
മൂന്നാമത്തെ കേസിലും കുറ്റക്കാരൻ
തിരുവനന്തപുരം : ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് കോച്ച് വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനുവിന് (40) മുപ്പത്തിയഞ്ചു വർഷം കഠിന തടവും 66000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ആറു വർഷവും ഒൻപതു മാസവും അധികതടവ് അനുഭവിക്കണം. പോക്സോ പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. മനുവിനെതിരായ രണ്ടാമത്തെ കേസിലാണ് ഈ ശിക്ഷ. മൂന്നാമത്തെ കേസിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തി. ആകെ ആറ് കേസുകളുണ്ട്. പ്രതിയുടെ ഓരോ കേസിലെയും ശിക്ഷാ കാലാവധി കഴിഞ്ഞതിനുശേഷം അടുത്ത കേസിലെ ശിക്ഷ നടപ്പാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.
ആറു കേസുകളിൽ നാലെണ്ണത്തിൽ വിചാരണ പൂർത്തിയായി. ഒരു കേസിൽ ഇതേ കോടതി കഴിഞ്ഞ മാസം ശിക്ഷിച്ചിരുന്നു. മൂന്നാമത്തെ കേസിൽ ശനിയാഴ്ച വിധി പറയും. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോക്യൂട്ടർ ആർ.എസ്. വിജയ് മോഹൻ ഹാജരായി.
പരിശീലനത്തിന്റെ
മറവിൽ പീഡനം
തിരുവനന്തപുരത്തെ പ്രമുഖ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൽ 2018ലെത്തിയ കുട്ടിയെ ജിമ്മിലേക്കും മറ്റും കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. നഗ്ന ഫോട്ടോയും വീഡിയോയും എടുത്തു. മറ്റൊരു കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തി ഈ കുട്ടിയുടെ നഗ്ന വീഡിയോ എടുപ്പിക്കുകയും ചെയ്തു. പുറത്തു പറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്ന് ഭീഷണിപ്പെടുത്തി. മറ്റ് അഞ്ചു കുട്ടികളെയും ഇതേ രീതിയിൽ പീഡിപ്പിച്ചു.
2024ൽ തിരുവനന്തപുരത്ത് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയപ്പോൾ ഇതിലൊരു കുട്ടി പ്രതിയെ കണ്ട് ഭയന്ന് ബഹളം വച്ചു. അപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |