കൊച്ചി: കവർച്ച തടുക്കാനുള്ള ശ്രമത്തിനിടെ 63കാരന്റെ തള്ളവിരലിന്റെ മേലറ്റം കടിച്ചെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ പശ്ചിമബംഗാളിലെ നക്സൽബാരിയിൽ നിന്ന് ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഡാർജലിംഗ് കെറ്റാഗബൂർ സ്വദേശി ബിഫിയാ ഉംറാവോയാണ് (42) പിടിയിലായത്.
സെപ്തംബർ മൂന്നിന് രാത്രി ഏലൂർ പാതാളം കോച്ചേരിറോഡിലെ പൊതുടാപ്പിന് സമീപമായിരുന്നു സംഭവം. തൊട്ടടുത്ത് താമസിക്കുന്ന കോച്ചേരി വീട്ടിൽ സലീമിന്റെ വലത് കൈവിരലിന്റെ ഭാഗമാണ് കടിച്ചെടുത്ത് കടന്നത്. രാത്രി പൊതുടാപ്പിൽ വെള്ളമെടുക്കാൻ എത്തിയ സലിമിന്റെ മരുമകളുടെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ സലിം നേരിടുമ്പോഴായിരുന്നു സംഭവം. മരുമകളുടെ നിലവിളി കേട്ടെത്തിയ സലിമിനെ വെള്ളം നിറച്ച ജാർ ഉപയോഗിച്ച് അടിച്ചുവീഴ്ത്തിയ ശേഷമാണ് കൈവിരൽ കടിച്ചെടുത്തത്.
അന്യസംസ്ഥാന തൊഴിലാളിയായ പ്രതി സംഭവത്തിന് ശേഷം സ്ഥലം വിട്ടു. ഏലൂർ എസ്.എച്ച്.ഒ സച്ചിൻ ലാലിന്റെ നേതൃത്വത്തിൽ നക്സൽബാരി പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടി ഏലൂരിൽ എത്തിച്ചത്. ടാപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |