിയിലെടുത്തു. പാലക്കാട്ടേക്കും തെക്കൻ കേരളത്തിലേക്കും ഇവർ സ്പിരിറ്റെത്തിച്ചിരുന്നുവെന്നാണ് വിവരം. എക്സൈസ് ഇൻസ്പെക്ടർമാരായ ശ്യാം, അനിൽകുമാർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |