
ആലപ്പുഴ: 196 ചാക്ക് റേഷൻ ഭക്ഷ്യധാന്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് എൻ.എഫ്.എസ്.എ ജീവനക്കാരടക്കം നാലുപേരെ അറസ്റ്റ് ചെയ്തു. ആലപ്പുഴ എൻ.എഫ്.എസ്.എ ഗോഡൗണിലെ അസി.സെയിൽസ്‌മാൻമാരായ കാഞ്ഞിരംചിറ സ്വദേശി ജസ്റ്റിൻ സ്റ്റീഫൻ, പുന്നപ്ര വടക്ക് പഞ്ചായത്ത് വാടയ്ക്കൽ സ്വദേശി സിബി തോമസ്, അരികടത്താൻ ശ്രമിച്ച ആലപ്പുഴ ഇരവുകാട് വാർഡ് മാളികപ്പറമ്പ് വീട്ടിൽ സുബീർ (39), ലോറി ഉടമ മൂവാറ്റുപുഴ പിഴകപ്പള്ളി കൊല്ലംകുടി വീട്ടിൽ ഷിഹാബ് (40) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‍തത്. പഴകിയ അരിയുടെ രസീത് ഉപയോഗിച്ച് കടത്താൻ ശ്രമിച്ച 196 ചാക്ക് റേഷൻ ഭക്ഷ്യധാന്യം തിങ്കളാഴ്ച്ച വൈകിട്ട് ഇരവുകാട് ഭാഗത്ത് നിന്ന് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയിരുന്നു.83ചാക്ക് അരി, 13 ചാക്ക് ഗോതമ്പ് എന്നിവ ഇരവുകാട് മാളികപ്പറമ്പ് ജംഗ്ഷന് സമീപത്തെ പുരയിടത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതിന് സമീപത്തു നിന്നാണ് 100 ചാക്ക് അരി കയറ്റിയ മിനിലോറിയും പിടികൂടിയത്. സുബീർ കഴിഞ്ഞ ദിവസം ആറുചാക്ക് പഴകിയ അരി എൻ.എഫ്.എസ്.എ ഗോഡൗണിൽ നിന്നെടുത്തിരുന്നു. അതിനുള്ള രസീത് ഉപയോഗിച്ച് കൂടുതൽ അരി കടത്തുകയായിരുന്നന്നാണ് പൊലീസ് സംശയിക്കുന്നത്.
ജില്ലാ സപ്ലൈ ഓഫീസർ എൻ.എഫ്.എസ്.എ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ 76 ക്വിന്റൽ പച്ചരിയും 44 ക്വിന്റൽ കുത്തരിയും കുറവുള്ളതായി ബോദ്ധ്യപ്പെട്ടു. പുഴുക്കലരി 60 ക്വിന്റൽ കൂടുതലാണെന്നും കണ്ടെത്തി. കാലടിയിലെ മില്ലിലേക്ക് റേഷൻ ധാന്യം കടത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ അനുമാനം.
എസ്.ഐ സുനിൽരാജിന്റെ നേതൃത്വത്തിൽ ഷാഡോ ടീം അംഗങ്ങളായ എസ്.ഐ. മുജീബ്, എ.എസ്.ഐ. ഉല്ലാസ്, പൊലീസുദ്യോഗസ്ഥരായ വിപിൻദാസ്, ശ്യാം, ബിനോയ് ജോർജ്, ലവൻ എന്നിവർ ചേർന്നാണ് അരി പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |