തൃശൂർ : നാല് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പത്ത് ചാക്കിലായി കൊണ്ടുവന്ന ഏഴായിരത്തോളം ഹാൻസ് പാക്കറ്റുമായി ശ്രീനിവാസൻ (48), ഷാജൻ (40), അസറുദ്ദീൻ (33), റിയാസ് (32) എന്നിവരെയാണ് ഒല്ലൂർ പൊലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം അയ്യായിരത്തോളം നിരോധിത പുകയില ഉത്പന്ന പാക്കറ്റുകൾ കൈനൂർ സ്വദേശി ശ്രീനിവാസ് എന്നയാളുടെ വീട്ടിൽ നിന്നും പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരത്താക്കര സ്വദേശിയായ ഷാജൻ എന്നയാളാണ് ശ്രീനിവാസന്റെ വീട്ടിൽ പുകയില ഉത്പന്നങ്ങൾ കൊണ്ടുവന്ന് സൂക്ഷിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഒല്ലൂർ ഭാഗത്തെ പ്രധാനപ്പെട്ട ചെറുകിട വിൽപ്പനക്കാരനാണ് ഷാജൻ. തുടർന്നാണ് തൃശൂർ പാലക്കാട് ജില്ലകളിലെ വിവിധ ചെറുകിട വിൽപ്പനക്കാരിലേക്കും തുടർന്ന് സ്‌കൂൾ കുട്ടികളിലേക്കും വിൽപ്പനയ്ക്കായെത്തിച്ച ഏഴായിരത്തോളം ഹാൻസ് പാക്കറ്റുമായി ഒറ്റപ്പാലം സ്വദേശികളായ അസറുദ്ദീൻ, റിയാസ് എന്നിവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഓപ്പറേഷൻ ഡീ ഹണ്ടിന്റെ ഭാഗമായാണ് ഒല്ലൂർ എ.സി.പി എസ്.പി.സുധീരൻ, ഇൻസ്‌പെക്ടർ പി.എം.വിമോദിന്റെ നേതൃത്വത്തിൽ ലഹരിവേട്ട നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |